സ​ബ​ർ​മ​തി ആ​ശ്ര​മം

ഈ നിയമപോരാട്ടം ബാപ്പുവിന് വേണ്ടി

പൊ​തു​ഖ​ജ​നാ​വി​ൽ​നി​ന്ന് 1200 കോ​ടി മു​ട​ക്കി അ​ഹ്മ​ദാ​ബാ​ദി​ലെ സ​ബ​ർ​മ​തി ആ​ശ്ര​മം മോ​ടി​യാ​ക്കാ​നു​ള്ള സ​ർ​ക്കാ​ൻ നീ​ക്ക​ത്തി​നെ​തി​​രെ നി​യ​മ​പോരാ​ട്ട​ത്തി​ലാ​ണ് ഗാ​ന്ധി​ജി​യു​ടെ കൊ​ച്ചു​മ​ക​ൻ തു​ഷാ​ർ ഗാ​ന്ധി. ഹ​ര​ജി ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച അ​ദ്ദേ​ഹം ത​​െൻറ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്നു, പ​ദ്ധ​തി എ​ന്തു​കൊ​ണ്ട് ഗാ​ന്ധി​ജി​യു​ടെ ആ​ദ​ർ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും വി​ശ​ദീ​ക​രി​ക്കു​ന്നു

സബർമതി ആശ്രമം ബാപ്പുവിന്റെയും ബായുടെയും മാത്രം സ്മാരകമല്ല. സ്വാതന്ത്ര്യ സമ്പാദനത്തിനായി നാം നടത്തിയ വേറിട്ട സമരരീതിയായ അഹിംസാത്മകമായ സത്യഗ്രഹത്തിന്റെ സ്മാരകം കൂടിയാണ്. സത്യഗ്രഹത്തിന്റെ ആത്മാവും ആവേശവും സബർമതി ആശ്രമത്തിൽ കുടികൊള്ളുന്നു. അതിനൊപ്പം ലോകമൊട്ടുക്കുമുള്ള മനുഷ്യരെ അവകാശങ്ങൾക്കായി പൊരുതാനും വൻശക്തികൾക്ക് മുന്നിൽ കീഴൊതുങ്ങാതിരിക്കാനും പ്രചോദിതരാക്കുകയും ചെയ്യുന്നു.

ബാപ്പുവിന്റെ ആശ്രമജീവിതത്തിന്റെ അടിസ്ഥാനവും ആദർശവും ലാളിത്യം, മിതവ്യയം, കുറഞ്ഞ ഉപഭോഗം എന്നീ തത്ത്വങ്ങളായിരുന്നു. ഇക്കാലത്ത് അതൊക്കെ വിശ്വസിക്കാൻപോലും പ്രയാസകരമായിരിക്കും. സബർമതി സന്ദർശിക്കുന്ന ആർക്കും നടേപറഞ്ഞ തത്ത്വങ്ങളുടെ പ്രായോഗികത അവിടെ ദർശിക്കാനാവും. ബാപ്പുവിന്റെയും ബായുടെയും അതിലളിതമായ വാസസ്ഥലമായിരുന്ന ഹൃദയ്കുഞ്ജ് അവയുടെയെല്ലാം ജീവിക്കുന്ന ഉദാഹരണവുമാണ്. സബർമതി ആശ്രമവും ഈ കുടീരവുമെല്ലാം അതേപടി നിലനിർത്തപ്പെടേണ്ടതുണ്ട്.

1917നും 1926നും ഇടയിലാണ് ആശ്രമം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ബാപ്പു സബർമതി നദീതീരത്ത് ഭൂമി വാങ്ങുന്നത്. നഗരസമൂഹത്തിൽനിന്ന് മാറി ദക്ഷിണാഫ്രിക്കയിലെ ഫിനിക്സ്, ടോൾസ്റ്റോയ് ആശ്രമങ്ങളുടെ മാതൃകയിൽ സ്വാശ്രയത്വത്തിലൂന്നിയ സമൂഹം കെട്ടിപ്പടുക്കുകയാണ് അദ്ദേഹം ലക്ഷ്യമിട്ടത്. ഏകദേശം 120 ഏക്കർ ഭൂമിയാണ് അതിനായി വാങ്ങിയത്. കുറച്ച് സ്വന്തം പേരിലും കുറച്ച് അനന്തരവൻ ഖുശൽദാസ് ഗാന്ധിയുടെ പേരിലും പ്രമാണം ചെയ്തു. അവർ സബർമതി ആശ്രമം ട്രസ്റ്റ് രൂപവത്കരിച്ച് 120 ഏക്കറും അതിന്റെ ഉടമസ്ഥാവകാശത്തിലാക്കി.

