കേരളത്തിലെ ദേവസ്വം ബോർഡുകളിൽ പട്ടികജാതി-പട്ടികവർഗ-പിന്നാക്കാദി സമുദായങ്ങൾക്ക് പുതിയതായി സംവരണം ഏർപ്പെടുത്തുകയും ഒപ്പം മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുകയും ചെയ്ത എൽ.ഡി.എഫ് സർക്കാർ തീരുമാനം സാമൂഹികപുരോഗതിക്ക് ഗതിവേഗം പകരുന്നതാണ്. തീരുമാനത്തെ വക്രീകരിച്ച്, അനാവശ്യ വിവാദമുണ്ടാക്കി പിന്നാക്ക-മുന്നാക്ക ജാതിക്കാർ തമ്മിലുള്ള സംഘർഷമാക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ട്. എൽ.ഡി.എഫ് വിരുദ്ധ രാഷ്ട്രീയത്തിന് കരുത്തുപകരാനുള്ള പിന്തിരിപ്പൻ രാഷ്ട്രീയയജ്ഞത്തിന് ഇന്ധനമാക്കാനും നോക്കുന്നു. പിന്നാക്കവിരുദ്ധവും സംവരണ സമ്പ്രദായത്തെ പൊളിക്കുന്നതുമായ എന്തോ മഹാപാതകം എൽ.ഡി.എഫ് സർക്കാർ ചെയ്തു എന്നവിധമുള്ള പ്രചാരണമാണ് ചില സമുദായ-രാഷ്ട്രീയ സംഘടനകളും മാധ്യമങ്ങളും നടത്തുന്നത്. ഇത്തരക്കാർ എഴുതാപ്പുറം വായിക്കുകയാണ്. സാമൂഹിക യാഥാർഥ്യങ്ങളെ ശരിയായ അർഥത്തിൽ പരിഗണിച്ചാണ് സംവരണക്കാര്യത്തിൽ സി.പി.എം എക്കാലത്തും നിലപാട് സ്വീകരിച്ചിട്ടുള്ളത്. മണ്ഡൽ കമീഷൻ റിപ്പോർട്ടിനെത്തുടർന്നുണ്ടായ ദേശീയ അന്തരീക്ഷത്തിലടക്കം അത്തരം സമീപനമാണ് പാർട്ടി സ്വീകരിച്ചത്. പഴയ തിരുവിതാംകൂറിലും കൊച്ചിയിലും ദേശീയ പ്രസ്ഥാനത്തിെൻറ ഭാഗമായി സംവരണാവശ്യം ഉയർന്നുവന്നിരുന്നു. അതിന് പിന്തുണ നൽകാൻ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയും തയാറായി. മറ്റു പാർട്ടികളിൽനിന്ന് വ്യത്യസ്തമായി സംവരണപ്രശ്നത്തെ വർഗസമരത്തിെൻറ ഭാഗമായാണ് കമ്യൂണിസ്റ്റ് പാർട്ടി കണ്ടത്. തൊഴിലില്ലായ്മയും ദാരിദ്യ്രവും മുതലാളിത്ത സാമൂഹിക വ്യവസ്ഥയുടെ സൃഷ്ടിയാണ്. സംവരണംകൊണ്ടുമാത്രം ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനാകില്ല. എന്നാൽ, പരമ്പരാഗതമായി സാമൂഹിക പിന്നാക്കാവസ്ഥയിലായ വിഭാഗങ്ങളെ മുന്നണിയിലേക്ക് കൊണ്ടുവരാൻ സംവരണം ആവശ്യമാണ്. പിന്നാക്ക ദലിത് വിഭാഗങ്ങളെ ഉൾപ്പെടെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഭൂപരിഷ്കരണം പ്രധാനമാണെന്നും പാർട്ടി കണ്ടെത്തി. 1957ലെ കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ അത് നടപ്പാക്കിയത് ഇതുകൂടി മനസ്സിലാക്കിയാണ്. അതോടൊപ്പം ഇത്തരം വിഭാഗങ്ങൾക്ക് സംവരണം ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും പാർട്ടി വിലയിരുത്തി. കേരളത്തിലെപ്പോലെ കേന്ദ്ര സർവിസിലും മറ്റിതര മേഖലകളിലും പിന്നാക്ക വിഭാഗത്തിന് സംവരണം ആവശ്യമാണെന്ന നിലപാടിലും പാർട്ടി ഉറച്ചുനിൽക്കുന്നു.
