കഴിഞ്ഞ ഫെബ്രുവരി മാസം വടക്കു-കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ ആസൂത്രിത വംശഹത്യയെ ഹിന്ദു-മുസ്‌ലിം കലാപം എന്ന് വക്രീകരിച്ചാണ് മുഖ്യധാരാ മാധ്യമങ്ങൾ അവതരിപ്പിച്ചത്. ഇന്ത്യൻ പൊതുബോധവും ഈ ലളിതയുക്തിയെ ഏറ്റെടുക്കാൻ തിടുക്കപ്പെട്ടു. മുസ്‌ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യം െച്ചുള്ള വംശഹത്യാ ശ്രമങ്ങളെ കണക്കുകളും തെളിവുകളും കൃത്യമല്ലാത്ത കേവലം കലാപങ്ങളായി അവതരിപ്പിക്കേണ്ടത് ഹിന്ദുത്വ ശക്തികളുടെ ആവശ്യമാണ്. കാരണം തിരയേണ്ടതില്ല എന്ന സൗകര്യം മാത്രമല്ല കലാപം എന്ന സ്റ്റേറ്റ് ഭാഷ്യത്തിനുള്ളത്. വംശഹത്യയിൽ പൊലീസിന്‍റെയും മറ്റു ഭരണകൂട സ്ഥാപനങ്ങളുടെയും പങ്കിനെ അദൃശ്യമാക്കാനും അതുവഴി സാധിക്കുന്നു.
എന്നാൽ ഈ ആഖ്യാനത്തെ പാടെ നിരാകരിക്കുന്നതാണ് ഡൽഹി വംശഹത്യയുടെ നേർകാഴ്ചകളും അനുഭവങ്ങളും.വ്യക്തമായും മുസ്‌ലിം ന്യൂനപക്ഷങ്ങളെ നിർമൂലനം ചെയ്യാനുള്ള വംശഹത്യാ പദ്ധതിയായിരുന്നു രാജ്യ തലസ്ഥാനത്ത് അരങ്ങേറിയത്. ഹിന്ദുത്വ ശക്തികളുടെ അക്രമങ്ങൾക്കിരയായ മുസ്‌ലിം ശരീരങ്ങളുടെ അനുഭവസാക്ഷ്യങ്ങളും, അക്രമത്തിന് ആഹ്വാനം ചെയ്ത സംഘ്പരിവാർ നേതാക്കളുടെയും അവർക്ക് ഒത്താശ ചെയ്യുകയും അക്രമങ്ങളിൽ പങ്കുചേരുകയും ചെയ്ത പൊലീസിന്‍റെ കുടിലതകളെയും അക്കമിട്ടു നിരത്തുന്ന ഒരു റിപ്പോർട്ട് അടുത്തിടെ കാരവൻ മാസിക പുറത്തിറക്കുകയുണ്ടായി. അതിലെ ചില പ്രസക്ത ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു.
24 ഫെബ്രുവരി 2020 കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ഡെപ്യൂട്ടി കമീഷണറിെൻറ സാന്നിധ്യത്തിൽ തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തുകൊണ്ട് കപിൽ മിശ്ര നടത്തിയ പ്രകോപന പ്രസംഗത്തിെൻറ ബാക്കിപത്രമെന്നോണം മുസ്‌ലിംകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയിരുന്നെങ്കിലും, അതിഭീകരമായ അന്തരീക്ഷം പ്രതീക്ഷിക്കാതെ ഏതൊരു ദിവസത്തെയും പോലെ ജോലി ചെയ്യുകയായിരുന്നു ശാദാബ് ആലം. സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന ധാരണയുണ്ടായപ്പോൾ കടയടച്ച് മുതലാളിയുടെയും സഹപ്രവർത്തകരുടെയും കൂടെ ടെറസിലേക്ക് രക്ഷപ്പെടുകയായിരുന്ന ശാദാബിനെയും കൂട്ടരെയും പൊലീസുകാർ പിടികൂടി കൊണ്ടുപോവുകയായിരുന്നു. തൊഴിലാളികൾ നിരപരാധികളാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും, മുസ്‌ലിം യുവാക്കളെ തെരഞ്ഞുപിടിച്ച് കൊണ്ടുപോകാൻ വന്ന കാക്കിപ്പട അത് പരിഗണിച്ചില്ലെന്ന് കടയുടമ അനുരാഗ് ഗായ് ഓർത്തെടുക്കുന്നു. ഇവരെ കൂടാതെ വടക്കു-കിഴക്കൻ ഡൽഹിയിലെ പലഭാഗങ്ങളിൽ നിന്ന് 23 മുസ്‌ലിം ചെറുപ്പക്കാരെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊലീസ് ലോക്കപ്പിൽ ക്രൂരമായ അനുഭവങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും, അതിനെക്കാൾ കൊടിയതും മനുഷ്യത്വരഹിതവുമായ പീഡനങ്ങളാണ് 'സമാധാനപാലകരിൽ' നിന്ന് അനുഭവിക്കേണ്ടി വന്നതെന്ന് ഇവർ പറയുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയവരെ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണമെന്ന നിയമത്തെ കാറ്റിൽപറത്തിയ െപാലീസ്, ഫെബ്രുവരി 24ന് അറസ്റ്റു ചെയ്തപ്പെട്ടവരെ, ന്യായാധിപർ വഴി അവരുടെ കുടുംബാംഗങ്ങൾ നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ 28ാം തിയതി ദയൽപ്പൂർ പൊലീസ് അധികാരികളോട് മജിസ്‌ട്രേറ്റ് വിശദീകരണം തേടിയപ്പോഴാണ് കോടതിയിൽ ഹാജരാക്കുന്നത്. അനധികൃതമായി തടവറയിലടക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാരോട് സംസാരിക്കാൻ ചെന്ന വക്കീലുമാർ കണ്ടത്, അടിമുടി ആക്രമിക്കപ്പെട്ട് ദുർഗന്ധം വമിക്കുന്ന മരവിച്ച ശരീരങ്ങളാണ്. മൂത്രവിസർജനത്തിന് അനുവാദം ചോദിച്ചാൽ മൂത്രപ്പുര എത്തുന്നതുവരെയുള്ള അടി പേടിച്ച് സെല്ലിനകത്തു തന്നെ കാര്യം സാധിക്കുകയാണ് ഇവർ ചെയ്തത്. മലവിസർജനത്തെ കുറിച്ച് ചോദിച്ചപ്പോൾ, "കഴിക്കാൻ എന്തെങ്കിലും കിട്ടിയാലല്ലേ അത് ആലോചിക്കേണ്ടതുള്ളൂ" എന്നായിരുന്നു മറുപടി.
തെരുവിൽ ആക്രമിക്കാൻ ഇറങ്ങിയ ഹിന്ദു ആൾക്കൂട്ടത്തിെൻറ അതേ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിപ്പിക്കാനുള്ള സമ്മർദം പൊലീസ് സ്റ്റേഷനിലും തുടർന്നു. തങ്ങളെ അടിച്ചതിനാൽ ഒറ്റ രാത്രി കൊണ്ടുതന്നെ രണ്ടു ലാത്തികൾ പൊട്ടുകയും, ശേഷം വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റൂം ഹീറ്ററിന് മുകളിലേക്ക് മൂത്രമൊഴിക്കാൻ പൊലീസുകാർ പറഞ്ഞ അനുഭവം മുഹമ്മദ് റാസി പങ്കുവെക്കുന്നുണ്ട്. ഇത്രയും നിഷ്ഠൂരമായ പീഡനങ്ങൾക്ക് വിധേയമാക്കി ഇവർക്കെതിരെ തയാറാക്കിയ എഫ്.ഐ.ആർ നമ്പർ 57ലും 58ലും ഒരാളുടെ പേരുപോലും വ്യക്തമാക്കി പറയാൻ പൊലീസിന് സാധിച്ചിരുന്നില്ല.
