രണ്ടു മാസം മുമ്പ് ചെങ്കോൽ നാട്ടി ഉദ്ഘാടനം ചെയ്തതാണെങ്കിലും പുതിയ പാർലമെന്റ് കെട്ടിടത്തിൽ മഴക്കാല സമ്മേളനം നടക്കാത്തത് എന്തുകൊണ്ടാവും? സവർക്കറുടെ ജന്മദിനമായ മേയ് 28നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹോമ ഹവന പൂജാദികൾക്കുശേഷം ഉദ്ഘാടനം നടത്തിയത്. ജൂലൈ 20ന് പഴയ കെട്ടിടത്തിൽ തന്നെ തുടങ്ങിയ മഴക്കാല പാർലമെന്റ് സമ്മേളനം ആഗസ്റ്റ് 11 വരെയാണ്. അതിനിടയിൽ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെ ലക്ഷണമൊന്നും കാണാനില്ല.
ഉദ്ഘാടനം നടത്തിയെന്നല്ലാതെ, പണി ഇപ്പോഴും തുടരുന്നു. ഡൽഹിയിൽ പതിവില്ലാത്ത മഴയാണ് ഈ വർഷം. വാസ്തുവും ശാസ്ത്രവുമെല്ലാം നോക്കി ശതകോടികൾ മുടക്കി നിർമിച്ച പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ബേസ്മെന്റിലും മറ്റും വെള്ളക്കെട്ടുണ്ടെന്നാണ് കേൾവി. എം.പിമാർക്കും മാധ്യമപ്രവർത്തകർക്കും കണ്ടറിയാൻ മാർഗമില്ല. അറിയാവുന്നവർ പറയില്ല. പറയണമെന്നുള്ളവർക്ക് ധൈര്യമില്ല. ജനാധിപത്യത്തിന്റെയും സർക്കാറിന്റെയും പോക്ക് അങ്ങനെയാകുമ്പോൾ, ലക്ഷണം നോക്കി കാര്യങ്ങൾ മനസ്സിലാക്കേണ്ട സ്ഥിതിയിലാണ് ജനം. ലക്ഷണവശാൽ ഈ വർഷാവസാനം ശീതകാല പാർലമെന്റ് സമ്മേളനം പുതിയ കെട്ടിടത്തിൽ നടക്കുമായിരിക്കും.
ഒരർഥത്തിൽ ഈ സമ്മേളന കാലത്ത് പുതിയ പാർലമെന്റിലേക്ക് ഭരണ-പ്രതിപക്ഷ എം.പിമാർ കാലെടുത്തുവെക്കാതിരുന്നത് നന്നായി. അതല്ലെങ്കിൽ പുതിയ കെട്ടിടത്തിൽ ജനാധിപത്യത്തിന്റെ അരങ്ങേറ്റം നരേന്ദ്ര മോദി മന്ത്രിസഭക്കെതിരായ അവിശ്വാസത്തോടെയായേനെ. ലക്ഷണമൊത്ത അവിശ്വാസപ്രമേയമാണ് വന്നിരിക്കുന്നത്. എങ്കിലും, അവിശ്വാസം അശുഭലക്ഷണമാണ്. ഹോമപൂജാദികളിൽ എന്തെങ്കിലും പാകപ്പിഴ വന്നതാണോ അവിശ്വാസപ്രമേയത്തിന് ഹേതുവെന്ന് വ്യക്തമല്ല. അതറിയാൻ പ്രശ്നംവെച്ചു നോക്കിയെന്നും വരാം. ഭരണഘടനയല്ല, ഗൗളിശാസ്ത്രമാണ് രാജ്യത്തിന്റെ വേദപുസ്തകമെന്ന് ധരിച്ചുവശായിപ്പോകുന്ന കാലമാണ്.
