പ്രധാനമന്ത്രിയുടെ വൈകാരിക വാചാടോപം

രാജ്യത്തെ സമ്പത്തുൽപാദന പ്രക്രിയ ഏതാണ്ട് പൂർണമായും നിശ്ചലമാക്കിക്കൊണ്ടുള്ള തുഗ്ലക് പരിഷ്കാരവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നത് അത്ര നിഷ്കളങ്കമായി കാണാൻ കഴിയില്ല. രാജ്യത്ത് പ്രചാരത്തിലുള്ള കറൻസിയുടെ 80 ശതമാനത്തിലധികം വരുന്ന 1000, 500 നോട്ടുകൾ പെട്ടെന്ന് പിൻവലിക്കുകയാണുണ്ടായത്. അധ്വാനിച്ച് സമ്പാദിച്ച പണം ഉപയോഗിക്കാനാകാതെ ഇന്ത്യയിലെ ജനങ്ങൾ നട്ടംതിരിയുമ്പോൾ നരേന്ദ്ര മോദി വിദേശ രാജ്യങ്ങളിൽ വീണവായിക്കുകയായിരുന്നു.

പ്രോമിസറി നോട്ടുകളെ കടലാസാക്കി മാറ്റിയിരിക്കുകയാണ് മോദി സർക്കാർ. ഈ നോട്ടിന് 1000 രൂപ നൽകാൻ ഞാൻ ബാധ്യസ്​ഥനാണ് എന്ന, ഇന്ത്യൻ പ്രസിഡൻറിെൻറ വാഗ്ദാനമുള്ള കടലാസുമായി നെട്ടോട്ടമോടുകയാണ് ഇന്ത്യയിലെ പ്രജകൾ.  ഭരണാധികാരികൾക്ക് ജനങ്ങളെ വിശ്വാസമില്ല. അവരെ ചാപ്പകുത്താനും വിരലിൽ മഷിപുരട്ടാനും സംശയത്തിെൻറ പുകമറയിൽ നിർത്തി നിസ്സഹായരാക്കാനുമുള്ള നീക്കം അപകടത്തിലേക്കാണ്.

കാബിനറ്റിനെ ബന്ദിയാക്കി, താനും ഒരു കൂട്ടം വിശ്വസ്​തരും ചേർന്ന് നടപ്പാക്കിയ കറൻസി പിൻവലിക്കൽ നാടകം തിരിഞ്ഞുകുത്തുമ്പോഴും വൈകാരിക വാചാടോപം നടത്തുകയാണ് പ്രധാനമന്ത്രി. 50 ദിവസത്തിനകം പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ തന്നെ തൂക്കിക്കൊന്നോളാനാണ് പ്രധാനമന്ത്രി പറയുന്നത്. ഏതു ശിക്ഷയും സ്വീകരിക്കാൻ താൻ തയാറാണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിൽ സ്​ഥിരതാമസമില്ലാത്ത അദ്ദേഹത്തെ നാടുകടത്താൻപോലും നമുക്ക് കഴിയില്ലല്ലോ.

വിദേശത്തെ കള്ളപ്പണം ഓരോ ഇന്ത്യൻ പൗരെൻറയും അക്കൗണ്ടിലെത്തിക്കാൻ പ്രധാനമന്ത്രി നൽകിയ സമയം 100 ദിവസമായിരുന്നു എന്നോർക്കണം. ഓരോ പൗരനും അക്കൗണ്ടും തുറന്നു. അങ്ങനെ തുറന്ന സീറോ ബാലൻസ്​ അക്കൗണ്ടുകൾ ഇന്നലെവരെ സീറോ ബാലൻസിലായിരുന്നെങ്കിൽ ഇന്നത് പെട്ടെന്ന് നിറഞ്ഞുകൊണ്ടിരിക്കുന്നു. മോദി പിടിച്ചെടുത്ത് ജനങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിച്ച കള്ളപ്പണമല്ല, മറിച്ച് മോദിക്ക് പിടികൊടുക്കാതെ നിലനിൽക്കുന്ന കള്ളപ്പണം. ഭരണകൂടം കള്ളപ്പണത്തെയാണോ കള്ളപ്പണം ഭരണകൂടത്തെയാണോ പിടിച്ചുകെട്ടാൻ പോകുന്നത് എന്നത് കണ്ടറിയാനാണത്രെ, 50 ദിവസത്തെ സാവകാശം ചോദിച്ചിരിക്കുന്നത്.

നരേന്ദ്ര മോദിയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും പിന്നെ, ഈയിടെ വന്ന റിസർവ് ബാങ്ക് ഗവർണറും മാത്രമറിഞ്ഞ് ആസൂത്രണംചെയ്ത, കറൻസി പിൻവലിക്കുന്ന പദ്ധതി വേണ്ടപ്പെട്ടവർ മുൻകൂട്ടി അറിഞ്ഞിരുന്നു എന്നതിന് തെളിവുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. നരേന്ദ്ര മോദി ബ്രാൻഡ് അംബാസഡറായ റിലയൻസ്​ ജനങ്ങൾക്ക് നൽകുന്ന സൗജന്യ ഡാറ്റയും, പിൻവലിച്ച പഴയ കറൻസികൾ ബാങ്കുകളിൽ സമർപ്പിക്കാനുള്ള സമയവും ഒരേ തീയതിയിൽ സമാപിക്കുകയാണ്. അതേ റിലയൻസിെൻറ ജീവനക്കാരനായിരുന്ന നമ്മുടെ റിസർവ് ബാങ്ക് ഗവർണർക്കറിയാമായിരുന്നിരിക്കണം, ഇന്ത്യയിൽ വിനിമയം നടത്താനുള്ള കറൻസി ഏതാണ്ട് പൂർണമായും ഇല്ലാതാവുകയാണ് എന്നും, പകരം സംവിധാനം ഒരുക്കിയിട്ടില്ല എന്നുമുള്ള വിവരം.

