റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കുന്നത് അത്ര എളുപ്പമാണോ? മോദി സർക്കാറിെൻറ നിലപാട് ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു അടക്കമുള്ളവർ ഇടക്കിടെ ആവർത്തിക്കുന്നുവെന്നത് നേര്. എന്നാൽ, അരലക്ഷത്തോളം വരുന്ന അഭയാർഥികളെ ബലാൽക്കാരമായി കുടിയൊഴിപ്പിച്ച് അതിർത്തിയിലേക്ക് ആട്ടിപ്പായിക്കാൻ ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തിന് എത്രത്തോളം കഴിയും? മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിച്ച് മ്യാന്മറിലെ പട്ടാള ഭരണകൂടത്തിന് സമാനമായി പ്രവർത്തിക്കാൻ കഴിയാത്തതാണ് ഇൗ രാജ്യത്തിെൻറ പാരമ്പര്യം. അഭയാർഥികളെ അതിർത്തിയിലേക്ക് തെളിച്ചാൽ, അവരെ ഏറ്റുവാങ്ങാൻ ആരാണുള്ളത്? മ്യാന്മറിലെ ക്രൂരതയെ തുടർന്ന് രണ്ടു മൂന്നാഴ്ചക്കിടയിൽ ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യൻ അഭയാർഥികളുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞുവെന്നുകൂടി ഒാർക്കണം. ഇത്തരം സാഹചര്യങ്ങളെല്ലാം ചേർത്തു വായിക്കുേമ്പാഴാണ് മോദിസർക്കാറിെൻറ പ്രസ്താവനയിലെ കാവിരാഷ്ട്രീയം തെളിഞ്ഞുവരുന്നത്.
സർക്കാർ പ്രഖ്യാപനം തികച്ചും മുസ്ലിംവിരുദ്ധതയാണ്; കുടിയേറ്റ വിരുദ്ധ രാഷ്ട്രീയത്തിലൂടെ വോട്ട് സ്വാധീനം വർധിപ്പിക്കാനുള്ള അജണ്ടയാണ്. അനധികൃത കുടിയേറ്റക്കാരായ റോഹിങ്ക്യൻ മുസ്ലിംകളെ തിരിച്ചയക്കുമെന്ന് തട്ടിവിടുന്ന സർക്കാർ, ഇസ്ലാമോഫോബിയ വളർത്തിക്കൊണ്ട് ഹിന്ദു ദേശീയതയുടെ അടിത്തറ ബലപ്പെടുത്തി സ്വന്തം വോട്ടുബാങ്കിെൻറ കരുത്തു വർധിപ്പിക്കാമെന്ന പ്രതീക്ഷയാണ് ഉള്ളിൽ സൂക്ഷിക്കുന്നത്. വാജ്പേയി സർക്കാറിെൻറ കാലത്ത് ബംഗ്ലാദേശിൽനിന്ന് എത്തുന്ന അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. ഇന്ന് ബംഗ്ലാദേശുമായുള്ള ബന്ധം പല കാരണങ്ങളാൽ അന്നത്തെക്കാൾ ഏറെ മാറിപ്പോയി. മ്യാന്മറുമായും ഉറ്റബന്ധം. ബുദ്ധമതക്കാർ ഭൂരിപക്ഷമായ രാജ്യത്തെ പട്ടാള ഭരണകൂടത്തിെൻറ ക്രൂരതകളോട് ചേർന്നുനിന്ന് സംസാരിക്കുകയും റോഹിങ്ക്യൻ മുസ്ലിംകളെ ശത്രുപക്ഷത്തേക്ക് മാറ്റിനിർത്തുകയുമാണ് സർക്കാർ ചെയ്തത്. റോഹിങ്ക്യൻ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ മ്യാന്മർ ഭരണകൂടത്തിനൊപ്പം നിൽക്കേണ്ടതിെൻറ പ്രധാന്യത്തെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടം സന്ദർശിച്ചപ്പോൾ പറഞ്ഞത്. മൂന്നു ലക്ഷം പേരുടെ പലായനം നടന്നിട്ടും നിരപരാധികൾക്കു നേരെ അവിടെ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞില്ല.
