മനസ്സി​ൽ പാവങ്ങളെ കൊണ്ടുനടന്നയാൾ

മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റേയും അനുഭവം ഉൾക്കൊണ്ട് ഉമ്മൻ ചാണ്ടി കേരള​െത്തക്കുറിച്ച് പറഞ്ഞ ഒരു കാര്യമുണ്ട്. പാവപ്പെട്ടവ​െൻറ പ്രശ്നം പരിഹരിക്കാതെ എന്തു പുരോഗതിയുണ്ടാക്കിയിട്ടും കാര്യമില്ല. ആരെയും ആശ്രയിക്കാനില്ലാത്തവരെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. റേഷനരി വാങ്ങാൻ കഴിവില്ലാത്തവരുടെ എണ്ണം ഇന്ന് വളരെ കുറവാണ്. അതിലും വലിയ ദാരിദ്യ്രം അനുഭവിക്കുന്നവർ ഇവിടെയുണ്ട്. മധ്യവർഗ ജനതയുടെ താഴെത്തട്ടിലുള്ളവർ. ചിലപ്പോൾ അവർക്ക് അരയേക്കർ സ്​ഥലം കണ്ടേക്കാം. പക്ഷേ, വരുമാനമുണ്ടാവില്ല. കൂലിവേലക്ക് പോകാനുമാവില്ല. അവരുടെ വിഷമം ഭീകരമാണ്. ചികിൽസ ചെലവാണ് മറ്റൊരു പ്രശ്നം. അടുത്തവീട്ടിലുള്ളവൻ ലക്ഷങ്ങൾ മുടക്കി ചികിൽസിച്ച് രോഗം ഭേദമാക്കുമ്പോൾ പണം ഇല്ലാത്തതിനാൽ മരണം മുന്നിൽ കണ്ട് കഴിയേണ്ടി വരുന്ന രോഗിയുടെ മനസ്സ്​ എന്തായിരിക്കും. എല്ലാവർക്കും ഒരുപോലെ ചികിത്സ ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകണം.

എന്നും പുതുപ്പള്ളിക്കാരൻ

ഏതൊക്കെ സ്​ഥാനങ്ങളിൽ അവരോധിച്ചാലും പുറത്താക്കിയാലും പുതുപ്പള്ളിയുടെ എം.എൽ.എ ആകാതിരിക്കാൻ കഴിയില്ല അദ്ദേഹത്തിന്. അഞ്ചു പതിറ്റാണ്ടു പാലായെ പ്രതിനിധാനംചെയ്ത് കെ.എം. മാണിക്ക് പോലും വോട്ട് കുറഞ്ഞപ്പോൾ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കയറുകയായിരുന്നു. എല്ലാ വോട്ടർമാരും ഉമ്മൻ ചാണ്ടിക്ക് മാത്രം വോട്ടുചെയ്യുന്ന കാലം വരുമെന്ന് പുതുപ്പള്ളിക്കാർ വിശ്വസിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിക്ക് ഒരു പ്രത്യേകതയുണ്ട്. അവിടെ ഓരോ പ്രവർത്തകനും താൻ ഉമ്മൻ ചാണ്ടിയുടെ ആളാണെന്ന് സ്വയം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കും. ഇത് ഉണ്ടാക്കുന്ന ബുദ്ധിമുട്ടും ചില്ലറയല്ല. ഒരിക്കൽ ഒരു അനുഭാവിക്ക് ഉമ്മൻ ചാണ്ടിയെ വീട്ടിൽ കൊണ്ടുപോകണം. അതിനു പറ്റിയ കാരണമൊന്നുമില്ലതാനും. ഒടുവിൽ ഒരു ദിവസം അയാൾ ഉമ്മൻ ചാണ്ടിയോട് പറഞ്ഞു. അമ്മക്ക് അസുഖം വളരെ കൂടുതലാണ്. സാറിനെ കാണണമെന്നാണ് അന്ത്യാഭിലാഷം. ഉമ്മൻ ചാണ്ടി അയാൾക്കൊപ്പം കുതിച്ചു. വീട്ടിലെത്തിയപ്പോൾ ആൾക്കൂട്ടമില്ല. വയോധിക മുറ്റത്ത് ചൂലൂപിടിച്ച് സ്​തബ്ധയായി നിൽക്കുന്നുണ്ട്. അയൽക്കാർ എത്തിനോക്കുന്നത് വകവെക്കാതെ അനുയായി അലറി. ഞാൻ വരുന്നതു വരെ എഴുന്നേൽക്കരുതെന്നല്ലേ തള്ളേ പറഞ്ഞത്. ആ അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു. ഞാൻ ഒത്തിരിനേരം കിടന്നു.മോനെ നേരം പോയപ്പം ഞാനോർത്തു, ഇനി ആരും വരികേലാരിക്കുമെന്ന്.

