‘‘എന്തിനാ ദൈവമേ എന്നെ ഇങ്ങനെ പരീക്ഷിച്ചത്. ജീവനൊടുക്കണമെന്ന് വിചാരിച്ചതാ. പ്രായമായ അച്ഛനും അമ്മയ്ക്കും ഞാൻ മാത്രല്ലേയുള്ളൂ.
അത്ര സഹിച്ചിട്ടുണ്ട് ഞാൻ. ആകെ സമനില തെറ്റി മാനസികാരോഗ്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പൊലീസ് മർദനത്തിൽ നടുവൊടിഞ്ഞ് ജോലിക്ക് പൊകാനാവാതെ വന്നപ്പോൾ ഒരു ആയുർവേദ ചികിത്സാകേന്ദ്രത്തിൽ പോയി രണ്ടാഴ്ചയോളം കിടന്നു. പഴയതുപോലെ പറ്റുന്നില്ലേലും ഇപ്പോൾ ഒാട്ടോ ഒാടിക്കലും പെയിൻറിങ്ങും തുടരുന്നുണ്ട്. എന്നെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് അമ്മ എപ്പോഴും പറയും. അതിനിടയിലാ ഇങ്ങനെ ഒരു ദുർഗതി. ഇനി എനിക്ക് ആരു പെണ്ണുതരാൻ’’. പെരുമ്പാവൂരിലെ ജിഷ വധക്കേസിൽ മഹസർ സാക്ഷിയാക്കിയ, പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്ത സാബു ഒരു വർഷം മുമ്പ് ‘മാധ്യമം’ ആഴ്ചപ്പതിപ്പിനോട് പങ്കുവെച്ച വാക്കുകളാണിവ. പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിലെ സാബു എന്ന ആ ചെറുപ്പക്കാൻ കഴിഞ്ഞ ദിവസം ജീവനൊടുക്കി.
തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ വിനായക് എന്ന 19കാരെൻറ ആത്മഹത്യ കേരളീയപൊതുസമൂഹം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് സാബുവിെൻറ മരണം. രണ്ടു മരണവും തമ്മിൽ ഒരു വ്യത്യാസമേയുള്ളൂ. മനസ്സിനേറ്റ ആഴത്തിലുള്ള മുറിവുണക്കാൻ സാബു ഒരു കൊല്ലം വരെ പിടിച്ചു നിന്ന് ഒടുവിൽ കീഴടങ്ങി. ഒരു പക്ഷേ ചെറുപ്പമായതുകൊണ്ടാകാം വിനായകിന് ദിവസങ്ങൾക്ക് ഇപ്പുറം കടക്കാനായില്ല.
പൊലീസ് സംവിധാനത്തിെൻറ ഏറ്റവും ഭീകരമായ അവസ്ഥകളിലൊന്നാണ് കസ്്റ്റഡിയിലെ മർദനം. കക്കയം പൊലീസ് ക്യാമ്പിൽ കൊല്ലപ്പെട്ട രാജ െൻറയും തിരുവനന്തപുരം ഫോർട്ട് സ്്റ്റേഷനിൽ ഉരുട്ടികൊലപ്പെടുത്തിയ ഉദയകൂമാറിെൻറയും പിന്തുടർച്ച തന്നെയാണ് വിനായകും സാബുവും. സർക്കാറിെൻറ ആഭ്യന്തര വകുപ്പ് എന്ന ചട്ടക്കൂടിനകത്ത് നിന്ന് പ്രവർത്തിക്കുന്ന കാവൽഭടന്മാർ രാജ്യത്തെ പൗരൻറെ കാലന്മാരായി തീരുന്നതിൽ എന്താണ് ഒരു മാറ്റവുമില്ലാത്തതെന്ന് ഇനിയും നാം ചോദിക്കാൻ മടിക്കരുത്. കേസ് തെളിയിക്കാൻ ഉപയോഗിക്കുന്ന മൂന്നാംമുറ പൊലീസിെൻറ അധികാര പരിധിയിലുള്ളതാണെന്ന പൊതുബോധം നമുക്കിടയിൽ ഇന്നും നിലനിൽക്കുന്നുവെന്നത് ഇടിമുറികളിലെ ഈ നിലവിളികൾക്ക് തുടർച്ചയുണ്ടാക്കുന്നു. നിയമത്തിലെവിടെയുമില്ലാത്ത ‘ലൈസൻസ്’ ആവർത്തിച്ച് പ്രയോഗിക്കുന്നു. ഭരണകൂടമാകട്ടെ, അവരുടെ ഇഷ്്ടങ്ങൾക്കനുസരിച്ച് ഈ സംവിധാനത്തെ തിരിച്ചും മറിച്ചുമെല്ലാം പ്രയോഗിക്കുന്നു.
കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാറിെൻറ അവസാനക്കാലത്താണ് ജിഷ കൊലപാതകക്കേസ് ഏറെ രാഷ്്ട്രീയ കോലാഹലങ്ങൾക്ക് വഴിവെച്ചത്. ലോ കോളജ് വിദ്യാർഥിനിയെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പിടികൂടുക എന്നത് ആഭ്യന്തരവകുപ്പിന് അഭിമാന പ്രശ്നമായിരുന്നു. പ്രതിപക്ഷം തെരഞ്ഞെടുപ്പ് വിഷയമാക്കി മുന്നോട്ടുപോകുന്ന ഘട്ടത്തിൽ എങ്ങനെയെങ്കിലും ഒരു പ്രതിയെ തപ്പിപ്പിടിക്കണം എന്നുള്ള പൊലീസിെൻറ പാച്ചിലിലാണ് ജിഷയുടെ അയൽവാസിയായ സാബു പൊലീസിെൻറ കൈയ്യിൽപ്പെടുന്നത്. ഭരണമാറ്റമുണ്ടായ ഉടനെയാണേലും യഥാർത്ഥ പ്രതിയെന്ന് പറയുന്ന അമീർ ഇസ്ലാം എന്ന ഇതര സംസ്ഥാനക്കാരനെ കിട്ടിയിരുന്നില്ലെങ്കിൽ സാബു എന്ന ചെറുപ്പക്കാരൻ അഴിയണ്ണേണ്ടിവരുമായിരുന്നു. കസ്റ്റഡിയിൽ
പൊലീസുകാരുടെ തിരക്കഥ ഏറ്റുപ്പറയാതെ വന്നപ്പോൾ താൻ നേരിട്ട ക്രൂരപീഡനം ജീവിക്കാനുള്ള ആഗ്രഹവും നശിപ്പിച്ചെന്ന് സാബു പറഞ്ഞിരുന്നു. സിനിമ കഥകളിലെ സങ്കൽപ്പലോകമാണ് ഇടിമുറിയെന്ന് പൊലീസ് മേധാവികൾ ആവർത്തിച്ച് പറയുമ്പോഴാണ് താൻ അനുഭവിച്ച ഇടിമുറിയെ കുറിച്ച് സാബു തുറന്ന് പറയുന്നത്.
‘കസ്റ്റഡിയിലെടുത്തതുമുതൽ എറണാകുളം ജില്ലയിലെ എല്ലാ പൊലീസ് സ്്റ്റേഷനിലും അവർ എന്നെ കൊണ്ടുപോയി ചോദ്യം ചെയ്തു. യതീഷ് ചന്ദ്രയും ഡി.ജി.പി സെൻകുമാറുമെല്ലാം നേരിട്ടെത്തി ചോദ്യം ചെയ്തു. കൊല്ലപ്പെട്ട ജിഷയുടെ അമ്മയുമായുണ്ടായ വാക്കുതർക്കമാണ് എന്നെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും കൊലയാളിക്ക് ഉണ്ട് എന്ന് പൊലീസ് കരുതുന്ന പല്ലിലെ വിടവ് എനിക്കുണ്ട് എന്നതുമാണ് അവർക്ക് എന്നിൽ ആകെയുള്ള പിടിവള്ളി. ചോദ്യം ചെയ്യലിെൻറ സ്വഭാവം ഒാരോ ദിവസവും മാറിക്കൊണ്ടിരുന്നു. ഒരു ദിനം പെരുമ്പാവൂർ ട്രാഫിക് സ്റ്റേഷനിൽനിന്ന് ഒരു ടാറ്റാ സുമോയിൽ കുറച്ചുപേർ വന്ന് എന്നെ കയറ്റിക്കൊണ്ടുപോയി. ട്രാഫിക് സിഗ്നലിന് സമീപംവെച്ച് എെൻറ മുഖം അവർ കറുത്ത തുണികൊണ്ട് മൂടി. എന്നെ കൊണ്ടുചെന്നാക്കിയത് ഏതോ രഹസ്യസങ്കേതത്തിൽ. അവിടെ എത്തിയപ്പോൾ ഏതാണ്ട് ഇരുപത് പേരുണ്ട്. െപാലീസുകാരാണെന്ന് തോന്നുന്നു. എല്ലാവരും മഫ്തിയിലാണ്. ആ മുറിയിൽ അങ്ങിങ്ങ് ചാരിവെച്ച വലിയ ചൂരൽവടികൾ, ഒരു കയർ തൂക്കിയിട്ടിരിക്കുന്നു, ഒരു കൊള്ളസങ്കേതംപോലെ തോന്നിക്കുന്നിടം. അവർ എല്ലാവരുംകൂടി വളഞ്ഞ് ചോദ്യങ്ങൾ ആരംഭിച്ചു. ‘നീ കാര്യങ്ങൾ വേഗം കൃത്യമായി പറഞ്ഞോ. നിനക്ക് ഇനി രക്ഷയില്ല. നീ കൊന്നുവെന്നതിനുള്ള തെളിവുകൾ ഞങ്ങൾക്ക് എപ്പോേഴ കിട്ടി. ഇനി അത് എങ്ങനെ എന്ന് ഏറ്റുപറഞ്ഞാൽ മതി. അല്ലാതെ നീ വീണ്ടും പറഞ്ഞില്ലേൽ വെറെ പ്രയോഗമുണ്ട്’ ^ഞാൻ ഇതുവരെ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ലെന്ന് പറഞ്ഞയുടൻ ഒരാൾ പറഞ്ഞു.
