നിയമം ഇൗ പെൺകുട്ടിയോട്​ എങ്ങനെയായിരിക്കും​?

ബലാത്സംഗമടക്കം ഇരയാവുന്ന ഒരു കേസിലും നീതി ലഭിക്കുന്നില്ലെന്ന ബോധം സ്ത്രീകൾക്കിടയിൽ ശക്തമാണ്. കാരണം, വളരെ വൈകി എങ്ങനെയെങ്കിലും കിട്ടുന്ന നീതി അത് ലഭിക്കാത്തതിന് തുല്യമാണ്. ശിക്ഷയുടെ കാര്യത്തിലും അങ്ങനെ തന്നെ. ശിക്ഷിക്കാത്തതിന് തുല്യമായ ശിക്ഷയാണ് ഗോവിന്ദച്ചാമിക്കായാലും കൊടുക്കുന്നത്. അതുകൊണ്ടുതന്നെ, തങ്ങൾ ആക്രമിക്കപ്പെട്ടാലും നീതി ലഭിക്കില്ല, തങ്ങൾക്കൊപ്പം ആരുമില്ല എന്ന തോന്നൽ സ്ത്രീകൾക്കിടയിൽ ശക്തമാണ്.
പ്രത്യേകിച്ച് പെൺകുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച് മാതാപിതാക്കൾ അടങ്ങുന്ന കുടുംബം ഭയപ്പാടിലാണ്. പെൺമക്കൾ പുറത്തിറങ്ങുമ്പോൾ കുടുംബത്തിലുള്ളവർ ഭയപ്പാടോടെയാണ് അവരുടെ സുരക്ഷയെക്കുറിച്ച് ഓർക്കുന്നത്. ഒരു പെൺകുട്ടിക്ക് കുടുംബത്തിനകത്തോ പുറത്തോ കോളജിലോ സുഹൃത്തുക്കൾക്കിടയിലോ വിശ്വാസപൂർവം ഇത്തരം കാര്യങ്ങൾ പങ്കുവെക്കാൻ കഴിയുന്നില്ല. അതിന്​ കാരണം നമ്മുടെ സദാചാരബോധത്തിലെ കാപട്യമാണ്. 
ഒരു പെൺകുട്ടി തന്നോട് ഒരാൾ മോശമായി പെരുമാറി എന്നുപറഞ്ഞാൽ ‘നീ നോക്കിയിട്ടല്ലേ കണ്ടത്, മറ്റു പെൺകുട്ടികൾക്ക് ഇങ്ങനെയൊന്നും വരുന്നില്ലല്ലോ’ എന്നു ചോദിക്കുന്ന മാതാപിതാക്കളുണ്ട്. ഒരു തരത്തിലുള്ള സുരക്ഷയും ലഭിക്കുന്നില്ലെന്ന ബോധം മിക്കവാറും കുടുംബത്തിൽനിന്നാണ് പെൺകുട്ടികളിലേക്ക്​ വരുന്നത്​. പെൺകുട്ടികൾ അടങ്ങിയൊതുങ്ങി നടന്നാൽ അതിക്രമങ്ങളൊന്നും ഉണ്ടാകില്ലെന്ന ബോധമാണ് മാതാപിതാക്കളിൽ, പ്രത്യേകിച്ച് അമ്മമാരിൽ ഉണ്ടാകുന്നത്. ഏറ്റവും വിദ്യാസമ്പന്നരായ അമ്മമാരൊഴികെ സാധാരണക്കാർക്കിടയിലെ ചിന്താഗതി ഇതാണ്. ഇതുതന്നെയാണ് അധ്യാപകർക്കിടയിലുമുള്ള ചിന്ത. 
ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന കേസിലെ പെൺകുട്ടിയുടെ കാര്യത്തിലും ചിലരെങ്കിലും ചോദിക്കുകയുണ്ടായി, ‘അവൾക്ക്​ ഇതൊക്കെ തുറന്നു പറയാമായിരുന്നില്ലേ’ എന്ന്​. ഇതുതന്നെയാണ് നമ്മൾ കാലങ്ങ‍ളായി ചോദിച്ചുകൊണ്ടിരിക്കുന്നത്. സാധാരണക്കാര​​​​െൻറ സംശയമാണിത്​. എന്നാൽ, ഈ പെൺകുട്ടിക്ക് മിണ്ടാനുള്ള സാഹചര്യം ഉണ്ടായിരുന്നോ, അതിനുള്ള ധൈര്യം ഉണ്ടായിരുന്നോ, ഇങ്ങനെ തുറന്നു പറയാവുന്ന രീതിയിലാണോ ഈ കുട്ടി വളർത്തപ്പെട്ടത് എന്നീ ചോദ്യങ്ങൾ  ബാക്കിയാവുകയാണ്​.

