രണ്ടുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റുന്നതും ഭവാന്‍...
തമിഴകത്തിന്‍റ കാര്യത്തില്‍ പുന്താനം പാടിയത് ശരിയെന്ന് വേണം കരുതാന്‍. ഒരു രാഷ്ട്രീയനേതാവിന്‍റ ഉദയവും പതനവും എത്ര വേഗത്തിലാണ്. അഴിമതികേസില്‍ സുപ്രിംകോടതി വിധി വന്നതോടെ ശശികലയുടെ മുഖ്യമന്ത്രി മോഹം പകല്‍ കിനാവായി മാറി. പത്തു വര്‍ഷത്തേക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും മല്‍സരിക്കാന്‍ കഴിയില്ല. പത്തു വര്‍ഷം കഴിയുമ്പോള്‍ രാഷ്ട്രിയം മാറും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തന്നെയാണ് ജയിലിലേക്ക് പോകുന്നതെങ്കിലും എത്രകാലം പാര്‍ട്ടിയില്‍ ആധിപത്യം നിലനിര്‍ത്താനാകുമെന്നതും പ്രവചിക്കാനാകില്ല. അതിനാല്‍ തന്നെ തമിഴകത്തിന്‍റെ ചിന്നമ്മയാകാനുള്ള മോഹങ്ങള്‍ തല്‍ക്കാലം കെട്ടടങ്ങും. ഇതേസമയം, ജയലളിതക്ക് എതിരായ അഴിമതി കേസ് എന്നും ഒ.പന്നീര്‍ശെല്‍വത്തിന് അനുഗ്രമായിരുന്നു. ആരുമറിയാതിരുന്ന പന്നീർ സെല്‍വം രണ്ടു തവണ മുഖ്യമന്ത്രി കസേരയില്‍ എത്തിയതിങ്ങനെയാണ്.
തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.ഡി.എം.കെ.യുടെയുടെ സര്‍വ്വവുമായിരുന്ന ജയലളിതയുടെ മരണത്തിന്‍റ ദു:ഖം മാറും മുമ്പാണ് അവരുടെ നിഴലായി മുന്നുപതിറ്റാണ്ട് കാലം ഒപ്പം നിന്ന വി.കെ.ശശികല പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. ഡിസംബര്‍ 26നായിരുന്നു അത്. ഇതിന് മുമ്പും പാര്‍ട്ടിയില്‍ ഒരു പദവിയും വഹിക്കാത്ത അവര്‍ ഒറ്റ ദിവസം കൊണ്ടാണ് ജയലളിതയുടെ കസരേയില്‍ എത്തിയത്. ഇതേസമയം, മുഖ്യമന്ത്രിയായി ഒ.പന്നീർസെല്‍വം ജയലളിത മരിച്ച അന്ന് തന്നെ അധികാരമേറ്റിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയും ജനറല്‍ സെക്രട്ടറിയും രണ്ട് അധികാര കേന്ദ്രങ്ങളാകുന്നുവെന്ന് ഒപ്പമുള്ളവര്‍ ചിലര്‍ കാതിലോതിയതോടെയാണ് ചിന്നമ്മയെന്ന തോഴിക്ക് മുഖ്യമന്ത്രിയാകണമെന്ന മോഹം ഉദിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ ഭര്‍ത്താവ് നടരാജന്‍ ഇതിനായി ചരട് വലിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം. ഫെബ്രുവരി അഞ്ചിനാണ് ശശികല നടരാജനെ പാര്‍ട്ടി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. സത്യപ്രതിഞ്ജക്ക് സമയവും കുറിച്ചു.
ഇതിനിടെയിലാണ്, ജയലളിതയെ സംസ്കരിച്ച മറീന ബീച്ചിലെ സമാധിയില്‍ മുഖ്യമന്ത്രി പന്നീർസെൽവം എത്തിയതും മൗന പ്രാര്‍ഥന നടത്തിയതും. തന്നെ നിര്‍ബന്ധിച്ചാണ് രാജിവെപ്പിച്ചതെന്ന് പറഞ്ഞതും ഇവിടെ വെച്ചാണ്. ശശികലയടങ്ങുന്ന അഴിമതി കേസില്‍ ഉടന്‍ വിധി പറയുമെന്ന സുപ്രിംകോടതി അറിയിച്ചതാകണം പന്നീർസെൽവത്തിന്‍റ ഉള്‍വിളിക്ക് കാരണമെന്നാണ് പറയുന്നത്. എന്തായാലും അതോടെ, രാഷ്ട്രിയ കളം മാറി. തര്‍ക്കം പിടിവള്ളിയാക്കി ഗവര്‍ണര്‍ തീരുമാനമെടുക്കുന്നത് വൈകിപ്പിച്ചു. അതില്ലായിരുന്നുവെങ്കില്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്ന രണ്ടാമത് തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല മാറുമായിരുന്നു. നേരത്തെ മുഖ്യമന്ത്രിസ്ഥാനം പന്നീർസെല്‍വത്തെ ഏല്‍പ്പിച്ച് ജയലളിത ബാങ്കളൂരുവിലെ അഗ്രഹാര ജയിലിലേക്ക് പോകുമ്പോള്‍ തോഴിയായി അന്നും ശശികല ഉണ്ടാകുമായിരുന്നു. തോഴിയില്‍ നിന്നും മുഖ്യമന്ത്രിയായി ജയിലിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ പന്നീർസെല്‍വത്തിനായി.
21 വര്‍ഷം മുമ്പാണ് അഴിമതി കേസുണ്ടാകുന്നത്. അന്ന് ജനാതാപര്‍ട്ടി പ്രസിഡന്‍റായിരുന്ന ഇപ്പോഴത്തെ ബി.ജെ.പി നേതാവ് ഡോ.സുബ്രമണ്യം സ്വാമിക്ക് ജയലളിതയെ പ്രോസിക്യുട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കുന്നതോടെയാണ് കേസിന്‍റ തുടക്കം. 1995 ഏപ്രില്‍ ഒന്നായിരുന്നു ഇതു. ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്തു മുഖ്യമന്ത്രി ജയലളിത ഹൈ കോടതിയെ സമീപിച്ചുവെങ്കിലും അനുകൂല വിധികിട്ടിയില്ല. 1996ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ഡി.എം.കെ അധികാരത്തില്‍ വന്നതോടെ അഴിമതി കേസുകളില്‍ അന്വേഷണമായി. കളര്‍ ടിവി കുംഭകോണ കേസില്‍ ജയലളിത അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് പോയസ് ഗാര്‍ഡനിലെ അവരുടെ വീട്ടില്‍ റെയ്ഡ് നടക്കുന്നത്. ചെരുപ്പുകളുടെയും സ്വര്‍ണത്തിന്‍റയും മറ്റും കണക്കുകള്‍ പുറത്തു വരുന്നതും അങ്ങനെയാണ്. അഴിമതി കേസിന്‍റെ വിചാരണക്കായി പ്രത്യേക കോടതിയും സ്ഥാപിക്കപ്പെട്ടു. 2001ലെ തെരഞ്ഞെടുപ്പില്‍ ജയലളിതക്ക് അയോഗ്യത കല്‍പ്പിക്കപ്പെട്ടതും അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു. നാലിടത്ത് പത്രിക നല്‍കിയെിലും നിരസിച്ചു. പിന്നിട് വിധി ഹൈകോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് 2001ല്‍ എം.എല്‍.എ അല്ലാതിരുന്ന ജയലളിത മുഖ്യമന്ത്രിയായത്. ഈ കേസിലെ രണ്ടാം പ്രതിയാണ് ശശികല.
അഴിമതി കേസില്‍പ്പെട്ട് ജയലളിതക്ക് രണ്ടു തവണ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടുവെങ്കില്‍ ശശികലക്ക് ആ കസേരയിലേക്ക് എത്തുന്നതിനും തടസമായത് അതേ കേസ് തന്നെ. 2001ല്‍ ജയലളിതക്കൊപ്പം കേസിലെ മറ്റു പ്രതികള്‍ക്കും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനും അയോഗ്യതയുണ്ടായിരുന്നു. കേസ് സുപ്രിംകോടതി പരിഗണിക്കുന്നുവെന്നറിഞ്ഞ് തന്നെയാണ് മിണ്ടാപൂച്ചയായിരുന്ന പന്നീർസെല്‍വം ആഞ്ഞടിച്ചത്. അഴിമതി കേസില്‍ വിചാരണ നേരിടുന്ന എം.എല്‍.എ പോലുമല്ലാത്തയാളെ മുഖ്യമന്ത്രിയാക്കിയെന്ന പഴിയില്‍ നിന്നും രക്ഷപ്പെടാന്‍ ഗവര്‍ണര്‍ക്കും ഇതു വൈക്കോല്‍ തുരുമ്പായി. ഒമ്പത് ദിവസത്തിന് ശേഷം ശശികലക്ക് പാര്‍ട്ടി നിയമസഭാകഷി നേതാവ് പദവി ഒഴിയേണ്ടിയും വന്നു. ഇത്രയും ചുരുങ്ങിയ നാള്‍ പാര്‍ട്ടി നിയമസഭാ കഷി നേതാവയിരുന്ന വനിതയെന്നതും മറ്റൊരു ചരിത്രമാകും.