പാവപ്പെട്ടവരുടെ െഎക്യം
പിന്നാക്ക വിഭാഗക്കാർ ഉൾപ്പെടെയുള്ള രാജ്യത്തെ ജനങ്ങളുടെ പുരോഗതിക്ക് എല്ലാ ജാതിയിലുംപെട്ട പാവപ്പെട്ടവരുടെ ഐക്യനിര കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്ന് പാർട്ടി കണ്ടു. അതിനാൽ മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവരെ പിന്നാക്ക വിഭാഗത്തോടൊപ്പം അണിനിരത്തുന്നത് ആവശ്യമാണെന്നും പാർട്ടി വിലയിരുത്തി. ഇതിെൻറയെല്ലാം അടിസ്ഥാനത്തിലാണ് സംവരണക്കാര്യത്തിൽ മൂന്ന് അടിസ്ഥാന നിലപാട് പാർട്ടി സ്വീകരിച്ചത്. 1) പട്ടികജാതി-പട്ടികവർഗക്കാർക്ക് നിലവിലുള്ള സംവരണം അതുപോലെ തുടരണം. 2) പിന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്ക് സംവരണത്തിൽ പ്രഥമ പരിഗണന നൽകണം, അവരില്ലെങ്കിൽ ആ വിഭാഗത്തിലെതന്നെ സമ്പന്ന വിഭാഗത്തെ പരിഗണിക്കണം. ഇത് അതത് സമുദായത്തിന് ലഭിച്ചുവരുന്ന സംവരണം നിലനിർത്തുന്നതിനുവേണ്ടിയാണ്. 3) മുന്നാക്കത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനത്തിൽ കവിയാത്ത സംവരണം നൽകണം. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണം.
പാർട്ടി സ്വീകരിച്ച ഈ നിലപാടിനെ സംബന്ധിച്ച് വലിയ കോലാഹലങ്ങൾ പല ഘട്ടങ്ങളിലും ഉയർന്നിട്ടുണ്ട്. ചില ജാതിസംഘടനകൾ പ്രത്യേകിച്ചും. ജനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കാനും വർഗപരമായ ഐക്യത്തെ തകർക്കാനും ആഗ്രഹിച്ചിരുന്ന ബൂർഷ്വാ പാർട്ടികളും ഏതെങ്കിലും സമുദായ സംഘടനകളെയോ സമുദായങ്ങളെയോ ഭിന്നിപ്പിക്കുന്ന നിലപാടുമെടുത്തിരുന്നു. സംവരണത്തെ അട്ടിമറിക്കാനാണ് സംഘ്പരിവാർ നിലകൊള്ളുന്നത്. ഇവരുടെ നീക്കത്തിനെതിരെ ശക്തമായി പോരാടുന്നത് കമ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരുമാണ്. സംവരണത്തിൽ പാർട്ടിയെടുത്ത നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. സംവരണം സംബന്ധിച്ച പാർട്ടിനയം അതത് സമുദായത്തിനകത്തെ പാവപ്പെട്ടവർക്ക് അനുകൂലമാണ്. ആ നിലയിൽ വർഗപരമായി എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങളുടെ ഐക്യമെന്ന കാഴ്ചപ്പാടാണ് സി.പി.എം മുറുകെപ്പിടിക്കുന്നത്. മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് സർക്കാർ സർവിസിൽ നിശ്ചിത ശതമാനം സംവരണം നൽകണമെങ്കിൽ ഭരണഘടന ഭേദഗതി ചെയ്യേണ്ടതുണ്ട്. അതുകൊണ്ടാണ് ഭരണഘടന ഭേദഗതിക്ക് കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്.
എന്നാൽ, കേരളത്തിലെ ദേവസ്വം ബോർഡുകളിൽ ഈ സംവരണനയം നടപ്പാക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ല. ദേവസ്വം ബോർഡ് സർക്കാർ സ്ഥാപനമല്ല, സർക്കാറിെൻറ ഫണ്ട് ഉപയോഗിച്ചല്ല അത് പ്രവർത്തിക്കുന്നത്. ജോലിക്കാർക്കും മറ്റും ശമ്പളം കൊടുക്കുന്നതും ദേവസ്വം ഫണ്ട് വഴിയാണ്. ദേവസ്വത്തിെൻറ മറ്റു വികസനപ്രവർത്തനങ്ങൾ നടത്തുന്നതിനും പശ്ചാത്തല സൗകര്യ വികസനത്തിനുമാണ് സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നത്.
ബോർഡിൽ മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയത് ഭരണഘടനലംഘനമല്ല. സംവരണത്തിെൻറ ഉയർന്ന പരിധിയായ 50 ശതമാനം അധികരിച്ചുവെന്ന പ്രശ്നവും ഇവിടെ വരുന്നില്ല. പി.എസ്.സി വഴിയുള്ള നിയമനങ്ങളിൽ മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങൾക്കായി നീക്കിയിരിക്കുന്ന 18 ശതമാനം സംവരണം ദേവസ്വം നിയമനങ്ങളിൽ ബാക്കിവരുന്നുണ്ട്. ഇവിടത്തെ നിയമനത്തിൽ അഹിന്ദുക്കളെ ഒഴിവാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് 10 ശതമാനം സംവരണം മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് നീക്കിവെച്ചപ്പോൾതന്നെ സംവരണത്തിന് അർഹതയുള്ള പിന്നാക്ക-ദലിത് വിഭാഗത്തിൽപെട്ടവരുടെ സംവരണ തോത് എട്ടു ശതമാനംകൂടി ഉയർത്തിയും എൽ.ഡി.എഫ് മന്ത്രിസഭ തീരുമാനിച്ചത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ചെയ്യുമ്പോൾ ഇതുവരെ പൊതുവിഭാഗത്തിലേക്ക് പോയ തസ്തികകളിലേക്കാണ് കുറവു വരുന്നത്. അതിനാൽ ഈ തീരുമാനം പിന്നാക്ക വിഭാഗങ്ങൾക്ക് ദോഷകരമാണെന്നത് തെറ്റിദ്ധാരണജനകമാണ്. ഇതിൽ പല വിമർശകന്മാരും കാണാതെ പോകുന്ന ഒരു വസ്തുത, ദേവസ്വം നിയമനങ്ങളിൽ ആദ്യമായിട്ടാണ് പട്ടികജാതി-പട്ടികവർഗ-പിന്നാക്കാദി ജനവിഭാഗങ്ങൾക്ക് സംവരണം ലഭ്യമാകുന്നത് എന്നതാണ്.