ഫെബ്രുവരി 24ാം തീയതിയിലെ സി.സി.ടി.വി ദൃശ്യങ്ങളും, കടയുടമ അനുരാഗ് ഗായിയുടെ മൊഴിയും തെളിവായി നിരത്തിക്കൊണ്ട് 28ാം തിയതിയാണ് അറസ്റ്റു ചെയ്തതെന്ന പൊലീസ് വാദം പച്ചക്കള്ളമാണെന്ന് തെളിയിച്ചിട്ടും, ഈ അനധികൃത തടങ്കൽ സമയത്ത് ഇവരനുഭവിച്ച ലോക്കപ്പ് മർദനത്തിെൻറ തെളിവായി മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുപോലും ജാമ്യം അനുവദിക്കപ്പെട്ടില്ല. പൊലീസ് വിവരണങ്ങളിലെ പൊരുത്തക്കേടുകൾ തിരിച്ചറിയുന്ന വിശദമായ ഉത്തരവ് ഡൽഹി ഹൈകോടതി ജഡ്ജി 'മുക്ത ഗുപ്‌ത' പുറപ്പെടുവിച്ചിരുന്നെങ്കിലും അവർ തടവറയിലേക്ക് തന്നെ തിരിച്ചയക്കപ്പെട്ടു. പട്ടാപ്പകൽ തെരുവിലിറങ്ങി ആക്രമണമഴിച്ചുവിട്ട ഗുണ്ടകൾക്കും കണ്മുന്നിൽ നീതി അട്ടിമറിച്ച പൊലീസുകാർക്കും ഇടയിൽ, വടക്കു-കിഴക്കൻ ഡൽഹിയിലെ മുസ്‌ലിം യൗവ്വനം നേരിട്ട ദുരനുഭവങ്ങളുടെ നിര ഇനിയും നീണ്ടുകിടക്കുന്നു.
ചന്ദ്ബാഗിന് സമീപം പ്രതിഷേധക്കാരിൽ ഒരാളെ മൂന്നു സീനിയർ പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് കൊല്ലുന്ന കാഴ്ചയും, കപിൽ മിശ്രയോട് ശവശരീരങ്ങൾ വാഗ്ദാനം ചെയ്ത പൊലീസ് അസിസ്റ്റൻറ് കമീഷണറുടെ ഫോൺ വിളിയും, മദ്രസയിൽ നിന്നും പള്ളിയിൽ നിന്നും കൊള്ളയടിച്ച സമ്പാദ്യം മുഴുവൻ ബി.ജെ.പി നേതാവ് സത്യപാൽ സിങിെൻറ വീട്ടിലേക്ക് എത്തിച്ചുകൊടുക്കാൻ മേൽനോട്ടം നൽകിയ പൊലീസുകാരുടെ സാന്നിധ്യവും, "ഇനി ഒരാളെ പോലും ബാക്കി വെക്കില്ലെന്ന്" സത്യപാൽ സിങിന് പൊലീസ് അധികാരി തർകേശ്വർ സിങ് നൽകിയ വാക്കുമൊക്കെ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടുള്ള പരാതികൾ അനവധിയുണ്ട്. ബി.ജെ.പി നേതാക്കളായ യു.പി നിയമസഭാംഗം നന്ദ് കിഷോർ ഗുജ്ജാർ, ഡൽഹി നിയമസഭാംഗം മോഹൻ സിംഗ് ബിഷ്ട്, മുൻ എം.എൽ.എ ആയിരുന്ന ജഗദീഷ് പ്രദാൻ തുടങ്ങിയ വൻനിരയുടെ ലിസ്റ്റ് തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. തൊപ്പി വെച്ചതിനാൽ ആൾക്കൂട്ടം മുസ്‌ലിമാണെന്ന് തിരിച്ചറിഞ്ഞ് ആക്രമിച്ച മുസ്തഖിൻ എന്ന ഓട്ടോഡ്രൈവറെ നിർബന്ധപൂർവം മഴു കയ്യിൽ പിടിപ്പിച്ച്, അതിെൻറ വീഡിയോ പകർത്തി അദ്ദേഹത്തെ അറസ്റ്റു ചെയ്ത പൊലീസുകാർ വരെ ഉണ്ടായിട്ടുണ്ട്. നേതാക്കൾക്കും പൊലീസിനും എതിരെയുള്ള ആരോപണങ്ങൾ വ്യക്തമായി അന്വേഷിക്കണമെന്ന് സുപ്രീംകോടതി ആവർത്തിച്ചിട്ടും മേൽപ്പറഞ്ഞ കേസുകളിലൊന്നും തുടർനടപടികൾ ഉണ്ടായിട്ടില്ല. ഇത്തരം കേസുകളിൽ എഫ്.ഐ.ആർ രേഖപ്പെടുത്താൻ പൊലീസിെൻറ ഭാഗത്തുനിന്ന് ബോധപൂർവമായ ശ്രമം ഉണ്ടാകണമെന്ന് നിർദേശിച്ച ഡൽഹി ഹൈക്കോടതി ജഡ്‌ജി എസ്. മുരളീധർ അന്നു രാത്രി തന്നെ സ്ഥലംമാറ്റപ്പെട്ടു.