ചമ്പാരനിൽ ചൂഷണത്തിനിരയായ കർഷകരുടെ അവകാശപ്പോരാട്ടങ്ങൾക്കൊപ്പം ചേരാൻ ബാപ്പു പോയത് ഇവിടെ നിന്നാണ്. കർഷക സമരത്തിന് നേതൃത്വം നൽകിയ സർദാർ പട്ടേലിനൊപ്പം ബർദോളി സത്യഗ്രഹത്തിൽ പങ്കുചേർന്നത് സബർമതിയിൽ പാർക്കുന്ന കാലത്താണ്. റൗലത്ത് നിയമത്തിനെതിരായ പ്രക്ഷോഭം ആരംഭിച്ചതും ഇവിടെ നിന്നാണ്, നിസ്സഹകരണ പ്രസ്ഥാനത്തിന് തുടക്കമിട്ടതും ഇവിടെനിന്നുതന്നെ. അങ്ങനെ സബർമതി അവയുടെയെല്ലാം മുഖ്യകേന്ദ്രവുമായി മാറി.

ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ കലാപം ചെയ്തെന്ന പേരിൽ രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്തു കൊണ്ടുപോയതും സബർമതിയിൽനിന്നാണ്. 1930ൽ ദണ്ഡി പ്രക്ഷോഭം ആരംഭിച്ച വേളയിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാതെ ആശ്രമത്തിലേക്ക് മടങ്ങിവരില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതിനു ശേഷം ഒരു രാത്രിപോലും ബാപ്പു അവിടെ തങ്ങിയിട്ടില്ല.

കർഷകർക്കും സത്യഗ്രഹികൾക്കും നേരെ നടന്ന ക്രൂരമായ അടിച്ചമർത്തലിനും പീഡനത്തിനും എതിരായ പ്രതിഷേധമെന്ന നിലയിൽ 1933ൽ കൊളോണിയൽ ഭരണകൂടത്തിന് ആശ്രമം വിട്ടുകൊടുക്കാൻപോലും അദ്ദേഹം തീരുമാനിച്ചു. അന്തസ്സിനും അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയതിന്റെ പേരിൽ ആരെങ്കിലും കഷ്ടപ്പെടേണ്ടതുണ്ടെങ്കിൽ ആദ്യ സത്യഗ്രഹി എന്ന നിലയിൽ അതു താനായിരിക്കണം എന്നായിരുന്നു ബാപ്പുവിന്റെ നിലപാട്; ആശ്രമം വിട്ടുകൊടുക്കാൻ തീരുമാനിച്ചെങ്കിലും സഹകാരികളുമായുള്ള നീണ്ട ചർച്ചകൾക്ക് ശേഷം അദ്ദേഹം മനസ്സ് മാറ്റി.

അയിത്ത ജാതിക്കാരുടെ ഉന്നമനത്തിനായി ആശ്രമം ഉപയോഗപ്പെടുത്തണമെന്ന് 1933ൽ ബാപ്പു തീരുമാനിച്ചു. ഈ ലക്ഷ്യംവെച്ച് അദ്ദേഹം നേരത്തെ തന്നെ ഹരിജൻ സേവക് സംഘം രൂപവത്കരിച്ചിരുന്നു, അയിത്തക്കാരെ പാർപ്പിക്കാൻ ആശ്രമം ഉപയോഗിക്കണമെന്നും അതിന്റെ പ്രവർത്തനങ്ങൾ അവരുടെ ക്ഷേമത്തിന് വേണ്ടിയായിരിക്കണമെന്നുമുള്ള നിർദേശത്തോടെ അദ്ദേഹം ആശ്രമം സംഘം പ്രസിഡന്റ് ഘനശ്യാംദാസ് ബിർലക്ക് കൈമാറി. അതിനൊപ്പം ആശ്രമത്തിന്റെ നിയമങ്ങളും ആദർശങ്ങളും സ്ഥിരീകരിക്കുകയും പാലിക്കുകയും ചെയ്യുന്ന അയിത്തജാതിക്കാർ അല്ലാത്തവർക്കും അവർ ആഗ്രഹിക്കുന്നിടത്തോളം ആശ്രമത്തിലും പരിസരത്തും താമസിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അങ്ങനെ എല്ലാ സമുദായങ്ങളുടെയും ജാതികളുടെയും പ്രയോജനത്തിനായി ആശ്രമം ഉപകരിക്കപ്പെട്ടു.

