സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിസമ്മതിക്കുന്ന പൊലീസ് കൊലപാതകങ്ങൾക്ക് മുസ്ലിംകളെത്തന്നെ കുറ്റപ്പെടുത്തുന്നു. ഈ പ്രതിഷേധത്തെ ഗൂഢാലോചനയെന്ന് വിശേഷിപ്പിച്ച് മുസ്ലിം നേതാക്കൾക്കെതിരെ കേസെടുക്കുന്നു
സംഭലിൽ നാലുപേർ മരിച്ചിരിക്കുന്നു. നാല് ഇന്ത്യക്കാർ, കൃത്യമായിപ്പറഞ്ഞാൽ നാല് മുസ്ലിംകൾ. ഹിന്ദുക്കളോട് പെരുമാറുന്നതു പോലെ പൊലീസ് അവരോട് പെരുമാറിയിരുന്നെങ്കിൽ അവരിപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു. ഏതെങ്കിലും വൈകാരിക വിഷയത്തിൽ നിയന്ത്രണം വിടുകയോ പ്രക്ഷുബ്ധരാവുകയോ ചെയ്യുന്ന ഒരു ഹിന്ദു ജനക്കൂട്ടത്തെ അച്ചടക്കത്തിലാക്കാൻ അപൂർവമായേ പൊലീസ് വെടിവെക്കാറുള്ളൂ. ഹിന്ദുക്കൾ വീടുകൾ, വാഹനങ്ങൾ, ആരാധനാലയങ്ങൾ എന്നിവക്ക് തീയിടുന്നതും ആക്രമിക്കുന്നതും ആളുകളെ മർദിക്കുന്നതുമെല്ലാം നമ്മൾ പലതവണ കണ്ടിട്ടുണ്ട്, എന്നാൽ സംഭലിൽ ചെയ്തതുപോലെ പൊലീസ് പ്രതികരിച്ചതായി നാം വായിച്ചിട്ടില്ല.
കാവടി യാത്രക്കാർ ജനങ്ങളെ തല്ലുന്നതിന്റെ മാത്രമല്ല, പൊലീസുകാരെ ആക്രമിക്കുന്നതിന്റെ വിഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ, പൊലീസ് സ്വയം സംയമനം പാലിച്ചതല്ലാതെ സംഭലിൽ ചെയ്തതുപോലുള്ള നടപടി സ്വീകരിക്കുന്നത് നമ്മൾ കണ്ടില്ല.
പൊലീസ് അധികാരികൾ അവരോടുതന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. കല്ലെറിയുന്നവരാണെങ്കിൽപോലും, പ്രക്ഷുബ്ധമായ ഒരു ഹിന്ദു ആൾക്കൂട്ടത്തിനുനേരെ നിങ്ങൾ ഇതുപോലെ തന്നെ പെരുമാറുമായിരുന്നുവോ?
ഒരു മുസ്ലിംകളെയും കൊലപ്പെടുത്തിയിട്ടില്ല എന്നവകാശപ്പെടുന്ന പൊലീസിന്റെ വാദപ്രകാരം മുസ്ലിംകൾ ഉതിർത്ത വെടിയേറ്റാണ് അവർക്കിടയിലെ നാലുപേർ കൊല്ലപ്പെട്ടിരിക്കുന്നത്. അഞ്ചുവർഷം മുമ്പ് യു.പിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ 21 മുസ്ലിംകൾ കൊല്ലപ്പെട്ടപ്പോഴും ഇതുപോലെ തന്നെ, വെടിയുണ്ടകൾ അവരുടെ ഔദ്യോഗിക തോക്കുകളിൽനിന്ന് വന്നവയല്ലെന്ന് പൊലീസ് അവകാശപ്പെട്ടിരുന്നു.
ഭരണകൂട അധികാരികൾക്ക് താൽപര്യമില്ലെന്ന് വരികിൽ സത്യം കണ്ടെത്തുക അസാധ്യമാണ്. അവർ സത്യത്തിന്റെ സ്ഥാനത്ത് ആഖ്യാനങ്ങൾ ചമയ്ക്കുന്നു. ഡൽഹി വംശീയാതിക്രമത്തിന് മുസ്ലിം ആക്ടിവിസ്റ്റുകൾക്കുമേലും എൽഗർ പരിഷത്ത് അക്രമത്തിന് പരിപാടിയുമായി വിദൂര ബന്ധമുള്ളവർക്കെതിരെയുമാണ് കുറ്റം ചാർത്തിയത്.