എന്നാൽ, അന്താരാഷ്ട്രതലത്തിൽ മ്യാന്മർ ഒറ്റപ്പെട്ടിരിക്കേ, നിലപാടിൽ ചില മാറ്റം വരുത്താൻ ഇന്ത്യാ സർക്കാർ നിർബന്ധിതമായി. ഏറ്റവും കൂടുതൽ അഭയാർഥികളെ ഏറ്റുവാങ്ങുന്ന ബംഗ്ലാദേശിന് ഇന്ത്യയുടെ മുൻനിലപാടിനോടുള്ള അതൃപ്തി തിരിച്ചറിഞ്ഞതു കൊണ്ടുകൂടിയാണിത്. ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈകമീഷണർ മുഅസ്സം അലി കഴിഞ്ഞദിവസം വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറെക്കണ്ട് അതൃപ്തി നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. റോഹിങ്ക്യൻ അഭയാർഥി പ്രതിസന്ധി ചൂണ്ടിക്കാട്ടി സംയമനത്തിന് അഭ്യർഥിക്കുന്ന വിധം നിലപാട് പുതുക്കി ഇന്ത്യ പ്രസ്താവന നടത്തിയത് ഇൗ പശ്ചാത്തലത്തിലാണ്. ദോക്ലാം വിഷയത്തിൽ മ്യാന്മറിനെ ദുരുപയോഗിക്കുകയാണ് ഇന്ത്യ ചെയ്യുന്നതെന്ന ചൈനയുടെ കുറ്റപ്പെടുത്തലും, പലതും കണ്ടില്ലെന്നു നടിച്ച് മ്യാന്മർ ഭരണകൂടത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ നിൽക്കുന്നതുമൊക്കെ നയതന്ത്ര വിദഗ്ധർ ചേർത്തുവായിക്കുന്നു. പാകിസ്താനെ എതിരിടുന്നതിൽ ബംഗ്ലാദേശിനെ ചേർത്തു നിർത്തേണ്ടതിെൻറ പ്രാധാന്യം കണക്കിലെടുക്കുന്നതടക്കം മോദിസർക്കാർ ശൈഖ് ഹസീന ഭരണകൂടവുമായി ഉറ്റബന്ധം പുലർത്തുന്നതിനും സുപ്രധാനമായ രാഷ്ട്രീയമാനങ്ങളുണ്ട്. എന്നാൽ, റോഹിങ്ക്യൻ മുസ്ലിംകളെ തള്ളിപ്പറയുന്ന ഇന്ത്യയുടെ നിലപാട് ബംഗ്ലാദേശിന് അംഗീകരിക്കാൻ കഴിയുന്നതല്ല. മ്യാന്മറിനൊപ്പം നിൽക്കുേമ്പാൾ തന്നെ, അഭയാർഥി പ്രതിസന്ധി അംഗീകരിക്കുന്ന ഇന്ത്യയുടെ പ്രസ്താവന ബംഗ്ലാദേശിെൻറ സമ്മർദഫലമായി പുറത്തുവന്ന സാഹചര്യം അതെല്ലാമാണ്.
രാജ്യത്തിെൻറ പാരമ്പര്യവും വിശ്വാസ്യതയും തകർക്കുന്ന നിലപാടിലേക്കാണ് വോട്ടുരാഷ്ട്രീയത്തിൽ കണ്ണുവെക്കുന്ന സർക്കാർ ഇന്ത്യയെ എത്തിച്ചിരിക്കുന്നത്. റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തെ ചോദ്യംചെയ്ത് ഏറ്റവുമൊടുവിൽ യു.എൻ മനുഷ്യാവകാശ വിഭാഗം രംഗത്തുവന്നിരിക്കുന്നു. സ്വന്തം മണ്ണിൽ റോഹിങ്ക്യകൾ അക്രമം നേരിടുേമ്പാൾതന്നെയാണ് ഇന്ത്യ ഇത്തരമൊരു നിലപാട് പ്രഖ്യാപിച്ചതെന്ന് മനുഷ്യാവകാശ സമിതിയിൽ യു.എൻ. കമീഷണർ സഇൗദ് അൽ ഹുസൈൻ ചൂണ്ടിക്കാട്ടി. അഭയാർഥി കാർഡ് കിട്ടിയ 16,000 പേർ അടക്കം ഇന്ത്യയിൽ ഇപ്പോൾ നാൽപതിനായിരത്തിൽപരം റോഹിങ്ക്യകളുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ ഇന്ത്യ പാലിക്കേണ്ടതുണ്ട്. കൂട്ടത്തോടെ പുറത്താക്കാനൊന്നും ഇന്ത്യക്ക് കഴിയില്ല. കടുത്ത ക്രൂരത നടക്കുന്ന സ്ഥലത്തേക്ക് ജനങ്ങളെ തിരിച്ചയക്കാനും പറ്റില്ല. റോഹിങ്ക്യകളുടെ ഗ്രാമങ്ങൾ പട്ടാളം കത്തിക്കുന്നതിെൻറയും മർദിച്ചു കൊല്ലുന്നതിെൻറയും പലായനം ചെയ്യുന്നവരെ വേട്ടയാടുന്നതിെൻറയുമൊക്കെ ഉപഗ്രഹ ചിത്രങ്ങൾ യു.