ഇക്കാലം വരെയും ഈ നിർദേശങ്ങൾ ഹരിജൻ സേവക് സംഘിന്റെ മാർഗനിർദേശ തത്ത്വങ്ങളായിരുന്നു, ആ നിർദേശങ്ങൾക്കനുസൃതമായാണ് സബർമതി ആശ്രമം ഇതുവരെ പ്രവർത്തിച്ചുപോന്നത്. ബിർലക്കുള്ള ബാപ്പുവിന്റെ കത്ത്, സബർമതി ആശ്രമം സംബന്ധിച്ച അദ്ദേഹത്തിന്റെ ഇഷ്ടവും താൽപര്യവുമാണെന്ന് കണ്ട് അത് അക്ഷരം പ്രതി മുറുകെ പിടിക്കുകയും വേണം. ആശ്രമം ഹരിജൻ സേവക് സംഘിന് നൽകവെ 120 ഏക്കർ ഭൂമിയും കൈമാറിയിരുന്നു. അത് അദ്ദേഹത്തിന്റെ വസിയ്യത്ത് ആയിരുന്നു. സ്വാതന്ത്ര്യലബ്ധിക്കും ഗാന്ധിഹത്യക്കും ശേഷം ബാപ്പുവിന്റെ പൈതൃകത്തിലും ആദർശങ്ങളിലുമൂന്നി പ്രവർത്തനം തുടരാൻ ഹരിജൻ സേവക് സംഘം നിരവധി സംഘടനകളും ട്രസ്റ്റുകളും രൂപവത്കരിച്ചു, അവർക്ക് ആശ്രമഭൂമിയും പതിച്ചുനൽകി. എന്നാൽ, അനാസ്ഥമൂലം ആശ്രമത്തിന്റെ വസ്‌തുക്കളുടെ ഭൂരിഭാഗവും നഷ്‌ടപ്പെട്ടു, നിലവിൽ ആശ്രമ ഭൂമി ഏകദേശം 55 ഏക്കർ മാത്രമായി ചുരുങ്ങി.

ഈയിടെ ഗുജറാത്ത് ഹൈകോടതിയിൽ ഹാജരായ സർക്കാറിന്റെ അഡ്വക്കറ്റ് ജനറൽ അവകാശപ്പെട്ടത് 'ആശ്രമം' നിലനിൽക്കുന്നത് വെറും ഒരേക്കർ സ്ഥലത്താണ് എന്നാണ്. വികസന പ്രവർത്തനം നടത്തുമ്പോൾ അതിൽ കൈവെക്കില്ലെന്ന് കോടതിക്ക് വാക്കാൽ ഉറപ്പും നൽകിയിരിക്കുന്നു. ഇത് അംഗീകരിച്ചു കൊടുക്കാനാവാത്ത ഒരു വാദമാണ്. നടത്താനൊരുങ്ങുന്ന പുനർവികസന പദ്ധതിയാവട്ടെ ആശ്രമത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധവുമാണ്.

ആശ്രമത്തിനെച്ചൊല്ലിയുള്ള സർക്കാർ പദ്ധതികളെ എതിർക്കാൻ ഇനിയും നിരവധി കാരണങ്ങളുണ്ട്, ഉദാഹരണത്തിന്, ഭൂമിയുടെ ഉടമാവകാശം, വ്യക്തിപരമായി വാങ്ങിയതും സർക്കാർ ഉടമസ്ഥതയിലല്ലാത്ത ഒരു രജിസ്ട്രേഡ് ട്രസ്റ്റിൽ നിക്ഷിപ്തമാക്കിയതുമാണ്. അത് ഏറ്റെടുക്കാനോ മാറ്റാനോ വ്യവസ്ഥകൾ നിർദേശിക്കാനോ സർക്കാറിന് അവകാശമില്ല. സർക്കാറിന്റെ ഇടപെടലും നിർബന്ധവുമില്ലാതെ തീരുമാനങ്ങൾ എടുക്കാൻ ട്രസ്റ്റുകളെ അനുവദിക്കണം. അവരും ഗാന്ധിയന്മാരുടെ വലിയ സമൂഹവും വേണം ഏതെങ്കിലും ഗാന്ധിസ്ഥാപനത്തിന്റെയോ സംഘടനയുടെയോ സ്മാരകത്തിന്റെയോ വിധി തീരുമാനിക്കേണ്ടത്. അല്ലാതെ സർക്കാരല്ല.

