‘‘അപ്പയെപ്പോലെ പുതുപ്പള്ളിയിലെ ജനത എന്നെയും നെഞ്ചോട് ചേർത്തു. ഇത്രയും ദിവസത്തെ പ്രചാരണത്തിനിടയിൽ ജനങ്ങൾ നൽകുന്ന സ്നേഹവും പരിഗണനയും അത് വ്യക്തമാക്കുന്നതാണ്. അപ്പയുടെ വിയോഗം കഴിഞ്ഞ് ദിവസങ്ങൾക്കകം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തിറങ്ങേണ്ടിവന്നത് ആദ്യമൊക്കെ മാനസിക വിഷമം വർധിപ്പിച്ചിരുന്നു. പിന്നെ എതിരാളികളുടെ ഭാഗത്തുനിന്ന് പിതാവിനെയും കുടുംബാംഗങ്ങളെയും വ്യക്തിപരമായി ആക്രമിക്കുന്ന നടപടികളുണ്ടായപ്പോഴും വിഷമമുണ്ടായി. എന്നാൽ, ജനങ്ങൾക്കിടയിലേക്കിറങ്ങിയപ്പോൾ ഞങ്ങൾ കൂടെയുണ്ടെന്ന് അവർ നൽകിയ ഉറപ്പ് ആത്മവിശ്വാസം വർധിപ്പിച്ചു. എതിരാളികളുടെ നുണപ്രചാരണങ്ങളെല്ലാം പുതുപ്പള്ളിയിലെ വോട്ടർമാർ തള്ളി’’-പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പറയുന്നു.
പുതുപ്പള്ളിയിൽ വികസനമില്ലെന്ന പ്രചാരണമാണ് എതിരാളികൾ നടത്തുന്നത്. കഴിഞ്ഞ 53 വർഷം ഒരാൾ തുടർച്ചയായി ഒരു മണ്ഡലത്തിൽ നിന്ന് ജയിക്കണമെങ്കിൽ ഒന്നും ചെയ്യാതെ സാധിക്കുമോ. പുതുപ്പള്ളിയിൽ ഇല്ലാത്തതായി ഒന്നും ഇല്ല. എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ, രാഷ്ട്രീയ വിരോധത്തിന്‍റെ അന്ധതയിൽ അതൊന്നും കാണാതെ ദുഷ്പ്രചാരണം നടത്തുകയാണ് എതിരാളികൾ. പുതുപ്പള്ളിയിലെ ജനങ്ങൾ അതൊന്നും വിശ്വസിക്കില്ല. ജനങ്ങൾക്കായി സേവനം ചെയ്യുന്നതും വികസനമാണ്. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെ ഓരോരുത്തർക്കും വ്യക്തിപരമായി ചെയ്ത സഹായങ്ങൾ വലുതാണ്. അതാണ് അദ്ദേഹം മരിച്ചപ്പോഴും ഇപ്പോഴും അദ്ദേഹത്തിന്‍റെ കബറിടത്തിലേക്ക് ഒഴുകിയെത്തുന്ന ജനസഞ്ചയം വ്യക്തമാക്കുന്നത്. ആദ്യം വ്യക്തിപരമായ അധിക്ഷേപം നടത്തിയിരുന്നവർ ജനവികാരം എതിരായപ്പോൾ വികസനം എന്ന അജണ്ടയിലേക്ക് നീങ്ങി. വികസനം പറയുന്ന ഇടതുപക്ഷം പ്രവർത്തിക്കുന്നത് വേറൊന്നാണ്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി കൊണ്ടുവന്ന പദ്ധതികൾ മുരടിപ്പിച്ചത് ഇടത് സർക്കാറുകളായിരുന്നു. സൈബർ ആക്രമണങ്ങളും ട്രോളുകളും സ്വാഗതം ചെയ്യുന്നു. ജനാധിപത്യത്തിൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകണം. എന്നാൽ വിവാദങ്ങൾ മറുപടി അർഹിക്കുന്നില്ല.