കത്തോലിക്ക പുരോഹിതരും മദ്​റസ പുരോഹിതരും ആത്മീയാചാര്യന്മാരും സന്യാസിമാരും അടങ്ങുന്ന ഒരു സമൂഹം വിശ്വാസത്തെയും ദൈവത്തെയും ചൂഷണം ചെയ്താണ് കുട്ടികളെ പീഡിപ്പിക്കുന്നത്​. ഒരുപക്ഷേ, സാധാരണ ഒരു കുറ്റവാളി ബലാത്സംഗം ചെയ്യുന്നതിനേക്കാൾ ഇരട്ടി തെറ്റാണ്​ ഇവർ ചെയ്യുന്നത്. അവർ വിശ്വാസത്തെ ചൂഷണം ചെയ്യുന്നു. ശക്തമായ വിശ്വാസവും ദൈവത്തോട് ബന്ധപ്പെട്ട കാര്യങ്ങളുമാണ്​ ആളുകളെ പുരോഹിതരോട് അടുപ്പിക്കുന്നത്​. അങ്ങനെ അടുപ്പിക്കപ്പെട്ട അവസ്ഥയെയാണ് ഇവർ ചൂഷണം ചെയ്യുന്നത്. ഇതൊക്കെതന്നെ അന്ധവിശ്വാസം കൊണ്ടും സംഭവിക്കുന്നു. സമൂഹത്തിൽ ഒരുപാട് കപടദൈവങ്ങളുണ്ട്. ഈ കപട ദൈവങ്ങളുണ്ടാക്കുന്ന അന്ധവിശ്വാസത്തി​​​​െൻറ കുഴപ്പവുമുണ്ട്. വിദ്യാസമ്പന്നരെപോലും അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ കാര്യങ്ങൾ കുടുക്കുന്നുണ്ട്​. ഈ കുട്ടിയും പറയുന്നുണ്ട്, വീട്ടിൽനിന്ന് 40ലക്ഷം രൂപ തട്ടിയെടുത്തുവെന്ന്​. ആ കുട്ടിയുടെ അമ്മ കൂട്ടുനിന്നു എന്നുപറയുന്നതും പുറത്തുകൊണ്ടുവരേണ്ടതാണ്. എന്തായാലും ഇതിൽ വിശ്വാസം പ്രധാന ഘടകമാണ്. വിശ്വാസത്തിനു വേണ്ടി കുട്ടികളെ ബലികൊടുക്കാൻവരെ തയാറാകുന്ന മാതാപിതാക്കളാണ് നമുക്കുള്ളത്.  

വിദ്യാസമ്പന്നരുള്ള കേരളത്തിൽപോലും വിശ്വാസത്തിനുവേണ്ടി കുട്ടികളെ ബലികൊടുക്കാമെന്നു ചിന്തിക്കുന്ന മാതാപിതാക്കളുണ്ട്. അത്ര അവബോധം മാത്രമേ കേരള സമൂഹത്തിനുമുള്ളൂ. പെൺകുട്ടിയായാലും ആൺകുട്ടിയായാലും തങ്ങൾക്കുനേരെ നടക്കുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച്​ തുടക്കം തൊട്ടുതന്നെ ധൈര്യമായി പറയാവുന്ന അന്തരീക്ഷമുള്ള കുടുംബമാവണം, സ്കൂളാവണം. അതിനുതക്ക സുഹൃത്തുക്കളുണ്ടാവണം. ആത്മീയാചാര്യന്മാരെക്കുറിച്ചൊന്നും കുട്ടികൾ തുറന്നു പറയില്ല. കാരണം, കുടുംബം ദൈവമായി കാണുകയാണ്​. അവരിൽനിന്ന്​ തനിക്കുനേരെ അതിക്രമമുണ്ടായി എന്നു പറഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ, അതോർത്ത്​ അക്കാര്യം മൂടിവെക്കും. ഇത്തരം ആളുകളോടുള്ള സമൂഹത്തി​​​​െൻറ ആരാധനയും കുട്ടികളെ ആശയക്കുഴപ്പത്തിലാക്കും. മറ്റൊന്ന് ഇവർ ഭയപ്പെടുത്തുന്നതാണ്. കൊല്ലുമെന്ന്​ മാത്രമല്ല, സ്വഭാവം മോശമാണെന്ന്​ പറഞ്ഞു പ്രചരിപ്പിക്കുമെന്ന ഭയം.സത്യത്തിൽ, ഈ കുട്ടി ചെയ്ത കാര്യം സ്വയം രക്ഷക്കാണ്. പക്ഷേ, നമ്മുടെ നിയമങ്ങളുടെ കുരുക്ക് ഇനി ഏതു വിധത്തിലായിരിക്കും വരുകയെന്ന് ഉത്കണ്ഠയുണ്ട്. നിയമം കൈയിലെടുത്തു എന്നതായിരിക്കും ഈ കുട്ടിക്കെതിരെ വരാൻ പോകുന്ന കുരുക്ക്. 