ഭജൻപുരയിലെ പൊലീസ് ബൂത്ത് കത്തിച്ചെന്ന, റിപ്പോർട്ടുകളിൽ ഇല്ലാത്ത സംഭവത്തിെൻറ പേരിലാണ് ഇക്രം എന്ന തുന്നൽക്കാരനെ അറസ്റ്റു ചെയ്തതെങ്കിൽ, കാരവൻ റിപ്പോർട്ട് ചെയ്തതു പ്രകാരം ഇതേ ഭജൻപുരയിലെ പൊലീസ് ബൂത്തിന് സമീപത്തുള്ള പെട്രോൾ സ്റ്റേഷൻ ഹിന്ദു ആൾക്കൂട്ടം കത്തിച്ചിട്ടുണ്ട്. "പേടിക്കേണ്ട, പൊലീസ് നിങ്ങളുടെ കൂടെയുണ്ടെന്ന്" ആക്രമിക്കാൻ വന്ന ആൾക്കൂട്ടത്തോട് പ്രഖ്യാപിച്ച എസ്.പി ദിനേശ് ശർമ ഒരുവശത്തെങ്കിൽ, കുത്തിയിരുപ്പ് സമരത്തിലായിരുന്ന സ്ത്രീകളോട് അസഭ്യം പറയുകയാണ് പൊലീസ് ചെയ്തത്. ഒരേശ്വാസത്തിൽ ജയ് ശ്രീറാമും, ഡൽഹി പൊലീസിനും കപിൽ മിശ്രക്കും സിന്ദാബാദും വിളിച്ചുകൊണ്ടാണ് ആൾക്കൂട്ടം കൊള്ളയടിക്കാനും ആക്രമിക്കാനും മുന്നിട്ടിറങ്ങിയത്. ഈ ഇരട്ട നീതി വ്യക്തമായതിനാൽ ക്രിക്കറ്റ് ബാറ്റ് കയ്യിൽ പിടിച്ചുനിന്ന ചിത്രം തെളിവായി കാണിച്ചുകൊണ്ട്, മകനെ അറസ്റ്റു ചെയ്യാൻ വന്ന പൊലീസുകാരെ സധൈര്യം നേരിട്ട ഭാനുവിനെ പോലുള്ളവരും ഓർമകൾ പങ്കുവെക്കുന്നുണ്ട്. പൊലീസുകാർ ആശ്രയമാവില്ലെന്ന് തിരിച്ചറിഞ്ഞ്, സ്വയംരക്ഷാർഥം വടിയും കല്ലുകളുമായി വീടിനു കാവൽ നിൽക്കേണ്ടി വന്നവർ അനവധിയാണ്.
മുസ്‌ലിം വിരുദ്ധതയുടെ അച്ചിൽ വാർത്തെടുത്ത പൗരത്വ ഭേദഗതി നിയമം തികച്ചും ഭരണഘടനാവിരുദ്ധമാകുമ്പോൾ, അതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ കടന്നാക്രമിക്കുകയും, അവയെ മതങ്ങൾ തമ്മിലുള്ള കലാപം എന്ന നിലക്ക് സ്വാഭാവികവൽക്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. യാഥാർഥ്യം മറ്റൊന്നാവുമ്പോൾ ഇത്തരം വ്യാഖ്യാനങ്ങൾ ചമക്കുന്നത് ആർ.എസ്.എസിെൻറ പ്രഖ്യാപിത ഉന്മൂലന രാഷ്ട്രീയത്തിന് വളംവെച്ചു കൊടുക്കലാണ്. ഹിന്ദുത്വ ഭീകരരുടെയും പൊലീസിെൻറയും അക്രമങ്ങളിൽ പൊറുതിമുട്ടി സ്വയംരക്ഷാർഥം വടിയുമായി നിൽക്കേണ്ടിവരുന്ന നിസഹായതയും, അതിെൻറ പേരിൽ അബലരായ ന്യൂനപക്ഷങ്ങളെ തന്നെ ജയിലറകളിലേക്ക് അയക്കുകയും ചെയ്യുന്ന ഭീകര നടപടികൾ ഇന്ത്യയിൽ സ്വാഭാവികമാവുന്നു. ഡൽഹി വംശഹത്യയുടെ ഇരകളായ മുസ്‌ലിം ന്യൂനപക്ഷ അനുഭവങ്ങളെ 'വിശാല ഇന്ത്യൻ മതേതരത്വം' അവഗണിക്കുമ്പോൾ ഭരണഘടനയുടെ ആത്മാവ് കൂടിയാണ് തമസ്കരിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.