ഉമ്മൻ ചാണ്ടി അനുകൂല പ്രസ്താവന നടത്തിയതിന്‍റെ പേരിൽ സതിയമ്മയെപ്പോലെയുള്ളവരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടത് അതിക്രൂരമാണ്. ഇതൊക്കെ പുതുപ്പള്ളിയിലെ ജനങ്ങൾ കാണുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. അപ്പയുടെ പിൻഗാമിയായി അവർ എന്നെ നിശ്ചയിച്ചുകഴിഞ്ഞു. അപ്പ തുടങ്ങിെവച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും പുതിയ വികസന പ്രവർത്തനങ്ങൾ ആരംഭിക്കാനും ഞാൻ എപ്പോഴുമുണ്ടാകുമെന്ന് പുതുപ്പള്ളിക്കാർ വിശ്വസിച്ചുകഴിഞ്ഞു- ചാണ്ടി ഉമ്മ െൻറ വാക്കുകളിൽ തികഞ്ഞ പ്രതീക്ഷ.
‘‘മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി പുതുപ്പള്ളിക്കാരുടെ പ്രശ്നങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാനായി. കുടിവെള്ളം, റോഡ് തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളാൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.
പ്രചാരണത്തിൽ പലരും ഉന്നയിച്ച പരാതികളും ഇതാണ്. പുതുപ്പള്ളിയുടെ വികസനമില്ലായ്മ ചർച്ചയാക്കാനാണ് ശ്രമിച്ചത്. അതിൽ വിജയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോൾ നിങ്ങൾ മാധ്യമപ്രവർത്തകർക്കും അത് വ്യക്തമായിക്കാണുമല്ലോ.
പുതുപ്പള്ളിയിലെ ജനങ്ങൾ മാറ്റത്തിനായി ആഗ്രഹിക്കുന്നു. പുതിയൊരു പുതുപ്പള്ളി എന്ന ആശയം മുന്നിൽ െവച്ചാണ് എൽ.ഡി.എഫിന്‍റെ പ്രചാരണം. അതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്- ഇടതുമുന്നണി സ്ഥാനാർഥി ജെയ്ക് സി. തോമസ് പറയുന്നു.
ഈ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയുടെ വികസനം നാലാം തരം കാര്യമാണെന്നാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ അഭിപ്രായപ്പെട്ടത്. എന്നാൽ, പുതുപ്പള്ളിക്കാർക്ക് അതാണ് പ്രധാനം.യു.ഡി.എഫിന്‍റെ ഏത് പ്രാദേശിക നേതാവുമായും പഞ്ചായത്ത് അംഗങ്ങളുമായും നാടിന്‍റെ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞാൻ തയാറായി. എന്നാൽ, അതിൽനിന്ന് ഓടിയൊളിക്കുകയാണ് സ്ഥാനാർഥി ഉൾപ്പെടെ ചെയ്തത്. യു.ഡി.എഫ് സ്ഥാനാർഥി പുതുപ്പള്ളിയുടെ വികസനമായി ചൂണ്ടിക്കാട്ടിയതിൽ ഭൂരിഭാഗവും തെറ്റാണ്.
ജനങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്നതിൽ തനിക്ക് വ്യക്തതയുണ്ട്. അതിനാൽ ഇക്കുറി പുതുപ്പള്ളിക്കാർ എന്നെ പിന്തുണക്കുമെന്ന ഉറപ്പുണ്ട്. മണ്ഡലത്തിന്‍റെ പൊതു സ്വഭാവത്തിൽ വന്ന മാറ്റവും ഗുണം ചെയ്യും. എട്ട് പഞ്ചായത്തുകളിൽ ആറും ഭരിക്കുന്നത് എൽ.ഡി.എഫാണ്. 53 വർഷം ഒരു വ്യക്തി തന്നെ എം.എൽ.എയായിരുന്നിട്ടും ഈ മണ്ഡലത്തിൽ വികസനം കൊണ്ടുവരാനാകാത്തത് ദുഃഖകരമാണ്.
വ്യക്തിപരമായ ആക്രമണങ്ങളോട് യോജിക്കുന്നില്ല. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചുവിന് എതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണവും ശുദ്ധ മര്യാദകേടാണ്. മുൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആയാലും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആയാലും വ്യക്തി അധിക്ഷേപം അംഗീകരിക്കാനാകില്ല. എന്തായാലും പുതുപ്പള്ളിക്കാരുടെ ചിന്തയിൽ മാറ്റം വന്നിരിക്കുന്നുവെന്നാണ് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്- ആത്മ വിശ്വാസത്തോടെ ജെയ്ക് കൂട്ടിച്ചേർക്കുന്നു.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.