ബാപ്പുവിന്റെ കൊലപാതകത്തിനു ശേഷം ഗാന്ധി സ്മാരകനിധി എന്ന പേരിൽ ഒരു ദേശീയ സംഘടന രൂപവത്കരിക്കപ്പെട്ടിരുന്നു. ഗാന്ധിയൻ പൈതൃകവും പ്രത്യയശാസ്ത്രവും മുതൽ അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സംരക്ഷിക്കാനും നിയന്ത്രിക്കാനും പ്രചരിപ്പിക്കാനും ചുമതലപ്പെടുത്തിയത് അവരെയായിരുന്നു. ഗാന്ധി സ്മാരക നിധിയുടെ സ്ഥാപക തത്വം തന്നെ അത് എല്ലാ ഗാന്ധിയൻ സ്ഥാപനങ്ങളെയും സ്മാരകങ്ങളെയും ആശ്രമങ്ങളെയും സർക്കാർ നിയന്ത്രണത്തിൽനിന്നും ഇടപെടലുകളിൽനിന്നും സംരക്ഷിച്ചു നിർത്തും എന്നതായിരുന്നു. ഗാന്ധി സ്മാരക നിധിക്ക് വേണ്ട പ്രവർത്തനച്ചെലവുപോലും പൊതുസമൂഹത്തിൽനിന്നും പൊതുവ്യക്തികളിൽനിന്നും സംഭാവനയായാണ് ശേഖരിച്ചത്, അല്ലാതെ സർക്കാറിൽനിന്നല്ല.

സബർമതി വികസന പദ്ധതിയും അതിന്റെ ആനുപാതികമല്ലാത്ത പടുകൂറ്റൻ ബജറ്റും ബാപ്പു മുന്നോട്ടുവെച്ച ആദർശങ്ങൾക്കും ധാർമികതക്കും വിരുദ്ധമാണ്. താനുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിനും 1,200 കോടി രൂപ, അതും പൊതുഖജനാവിൽനിന്ന് ചെലവിടാൻ ബാപ്പു ഒരുകാരണവശാലും അനുവദിക്കുമായിരുന്നില്ല. ജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നതിനെതിരെ അദ്ദേഹം മരണം വരെ നിരാഹാരം കിടക്കുമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്.

ആദ്യ ഇടക്കാല മന്ത്രിസഭ ചുമതലയേറ്റവേളയിൽ മന്ത്രിമാർ ബാപ്പുവിനെ സന്ദർശിച്ച് ഒരു സന്ദേശം ആവശ്യപ്പെട്ടു. അന്നദ്ദേഹം നൽകിയ സന്ദേശമാണ് ബാപ്പുവിന്റെ രക്ഷാകവചം എന്ന പേരിൽ അറിയപ്പെടുന്നത്. ''ഞാൻ നിങ്ങൾക്കൊരു രക്ഷാകവചം നൽകാം:

നിങ്ങൾക്ക് സംശയം തോന്നുമ്പോൾ, അതല്ലെങ്കിൽ എപ്പോഴെങ്കിലും നിങ്ങളെ അഹംബോധം കീഴ്‌പ്പെടുത്തുന്നുവെന്ന് തോന്നിയാലോ ഇനി പറയുന്ന വിലയിരുത്തല്‍ നടത്തണം - നിങ്ങള്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ദരിദ്ര-ദുർബല വ്യക്തിയുടെ മുഖം ഓര്‍ത്തുനോക്കുക, നിങ്ങള്‍ വെക്കാന്‍ പോകുന്ന ചുവട് ആ വ്യക്തിക്ക് എത്രത്തോളം ഉപയോഗപ്രദമാകുമെന്ന് സ്വന്തം മനസ്സിനോടു ചോദിക്കുകയും ചെയ്യുക. അതുകൊണ്ട് അദ്ദേഹത്തിന് എന്തെങ്കിലും നേട്ടമുണ്ടാകുമോ? അതുകൊണ്ട് അദ്ദേഹത്തിന് സ്വന്തം ജീവിതത്തിലും വിധിയിലും നിയന്ത്രണം കൈവരിക്കാൻ സാധിക്കുമോ? നിങ്ങള്‍ എടുക്കാന്‍ പോകുന്ന ചുവടുവെപ്പുകൊണ്ട് വയറുവിശക്കുന്ന, അസംതൃപ്തരായ, പാർശ്വവൽക്കരിക്കപ്പെട്ട കോടിക്കണക്കിന് ആളുകളെ സ്വരാജിലേക്ക് നയിക്കുമോ? അപ്പോൾ, നിങ്ങളുടെ സന്ദേഹം ഇല്ലാതെയാകുന്നു, അഹംബോധം ഉരുകി ഇല്ലാതെയാകുന്നതും നിങ്ങള്‍ക്ക് അനുഭവപ്പെടും.''