ഒമ്പതു കൊല്ലം മുമ്പ് പാർലമെന്റ് മന്ദിരത്തിന്റെ പൂമുഖപ്പടിയും പിന്നെ, സെൻട്രൽ ഹാളിൽ വെച്ച് ഭരണഘടനയും തൊട്ടുതൊഴുത് ജനസേവകനാണ് താനെന്ന് പ്രഖ്യാപിച്ച് ഭരണമേറ്റയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൂലെടുത്ത് നിരത്ത് അടിച്ചുവാരിയതടക്കമുള്ള മെഗാ ഷോകൾ, അതു വേറെയുമുണ്ട്. പക്ഷേ, ഭരണഘടനയുടെയും ജനാധിപത്യ, ധാർമിക ബോധത്തിന്റെയും ചൈതന്യം ഒലിച്ചുപോവുന്ന കാഴ്ച ഏറ്റവുമൊടുവിൽ മണിപ്പൂരിൽ എത്തിനിൽക്കുന്നു. മൂന്നു മാസമായി ഒരു നാടും അവിടത്തെ ജനമനസ്സും രാജ്യത്തിന് വിഹ്വലതയായി കലാപത്തിൽ എരിയുകയാണ്.
അവിടേക്ക് പ്രധാനമന്ത്രി പോവില്ല. ജനങ്ങളെ സമാശ്വസിപ്പിക്കില്ല. സമാധാന, പ്രശ്നപരിഹാര ശ്രമങ്ങളുടെ മുന്നിൽ നടക്കില്ല. മണിപ്പൂരിനെക്കുറിച്ച് പറയില്ല. പാർലമെന്റിനോട് വിശദീകരിക്കില്ല. അതെല്ലാമാണ് അവിശ്വാസപ്രമേയം ജനിക്കാൻ കാരണം. അവിശ്വാസപ്രമേയം വന്ന സഭയിലേക്ക് എത്തിനോക്കാൻപോലും പ്രധാനമന്ത്രി തയാറല്ല. പാർലമെന്റിൽ കലഹിക്കുന്ന പ്രതിപക്ഷത്തെ പുറംവേദികളിൽ ചെന്ന് ആഞ്ഞുപ്രഹരിക്കുന്നു. സസ്പെൻഷനും കരിവേഷവുമൊക്കെയായി മഴക്കാല പാർലമെന്റ് സമ്മേളനത്തിന്റെ ഇതുവരെയുള്ള ദിവസങ്ങൾ ഒലിച്ചുപോയിരിക്കുന്നു.
ഉദ്ഘാടനം ചെയ്ത് അടച്ചിട്ടിരിക്കുന്ന രണ്ടാമത്തെ പാർലമെന്റ് മന്ദിരത്തെക്കാൾ വലിയ കെട്ടിടം പണിതുയർത്താൻ ഇന്ത്യക്ക് ശേഷിയുണ്ട്. ചെറുതാകട്ടെ വലുതാകട്ടെ, ജനാധിപത്യത്തിന്റെ ചൈതന്യം അതിൽ കുടിയിരിക്കുമ്പോഴാണ് രാജ്യം മഹത്തരമാവുക. മൂന്നു മാസമായി കത്തുന്ന മണിപ്പൂരും അതിനോടുള്ള രാജ്യത്തിന്റെ ഉത്കണ്ഠയും അവഗണിച്ചുകൊണ്ടുള്ള ഏതു ജി20ക്കും ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായ മെച്ചപ്പെടുത്താൻ കഴിയില്ല. മണിപ്പൂരിനെക്കുറിച്ചു പറയില്ല, അവിടെ പോകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിന് ഭരണഘടനാപരമായി, ജനാധിപത്യപരമായി, ധാർമികമായി എന്താണ് അടിത്തറ?