ആദ്യം എെൻറ വസ്ത്രം അഴിപ്പിച്ചു. ഒരാൾ ഒരു മുഴം കയർ കൊണ്ടുവന്ന് കാലുകൾ കൂട്ടിക്കെട്ടി. ൈകയുടെ തള്ളവിരൽ ചേർത്തുകെട്ടി. കൈകൾ മുകളിലോട്ട് തൂക്കിക്കെട്ടി. കഴുത്ത് മുന്നോട്ടും ഷോൾഡർ പിറകോട്ടും വരത്തക്ക രീതിയിൽ കഴുത്തിന് പിറകിൽ ലാത്തിയിട്ട് കുടുക്കി. ആ നിൽപ് 15 മിനിറ്റ് നിന്നപ്പോഴേക്കും ശരീരം മരവിച്ചുപോയിരുന്നു. പിന്നീട് എന്തോ തുണിയിൽ പൊതിഞ്ഞുകെട്ടി കൊണ്ടുവന്ന് പുറത്തേക്ക് അടിക്കുകയായിരുന്നു. കെട്ടിത്തൂക്കിയതിനാൽ നിലവിളിക്കാനല്ലാതെ ഇളകാൻപോലും പറ്റില്ലായിരുന്നു. അവർ മർദിച്ചിരുന്ന സഞ്ചിക്കകത്ത് ഇരുമ്പുപോലെ ഉറപ്പുള്ളതെന്തോ ആയിരുന്നു. രണ്ടടി കൊണ്ടപ്പോഴേക്കും എെൻറ നടുവൊടിഞ്ഞിരുന്നു. കുറ്റക്കാരനല്ലെന്ന് ബോധ്യപ്പെട്ട് എന്നെ വിട്ട ശേഷം പൊലീസുകാർ എെൻറ വീട്ടിലെത്തി പറഞ്ഞത് ‘ഇത് നീ പുറത്തുപറഞ്ഞാൽ അതിലേറെ അനുഭവിക്കേണ്ടിവരും’. പ്രായമായ മാതാപിതാക്കൾക്ക് ഞാൻ മാത്രമാണ് ആശ്രയം. ഞാൻ പിന്നെന്ത് പറയും’’.
ഇത്തരം ക്രൂര പീഢനകഥകൾ ഏറെ പറയാനുണ്ടായിരിക്കും ഒരു പക്ഷേ വിനായകിനും രാജനും ഉദയകുമാറിനുമെല്ലാം. പക്ഷേ അവരുടെ ശബ്്ദം പുറത്തെത്താതിരിക്കാൻ, ജീവിതത്തിനുമുന്നിൽ വാതിൽ കൊട്ടിയടച്ചാണ് പൊലീസ് അധികാരം ഉദ്ഘോഷിച്ചത്. പൊലീസ് കസ്്റ്റഡിയിൽ നിസ്സഹയരായി മരിക്കുന്നവരും പീഡനാനന്തരം സ്വയം ജീവനൊടുക്കുന്നതും കേരളത്തിൽ പോലും വാർത്തയല്ലാതായി തീരുന്നത് ഭീതിതമായ ഒരു കാലത്തിെൻറ കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.