ബാപ്പുവിന്റെ ഈ സന്ദേശം മനുഷ്യരാശിക്ക് അദ്ദേഹം നൽകിയ പൈതൃകമാണ്. 'ദരിദ്രനാരായണൻ' അല്ലെങ്കിൽ ദരിദ്രരായ ദേവതകൾ എന്ന് വിളിക്കുന്നവരുടെ സേവനത്തിനും പ്രയോജനത്തിനും വേണ്ടി ബാപ്പു എപ്പോഴും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. സമൂഹത്തിലെ ഏറ്റവും ദരിദ്രരും ദുർബലരുമായ അവസാന വിഭാഗത്തെ സേവിക്കുന്നത് ദൈവാരാധനക്ക് തുല്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. മനുഷ്യരാശിയുടെ ഈ വിഭാഗത്തെ സേവിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചു. 'തൊട്ടുകൂടാത്തവരെ' സേവിക്കുന്നതിനായി ആശ്രമം സമർപ്പിച്ച് വസിയ്യത്ത് ചെയ്തതിൽ ദരിദ്രരായ മനുഷ്യരുടെ ക്ഷേമത്തിനായുള്ള കരുതൽ പ്രകടമാണ്.

പുനർവികസനമെന്നും സന്ദർശകർക്ക് സൗകര്യമൊരുക്കാനുമെന്നുമുള്ള പേരിൽ, ആശ്രമത്തിന് എതിർവശത്തുള്ള കുടിലുകളിൽ താമസിച്ചിരുന്ന നിരവധി സാധുക്കളായ മനുഷ്യരെ നഷ്ടപരിഹാരമോ ബദൽ താമസസൗകര്യമോ നൽകാതെ പുറത്താക്കിയിരിക്കുന്നു. അവരുടെ ശുഷ്കമായ വാസസ്ഥലങ്ങൾ തകർത്തു. അവരിൽ പലരും രണ്ടും മൂന്നും പതിറ്റാണ്ടിലേറെയായി അവിടെ താമസിക്കുന്നവരാണ്. തന്റെ ആശ്രമത്തെ 'ലോകോത്തര നിലവാരത്തിൽ' ആക്കാനാണെന്ന കാരണം പറഞ്ഞാൽപോലും ബാപ്പു ഇതൊന്നും ഒരിക്കലും അംഗീകരിക്കുമായിരുന്നില്ല. തീർച്ചയായും ഈ നടമാടുന്നതൊന്നും അദ്ദേഹത്തിന്റെ പേരിലല്ല.

സബർമതി ആശ്രമത്തിന്റെ വിധിയും മോഹൻദാസ് കരംചന്ദ് ഗാന്ധി - ബാപ്പുവിന്റെ പാരമ്പര്യവും നിശ്ചയിക്കുമ്പോൾ പരിഗണിക്കേണ്ട നിരവധി വിഷയങ്ങളിൽ ചിലത് ഇവയാണ്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം സംരക്ഷിക്കപ്പെടേണ്ടത് ബാപ്പുവിന്റെ പൈതൃകവും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവും വസിയ്യത്തുമാണ്. 1930 ഏപ്രിൽ അഞ്ചിന് ബാപ്പു എഴുതി, ''വൻശക്തിക്കെതിരായ ഈ അവകാശ പോരാട്ടത്തിൽ എനിക്ക് ലോകത്തിന്റെ അനുതാപം വേണം.'' അതുതന്നെയാണ് രാജ്യത്തെ പരമോന്നത കോടതി മുമ്പാകെ എനിക്ക് അപേക്ഷിക്കുവാനുള്ളതും.

Tags:    
News Summary - sabarmati ashram beautification: What Gandhi ji's grandson Tushar Gandhi has to say

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.