പട്ടികജാതിക്കാരെ കേരളം പരിഗണിക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പട്ടികജാതി-വർഗ, പിന്നാക്ക വികസന മന്ത്രി കെ. രാധാകൃഷ്ണന് മറുപടി പറയുന്നു
മനുസ്മൃതിയും വിചാരധാരയും അടിസ്ഥാന പ്രമാണങ്ങളായി കൊണ്ടുനടക്കുന്ന ചിതലരിച്ച ചിന്താഗതികളുടെ വക്താക്കളെ ഒരകലത്തില് നിർത്താൻ കേരളത്തിലെ സാമൂഹികബോധം എന്നും ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ അജണ്ടകള്‍ക്ക് മുന്നിൽ കീഴടങ്ങാതെ പൊരുതുന്ന മലയാളികളോട് സംഘപരിവാരത്തിന് ശത്രുതാമനോഭാവം നിലനിൽക്കുന്നുണ്ട്.
കേരളത്തിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് പരിഗണന ലഭിക്കുന്നില്ലായെന്നും അവര്‍ വോട്ട്ബാങ്ക് അല്ലാത്തതുകൊണ്ടാണ് അവഗണിക്കപ്പെടുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പ്രസ്താവിച്ചിരുന്നു. സംഘ്പരിവാരം നേതൃത്വം നല്കുന്ന കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധതക്കും വർഗീയതക്കുമെതിരെ രാജ്യം പ്രതീക്ഷയോടെ കാണുന്ന കേരള സർക്കാറിനെയും അതുവഴി ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇകഴ്ത്തിക്കാണിക്കുക എന്ന നിക്ഷിപ്ത രാഷ്ട്രീയ താൽപര്യത്തിൽനിന്ന് ഉടലെടുത്തതാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. കേരളത്തിലെ ദലിത് പിന്നാക്ക വിഭാഗങ്ങളില്‍ മഹാഭൂരിപക്ഷവും മതനിരപേക്ഷതയുടെയും പുരോഗമന ആശയങ്ങളുടെയും പിറകില്‍ അണിനിരക്കുമ്പോള്‍ അവരെ തെറ്റിദ്ധരിപ്പിച്ച് വർഗീയതയിലേക്ക് വഴിതിരിച്ചുവിടാനുള്ള ശ്രമവും ഇതിലുണ്ട്.
ബി.ജെ.പി ഭരണത്തിനുകീഴില്‍ രാജ്യത്തെ പട്ടികവർഗത്തിന്റെ യഥാർഥ അവസ്ഥ എന്തെന്നറിയാന്‍ മധ്യപ്രദേശിലേക്കു നോക്കിയാല്‍ മതിയാകും. ചെയ്ത ജോലിക്ക് കൂലിചോദിച്ച ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി നേതാവ് മൂത്രമൊഴിച്ച ദൃശ്യത്തോടെ രാജ്യമാകെ തലകുനിക്കേണ്ട അവസ്ഥയാണ്. മേല്‍ജാതിക്കാരുടെ പീഡനങ്ങള്‍ക്കും ക്രൂരതകള്‍ക്കും ഏത് നിമിഷവും ഇരയാകുമെന്ന ആശങ്കയിലാണ് യു.പിയിലും ഗുജറാത്തിലും ഹരിയാനയിലുമെല്ലാം ദലിത് ജനവിഭാഗം ജീവിച്ചുവരുന്നത്. ഗുജറാത്ത് വംശഹത്യയുടെ അതേ മാതൃകയില്‍ മണിപ്പൂരിനേയും കലാപഭൂമിയാക്കിയ ബി.ജെ.പി സര്‍ക്കാറിന്റെ നടപടി ദലിത് പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കുനേരെയുള്ള യുദ്ധപ്രഖ്യാപനമാണ്.
ഇന്ത്യയിലെ പൊതു അവസ്ഥയില്‍നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ പട്ടികജാതി/പട്ടികവർഗ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിതമെന്നത് എല്ലാവര്ക്കും അറിയാവുന്നതാണ്. കേരളത്തിന്റെ വികസന മുന്നേറ്റവും പ്രത്യേകിച്ചും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ പുരോഗതിയും ഇന്ത്യയില്‍ മുന്നില്‍നില്‍ക്കുന്നു എന്ന് പ്രധാനമന്ത്രിക്കും അറിയാത്തതാവില്ല. ഈ സാമൂഹിക പുരോഗതി ഒരു നാളുകൊണ്ട് കൈവരിച്ചതല്ല.
