സുപ്രീം കോടതി മുൻ ജസ്റ്റിസ് എസ്. അബ്ദുൽ നസീറിന്റെ ആന്ധ്ര ഗവർണറായുള്ള നിയമനം രാജ്യത്തെ ജനങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനെയും തങ്ങളുടെ കാവിവത്കരണ അജണ്ടകളെയും ബാധിക്കുന്ന നിരവധി കേസുകളിൽ വിധി പറഞ്ഞ ബെഞ്ചുകളിൽ അംഗമായിരുന്നു ജസ്റ്റിസ് അബ്ദുൽ നസീർ. നിയമനം ഒരു വിരമിച്ചതിനു ശേഷമുള്ള പാരിതോഷികമാണെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു .
അയോദ്ധ്യ കേസിൽ ബാബരി മസ്ജിദ് തകർത്തിടത്ത് റാം മന്ദിർ പണിയാൻ വിധിപറഞ്ഞ ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് നസീർ. അദ്ദേഹം ആന്ധ്ര പ്രദേശ് ഗവർണ്ണർ ആയതോടെ അയോദ്ധ്യ കേസ് പരിഗണിച്ച ബെഞ്ചിലെ മൂന്നാമത്തെ അംഗവും വിരമിച്ച ശേഷമുള്ള നിയമനം നേടിയിരിക്കുകയാണ്.
അഞ്ചംഗ ബഞ്ചിലുണ്ടായിരുന്ന ബെഞ്ച് അധ്യക്ഷനും അന്നത്തെ ചീഫ് ജസ്റ്റിസുമായ രഞ്ജൻ ഗോഗോയിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. ജസ്റ്റിസ് അശോക് ഭൂഷൺ വിരമിച്ചു മാസങ്ങൾക്കകം നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബുണൽ ചെയർമാനായി നിയമിതനായി. ബെഞ്ചിൽ ബാക്കിയുള്ളത് നിലവിലെ ചീഫ് ജസ്റ്റിസായ ഡി.വൈ. ചന്ദ്രചൂടും, വിരമിച്ച ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുമാണ്. ബോബ്‌ഡെ മാത്രമാണ് വിരമിച്ചിട്ടും നിയമനങ്ങളോന്നും ലഭിക്കാത്തയാൾ.
കർണ്ണാടക ഹൈ കോടതി ചീഫ് ജസ്റ്റിസായിരിക്കെയാണ് സുപ്രീം കോടതിയിലേക്ക് ജസ്റ്റീസ് നസീർ നിയമിതനാകുന്നത്. അയോധ്യ കേസിൽ വിധി എന്തായിരുന്നു എന്ന് നമുക്കറിയാം. മുത്തലാക്കിൽ വിധിപറഞ്ഞ ബെഞ്ചിലെ മൂന്നുപേർ ആചാരം ഭരണഘടനാവിരുദ്ധമാണെന്ന് വാദിച്ചപ്പോൾ മുൻ ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹറും ജസ്റ്റിസ് അബ്ദുൽ നസീറും മുതലാഖിന് അനുകൂലമായി നിലപാടെടുത്തു. വിരമിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ജസ്റ്റിസ് നസീർ കൂടെ അംഗമായ ബെഞ്ച് നോട്ട് നിരോധനം ശരിവെച്ചത്. സ്വകാര്യത മൗലീകാവകാശമാക്കിയ 2017 ലെ സുപ്രധാന വിധി, ആർട്ടിക്കിൾ 19 (2)ൽ ഇല്ലാത്ത നിയന്ത്രണങ്ങൾ ജനപ്രതിനിധികളുടെ അഭിപ്രായപ്രകടനങ്ങൾക്കുള്ള അവകാശങ്ങളിൽ ഏർപ്പെടുത്താൻ കഴിയില്ല എന്നീ വിധികളിലും ജസ്റ്റിസ് നസീർ ബെഞ്ച് അംഗമായിരുന്നു.
2021ൽ ആർ.എസ്.എസ് അഭിഭാഷക സംഘടനയായ അഖില ഭാരതീയ അധിവക്ത പരിഷത്തിന്റെ പതിനാറാമത് ദേശിയ കൗൺസിൽ യോഗത്തിൽ ജസ്റ്റിസ് നസീർ പങ്കെടുത്തത് നേരത്തെ വിവാദമായിരുന്നു. ഇന്ത്യയുടെ കൊളോണിയൽ നിയമവ്യവസ്ഥ ജനതക്ക് അനുയോജ്യമല്ലെന്നും നിയമവ്യവസ്ഥയുടെ ഇന്ത്യാവത്കരണമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം അവിടെ പ്രസംഗിച്ചിരുന്നു. പരമോന്നത കോടതിയിലെ ജസ്റ്റിസ് ഇത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തിയത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. വിരമിക്കലിനു മുൻപുള്ള മിൻപുള്ള വിധിന്യായങ്ങൾ വിരമിക്കലിന് ശേഷമുള്ള പദവിയെ ആശ്രയിച്ചായിരിക്കുമെന്ന് പണ്ട് അരുൺ ജെയ്‌റ്റിലി പറഞ്ഞത് ശരിയാണെന്ന് ചിന്തിക്കുന്നതിൽ തെറ്റുണ്ടോ?
2014 ൽ ബി.ജെ.പി സർക്കാർ മുൻ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ കേരള ഗവർണറാക്കിയത് ഏറെ വിമർശനമുയർത്തിയ ഒന്നായിരുന്നു. വ്യാജ ഏറ്റുമുട്ടൽ കൊലപാതകക്കേസിൽ അമിത് ഷാക്കെതിരായ സി.ബി.ഐയുടെ രണ്ടാം എഫ്.ഐ.ആർ റദ്ദാക്കിയത് പി. സദാശിവം അംഗമായ ബെഞ്ചായിരുന്നു.
ഇത്തരം നിയമന പാരിതോഷികങ്ങൾ വലിയ ചർച്ചക്കാണ് വഴിവെക്കുന്നത്. ന്യായാധിപന്മാരുടെ വിധി ന്യായങ്ങൾ ഇത്തരം നിയമനങ്ങളെ സ്വാധീനിക്കില്ല എന്ന് എങ്ങനെയാണ് ഉറപ്പുവരുത്താനാവുകയെന്നും ചോദ്യങ്ങളുയരുന്നുണ്ട്. അങ്ങനെ കോടതികൾ സ്വാധീനിക്കപ്പെട്ടാൽ ആപത്ത് സ്വതന്ത്ര ജനാധിപത്യത്തിനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.