വന്ദേ ഭാരത് ഉദ്ഘാടനത്തിന് സംസ്ഥാനങ്ങളിൽനിന്ന് സംസ്ഥാനങ്ങളിലേക്ക് സഞ്ചരിക്കാൻ വ്യഗ്രതപ്പെടുന്ന അതേ പ്രധാനമന്ത്രിക്കു തന്നെയാണ് രാജ്യത്തെ ഒരു പ്രദേശം കത്തുന്നത് കണ്ടില്ലെന്നു നടിക്കാൻ, അവിടേക്ക് കടന്നുചെന്ന് ജീവിതം വഴിമുട്ടിയവരെ ചേർത്തുപിടിക്കാൻ കഴിയുന്നില്ലെന്നു വരുന്നത്. മണിപ്പൂരിലെ കാര്യങ്ങൾ നോക്കേണ്ടതും അതേക്കുറിച്ച് പാർലമെന്റിൽ വിശദീകരിക്കേണ്ടതും പ്രധാനമന്ത്രിയല്ല, ആഭ്യന്തരമന്ത്രി മതിയെന്നാണ് വാദമുഖം. വന്ദേ ഭാരത് ഉദ്ഘാടനത്തിന് തന്റെ ആവശ്യമില്ല, റെയിൽവേ മന്ത്രി മതിയെന്നൊരു ചിന്താഗതി പക്ഷേ, കാണാനുമില്ല.
മണിപ്പൂർ വിഷയത്തിൽ പാർലമെന്റിനോട് ആഭ്യന്തര മന്ത്രി വിശദീകരിച്ചാലും പ്രധാനമന്ത്രി തന്നെ വിശദീകരിച്ചാലും ന്യായവാദങ്ങൾ ഏതാണ്ട് ഒന്നുതന്നെയായിരിക്കും. എന്നാൽ, പ്രധാനമന്ത്രി തന്നെ സംസാരിക്കുന്നത്, ഒരു വിഷയത്തിന് സർക്കാർ നൽകുന്ന ഗൗരവത്തിന്റെയും പരിഗണനയുടെയുംകൂടി വിഷയം അതിലുണ്ട്. പ്രതിസന്ധിഘട്ടത്തോട് ഒരു സർക്കാറിനുള്ള സംവേദനക്ഷമതയുടെ പ്രതിഫലനം കൂടിയാണത്. പക്ഷേ, പണിതുയർത്തുന്നതിലും വെന്തെരിയുന്നതിലും വോട്ടുലാഭത്തിന്റെ രാഷ്ട്രീയക്കണ്ണ് മാത്രമായാൽ? ന്യായബോധം ചിറകറ്റുവീഴുകതന്നെ ചെയ്യും.
ബി.ജെ.പിക്ക് ഒറ്റക്കുതന്നെ കേവല ഭൂരിപക്ഷമുള്ള ലോക്സഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസാവില്ല, മന്ത്രിസഭക്ക് അപകടമില്ലെന്ന് ഉറപ്പ്. അപ്പോൾ പോലും ജനാധിപത്യമര്യാദയോ പ്രതിപക്ഷ ബഹുമാനമോ പ്രതിഫലിപ്പിക്കാൻ സർക്കാറിന് കഴിയുന്നില്ല. അവിശ്വാസപ്രമേയം ചർച്ചക്കെടുക്കാൻ തന്നെ ബോധപൂർവം കാലതാമസം സൃഷ്ടിക്കുന്നു. പാർലമെന്റിലെ ബഹളം മറയാക്കി വിവാദ ബില്ലുകൾ ചർച്ച കൂടാതെ പാസാക്കുന്നു. സഭയിൽ ഭൂരിപക്ഷമുണ്ടെന്ന ഒറ്റക്കാരണംകൊണ്ട് ജനാധിപത്യ, ഭരണഘടന മര്യാദകളെ പുറങ്കാലിനു തൊഴിക്കുകയാണ് സർക്കാർ.