മാവേലി സ്​റ്റോർ

സഹായം ചോദിച്ചുചെല്ലുന്നവനെ വെറുതെമടക്കുന്ന ശീലമില്ല ഉമ്മൻ ചാണ്ടിക്ക്. അതുകൊണ്ടുതന്നെ ഓഫിസിൽ എപ്പോഴും ആൾക്കൂട്ടമുണ്ടാകും. മുമ്പ് ധനമന്ത്രിയായിരുന്നപ്പോൾ ആളുകൾ ഇടിച്ചുകയറുന്നത് കണ്ട പ്രശസ്​ത പത്രപ്രവർത്തകൻ കെ.ആർ. ചുമ്മാർ ഉമ്മൻ ചാണ്ടിയുടെ ഓഫിസിന് നൽകിയ പേര് മാവേലി സ്​റ്റോർ എന്നാണ്. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയന്ത്രണമില്ലാതെ ജനം കയറിയിറങ്ങുന്നത് ഇൻറർനെറ്റിലൂടെ കണ്ട അന്നെത്ത രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിെൻറ സംശയം അവിടെ എന്നും ജനസമ്പർക്ക പരിപാടി ഉണ്ടോ എന്നായിരുന്നു.

‘ഞാൻ ഉമ്മൻ ചാണ്ടി എം.എൽ.എ, ഒരു രൂപ വേണം’

1970കളിലാണ് സംഭവം. ഉമ്മൻ ചാണ്ടി അന്ന് എം.എൽ.എയാണ്. എ.സി. ഷൺമുഖദാസിെൻറ കല്യാണത്തിൽ പങ്കെടുത്തശേഷം എ.കെ. ശശീന്ദ്രനൊപ്പം കെ.എസ്​.ആർ.ടി.സിയിൽ രാത്രി കോഴിക്കോട്ടുനിന്ന് ഒറ്റപ്പാല​േത്തക്ക് പോവുകയായിരുന്നു അദ്ദേഹം. എം.എൽ.എക്ക് യാത്ര സൗജന്യമാണ്. ശശീന്ദ്ര​െൻറ ടിക്കറ്റ് എടുത്തുകഴിഞ്ഞപ്പോൾ കൈയിൽ മിച്ചംവന്നത് 25 പൈസ. പെരിന്തൽമണ്ണയിറങ്ങി ചായകുടിച്ച വകയിൽ 20 പൈസ ചെലവായി. പുലർച്ച ഷൊർണൂരെത്തിയപ്പോൾ ബസ്​ കേടായി. സ്വകാര്യ ബസിന് ഒറ്റപ്പാലത്തിന് പോകാൻ പണമില്ല. നോക്കുമ്പോൾ ഒരു തയ്യൽക്കാരൻ കടതുറക്കുന്നു. നേരെ ചെന്നുപറഞ്ഞു, ഞാൻ ഉമ്മൻ ചാണ്ടി, എം.എൽ.എയാണ് ഒരു രൂപ വേണം. രൂക്ഷമായ നോട്ടത്തോടെ ഒരു രൂപ എറിഞ്ഞിട്ട് അയാൾ പിറുപിറുത്തു, രാവിലെ പറ്റിക്കാൻ നടക്കുന്നു. രണ്ടു മാസം കഴിഞ്ഞ് യൂത്ത് കോൺഗ്രസ്​ ജില്ല സമ്മേളനത്തിന് ഷൊർണൂരെത്തിയ ഉമ്മൻ ചാണ്ടി ജില്ല പ്രസിഡൻറ് കെ.എ. ചന്ദ്രനൊപ്പം നേരെ തയ്യൽക്കടയിൽ ചെന്നു. ഒരു രൂപ കൊടുത്തിട്ട് പറഞ്ഞു ഞാൻ ഉമ്മൻ ചാണ്ടി തന്നെയാണ് അന്ന് പറ്റിച്ചതല്ല.