മുസ്ലിംകളെ പ്രകോപിപ്പിച്ചുവെന്നും അത് അക്രമത്തിൽ കലാശിച്ചുവെന്നും ആരോപിച്ച് സംഭലിൽ നിന്നുള്ള ലോക്സഭാംഗത്തിനും പ്രാദേശിക എം.എൽ.എയുടെ മകനുമെതിരെ പൊലീസ് പ്രഥമവിവര റിപ്പോർട്ട് ഫയൽ ചെയ്തതിൽ അതിശയിക്കാനില്ല. മുസ്ലിംകൾ കൊല്ലപ്പെട്ട ശേഷം പൊലീസ് ഫ്ലാഗ് മാർച്ച് നടത്തുന്നതിലും അത്ഭുതമില്ല.
മുസ്ലിംകളുടെ മരണത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഖേദമൊന്നും പ്രകടിപ്പിച്ചില്ല. പകരം, കൊല്ലപ്പെട്ടവരുടെ ദുഃഖാർഥരായ കുടുംബങ്ങളോട് അവർ പറഞ്ഞു: “ആരോപണങ്ങൾ ഉന്നയിക്കുന്നതിനുമുമ്പ്, അവർ (മരിച്ചവരുടെ കുടുംബങ്ങൾ) ചോദിക്കണം, അവരുടെ കുട്ടികൾ എന്തിനാണവിടെ കല്ലെറിയാൻ പോയതെന്ന്. അവരവിടെ എന്തെങ്കിലും മതപരമായ ജോലിയോ, വിശുദ്ധ കർമമോ പ്രഫഷനൽ കടമയോ നിർവഹിക്കാനല്ല പോയത്’’.
ആൾക്കൂട്ടം തടിച്ചുകൂടിയതും കല്ലെറിഞ്ഞതും ‘പ്രചോദിതമായ പ്രവൃത്തി’യായി കാണപ്പെട്ടുവെന്ന് പൊലീസ് അവകാശപ്പെട്ടതായി ദ വയർ റിപ്പോർട്ട് ചെയ്തിരുന്നു.
സർവേ സംഘം പള്ളിയിലെത്തിയ ശേഷം തടിച്ചുകൂടിയ മുസ്ലിംകൾ സജ്ജരായാണ് വന്നതെന്നും അവരെ അക്രമം നടത്താൻ ഗൂഢാലോചനക്കാർ പ്രേരിപ്പിച്ചുവെന്നുമുള്ള എം.പിക്കും എം.എൽ.എയുടെ മകനുമെതിരായ എഫ്.ഐ.ആർ ഇത് വിശദീകരിക്കുന്നു. പള്ളിക്കു സമീപം ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ മുഴങ്ങിയതിനെത്തുടർന്ന് രോഷാകുലരായ ജനക്കൂട്ടം തന്നിഷ്ടപ്രകാരം നടത്തിയ അക്രമമാണിതെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് പൊലീസ് പറയുന്നു.
നിഷ്പക്ഷരായ ഏതൊരു നിരീക്ഷകരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: കോടതി നിയോഗിച്ച വ്യക്തി പള്ളിയിലേക്ക് വരുമ്പോൾ ആൾക്കൂട്ടം അദ്ദേഹത്തിന് അകമ്പടി സേവിക്കുകയും പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്നത് തടയുക എന്നത് ഭരണകൂടത്തിന്റെയും പൊലീസിന്റെയും കടമയല്ലേ? സർവേ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങുന്നതുവരെ ‘ജയ് ശ്രീറാം’ വിളികൾ മുഴങ്ങി. ഇതൊരു സർവേ ആയിരുന്നെങ്കിൽ എന്തിനായിരുന്നു അവിടെ ആ ആൾക്കൂട്ടം തടിച്ചുകൂടി ജയ്ശ്രീറാം മുഴക്കിയത്? അത്തരമൊരു പ്രകോപനത്തിന് ഭരണാധികാരികൾ എന്തുകൊണ്ടാണ് സമ്മതിച്ചുകൊടുത്തത്?
അതിൽ കോടതികൾക്കും ബന്ധമുണ്ട്. ഏതെങ്കിലുമൊരു പ്രത്യേക ക്ഷേത്രം നേരത്തെ പള്ളിയായിരുന്നുവെന്ന അവകാശ വാദവുമായി ഒരു മുസ്ലിം പരാതിക്കാരൻ കോടതിയെ സമീപിക്കുന്നത്, അല്ലെങ്കിൽ ഒരു പ്രത്യേക ക്ഷേത്രം മുമ്പ് ബുദ്ധക്ഷേത്രമായിരുന്നുവെന്ന് സ്ഥാപിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഒരു ബുദ്ധമതക്കാരൻ കോടതിയെ സമീപിക്കുന്നത് സങ്കൽപിക്കുക. അത്തരം പരാതികളെ കോടതികൾ പരിഗണിക്കുമോ? ക്ഷേത്രം നിലവിൽ വരുന്നതിനുമുമ്പ് അവിടെ എന്തായിരുന്നുവെന്ന് കണ്ടെത്താൻ ആ ആരാധനാലയങ്ങളിൽ സർവേ നടത്താൻ സമ്മതിക്കുമോ? അതിന്റെ ഉത്തരം നമുക്കറിയാം. കോടതികൾ അത്തരം ഹരജികൾ തള്ളുക മാത്രമല്ല, ഹരജിക്കാർക്ക് പിഴ ചുമത്തുകപോലും ചെയ്തേക്കും. കാരണം മറ്റെല്ലാത്തിനും മുമ്പ് ഈ നാട്ടിൽ ഹിന്ദു നിർമിതികളല്ലാതെ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും എല്ലാം അതിനുശേഷം സംഭവിച്ചവയാണെന്നും അവരും വിശ്വസിക്കുന്നു.
ഇത്തരം കേസുകളിൽ സംഭലിൽ ചെയ്തതുപോലെ സർവേ നടത്താൻ കോടതികൾ തിടുക്കംകൂട്ടുമോ എന്നും നാം ചോദിക്കേണ്ടതുണ്ട്. എന്ന് മുതലാണ് നമ്മുടെ കോടതികൾ ഒരു പെറ്റീഷൻ ഫയൽ ചെയ്താലുടൻ നടപടിക്ക് ഉത്തരവിടുന്നത്ര കാര്യക്ഷമമായത്?
സംഭലിൽ സംഭവിച്ചത് ഇതാണ്.
മസ്ജിദ് നിലകൊള്ളുന്നിടത്ത് നേരത്തേ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന അവകാശവാദത്തോടെ, അതിന്റെ സ്വഭാവം നിർണയിക്കണമെന്നാവശ്യപ്പെട്ട് ഒരു ഹരജി സമർപ്പിക്കപ്പെട്ടു. ജഡ്ജി ഉടനെ തന്നെ, ഭരണകൂടത്തിനും മസ്ജിദ് കമ്മിറ്റിക്കും നോട്ടീസ് പോലും നൽകാതെ സർവേ നടത്താൻ ഉത്തരവിടുകയും ഇതിനായി ആളെ നിയോഗിക്കുകയും ചെയ്തു. ഉത്തരവിറങ്ങി മണിക്കൂറുകൾക്കകം പ്രാദേശിക ഭരണകൂടം സകല സൗകര്യങ്ങളുമൊരുക്കിനൽകി സർവേ ആരംഭിച്ചു. ഇത് പ്രാദേശിക മുസ്ലിം ജനതക്കിടയിൽ അമർഷം സൃഷ്ടിച്ചു. എം.പി അവരെ സമാധാനിപ്പിക്കുകയും സർവേ നടക്കുകയും ചെയ്തു.
