ഇമാം ഗസ്സാലി മൂന്നു തരം നോമ്പുകാരെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. സാധാരണക്കാരന്റെ നോമ്പ്, തെരഞ്ഞെടുക്കപ്പെട്ടവരുടെ നോമ്പ്, തെരഞ്ഞെടുക്കപ്പെട്ടവരില്‍നിന്ന് പ്രത്യേകമാക്കപ്പെട്ടവരുടെ നോമ്പ്. വയറിനെയും രഹസ്യഭാഗങ്ങളെയും മറ്റും ഇച്ഛകളില്‍നിന്ന് തടഞ്ഞാൽതന്നെ ഒന്നാമത്തെ വിഭാഗത്തില്‍പെടും. രണ്ടാമത്തെ വിഭാഗമായ തെരഞ്ഞെടുക്കപ്പെട്ടവരുടെ നോമ്പ് ആദ്യത്തെക്കാള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കേള്‍വി, കാഴ്ച, സ്പര്‍ശം, പാദം, നാവ് തുടങ്ങി ശരീരത്തിലെ അവയവങ്ങള്‍ മുഴുവനും തെറ്റില്‍നിന്ന് മുക്തമായിരിക്കണം. വിശുദ്ധ റമദാനിലെ പുണ്യദിനങ്ങളില്‍ പൂർണമായും ഈ മര്യാദകള്‍ പാലിച്ചാലേ ഈ നിലയിലേക്ക് ഉയരാന്‍ സാധിക്കൂ. ദുഃഖകരമെന്നു പറയട്ടെ, ശരീരത്തിലെ ഈ മുഴുവന്‍ അവയവങ്ങളെയും കൃത്യമായി വരുതിയിലാക്കാന്‍ പലർക്കും സാധിക്കാറില്ല.

മൂന്നാമത്തെ വിഭാഗമായ തെരഞ്ഞെടുക്കപ്പെട്ടവരില്‍ പ്രത്യേകമാക്കപ്പെട്ടവരുടെ നോമ്പ് ഏറ്റവും മഹത്തരമാണ്. ഇത്തരക്കാര്‍ക്ക് അവരുടെ ഹൃദയത്തിന്റെയും മനസ്സിന്റെയും നിയന്ത്രണം വരുതിയിലാക്കാന്‍ സാധിക്കും. തങ്ങളുടെ ഇഷ്ടം, ഇച്ഛ, ചിന്ത തുടങ്ങിയവയെ അല്ലാഹുവിന്റെയും തിരുനബിയുടെയും ഇഷ്ടത്തിന്റെയും ചിന്തയുടെയും പരിധി ലംഘിക്കാതെ അവർ സംരക്ഷിക്കും. നോമ്പിന്റെ ഒന്നാം ഘട്ടത്തിലൂടെ കടന്നുവരുകയും തെറ്റുകളില്‍നിന്നും ശാരീരികേച്ഛകളില്‍നിന്നും വിട്ടുനിന്ന് നോമ്പിന്റെ രണ്ടാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തവര്‍ക്കു മാത്രമേ മൂന്നാമത്തെ വിഭാഗത്തില്‍പെടുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍തന്നെ സാധിക്കൂ.

നോമ്പുകാലം പതിവ് ദിനരാത്രങ്ങളില്‍നിന്ന് വ്യത്യസ്തമാണെന്നു പറയാനാണ് ഇങ്ങനെ ഒരാമുഖം നൽകിയത്. കൃത്യമായ മുന്നൊരുക്കങ്ങളോടെ സമീപിച്ചാല്‍ മാത്രമേ നോമ്പുകൊണ്ട് ഉദ്ദേശിക്കുന്നതിന്റെ അർഥ പൂര്‍ത്തീകരണം സംഭവിക്കൂ. ആത്മീയ കാര്യങ്ങളെ വളരെ നിസ്സാരവത്കരിച്ചുകാണുന്ന പ്രവണത ഗണ്യമായി വര്‍ധിക്കുന്നുണ്ട്. ആത്മീയ വളര്‍ച്ചയാണ് സമാധാനപരമായ ഭൗതിക ജീവിതത്തിന്റെയും വിജയകരമായ പാരത്രിക ജീവിതത്തിന്റെയും അടിസ്ഥാനമെന്ന് പലരും മനസ്സിലാക്കുന്നില്ല.

പ്രവാചകന്റെ അനുചരനായിരുന്ന കഅ്ബ്(റ) പറയുന്നു: ‘‘അല്ലാഹു ദിനരാത്രങ്ങളില്‍നിന്ന് പ്രത്യേക സമയങ്ങളെ പവിത്രമാക്കിയിട്ടുണ്ട്. അവയിലാണവന്‍ നിസ്‌കാരത്തെ നിശ്ചയിച്ചിട്ടുള്ളത്, ദിവസങ്ങളില്‍നിന്ന് പവിത്രമായ ദിവസം വെള്ളിയാഴ്ചയായി അവന്‍ നിശ്ചയിച്ചു. അതുപോലെ മാസങ്ങളില്‍നിന്ന് അല്ലാഹു തിരഞ്ഞെടുത്ത മാസമാണ് വിശുദ്ധ റമദാന്‍. അതില്‍ ഏറ്റവും പവിത്രമായ രാത്രിയാണ് ലൈലത്തുല്‍ ഖദ്ര്‍’’ (നിർണയ രാത്രി).

ഓരോ മൈക്രോ സെക്കൻഡുകള്‍ക്കും വിലനിശ്ചയിക്കാന്‍ സാധിക്കാത്തത്ര മൂല്യമുണ്ട് റമദാനില്‍. അല്ലാഹുവിന്റെ സൃഷ്ടിപരിധിയിലുള്ള സകലതും റമദാന്റെ മഹത്ത്വം പറഞ്ഞ് ഊറ്റംകൊള്ളാറുണ്ട്. നൂറ്റാണ്ടുകളോളം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിച്ച മുന്‍ഗാമികളോട് ഞങ്ങള്‍ക്കെങ്ങനെ അല്ലാഹുവിന്റെ മുന്നില്‍ പ്രതിഫലത്തിന്റെ വിഷയത്തില്‍ സമന്മാരാകാന്‍ സാധിക്കുമെന്ന അനുചരന്മാരുടെ ചോദ്യത്തിന് തിരുനബി ഉത്തരം നല്‍കിയത് ‘റമദാനി’ലൂടെ എന്നായിരുന്നു.

എന്നാൽ, ഇത്രയേറെ വിശുദ്ധമായ റമദാനിനെ ശരിയാംവിധം ഉപയോഗപ്പെടുത്താൻ പലർക്കും കഴിയാതെ പോകുന്നുണ്ട്. ചിലർക്കത് ഒരുമാസക്കാലം പകല്‍ സമയത്ത് അന്നപാനീയങ്ങള്‍ ഉപേക്ഷിക്കല്‍ മാത്രമാണ്. നോമ്പുകാലത്തും അന്യന്റെ തൊലിയുരിഞ്ഞും ഏഷണി പറഞ്ഞ് ബന്ധങ്ങള്‍ തകര്‍ത്തും അസൂയ മൂത്ത് ജീവിതം തുലച്ചും റമദാനിനു മുമ്പ് ജീവിതത്തില്‍ എന്തെല്ലാം ചെയ്‌തോ അതെല്ലാം ഈ വിശുദ്ധ മാസത്തിലും തുടരുന്നവരോട്, ഇത്തരത്തിൽ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കല്‍ അല്ലാഹുവിന് വേണ്ടാ എന്ന് തിരുനബി കാലേക്കൂട്ടി പറഞ്ഞുവെച്ചിട്ടുണ്ട്.

നോമ്പിന്റെ പൂര്‍ണതയെ ഉൾക്കൊണ്ടവരെ തിരിച്ചറിയാന്‍ വലിയ പ്രയാസമില്ല. ഇമാം ബുഖാരി അബൂ ഹുറൈറ(റ) തൊട്ട് ഉദ്ധരിക്കുന്നുണ്ട്. നബി(സ്വ) പറഞ്ഞു: ‘‘നോമ്പ് ഒരു പരിചയാണ്. നോമ്പെടുത്താല്‍ അവന്‍ ഭാര്യയുമായി ബന്ധപ്പെടരുത്. നോമ്പുകാരോട് ആരെങ്കിലും തര്‍ക്കിക്കാനോ ആക്ഷേപം പറയാനോ വന്നാല്‍ അവർ ഞാന്‍ നോമ്പിലാണെന്ന് പറഞ്ഞുകൊള്ളട്ടെ.’’ ആയുധങ്ങളെക്കാള്‍ അക്ഷരങ്ങള്‍ക്ക് ശക്തിയുണ്ട്. നാവുകൊണ്ടുണ്ടായ മുറിവുണങ്ങാന്‍ വലിയപാടാണ്. അപ്പോള്‍ സ്വന്തത്തെ നാവുകൊണ്ടുപദ്രവിക്കുന്നവരോടുപോലും ‘ഞാന്‍ നോമ്പുകാരനാണെന്ന്’ പറഞ്ഞ് ക്ഷമാപൂര്‍വം വിട്ടുനിൽക്കാനുള്ള പ്രവാചകോപദേശം വിരല്‍ ചൂണ്ടുന്നത് നോമ്പനുഷ്ഠിക്കുന്നവർക്ക് ഏതു പ്രതികൂല സാഹചര്യത്തിലും ക്ഷമ കൈക്കൊള്ളാനുള്ള പാടവം ലഭിക്കും എന്നതിലേക്കാണ്. ക്ഷമയുടെ പാതിയാണ് നോമ്പെന്നും ക്ഷമ വിശ്വാസത്തിന്റെ പാതിയാണെന്നും കൂട്ടിവായിക്കുമ്പോള്‍ നോമ്പ് വിശ്വാസത്തിന്റെ നാലിലൊന്നാണെന്ന് ചേര്‍ത്ത് വായിക്കണം.

റമദാനിനെ ഉപയോഗപ്പെടുത്തുന്നവര്‍ക്കുള്ള പവിത്രതകള്‍ക്ക് മൂല്യം നിശ്ചയിക്കാന്‍ സാധ്യമല്ല. തിരുനബി(സ്വ) പറഞ്ഞതായി അബ്ദുല്ലാഹിബ്‌നു ഉമര്‍ തങ്ങള്‍ പറയുന്നു. ‘‘വിശുദ്ധ ഖുര്‍ആനും നോമ്പും അല്ലാഹുവിന്റെ മുന്നില്‍ അടിമക്കുവേണ്ടി ജാമ്യം നില്‍ക്കും. നോമ്പ് പറയും അല്ലാഹുവേ, പകല്‍ നേരത്ത് ഞാന്‍ കാരണമാണ് അവർ ഭക്ഷണത്തെയും വികാരങ്ങളെയും തടഞ്ഞത്, അതിനാല്‍ ഞാന്‍ അവർക്ക് ജാമ്യമാണ്. ഖുര്‍ആന്‍ പറയും. രാത്രികാലത്ത് ഞാനാണവരുടെ ഉറക്കം നഷ്ടപ്പെടാനുള്ള കാരണം. ഞാനും അവർക്ക് ജാമ്യമാണ്. നോമ്പും ഖുർആനും ഒരു വ്യക്തിക്കുവേണ്ടി ശിപാർശ ചെയ്താൽ അവ സ്വീകരിക്കപ്പെടും, ഫലത്തില്‍ അവര്‍ സ്വര്‍ഗം ഉറപ്പിക്കും.

അസൂയ, അഹങ്കാരം, അപര വിദ്വേഷം, ഏഷണി, ലോകമാന്യം, പൊങ്ങച്ചം, സ്വാർഥത തുടങ്ങി മനസ്സിനെ ദുഷിപ്പിക്കുന്ന മുഴുവന്‍ രോഗങ്ങള്‍ക്കും റമദാനിലൂടെ പ്രതിരോധശേഷി ആര്‍ജിച്ചെടുക്കാനാവും. വിശുദ്ധ റമദാനെ കൃത്യമായി ഉപയോഗിക്കുകയും ജീവിതത്തില്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്ത ഒരു വ്യക്തി റമദാനുശേഷമുള്ള ജീവിതത്തിലും ഈ നല്ല സ്വഭാവഗുണങ്ങളെ പകര്‍ത്തും. അതിലൂടെ സന്തോഷകരവും മാതൃകായോഗ്യവുമായ വ്യക്തിത്വത്തിന് ഉടമകളാകാൻ അവർക്ക് സാധിക്കും. അതിനായി ഏവരും തികഞ്ഞ പരിശ്രമം നടത്തണമെന്ന് ഈ പുണ്യവേളയിൽ ഓർമപ്പെടുത്തുന്നു.

(സമസ്ത സെക്രട്ടറിയും കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് മഅദ്ദിൻ അക്കാദമി ചെയർമാനായ ലേഖകൻ)

Tags:    
News Summary - Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT