ഒരുമയാണ് വഴി...ഒന്നാണ് നമ്മൾ...

ബെദൂയിൻ ഗോത്രവർഗക്കാർ രാപാർക്കുന്ന തമ്പുകളുടെ മനോഹര മാതൃകയിൽ ഖത്തർ അൽഖോറിലെ അൽബെയ്ത്ത് സ്റ്റേഡിയം. കളിയുടെ വിശ്വമഹാമേള ആ മണ്ണിൽ കൊടിയേറുകയാണ്. കളിയരങ്ങിൽ അതിന് സാക്ഷികളാകാനെത്തിയ 60,000 പേർക്കപ്പുറം ഭൂമിയുടെ വിഭിന്ന കോണുകളിൽ ആ നിമിഷങ്ങളിലേക്ക് ഉറ്റുനോക്കിയിരുന്ന, വർണവും ജാതിയും മതവും സംസ്കാരവും വേഷവും ഭാഷയുമൊക്കെ വിവിധങ്ങളായ പരകോടി ജനങ്ങൾ.

ആഘോഷത്തിന്റെ തുടക്കത്തിൽ പുൽത്തകിടിയിൽ പ്രത്യക്ഷപ്പെട്ട 'മരുഭൂമി'യിലേക്ക് കാതടപ്പിക്കുന്ന കരഘോഷത്തിനിടെ ഒരാൾ കടന്നുവരുന്നു. സ്റ്റേജിലും സ്ക്രീനിലും നടനായും നരേറ്ററായുമൊക്കെ ലോകത്തെ ത്രസിപ്പിച്ച മഹാപ്രതിഭ മോർഗൻ ഫ്രീമാൻ.

85ാം വയസ്സിലും ഊർജസ്വലതയും ഉറച്ച നിലപാടും കാത്തുസൂക്ഷിക്കുന്ന ഓസ്കർ ജേതാവ്, ലോകത്തിന് പരിചിതമായ ആഴവും പരപ്പുമുള്ള, മുഴങ്ങുന്ന ശബ്ദത്തിൽ ഇങ്ങനെ പറഞ്ഞു: ''വളരെ മനോഹരമായ ചിലത് ഞാൻ കേട്ടു. അത് സംഗീതം മാത്രമല്ല, ഈ ആഘോഷംകൂടിയാണ്.

ഇതെല്ലാം ഏറെ പുതിയതാണ്. മുമ്പ് ഞാനറിഞ്ഞിരുന്നതെല്ലാം, കലങ്ങിമറിഞ്ഞതായി തോന്നിയിരുന്ന ഒരു ദേശമായിരുന്നു. എന്നാൽ, ഞാനിപ്പോൾ നിങ്ങൾക്കു നടുവിൽ നിൽക്കുകയാണ്. വരൂ... ഞാൻ നിങ്ങളെ സ്വാഗതംചെയ്യട്ടെ?''

അതു പറഞ്ഞുതീരുമ്പോഴേക്ക് ഗാനിം അൽ മുഫ്തയുടെ അടുത്തെത്തിയിരുന്നു ഫ്രീമാൻ അപ്പോൾ. ചക്രക്കസേരയിൽനിന്ന് നിലത്തിറങ്ങിയിരുന്നു ഗാനിം. ശാരീരിക വൈകല്യത്തെ ഇച്ഛാശക്തിയും മനഃശക്തിയുംകൊണ്ട് മറികടന്ന ആ ഖത്തരീ യുവാവ് ഈ ലോകകപ്പിന്റെ തിളങ്ങുന്ന അംബാസഡർമാരിൽ ഒരാളാണ്.