സഭ സമ്മേളിക്കുമ്പോൾ പ്രതിപക്ഷം മണിപ്പൂർ വിഷയവുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുന്നു. അതു വകവെക്കാതെ സ്പീക്കർ സഭാനടപടി മുന്നോട്ടു കൊണ്ടുപോകുന്നു. ബഹളം തുടരുമ്പോൾ തന്നെ വിവാദ ബില്ലുകൾ ഓരോന്നായി സർക്കാർ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യുന്നു. മുൻകാല പൊതുചർച്ചകളിൽ കടുത്ത എതിർപ്പ് ഉയർന്നുവന്ന വനസംരക്ഷണ നിയമ ഭേദഗതി ബിൽ, വ്യവസായ നടത്തിപ്പിലെ കുറ്റങ്ങൾ ലഘൂകരിച്ച് കോർപറേറ്റുകൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്ന ജനവിശ്വാസ് ബിൽ, സുപ്രധാന ധാതുപദാർഥ ഖനനം സ്വകാര്യ മേഖലക്കുകൂടി വിട്ടുകൊടുക്കുന്ന നിയമഭേദഗതി ബിൽ, നഴ്സിങ്-ഡെന്റൽ കമീഷൻ ബിൽ തുടങ്ങിയവ ചർച്ചയൊന്നുമില്ലാതെ പാസാക്കിയത് മിനിറ്റുകൾക്കുള്ളിലാണ്.
ഡൽഹിയിൽ കേന്ദ്രസർക്കാറിന് കൂടുതൽ അധികാരം നൽകുന്നതിനുള്ള ഓർഡിനൻസിന് പകരമായുള്ള ബിൽ അടുത്തയാഴ്ച കൊണ്ടുവരാനിരിക്കുന്നു. 26 പാർട്ടികളിലെ 170ഓളം എം.പിമാർ പിന്തുണക്കുന്ന അവിശ്വാസപ്രമേയം എന്നു ചർച്ച ചെയ്യണമെന്ന കാര്യത്തിൽ തീരുമാനം നീട്ടിക്കൊണ്ടുപോകുമ്പോൾ തന്നെയാണ് ബിൽ പാസാക്കുന്ന ഞൊടിയിട വിദ്യകൾ. ജി.എസ്.ടിയും കാർഷിക നിയമവും അടക്കം, കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിൽ കൊണ്ടുവന്ന നിയമനിർമാണങ്ങളിൽ കോർപറേറ്റ് പ്രീണനത്തിന്റെ ആക്ഷേപമില്ലാത്ത, പൊതുവെ കുറ്റമറ്റവ എത്രയെണ്ണമുണ്ടെന്ന ചോദ്യം ബാക്കി.
നരേന്ദ്ര മോദി നയിക്കുന്ന സർക്കാറിന്റെ ജനാധിപത്യ മര്യാദയില്ലായ്മ, വിമർശിക്കുന്തോറും കരുത്താർജിക്കുന്ന പ്രതിഭാസമാണ്. എന്നാൽ, ബി.ജെ.പി-സർക്കാർ വക കെട്ടുകാഴ്ചകളോടുള്ള വിരക്തി സ്വന്തം വോട്ടുബാങ്കിലേക്കും പടർന്നുകൊണ്ടിരിക്കുന്നുവെന്ന യാഥാർഥ്യം മറുവശത്തുണ്ട്. മോദിവിഗ്രഹത്തിന് സ്വന്തം പാളയത്തിലുണ്ടായിരുന്ന വിശ്വാസ്യതക്ക് ഇടിവു വന്നിരിക്കുന്നു. ആദ്യകാലങ്ങളിൽ ആ വായ്ത്താരികൾക്ക് ചെറുപ്പക്കാർക്കിടയിൽ ഉണ്ടായിരുന്ന സ്വീകാര്യതയും പ്രതീക്ഷയും ഇടിഞ്ഞു. അതിന് ആക്കം പകരുന്നതാണ് പുതിയ സംഭവവികാസങ്ങൾ. വിവാദ കാർഷിക നിയമ നിർമാണത്തിനു പിന്നാലെ ഉണ്ടായ കർഷക രോഷത്തെ മറികടക്കുന്ന വിധം മണിപ്പൂരും ഗുസ്തി സമരവും പ്രത്യേകിച്ച്, സ്ത്രീമനസ്സിനെ വല്ലാതെ അലട്ടുന്നു. പാർലമെന്റിനെ നോക്കുകുത്തിയാക്കാം. അവിശ്വാസപ്രമേയം പാസാവുകയുമില്ല. പക്ഷേ, അവിശ്വാസം പെരുകുക തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.