ഇനിയാണ്, തമിഴകം യഥാര്‍ഥ രാഷ്ട്രിയത്തിലേക്ക് പോകുന്നത്. അഴിമതി കേസ് എന്നൊരു കാരണം ഇന്നു വരെ ശശികലക്ക് മേലുണ്ടായിരുന്നു. എന്നാല്‍, പുതിയ അവരുടെ നിയമസഭ കഷി നേതാവ് എടപ്പാടി പഴനിസ്വാമിയെ ഗവര്‍ണര്‍ക്ക് മാറ്റി നിര്‍ത്താനാകുമോ? ഭൂരിപക്ഷം എം.എല്‍.എരുടെ പിന്തുണയോടെയാണ് എടപ്പാടി ഗവര്‍ണര്‍ക്ക് കത്തു നല്‍കിയത്. ഇതേസമയം, മറുഭാഗത്ത് കാവല്‍ മൂഖ്യമന്ത്രി പന്നീർസെല്‍വവും അവകാശവാദം നേരത്തെ ഉന്നയിച്ചിട്ടുണ്ട്. തന്നെ ഭീഷണിപ്പെടുത്തിയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാജികത്തില്‍ ഒപ്പ് വാങ്ങിയതെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. ഇതോടപ്പം പാര്‍ട്ടിയിലെ പിളര്‍പ്പ് യാഥാര്‍ഥ്യമാകുകയും ചെയ്തു. നിലവിലെ മുഖ്യമന്ത്രിയെന്ന നിലയില്‍ പന്നീർസെല്‍വത്തിന് വിശ്വാസ വോട്ട് തേടാന്‍ ആദ്യം അവസരം നല്‍കിയാല്‍ കാര്യങ്ങള്‍ മാറി മറിയും. നിലവിലെ മുഖ്യമന്ത്രിക്ക് വിശ്വാസ വോട്ട് തേടാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്തയാള്‍ എന്നാണ് കീഴ്വഴക്കം. പക്ഷെ, ഇവിടെ പന്നീർസെല്‍വം രാജിവെച്ചിരുന്നുവെന്ന പ്രശ്നമുണ്ട്.
ഇതേസമയം, ശശികലയില്‍ നിന്നും എടപ്പാടിയിലേക്ക് എത്തുമ്പോള്‍ ഐക്യത്തില്‍ വിള്ളലുണ്ട്. ശശികലക്ക് എതിരായ കോടതി വിധി വന്നതോടെ എം.എല്‍.എമാര്‍ മറുകണ്ടം ചാടി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സ്ഥാനം മോഹിച്ച ധാരാളം പേര്‍ ആ ക്യാമ്പിലുണ്ട്. ഇതിനൊക്കെ ചരട് വലിച്ച ലോകസഭ ഡപ്യുട്ടി സ്പീക്കര്‍ തമ്പിദുരൈയും മുഖ്യമന്ത്രി സ്ഥാനം മോഹിച്ചിരിക്കാം. അതോ എടപ്പാടിയെ തല്‍ക്കാലം മുഖ്യമന്ത്രിയാക്കിയ ശേഷം ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ രംഗത്ത് എത്തുമോ? തമിഴകമാണ് ഒന്നും പറയാനാകില്ല.
ഒന്നുറുപ്പ്, ആരു മുഖ്യമന്ത്രിയായാലും അഞ്ചു വര്‍ഷത്തേക്ക് ഭരണം നീളില്ല. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് തമിഴകത്ത് പുതിയൊരു നേതൃത്വം വരുന്നത്. ഇത്രയും കാലം പാര്‍ട്ടിയിലും ജനങ്ങള്‍ക്ക് മേലും സ്വാധീനമുള്ള നേതാക്കളായിരുന്നു മുഖ്യമന്ത്രിമാര്‍. ജയലളിതക്ക് പകരം പന്നീര്‍ശെല്‍വം അധികാരത്തിലിരുന്നപ്പോഴും അവസാന വാക്ക് അമ്മയുടെതായിരുന്നു. ഇനി അങ്ങനെ ഒരാള്‍ ഉണ്ടാകില്ല. തമിഴക രാഷ്ട്രിയം മാറുകയായിരിക്കാം ഇതോട് കൂടി. കാത്തിരിക്കാം ഗവര്‍ണറുടെ തീരുമാനത്തിനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.