മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നിഷ്ഠൂരമായി ഹനിച്ച് മീഡിയവൺ ചാനലിന് നിരോധമേർപ്പെടുത്തിയ കേന്ദ്ര ഭരണകൂടത്തിന്റെ നടപടി രാജ്യത്തെ പരമോന്നത നീതിപീഠം അസാധുവാക്കിയിട്ട് ഇന്നേക്ക് ഒരു വർഷമാവുന്നു. അനീതിക്കെതിരെ മീഡിയവൺ നടത്തിയ നിയമപോരാട്ടത്തെ മാധ്യമ സ്വാതന്ത്ര്യ സമരം എന്നാണ് പൗരാവകാശ സമൂഹം വിശേഷിപ്പിച്ചത്.

മാധ്യമങ്ങളുടെ പറയാനുള്ള അവകാശത്തെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും നിഷേധിക്കുന്ന നടപടികൾ തിരുത്താൻ മീഡിയവൺ കേസിലെ സുപ്രീംകോടതി വിധി ഭരണകൂടങ്ങളെ നിർബന്ധിതമാക്കും എന്ന വിശ്വാസവും രൂപപ്പെട്ടിരുന്നു. എന്നാൽ, വാഴ്ത്തുപാടുന്നവരെ വാരിപ്പുണരുക,എതിരഭിപ്രായക്കാരുടെ വായടപ്പിക്കുക എന്നതു തന്നെയാണ് മീഡിയാ പോളിസിയെന്ന് വ്യക്തമാക്കും വിധത്തിൽ അടിച്ചമർത്തലുകളും അറസ്റ്റുകളുമുൾപ്പെടെ മാധ്യമ വേട്ട നിർബാധം തുടർന്നു സർക്കാറുകൾ.

ന്യൂസ് ക്ലിക്ക് വേട്ട

വർഗീയതക്കും കോർപറേറ്റ് ദാസ്യത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച, ജനം അറിയരുതെന്ന് ഭരണകൂടം ആഗ്രഹിച്ച വാർത്തകളും വിശകലനങ്ങളും നിർഭയം പ്രസിദ്ധീകരിച്ച ന്യൂസ് ക്ലിക് വെബ് പോർട്ടലിനെതിരായ സർക്കാർ നടപടി അടിയന്തിരാവസ്ഥയിലേറെ ഭീതിദമായിരുന്നു. ഒക്ടോബർ മൂന്നിന് താൽകാലിക ജീവനക്കാരും ഫ്രീലാൻസർമാരുമുൾപ്പെടെ സ്ഥാപനവുമായി ബന്ധപ്പെടുന്ന 46 മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്ത്, ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്ത പൊലീസ് പോർട്ടലിന്റെ 74 വയസുകാരനായ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്തയെ യു.എ.പി.എ ചുമത്തി ജയിലിലടച്ചു. ഒപ്പം അറസ്റ്റു ചെയ്ത ഹ്യൂമൻ റിസോഴ്സ് എക്സിക്യൂട്ടിവ് അമിത് ചക്രവർത്തിയെ മാപ്പുസാക്ഷിയാക്കി.

അവസാനമില്ലാത്ത ജയിൽ

2018 ആഗസ്റ്റിൽ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത കശ്മീരി മാധ്യമ പ്രവർത്തകൻ ആസിഫ് സുൽത്താന് 2022 ഏപ്രിലിൽ കോടതി ജാമ്യം അനുവദിച്ചെങ്കിലും സമാധാനത്തിന് ഭീഷണിയാണെന്ന് പറഞ്ഞ് പൊതുസുരക്ഷാ നിയമം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു. 2023 ഡിസംബറിൽ ആ കേസ് റദ്ദാക്കി വിട്ടയക്കാൻ ശ്രീനഗർ കോടതി ഉത്തരവിട്ടെങ്കിലും ക്ലിയറൻസ് ലെറ്ററുകൾ ലഭിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് 78 ദിവസം കൂടി ജയിലിൽ തന്നെ പിടിച്ചുവെച്ചു. രണ്ടായിരത്തോളം ദിവസം നീണ്ട ജയിൽ വാസത്തിനൊടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 29ന് വീടണഞ്ഞ അദ്ദേഹത്തെ അഞ്ചു മണിക്കൂറിനകം വീണ്ടും അറസ്റ്റിലാക്കി പൊലീസ്. ദേശവിരുദ്ധ പ്രവർത്തനം ആരോപിച്ച് സെപ്റ്റംബർ 14ന് മറ്റൊരു ക​ശ്മീരി മാധ്യമ പ്രവർത്തകനെയും അറസ്റ്റു ചെയ്തു. രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ മജീദ് ഹൈദരിക്കുമേൽ പൊതു സുരക്ഷാ നിയമമാണ് ചുമത്തിയിരിക്കുന്നത്.