എന്നാല്‍, കേരളത്തിലെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ജീവിതാനുഭവങ്ങളാണോ രാജ്യത്താകെ ഉള്ളത് എന്ന് പ്രധാനമന്ത്രി പരിശോധിക്കേണ്ടതുണ്ട്. വസ്തുതാപരമായി ഈ കാര്യങ്ങള്‍ വിശദീകരിക്കാന്‍ കേരള സര്‍ക്കാറിന് സാധിക്കും. ഇന്ത്യയില്‍ 16.6 ശതമാനം പേര് പട്ടികജാതി വിഭാഗത്തിലും 8.06 ശതമാനം പേര് പട്ടികവർഗ വിഭാഗത്തിലും പെട്ടവരാണ്. ഇവരില്‍ മഹാഭൂരിപക്ഷത്തിന്റെയും സ്ഥിതി അതിദയനീയമാണെന്നാണ് എല്ലാ സൂചകങ്ങളും വിരല്‍ ചൂണ്ടുന്നത്. സമൂഹത്തിൽ ഉയരാനുള്ള അവസരങ്ങൾ ഒരുക്കാതിരിക്കുന്നതും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതും പതിവായിട്ടുണ്ട്. ഇവർ പഠിച്ച് ഉയരേണ്ടവരല്ലെന്ന കാഴ്ചപ്പാടാണിതിന് പിന്നിൽ. അഥവാ പഠിക്കാൻ അവസരം കിട്ടിയാൽ അർഹതപ്പെട്ട തൊഴിലവസരങ്ങൾപോലും നിഷേധിക്കുന്നു. സംവരണം തന്ത്രപരമായി അട്ടിമറിക്കുന്നു.
സർവിസിലുള്ളവർക്ക് മതിയായ പ്രമോഷൻപോലും നിഷേധിക്കുന്നു. അതേസമയം, സ്വകാര്യ കമ്പനികളില്‍നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാറിലെ നിർണായക തസ്തികകളില്‍ നിയമിക്കുന്നു. 38 പേരെയാണ് ഇതുവരെ ജോയന്റ് സെക്രട്ടറിമാരായി നിയമിച്ചത്.
പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുമ്പോഴും പട്ടികവിഭാഗക്കാരും പിന്നാക്കക്കാരും തൊഴിൽശ്രേണിയിൽനിന്ന് പുറത്താകുകയാണ്. ബാങ്കുകളിലെ ഉദ്യോഗങ്ങള്പോലും സമ്പന്നര്‍ക്ക് മാത്രമാക്കി മാനദണ്ഡമിറക്കി. വായ്പയെടുത്ത് പഠിച്ച ദരിദ്ര വിഭാഗങ്ങളിലെ ഉദ്യോഗാർഥികള്‍ പരീക്ഷയും ഇന്റര്‍വ്യൂവും പാസായാലും ജോലി നിഷേധിക്കും. രക്ഷിതാക്കളുടെ സിബില്‍ സ്കോറും ഈ നിയമനങ്ങള്‍ക്ക് ബാധകമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ തീരുമാനം ദരിദ്ര ദലിത് പട്ടികജാതി ഉദ്യോഗാർഥികളെയാണ് ഏറെയും ബാധിക്കുക.
രാജ്യത്ത് പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വർധിച്ചുകൊണ്ടിരിക്കുന്നു. 2021ലെ നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് പട്ടികജാതി വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങളില്‍ 50,291 കേസുകള്‍ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ 2802 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഈ കേസുകളിലേറെയും ബി.ജെ.പി ഭരണ സംസ്ഥാനമായ മധ്യപ്രദേശിലാണ്. അവർ ഭരിക്കുന്ന യു.പി.യിലും ഗുജറാത്തിലും വലിയതോതിൽ ദലിതർ വേട്ടയാടപ്പെടുന്നു. ഈ സാഹചര്യം നിലനിൽക്കുമ്പോൾ പട്ടികവിഭാഗങ്ങളുടെ പുരോഗതിക്ക് എന്ത് നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതുണ്ട്. ബജറ്റ് വിഹിതം പരിശോധിച്ചാൽ സംസ്ഥാനം നൽകുന്ന പരിഗണന ബോധ്യപ്പെടും.