ഭരണഘടന ഭേദഗതി അനിവാര്യം
നെട്ടൂർ കമീഷൻ, നരേന്ദ്രൻ കമീഷൻ തുടങ്ങിയവയെല്ലാം പുറത്തുവന്ന ഘട്ടങ്ങളിൽ സംവരണത്തെ സംബന്ധിച്ച് സുതാര്യമായ നയമാണ് സി.പി.എം സ്വീകരിച്ചത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് നിശ്ചിത ശതമാനം സംവരണം നൽകണമെന്നും അതിന് ഭരണഘടന ഭേദഗതി വേണമെന്നും 1990 നവംബർ നാലിന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയം നിർദേശിച്ചിട്ടുണ്ട്. സംവരണം സംബന്ധിച്ച് ഞങ്ങൾ പൊടുന്നനെ എന്തോ പുതിയ നയം രൂപപ്പെടുത്തി എന്ന പ്രചാരണത്തിെൻറ അർഥശൂന്യത ഓർമപ്പെടുത്തുന്നതിനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിൽ അഞ്ച് ദേവസ്വം ബോർഡുകളാണുള്ളത്. ഒരു ഘട്ടംവരെ മുന്നാക്ക വിഭാഗക്കാരായ ഹൈന്ദവരുടെ മാത്രം നിയന്ത്രണത്തിലായിരുന്നു ക്ഷേത്രങ്ങൾ. പിന്നാക്ക സമുദായക്കാർക്ക് പ്രവേശനംപോലും നിഷിദ്ധമായിരുന്നു. 1970കളിൽവരെ രാജാവിെൻറ ഒരു പ്രതിനിധിയെക്കൂടി ദേവസ്വം ബോർഡുകളിൽ നോമിനേറ്റ് ചെയ്തിരുന്നു. എന്നാൽ, പിന്നാക്ക വിഭാഗത്തിൽപെട്ടവർക്ക് ദേവസ്വം ഭരണത്തിലോ ജോലിയിലോ പ്രാതിനിധ്യമില്ലായിരുന്നു. ചരിത്രത്തിലാദ്യമായി 2007ലെ എൽ.ഡി.എഫ് സർക്കാറാണ് ദേവസ്വം ബോർഡുകളിൽ ഒരാൾ പട്ടികജാതി/പട്ടികവർഗത്തിൽപെട്ടവരായിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. അതിപ്പോഴും തുടരുന്നു.
സംവരണപ്രശ്നമുയർത്തി എൽ.ഡി.എഫ് സർക്കാറിനെതിരെ പ്രചാരണം നടത്തി ആളെ കൂട്ടാനുള്ള നീക്കം കേരളത്തിെൻറ സമാധാന ജീവിതത്തെ ഇല്ലാതാക്കാനാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ കീഴിൽ തൊഴിലവസരങ്ങൾ കുറയുന്നുവെന്നത് യാഥാർഥ്യമാണ്. ഇത്തരം അവസ്ഥക്കെതിരെ എല്ലാ വിഭാഗത്തിൽപെട്ടവരുടെയും ഐക്യനിരയാണ് ഉയർന്നുവരേണ്ടത്.
ദുരിതമനുഭവിക്കുന്ന ജനങ്ങളെയാകെ യോജിപ്പിക്കുന്നതിനു പകരം അവർക്കിടയിൽ സംഘർഷങ്ങളുണ്ടാക്കി ജനവിരുദ്ധ നയങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ചില സമുദായ സംഘടനകളും ജാതിപാർട്ടികളും ശ്രമിക്കുന്നത്. ഇത് തിരിച്ചറിയാനും എല്ലാ വിഭാഗത്തിലെയും പാവപ്പെട്ടവരെ സംരക്ഷിക്കാനും സാമൂഹികനീതി ഉറപ്പുവരുത്താനുമുള്ള നയമാണ് വേണ്ടത്. അതിന് എൽ.ഡി.എഫ് മുന്നോട്ടുവെച്ച സംവരണ നയം ഉറപ്പാക്കണം.
സി.പി.എം സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.