സമാധാനത്തിന്റെ ദൂതന്മാർ സംരക്ഷണം തീർക്കും

തിരക്കുപിടിച്ച ജീവിതത്തിൽ ദിവസം നാലു മണിക്കൂർ മാത്രമാണ് ഉറക്കം. സമയത്ത് ഭക്ഷണമില്ല. ആരോഗ്യ ചിട്ടകളുമില്ല. രോഗബാധിതനാകുംവരെ നിശ്ചയദാർഢ്യത്തോടെ ഊർജസ്വലനായിരിക്കാൻ എങ്ങനെ കഴിയുന്നു എന്നതിനും ഉത്തരമുണ്ടായിരുന്നു. അവയെ ഇങ്ങനെ ചുരുക്കാം.

1, ദൈവഭയമുണ്ടാവണം - ശരി ചെയ്താൽ നന്മയും തെറ്റ്ചെയ്താൽ ശിക്ഷയുമുണ്ട്. അതുകൊണ്ട്, ദൈവെത്തയോർത്ത് തെറ്റ് ചെയ്യാതിരിക്കണം. 2, എല്ലാം നല്ലതിനെന്നു കരുതണം- ചില സംഭവങ്ങൾ നമ്മെ വല്ലാതെ വേദനിപ്പിക്കും. പക്ഷേ, ഭാവിയിൽ അത് നമുക്ക് നന്മയായി വന്നേക്കാം. ഒരാൾ വിമർശിക്കുകയോ വേർപിരിയുകയോ ചെയ്യുമ്പോൾ അയാളുടെ സ്​ഥാനത്ത് സ്വയം പ്രതിഷ്ഠിച്ച് ചിന്തിക്കണം. എന്തുകൊണ്ട് അയാൾ അങ്ങനെ ചെയ്തുവെന്ന്. 3, ഏകാന്തതയെ അകറ്റണം - ഒറ്റക്കിരിക്കുമ്പോൾ അശുഭചിന്തകൾ വരും. ഭയം കൂട്ടും. മറ്റുള്ളവർക്കൊപ്പം കൂടി സന്തോഷത്തിലും സന്താപത്തിലും പങ്കുചേരുമ്പോൾ വേദനകളും വിഷമങ്ങളും അപ്രത്യക്ഷമാകും. 4, അലസത വെടിയണം. പ്രഭാതം മുതൽ പാതിര വരെ കർമനിരതനാകണം. ഊർജത്തിെൻറ അവസാന കണികയും എരിഞ്ഞടങ്ങുമ്പോൾ കട്ടിലിലേക്ക് വീഴണം. അപ്പോൾ സത്കർമങ്ങളുടെ ദേവതമാർ ചാമരം വീശും. സമാധാനത്തിന്റെ ദൂതന്മാർ സംരക്ഷണം തീർക്കും.

Tags:    
News Summary - poor in his heart- Ooman chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.