കേരളത്തിലെ ആകെ ജനസംഖ്യയുടെ 9.1 ശതമാനം വരുന്ന പട്ടികജാതി വിഭാഗങ്ങൾക്ക് വാർഷിക പദ്ധതിയുടെ 9.8 ശതമാനം തുകയും 1.45 ശതമാനം വരുന്ന പട്ടികവർഗ വിഭാഗത്തിന് വാർഷിക പദ്ധതിയുടെ 2.83 ശതമാനം തുകയും സംസ്ഥാന സർക്കാർ മാറ്റിവെക്കുന്നു. എന്നാൽ, രാജ്യത്തെ 16.6 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന് 3.53 ശതമാനവും 8.6 ശതമാനം വരുന്ന പട്ടികവർഗ വിഭാഗത്തിന് 2.65 ശതമാനം പദ്ധതി വിഹിതവും മാത്രമാണ് കേന്ദ്രം മാറ്റിവെച്ചിട്ടുള്ളത്.
ജനസംഖ്യയുടെ പകുതിയിലേറെപ്പേരും അതിദരിദ്രരായ സംസ്ഥാനങ്ങൾ രാജ്യത്തുണ്ടെന്ന് പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള നിതി ആയോഗിന്റെ കണക്കുകൾ പറയുന്നു. ഇവരിലേറെപ്പേരും പട്ടികവിഭാഗ-പിന്നാക്ക-ന്യൂനപക്ഷങ്ങളാണ്. യു.പിയില്‍ 38 ശതമാനം പേരും ഝാര്‍ഖണ്ഡില്‍ 42 ശതമാനം പേരും അതിദരിദ്രരായിരിക്കെ കേരളത്തിൽ അത് കേവലം 0.07 ശതമാനം ആണ്.
അവർക്കുകൂടി മെച്ചപ്പെട്ട ജീവിതം പ്രദാനം ചെയ്തു അതിദാരിദ്ര്യം പരിഹരിക്കുന്നതോടെ കേരളം മറ്റൊരു വികസന മാതൃകകൂടി സൃഷ്ടിക്കും. 2025 നവംബർ ഒന്നിനുമുമ്പ് കേരളത്തിലെ അതിദരിദ്രരെ ഈ സർക്കാർ മികച്ചനിലയിലാക്കും. ഇത്തരം സാമൂഹിക മുന്നേറ്റങ്ങളേയും ഭരണപരിഷ്കാരങ്ങളേയും വിലയിരുത്തിക്കൊണ്ടാണ് അടുത്തിടെ കേരളത്തിൽ സന്ദർശനം നടത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു പട്ടികജാതി പട്ടിക വിഭാഗങ്ങളുടെ ക്ഷേമത്തിന് കേരളം നല്കുന്ന മുന്തിയ പരിഗണനയില്‍ സന്തോഷിക്കുന്നെന്ന് അഭിപ്രായപ്പെട്ടത്.
മനുസ്മൃതിയും വിചാരധാരയും അടിസ്ഥാന പ്രമാണങ്ങളായി കൊണ്ടുനടക്കുന്ന ചിതലരിച്ച ചിന്താഗതികളുടെ വക്താക്കളെ ഒരകലത്തില് നിർത്താൻ കേരളത്തിലെ സാമൂഹികബോധം എന്നും ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ അജണ്ടകള്‍ക്ക് മുന്നിൽ കീഴടങ്ങാതെ പൊരുതുന്ന മലയാളികളോട് സംഘപരിവാരത്തിന് ശത്രുതാമനോഭാവം നിലനിൽക്കുന്നുണ്ട്.
ആ മനോഭാവത്തിന്റെ ബഹിർസ്ഫുരണമാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. കേരളത്തിലെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെ എങ്ങനെയും ഇടതുപക്ഷത്തിൽനിന്നും അകറ്റുകയെന്ന അജണ്ടയുടെ ഭാഗമായി ഉണ്ടാകുന്ന അത്തരം നീക്കങ്ങളെ ചരിത്രബോധമുള്ള മലയാളി തള്ളിക്കളയുമെന്ന കാര്യത്തിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.