അരക്കു കീഴ്ഭാഗമില്ലാതിരുന്നിട്ടും അപാരമായ മനഃശക്തിയും ഊർജവും പ്രസരിപ്പിക്കുന്ന ഗാനിം അനിതരസാധാരണമായ പ്രചോദനങ്ങളിലേക്കാണ് ലോകത്തിന് വഴികാട്ടുന്നത്. ''ആ ആഹ്വാനം ഞങ്ങൾ പുറപ്പെടുവിച്ചുകഴിഞ്ഞു. എല്ലാവർക്കും ഈ മണ്ണിലേക്ക് സ്വാഗതം. മുഴുവൻ ലോകത്തിനുമുള്ള ക്ഷണമാണിത്'' -ഗാനിം സ്നേഹവും വിനയവും ചാലിച്ച് ഫ്രീമാനോട് പറഞ്ഞു.

''ഇപ്പോൾ ലോകം കൂടുതൽ വിഭജിക്കപ്പെട്ടതും വിദൂരവുമായിരിക്കുന്നു. ഒരുമയുടെ ക്ഷണം തള്ളി നമ്മൾ സ്വന്തം വഴി മാത്രം തിരഞ്ഞെടുക്കുന്നു. ഒരുപാട് രാജ്യങ്ങൾ, ഭാഷകൾ, സംസ്കാരങ്ങൾ... ഒരു വഴി മാത്രമാണ് സ്വീകാര്യമെന്ന് ശഠിച്ചാൽ ഇവയെല്ലാം എങ്ങനെ ഒരു കുടക്കീഴിൽ ഒന്നിച്ചുചേരും? ഫ്രീമാന്റെ ഈ ചോദ്യത്തിനുള്ള ഗാനിമിന്റെ മറുപടി ഒരു ഖുർആൻ ശകലമായിരുന്നു.

''ഹേ, മനുഷ്യരേ... തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു'' -49ാം അധ്യായത്തിൽ മനുഷ്യസൗഹാർദം ഉദ്ഘോഷിക്കുന്ന 13ാം വാക്യം ഫ്രീമാന് മുന്നിലിരുന്ന് ഗാനിം പാരായണം ചെയ്തു.

പിന്നീടങ്ങോട്ട് അവരുടെ സംഭാഷണം വൈജാത്യങ്ങളും ഭിന്നതകളുമകന്ന് ലോകം ഒരുമിച്ചു നിൽക്കേണ്ടതിലൂന്നിയായിരുന്നു. ''ഇവിടെ നമ്മളെ ഒന്നിപ്പിക്കുന്നതെല്ലാം നമ്മളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനേക്കാൾ എത്രയോ മഹത്തരമാണ്. നമ്മൾ ഇവിടെ ഒന്നിച്ചുകൂടിയത് വലിയൊരു ഗോത്രമായാണ്.

ഈ ഭൂമിയാകട്ടെ എല്ലാവരും താമസിക്കുന്ന ബെദൂയിൻ ടെന്റുപോലെയും.'' ഫ്രീമാന്റെ ഈ വാക്കുകൾക്ക് ഗാനിം ഇങ്ങനെ അടിവരയിട്ടു: ''സഹിഷ്ണുതയോടും ബഹുമാനത്തോടുംകൂടിയാണ് നമ്മളിവിടെ കഴിയേണ്ടത്. ഭൂമിയെന്ന വലിയ വീട്ടിൽ ഭിന്നതകളകന്ന് ഐക്യത്തോടെ നമുക്കൊന്നിച്ചു ജീവിക്കാം. നിങ്ങളെ ഇവിടേക്ക് ക്ഷണിക്കുമ്പോൾ ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നത് ഞങ്ങളുടെ വീട്ടിലേക്കുകൂടിയാണ്.''

അൽബെയ്ത്തിൽ ഉയർന്നുകേട്ടതത്രയും ബഹുസ്വരതയിലും ഐക്യത്തിലുമൂന്നിയ സന്ദേശങ്ങളായിരുന്നു. പാട്ടിലും പറച്ചിലിലും അതു മാത്രം മുഴങ്ങിക്കേട്ടു. കൊറിയൻ പോപ് സ്റ്റാർ ജങ്കുക്ക് പാടിയത് 'ബഹുമാനം' എന്നതിനെക്കുറിച്ചായിരുന്നു. വർണവെറിയും വംശീയതയുമൊക്കെ അകലുന്ന നാളുകളെക്കുറിച്ച പ്രതീക്ഷകളാണ് അൽബെയ്ത്തിലെ ആഘോഷവേളകളിൽനിന്നുയർന്നത്.