അങ്ങനെവന്നാൽ നമ്മുടെ നിയമവ്യവസ്ഥ ഈ കുട്ടിയേയും ശിക്ഷിക്കും, പ്രതിയേയും ശിക്ഷിക്കും. അതേസമയം, അവൾ നിയമം കൈയിലെടുക്കാതെ സ്വയം പീഡിപ്പിക്കപ്പെടാൻ വിധേയയായിരുന്നുവെങ്കിൽ അവൾക്ക് നീതി ലഭിക്കുകയുമില്ല. ഇങ്ങ​െനയുള്ള വിഷമവൃത്തമാണ് ഇൗ കേസിനെ ചുറ്റിപ്പറ്റി നിലനിൽക്കുന്നത്. അവൾ നിയമം കൈയിലെടുത്തില്ല, ഉപദ്രവിച്ചില്ല എങ്കിൽ പീഡിപ്പിക്കപ്പെടും. പീഡിപ്പിക്കപ്പെട്ടാൽ നീതി ലഭിക്കുമോ? ഇല്ലെന്നാണ് ചരിത്രം നമ്മോട്​ പറയുന്നത്​. ജിഷ കേസായാലും സൗമ്യ കേസായാലും നമുക്കിത് കാണാവുന്നതാണ്. ജിഷ കേസിൽ പിടിയിലായ ആളാണ്​ യഥാർഥ കുറ്റവാളിയെന്ന്​ പൊതുസമൂഹം ഇപ്പോഴും വിശ്വസിക്കുന്നില്ല. ആര് എന്ന ശക്തമായ ചോദ്യം ഉന്നയിച്ചാലും ശരിയായ പ്രതി പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യില്ല. അതുകൊണ്ട്, കുട്ടിയെ സംബന്ധിച്ച് ഇനി നിയമവ്യവസ്ഥ ഏതുതരത്തിലുള്ള നിലപാടെടുക്കുന്നു എന്നത് പ്രസക്തമാണ്. 

നിയമം വ്യാഖ്യാനിക്കുന്ന വക്കീലും വിധിപറയുന്ന ന്യായാധിപനും വെറും തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമല്ല ചിന്തിക്കേണ്ടത്. സക്രിയമായി ചിന്തിക്കണം. വളരെ അധികം ആക്ടിവിസം അതിലുണ്ടാകണം. ജസ്​റ്റിസ് കൃഷ്ണയ്യർ പറഞ്ഞ ‘ജുഡീഷ്യൽ ആക്ടിവിസം’ ഇത്തരം കാര്യങ്ങളിൽ വ്യത്യസ്ത നിലപാടെടുക്കാൻ പ്രേരിപ്പിക്കണം. നിയമത്തിൽ മാറ്റംവരുത്തിക്കൊണ്ടുതന്നെ പരിരക്ഷ ഉണ്ടാക്കാം. ഇവർ വർഗീയ കലാപത്തിനുവേണ്ടി ആയുധം എടുത്തതല്ല. വധിക്കാനോ ബോധപൂർവം ഉപദ്രവിക്കാനോ ആയുധമെടുത്തതല്ല. അവൾ അനുഭവിച്ചുവന്ന പീഡനത്തിൽനിന്ന് രക്ഷപ്പെടാൻ സ്വയംരക്ഷക്കുവേണ്ടി ചെയ്തതാണ്. അതുകൊണ്ടുതന്നെ, കേരളം ഉറ്റുനോക്കുന്നത് പ്രതിയെ ശിക്ഷിക്കുന്നു എന്നതല്ല. കാരണം, അയാൾക്ക് നിയമത്തിനു മുന്നിൽ പരിരക്ഷ കിട്ടില്ല. ഈ പെൺകുട്ടിക്ക് ഏതു രീതിയിൽ നിയമം പരിരക്ഷ കൊടുക്കും എന്നതിലാണ്​ പൊതുസമൂഹത്തി​​​​െൻറ ആകാംക്ഷ. 

ഈ സംഭവം കേട്ട സ്ത്രീകൾ വളരെ സന്തോഷം പ്രകടിപ്പിച്ചു. ‘അങ്ങനെ തന്നെ വേണം’ എന്ന പ്രതികാരദാഹമല്ല അതിനു പിറകിൽ. ധൈര്യം സംഭരിച്ച് പ്രതികരിക്കാൻ ഒരു കുട്ടിക്കെങ്കിലും സാധിച്ചല്ലോ എന്ന ആശ്വാസവും സന്തോഷവുമാണ്​.

Tags:    
News Summary - sara joseph on male

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.