എന്നിന് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനീവയിൽ നടക്കുന്ന യു.എൻ മനുഷ്യാവകാശ സമിതി യോഗത്തിലാണ് സഇൗദിെൻറ ഇൗ പരാമർശങ്ങൾ. അഭയാർഥി ഉടമ്പടിയിൽ ഇന്ത്യ ഒപ്പുവെച്ചിട്ടില്ലാത്തതുകൊണ്ട് സ്വന്തമായ തീരുമാനമെടുക്കാമെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിെൻറ വാദവും അദ്ദേഹം തള്ളിക്കളഞ്ഞു. സാർവത്രികമായി അംഗീകരിക്കപ്പെട്ട തത്ത്വങ്ങൾക്ക് അനുസൃതമായി ഇന്ത്യപോലൊരു ജനാധിപത്യ രാജ്യം പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അരലക്ഷത്തിൽ കുറയാത്ത റോഹിങ്ക്യൻ അഭയാർഥികളെ അതിർത്തിയിൽ കൊണ്ടുപോയി പുറംതള്ളാമെന്ന മട്ടിൽ സംസാരിക്കുന്ന കേന്ദ്ര സർക്കാറിലുള്ളവർ, അഭയാർഥികളുടെ കാര്യത്തിൽ വിശാലമായ കാഴ്ചപ്പാട് സ്വീകരിച്ചിട്ടുള്ള ഇന്ത്യയുടെ പഴയ പാരമ്പര്യംകൂടിയാണ് മറക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. യു.എന്നിെൻറ അഭയാർഥി ഉടമ്പടിയിൽ ഇന്ത്യ ഒപ്പുവെച്ചിട്ടില്ല. ആഭ്യന്തരമായ അഭയാർഥി നിയമവും ഇന്ത്യക്കില്ല. എന്നാൽ, സ്വാതന്ത്ര്യം മുതൽ ഇങ്ങോട്ട് വൻതോതിൽ അഭയാർഥികളെ ഇന്ത്യ ഉൾക്കൊണ്ടിട്ടുണ്ട്. വിഭജനത്തിെൻറ മുറിപ്പാടിൽനിന്നുണ്ടായ അഭയാർഥികളിൽ തുടങ്ങുന്നതാണ് ആ ചരിത്രം. 1959ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് ദലൈലാമയെ ഇന്ത്യയിേലക്ക് ക്ഷണിച്ചത്. ഇന്ത്യയിലെത്തിയ തിബത്തൻ ബുദ്ധമതക്കാർ 1.10 ലക്ഷം വരും. അവരുടെ നിയമപരമായ പദവി അവ്യക്തം. 1971ൽ ബംഗ്ലാദേശ് പിറവിയെടുത്ത ഘട്ടത്തിൽ ഇന്ത്യയിലെത്തിയത് ലക്ഷക്കണക്കായ അഭയാർഥികളാണ്. 1980ൽ ശ്രീലങ്കൻ തമിഴരെയും ഇന്ത്യ ഇരുകൈയും നീട്ടി സ്വീകരിച്ചു. ശ്രീലങ്കൻ ആഭ്യന്തര കലാപത്തെ തുടർന്ന് 63,000ൽപരം പേർ ഇന്ത്യയിൽ േചക്കേറി. അതിനെല്ലാം ശേഷമാണ് മ്യാന്മറിൽനിന്നുള്ള റോഹിങ്ക്യൻ അഭയാർഥികളുടെ സങ്കടയാത്ര തുടങ്ങിയത്. റോഹിങ്ക്യൻ ‘തീവ്രവാദികൾ’ ഇന്ത്യക്ക് സുരക്ഷാ ഭീഷണിയാണെന്ന വാദമാണ് അവർക്കുനേരെ ഇന്ത്യ പ്രയോഗിക്കുന്നത്. ആ പേരിൽ തിരിച്ചയച്ചാൽ ഒഴിവാകുന്നതാണോ സുരക്ഷ ഭീഷണി? ആ ചോദ്യത്തിനു പക്ഷേ, ഉത്തരമില്ല.
സർക്കാറിെൻറ നിലപാടുകൾക്കൊപ്പം റോഹിങ്ക്യൻ അഭയാർഥികൾക്കുമേൽ സുരക്ഷ ഏജൻസികൾ നിരീക്ഷണം ശക്തിപ്പെടുത്തിയിരിക്കുന്നു. അത് പൊതുസമൂഹത്തിെൻറ കാഴ്ചപ്പാടുകളെയും സ്വാധീനിച്ചെന്നു വരാം. ഇന്ത്യയിൽ വർഷങ്ങളായി ജീവിക്കുന്ന റോഹിങ്ക്യൻ അഭയാർഥികളുടെ സങ്കടം 60 പിന്നിട്ട ദിൽമുഹമ്മദിെൻറയും അബ്ദുൽ റഹീമിെൻറയും ഇടറിയ ശബ്ദത്തിലുണ്ട്: ‘‘ഇനി സംശയത്തിെൻറ നിഴലിൽ ജീവിക്കണം. എങ്കിലും ഇവിടെ കിടന്നുമരിച്ചാൽ അർഹിക്കുന്ന ഖബറടക്കമെങ്കിലും നടക്കും. കൊല്ലാനായി അതിർത്തിയിലേക്ക് കൊണ്ടുപോകുന്നതെന്തിന്? ഞങ്ങളെ യമുനയിലേക്ക് വലിച്ചെറിഞ്ഞുകൂടേ?’’
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.