കള്ളപ്പണം പുറത്തുകൊണ്ടുവരാനാണ് ഈ വ്യായാമമെങ്കിൽ, അതിന് ജനങ്ങളെ ഈ വിധം നട്ടംതിരിക്കേണ്ടതില്ലായിരുന്നു. എലിയെ കൊല്ലാൻ രണ്ടു മാർഗങ്ങളുണ്ട്. സാഹചര്യങ്ങൾക്കിണങ്ങുന്ന നല്ല കെണിയൊരുക്കി അനുയോജ്യമായ സ്​ഥാനങ്ങളിൽ സ്​ഥാപിക്കുക. രണ്ട്, ആരുമറിയാതെ ഇല്ലത്തിന് തീ കൊടുക്കുക. ഇവിടെ രണ്ടാമത്തെ മാർഗമാണ് മോദി അവലംബിച്ചിരിക്കുന്നത്. കറൻസി പിൻവലിക്കപ്പെടുകയും ബദൽ സംവിധാനങ്ങൾ ഇല്ലാതാവുകയും ചെയ്തതോടെ സംഭവിക്കുന്നതെന്താണ് ?

ഓൺലൈനിലും റിലയൻസ്​ ഫ്രഷ് പോലുള്ള സൂപ്പർ മാർക്കറ്റുകളിലും മാത്രമായി വ്യാപാരം പരിമിതപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ സമ്പത്തുൽപാദന പ്രക്രിയ പൂർണമായും തടയപ്പെട്ടിരിക്കുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. തൊഴിലാളികൾ പണിയില്ലാതെ നട്ടംതിരിയുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ട് ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. 50 ദിവസംകൊണ്ട് ഇന്ത്യയെ ചുരുങ്ങിയത് 15 വർഷം പിറകോട്ടുനയിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. നമ്മുടെ പരമോന്നത നീതിപീഠത്തിനുപോലും സ്വരം കടുപ്പിക്കേണ്ടിവന്നിരിക്കുന്നു. ബദൽ സംവിധാനങ്ങൾ പൂർണതോതിൽ സജ്ജമാക്കുന്നതുവരെ നിലവിലുള്ള കറൻസികൾ എല്ലാ  തരം വിനിമയങ്ങൾക്കും ഉപയോഗിക്കാനനുവദിക്കുകയാണ് സർക്കാറിന് ചെയ്യാൻ കഴിയുന്നതും ചെയ്യേണ്ടതുമായ കാര്യം. അതിനു പകരം, ഇതൊരു അഭിമാനപ്രശ്നമായി കണ്ട്, കൂടുതൽ കുഴപ്പങ്ങളിലേക്ക് രാജ്യത്തിെൻറ സമ്പദ്വ്യവസ്​ഥയെ തള്ളിവിടാനാണ് നീക്കമെങ്കിൽ കേന്ദ്ര സർക്കാറിന് അതിശക്തമായ പ്രതിഷേധം നേരിടേണ്ടിവരും.

ഒരു ജനതയെ ബഹുരാഷ്ട്ര കമ്പനികൾക്ക് പണയംവെക്കുകയാണിവിടെ. അതിന് ലജ്ജയേതുമില്ലാതെ പിന്തുണയേകുകയാണ് കേരളത്തിലെ ബി.ജെ.പി നേതാക്കൾ. നമ്മുടെ പ്രാദേശിക ബാങ്കിങ് മേഖല, തൊഴിൽ മേഖല, ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, മറ്റ് ഉൽപാദന മേഖലകൾ എന്നിവയെല്ലാം തകർത്ത് ബഹുരാഷ്ട്ര കമ്പനികൾക്ക് അടിയറവെക്കാനുള്ള നടപടികളുടെ ഭാഗമായി വേണം, കറൻസി പിൻവലിക്കലിനെ കാണാൻ. സാധാരണ ജനങ്ങൾ ദൈനംദിന ബാങ്കിങ് ആവശ്യങ്ങൾക്കുവേണ്ടി ആശ്രയിക്കുന്ന സഹകരണ ബാങ്കുകളെ വേരോടെ പിഴുതെറിയാൻ ഏത് കോർപറേറ്റ് ഭീമന്മാർ ഉപദേശിച്ചാലും നമ്മുടെ പ്രധാനമന്ത്രി അത് ചെവിക്കൊള്ളരുതായിരുന്നു.

100 കോടിയിലധികം പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ഇന്നുപയോഗിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി ബ്രാൻഡ് അംബാസഡറായ റിലയൻസ്​ പോലുള്ള കുത്തകകളാണ്. സുപ്രീംകോടതിപോലും വിലക്കിയിട്ടും ആധാറിെൻറ പേരിൽ നടത്തിയ വിവരശേഖരണം ആർക്കുവേണ്ടിയായിരുന്നു എന്ന കാര്യത്തിൽ ഇനിയും തർക്കമുണ്ടാകേണ്ട കാര്യമില്ല. അതേ കുത്തകകൾക്കുവേണ്ടി ഇന്ത്യയുടെ സാമ്പത്തിക ഉൽപാദന പ്രക്രിയ നിശ്ചലമാക്കിയ ആദ്യത്തെ പ്രധാനമന്ത്രി എന്ന പദവിയാണ് നരേന്ദ്ര മോദി ലക്ഷ്യമിടുന്നതെങ്കിൽ ജനങ്ങൾ തെരുവിലിറങ്ങുന്ന കാലം വിദൂരമല്ല.

Tags:    
News Summary - pm's emotional words

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.