കേന്ദ്രം പരിശോധിക്കും വാർത്തകൾ

കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളുടെയും ഇന്റർനെറ്റ് ഉള്ളടക്കത്തിന്റെയും വസ്തുതാപരിശോധനയ്ക്ക് പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ (പി.ഐ.ബി) ചുമതലപ്പെടുത്തിയ വിജ്ഞാപനം പുറത്തിറക്കിയെങ്കിലും നടപടി അഭിപ്രായ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി24 മണിക്കൂറിനകം സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ ഉള്ളടക്കമോ സർക്കാരിന്റെ കീഴിലുള്ള പിഐബി വ്യാജമെന്ന് മുദ്രകുത്തിയാൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കം ചെയ്യേണ്ടി വരുന്ന തരത്തിലായിരുന്നു ഫാക്ട് ചെക്ക് യൂണിറ്റിനെ രൂപകൽപന ചെയ്തിരുന്നത്.

മണിപ്പൂരിൽ മാധ്യമ പ്രവർത്തനമാണ് കുറ്റം

മാസങ്ങളോളം നീണ്ട വംശീയ-വർഗീയ അതിക്രമത്തിന്റെ ഉത്തരവാദികൾക്കെതിരെ ​നടപടി സ്വീകരിക്കാൻ തയ്യാറാവാഞ്ഞ മണിപ്പൂർ സർക്കാർ കലാപമേഖല സന്ദർശിച്ച് വസ്തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ എഡിറ്റേഴ്സ് ഗിൽഡ് സംഘത്തിലെ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു. ആഗസ്റ്റ് 7 മുതല്‍ 10 വരെ മണിപ്പൂര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സീമ ഗുഹ, സഞ്ജയ് കപുര്‍, ഭരത് ഭൂഷണ്‍ എന്നിവര്‍ക്കെതിരെ മതവിഭാഗങ്ങൾക്കിടയിൽ വൈരംവളർത്തി, സർക്കാർ നിലപാടിനെ വിമർ​ശിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ചുമത്തിയത്. തുടർനടപടികൾ സ്റ്റേ ചെയ്തിരിക്കുകയാണ് സുപ്രിംകോടതി

സമൂഹ മാധ്യമങ്ങൾക്കും വിലങ്ങ്

ഡൽഹി അതിർത്തിയിൽ നടന്ന രണ്ടാം കർഷക സമരത്തിന്റെ ചിത്രങ്ങളും വാർത്തകളും പങ്കുവെച്ച 177 അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശാനുസരണം കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ മന്ത്രാലയം വിവിധ സമൂഹമാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.

സൂചികയിൽ താഴോട്ട്

അതിരുകളില്ലാത്ത മാധ്യമ പ്രവർത്തകർ Reporters Without Borders (RSF) വർഷാവർഷം പുറത്തിറക്കുന്ന ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം പിന്നെയും കൂപ്പുകുത്തി. 2022ൽ 150-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2023ൽ 161-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. അഴിമതിക്കും ഭരണകൂട മർദനങ്ങൾക്കും കുപ്രസിദ്ധമായ പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ പോലും പ്രകടനം മെച്ചപ്പെടുത്തിയ ഘട്ടത്തിലാണിത്.

Tags:    
News Summary - Press freedom in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.