എന്നാൽ, രണ്ട് ദിവസങ്ങൾക്കുശേഷം മുൻകൂട്ടി ഒരു അറിയിപ്പുമില്ലാതെ സർവേ സംഘം വീണ്ടും ഈ ആരാധനാലയത്തിലേക്കെത്തി. പള്ളിയിലേക്ക് ഈ സംഘത്തെ അനുഗമിക്കാൻ ആൾക്കൂട്ടത്തെ ഭരണകൂടം അനുവദിക്കുകയും ചെയ്തു. സർവേ സംഘത്തോടൊപ്പമുണ്ടായിരുന്ന ചിലർ പുറത്തേക്ക് പോകുമ്പോൾ ‘ജയ് ശ്രീറാം’ വിളികൾ മുഴക്കിയതായി ആരോപിക്കപ്പെടുന്നു. ഇത് പ്രദേശത്തെ മുസ്ലിംകളെ പ്രകോപിതരാക്കി. കല്ലേറുണ്ടായി. പ്രക്ഷോഭകാരികളായ ജനക്കൂട്ടത്തിനുനേരെ പൊലീസ് വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തപ്പെട്ടു. നാലുപേർ കൊല്ലപ്പെട്ടു.
സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിസമ്മതിക്കുന്ന പൊലീസ് കൊലപാതകങ്ങൾക്ക് മുസ്ലിംകളെത്തന്നെ കുറ്റപ്പെടുത്തുന്നു. ഈ പ്രതിഷേധത്തെ ഗൂഢാലോചനയെന്ന് വിശേഷിപ്പിച്ച് മുസ്ലിം നേതാക്കൾക്കെതിരെ കേസെടുക്കുന്നു.
ഇത് ഇന്ത്യയിൽ ഒരു നടപ്പുരീതിയായി മാറിയിരിക്കുന്നു. ഭരണകൂട സംവിധാനം തങ്ങൾക്ക് എതിരാണെന്നും ജുഡീഷ്യറി തങ്ങളെ മൂലക്കൊതുക്കുന്ന പ്രക്രിയകൾ നിർദാക്ഷിണ്യം ആരംഭിക്കുന്നുവെന്നും മുസ്ലിംകൾക്ക് ഇപ്പോൾ അറിയാം.
ഇതെല്ലാം നടത്തുന്നത് നിയമാനുസൃതമായാണ്. അതോടെ മുസ്ലിംകൾക്ക് പ്രതിഷേധിക്കാൻ പോലും സാധിക്കാത്ത സാഹചര്യം വരും, അല്ലെങ്കിൽ അവർ രാജ്യത്തെ നിയമം ലംഘിച്ചുവെന്ന ആരോപണമുയരും.
ഈ രാജ്യത്തെ തന്നെ ഒരു നിയമത്തിന് -1991 ലെ ആരാധനാലയ നിയമത്തിന് - എന്ത് സംഭവിച്ചു എന്ന് ചോദിച്ചാൽ, ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ കൗശലം നിറഞ്ഞ പുഞ്ചിരി ഓർമിപ്പിക്കേണ്ടിവരും. ഈ ചോദ്യത്തെ തള്ളിക്കളഞ്ഞ ചന്ദ്രചൂഡ്, ഒരു നിർമിതിയുടെ സ്വഭാവത്തെക്കുറിച്ചുള്ള ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ ഹിന്ദുക്കൾക്ക് എല്ലാ അവകാശവുമുണ്ടെന്ന് പറഞ്ഞു. അദ്ദേഹം വഴി കാണിച്ചുകൊടുത്ത ശേഷം, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ മുസ്ലിം പള്ളികൾ, ദർഗകൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവയെക്കുറിച്ച് ഹിന്ദു പ്രതിനിധികൾക്ക് ജിജ്ഞാസ ഉയരാൻ തുടങ്ങി. ചന്ദ്രചൂഡ് കാണിച്ച പരിലാളനമാണ് ഇപ്പോൾ സകല പ്രാഥമിക കോടതികളും ആവർത്തിക്കുന്നത്. മുസ്ലിംകൾക്ക് അവരുടെ ജീവൻ പണയംവെച്ച് മാത്രമേ ഇതിനെതിരെ പ്രതിഷേധിക്കാനും ചെറുക്കാനും കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.