ദൂരങ്ങളകന്ന് ഒന്നിക്കുകയെന്ന ഉദ്ഘാടന ചടങ്ങിന്റെ ആശയങ്ങൾക്കാകട്ടെ, സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. ഖത്തറിനോടും ആ നാട് ആതിഥ്യം വഹിക്കുന്ന ലോകകപ്പിനോടും മുഖംതിരിക്കുകയും എതിർ പ്രചാരണമുയർത്തുകയും പെയ്യുന്ന പടിഞ്ഞാറിനുള്ള മറുപടികൂടിയുണ്ടായിരുന്നു ആ മനോഹര ചടങ്ങിലും അതുയർത്തിയ സമത്വസുന്ദര സന്ദേശങ്ങളിലും.

അറിയാം, ഗാനിമിനെ...

ഖത്തർ ലോകകപ്പ് 2022ന്റെ അംബാസഡർമാരിലൊരാൾ കൂടിയാണ് ഗാനിം അൽ മുഫ്ത എന്ന 20കാരൻ. ലോകത്തുടനീളം നിരവധി പേരെ ആകർഷിച്ച പ്രചോദന ശക്തിയാണ് ഇദ്ദേഹം. ഇൻസ്റ്റഗ്രാമിൽ മാത്രം 30 ലക്ഷത്തിലധികം പേരാണ് ഗാനിമിനെ പിന്തുടരുന്നത്.

2002 മേയ് അഞ്ചിനാണ് ഇരട്ട സഹോദരന്മാരിലൊരാളായി ഗാനിം അൽ മുഫ്തയുടെ ജനനം. നയതന്ത്രജ്ഞനാകുകയെന്ന ലക്ഷ്യത്തോടെ ഇപ്പോൾ ലോഫ്ബറോ യൂനിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദവിദ്യാർഥി. ശാരീരിക പരിമിതികളെ തോൽപിച്ച് നീന്തൽ, സ്കൂബ ഡൈവിങ്, സ്കേറ്റിങ്, റോക് ക്ലൈമ്പിങ് എന്നിവയിൽ മികവുകാട്ടുന്നു.

ഗരിസ്സ ഐസ്ക്രീം കമ്പനിയുടെ ഉടമയായ ഗാനിം ഖത്തറിലെ ഏറ്റവും പ്രായംകുറഞ്ഞ സംരംഭകനാണ്. 60 ജീവനക്കാരും ആറ് ബ്രാഞ്ചുകളും കമ്പനിക്കുണ്ട്.

2009ൽ സെഞ്ച്വറി ലീഡേഴ്സ് ഫൗണ്ടേഷന്റെ അൺസങ് ഹീറോസ് പട്ടികയിൽ ഇടംനേടി. 2014ൽ അന്നത്തെ കുവൈത്ത് അമീറായിരുന്ന ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹിന്റെ അംബാസഡർ ഓഫ് പീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 2015 മുതൽ റീച്ച് ഔട്ട് ടു ഏഷ്യ (റോട്ട)യുടെ ഗുഡ്‍വിൽ അംബാസഡർ, ചൈൽഡ് ഹുഡ് അംബാസഡർ എന്നീ പദവികളിലുണ്ട്.

ഖത്തർ ഫിനാൻഷ്യൽ സെൻറർ അതോറിറ്റിയുടെ ബ്രാൻഡ് അംബാസഡറാണ്. വീൽചെയർ ആവശ്യമുള്ള കുട്ടികൾക്ക് സൗജന്യമായി വീൽചെയറുകൾ നൽകുന്നതിനായി ഗാനിം അൽ മുഫ്ത അസോസിയേഷൻ ഫോർ വീൽചെയേഴ്സ് എന്ന ക്ലബും നടത്തുന്നുണ്ട്.

Tags:    
News Summary - qatar world cup stories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT