ഇസ്ലാമിക സംസ്കാരത്തോടും ചിഹ്നങ്ങളോടും താൽപര്യമില്ലാത്ത യുവതയെ സൃഷ്ടിച്ചെടുക്കാൻ മതനിരാസ പ്രസ്ഥാനങ്ങൾ പണിയെടുത്തുകൊണ്ടിരിക്കുകയാണ്. കാമ്പസുകളിലും സാംസ്കാരിക-സാമൂഹിക കൂട്ടായ്മകളിലും പൊതു ഇടങ്ങളിലും മതരഹിതജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങൾ പടർത്താൻ വ്യാപക ശ്രമങ്ങൾ നടക്കുന്നു. മതത്തെ കൈയൊഴിയുന്നതാണ് പുരോഗമനം എന്ന ചിന്ത വളർത്തിയെടുക്കാനും ശ്രമിക്കുന്നു. യുവാക്കളുടെ ബുദ്ധി കവർന്നെടുക്കാൻ രാസലഹരികൾ ഒഴുക്കുന്നു. കുടുംബം എന്ന പവിത്രസംവിധാനം തകരണമെന്ന് മതവിരുദ്ധ ലിബറൽ കൂട്ടായ്മകൾ ആഗ്രഹിക്കുന്നു
മുസ്ലിം ഐക്യസംഘത്തിന്റെ കൈവഴിയായി കേരള ജംഇയ്യതുൽ ഉലമയും (1924) കേരള നദ്വത്തുൽ മുജാഹിദീനും (1950) യഥാക്രമം പണ്ഡിതരുടെയും സാധാരണക്കാരുടെയും കൂട്ടായ്മകളായാണ് രൂപപ്പെട്ടത്. അന്ധവിശ്വാസങ്ങൾക്കും അത്യാചാരങ്ങൾക്കുമെതിരെ യുവാക്കളെ ബോധവത്കരിക്കുക, വർഗീയ വിഭാഗീയ ചിന്തകൾക്കും ധാർമിക അപചയത്തിനും മതനിരാസത്തിനുമെതിരെ അവരെ സജ്ജമാക്കുക, സാമൂഹിക-സാംസ്കാരിക മേഖലയിലെ വ്യതിയാനങ്ങൾക്കെതിരെ ജാഗ്രത പുലർത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് 1967ൽ ഇത്തിഹാദുശുബ്ബാനിൽ മുജാഹിദീൻ (ഐ.എസ്.എം) രൂപവത്കരിക്കുന്നത്.
അഞ്ചു പതിറ്റാണ്ടിനിടയിൽ യുവാക്കളെ ബോധവത്കരിക്കുന്നതിലും ദിശാബോധം നൽകുന്നതിനും ഐ.എസ്.എം വഹിച്ച പങ്ക് ആർക്കും വിസ്മരിക്കാൻ കഴിയില്ല. ‘വിവേകവും പക്വതയുമുള്ള ചെറുപ്പം’ എന്ന സന്ദേശമാണ് മുജാഹിദ് പ്രസ്ഥാനം യുവജനങ്ങൾക്കു നൽകിയത്. പ്രത്യാശയും പ്രതീക്ഷയുമുള്ള ചെറുപ്പമാണ് ഏതൊരു പ്രസ്ഥാനത്തിന്റെയും കരുത്ത്.
യുവജനപ്രസ്ഥാനങ്ങൾ അവരുടെ ദൗത്യം കൂടുതൽ വിവേകത്തോടെ നിർവഹിക്കേണ്ട ഒരു കാലഘട്ടമാണിത്. ഐ.എസ്.എം സംസ്ഥാന സമ്മേളനം അഭിസംബോധന ചെയ്യുന്ന പ്രധാന കാര്യം യുവത്വത്തിന്റെ ധാർമികഭദ്രതയും വിശ്വാസശാക്തീകരണവും വിവേകപൂർണമായ സാമൂഹിക ഇടപെടലിന്റെ പ്രാധാന്യവുമാണ്.
ഇസ്ലാമിക സംസ്കാരത്തോടും ചിഹ്നങ്ങളോടും താൽപര്യമില്ലാത്ത യുവതയെ സൃഷ്ടിച്ചെടുക്കാൻ മതനിരാസ പ്രസ്ഥാനങ്ങൾ പണിയെടുത്തുകൊണ്ടിരിക്കുകയാണ്. കാമ്പസുകളിലും സാംസ്കാരിക-സാമൂഹിക കൂട്ടായ്മകളിലും പൊതു ഇടങ്ങളിലും മതരഹിതജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങൾ പടർത്താൻ വ്യാപക ശ്രമങ്ങൾ നടക്കുന്നു. മതത്തെ കൈയൊഴിയുന്നതാണ് പുരോഗമനം എന്ന ചിന്ത വളർത്തിയെടുക്കാനും ശ്രമിക്കുന്നു.യുവാക്കളുടെ ബുദ്ധി കവർന്നെടുക്കാൻ രാസലഹരികൾ ഒഴുക്കുന്നു. കുടുംബം എന്ന പവിത്രസംവിധാനം തകരണമെന്ന് മതവിരുദ്ധ ലിബറൽ കൂട്ടായ്മകൾ ആഗ്രഹിക്കുന്നു. കുടുംബസംവിധാനത്തെ തകർക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള സിനിമകൾ പുറത്തിറക്കുന്നു. സദാചാര മൂല്യങ്ങൾ കപടമാണെന്ന് നിരന്തരം പറയുകയും എഴുതുകയും ചെയ്യുന്നു.
നവനാസ്തിക പ്രസ്ഥാനങ്ങൾ ആഗോളതലത്തിൽതന്നെ ഇസ്ലാംഭീതി ഉൽപാദിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന കാലത്ത് ഇസ്ലാമിന്റെ കരുണയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശങ്ങൾ കൂടുതൽ പ്രചരിപ്പിച്ചാണ് അതിന് മറുപടി നൽകേണ്ടത്. വെറുപ്പിനെതിരെ വെറുപ്പുകൊണ്ടുള്ള പ്രതിരോധം വിജയംകാണില്ലെന്ന് ചിന്തിക്കാനുള്ള വിവേകം യുവജനങ്ങൾക്ക് ഉണ്ടാകേണ്ടതുണ്ട്. സാമ്രാജ്യത്വശക്തികൾ തന്നെയാണ് ഇസ്ലാമിനെതിരെ വെറുപ്പ് ഉൽപാദിപ്പിക്കുന്നതും അവർ പരത്തുന്ന വെറുപ്പിനെ ന്യായീകരിക്കുന്നതിനുവേണ്ടി നിഗൂഢ സായുധസംഘങ്ങളെ പടച്ചുവിടുന്നതും. അമേരിക്കയുടെ ഇറാഖ്, അഫ്ഗാൻ ആക്രമണത്തിനും നിരപരാധികളെ കൊന്നൊടുക്കിയതിനും ന്യായീകരണമെന്നോണമാണ് ഐ.എസ്, അൽഖാഇദ തുടങ്ങിയ ഭീകരസംഘങ്ങളെ അമേരിക്ക ഉണ്ടാക്കിയത്. ഇസ്ലാം ഭീതി വിതക്കാനും അത് വിപണനം നടത്താനും അമേരിക്കക്കും വലതുപക്ഷ തീവ്രവാദികൾക്കും അത് എത്രമേൽ ഉപകാരപ്പെട്ടുവെന്നത് ചരിത്രമാണല്ലോ. ഇസ്ലാമിനെയും മുസ്ലിം രാജ്യങ്ങളെയും പൈശാചികവത്കരിക്കാനും ഭീകരതയുടെ അടയാളമാക്കി അവതരിപ്പിക്കാനും ആസൂത്രിത ശ്രമം നടക്കുമ്പോൾ ഇസ്ലാമിന്റെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ ജീവിതത്തിലൂടെ സമൂഹത്തിൽ പ്രസരിപ്പിക്കാൻ യുവജനങ്ങൾക്ക് സാധിക്കണം.
വർഗീയതയും വിഭാഗീയതയും നമ്മുടെ രാജ്യത്തെ സ്വാസ്ഥ്യവും സമാധാനവും തകർത്തുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് കേരളത്തിലെ നവോത്ഥാന യുവജന പ്രസ്ഥാനമായ ഐ.എസ്.എം ‘നേരാണ് നിലപാട്’ എന്ന പ്രമേയത്തിൽ സമ്മേളനം സംഘടിപ്പിക്കുന്നത്.
പതിറ്റാണ്ടുകളായി രാജ്യം കാത്തുസൂക്ഷിച്ചുവരുന്ന സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശങ്ങൾ വീണ്ടെടുക്കാനും മതനിരപേക്ഷതയിലേക്ക് രാജ്യത്തെ കൂട്ടിക്കൊണ്ടുപോകാനുമുള്ള ശ്രമങ്ങൾ ജാഗ്രതയോടുകൂടി നിർവഹിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ആത്മാവായ ജനാധിപത്യത്തിനും മതനിരപേക്ഷതക്കും പോറലേൽപിക്കാനുള്ള വർഗീയശക്തികളുടെ ശ്രമങ്ങളെ വിവേകത്തോടെ ചെറുത്തുതോൽപിക്കേണ്ടത് യുവജനപ്രസ്ഥാനങ്ങളുടെ ബാധ്യതയാണ്.
വർഗീയതക്കു പകരം പ്രതിവർഗീയത എന്നത് പരിഹാരമല്ല. ഭീകരതയെ തീവ്രവാദംകൊണ്ട് ഇല്ലാതാക്കാൻ സാധിക്കുകയില്ല. വർഗീയ-വിഭാഗീയ ചിന്തകൾ വെച്ചുപുലർത്തുന്നവർ ചെറിയൊരു ശതമാനം മാത്രമാണ്. മതനിരപേക്ഷത ഇഷ്ടപ്പെടുന്നവരും അതിനെ പ്രോത്സാഹിപ്പിക്കുന്നവരുമാണ് ഭൂരിപക്ഷം.
അത്തരം ആളുകളുമായി സഹകരിച്ചുകൊണ്ടാണ് മുന്നോട്ടുപോകേണ്ടത്. വർഗീയശക്തികൾക്ക് വടികൊടുക്കുന്ന പ്രവർത്തനങ്ങൾ മുസ്ലിം ചെറുപ്പത്തിൽനിന്നുണ്ടായിക്കൂടാ. എടുത്തുചാട്ടം ഒന്നിനും പരിഹാരമല്ല. അതിവൈകാരികത ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താൻ വ്യാപക ശ്രമം നടക്കുകയാണ്. അത് മുസ്ലിം സമൂഹം നേടിയെടുത്ത നവോത്ഥാന മൂലധനത്തെ റദ്ദ് ചെയ്യാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന് തിരിച്ചറിയണം. വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ മുസ്ലിം സമൂഹം നേടിയെടുത്ത മൂലധനം ഭദ്രമായി നിലനിർത്തേണ്ടത് ചെറുപ്പത്തിന്റെ ബാധ്യതയാണ്. അവയുടെ അടിപ്പടവ് മാന്തുന്ന പ്രവർത്തനങ്ങൾക്ക് യുവജനങ്ങൾ കൂട്ടുനിൽക്കരുത്. വർഗീയതയും വിഭാഗീയതയും എവിടെ തലപൊക്കുന്നുവോ അവിടെ വിവേകത്തോടുകൂടി ഇടപെടാനും വിഭാഗീയതയുടെ തീ കെടുത്താനും യുവാക്കൾ മുന്നോട്ടുവരേണ്ടതുണ്ട്. വർഗീയ ഫാഷിസത്തിനും തീവ്രവാദചിന്തകൾക്കുമെതിരെ മുസ്ലിംചെറുപ്പത്തെ വൈജ്ഞാനികമായി സജ്ജമാക്കുന്നതിൽ ഐ.എസ്.എമ്മിന്റെ പങ്ക് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതാണ്.
പുതിയ കാലത്ത് നവോത്ഥാന പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്ന് യുവാക്കൾ ആഴത്തിൽ ആലോചിക്കുകയും സർഗാത്മകവും ക്രിയാത്മകവുമായി മുന്നിട്ടിറങ്ങുകയും വേണം. രാജ്യത്തെ മുസ്ലിം ന്യൂനപക്ഷം കൂടുതൽ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുസ്ലിം സമൂഹത്തിന്റെ അതിജീവനം യുവജന സംഘടനകളുടെ അജണ്ടയിൽ ഉണ്ടാകണം. വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ കൂടുതൽ സജീവമായി ഇടപെടലുകളും സാന്നിധ്യവും സമകാലിക സാഹചര്യം ആവശ്യപ്പെടുകയാണ്.
വെല്ലുവിളികളെ അതിജീവിച്ച് ഇസ്ലാം മുന്നേറുന്നത് ഇസ്ലാമിന്റെ പ്രായോഗികതകൊണ്ടാണ്. മനുഷ്യജീവിതത്തിന്റെ മുഴുവൻ മേഖലകളിലേക്കും കൃത്യമായ വെളിച്ചം നൽകുന്ന ഇസ്ലാം കാലത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ പ്രാപ്തിയുള്ള മതമാണ്.
ഇസ്ലാംവിരുദ്ധ ശക്തികൾ സർവ ആയുധങ്ങളും പ്രയോഗിക്കുമ്പോൾ വൈജ്ഞാനികമായി അതിനെ പ്രതിരോധിക്കാനുള്ള അറിവ് യുവത ആർജിക്കേണ്ടതുണ്ട്. ഇസ്ലാമിനെക്കുറിച്ച് ശരിയായ സ്രോതസ്സിൽനിന്നും പഠിച്ച ചെറുപ്പക്കാരെയാണ് കാലം ആവശ്യപ്പെടുന്നത്. സമകാലിക സാഹചര്യത്തിൽ മുസ്ലിം ചെറുപ്പം എങ്ങനെയാകണമെന്നു കൃത്യമായി നിർവചിക്കുന്ന വിഷയങ്ങളാണ് ഡിസംബർ 30, 31 തീയതികളിൽ കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.എസ്.എം സംസ്ഥാന സമ്മേളനം ചർച്ചചെയ്യുന്നത്.
(ലേഖകൻ കെ.എൻ.എം സംസ്ഥാന പ്രസിഡന്റാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.