വാകപ്പൂക്കള്‍ ചിതറിയ പുല്‍ത്തകിടി. മൈലാഞ്ചിചെടികള്‍ കാവല്‍നില്‍ക്കുന്ന നടപ്പാത. രാജഭരണ കാലത്തോളം പഴക്കമുള്ള മരപ്പടികളില്‍ താളംപിടിക്കുന്ന പാദസരം. ഇടനാഴികളില്‍ അലസമായി പറക്കുന്ന ദുപ്പട്ട. കാമ്പസിലേക്ക് മുടങ്ങാതെയെത്താൻ പ്രേരിപ്പിക്കുന്ന ഇത്തരം കാഴ്ചകളൊന്നുമില്ലാത്ത ഒരുപാട് കോളജുകളുണ്ട് ഈ നാട്ടില്‍. മഗ്നീഷ്യവും മാധവിക്കുട്ടിയും മാഗ്നറ്റും മാര്‍ക്സും പാനിപ്പട്ട് യുദ്ധവും പാറ്റായുടെ ഹൃദയവുമൊക്കെയല്ലാതെ വേറൊന്നും കാണാനോ കേള്‍ക്കാനോ ഇല്ലാത്ത സ്ഥലങ്ങള്‍. തലകുത്തി നിന്ന് ആലോചിച്ചാലും ഓര്‍മയിലേക്ക് ഒരു കാക്കക്കരച്ചിലിന്‍െറ അനുഭവംപോലും വരാത്ത പഠിപ്പിടങ്ങള്‍.
വൈശാലിയെ കണ്ടപ്പോള്‍ ഋശ്യശൃംഗനുണ്ടായതരം ജിജ്ഞാസ രക്തത്തില്‍ കലര്‍ന്നുതുടങ്ങുന്ന പ്രായത്തില്‍ എത്തുന്ന പിള്ളേര്‍ അവിടെ സ്വയമൊരു ലോകം പണിയുകയാണ് പതിവ്. ഇവിടെ കാണുന്നതൊക്കെ അവര്‍ക്ക് കൗതുകങ്ങളായിരിക്കും. സ്കൂള്‍ ജീവിതത്തിന്‍െറ അച്ചടക്കത്തില്‍നിന്ന് സര്‍വസ്വാതന്ത്ര്യത്തിലേക്കുള്ള എടുത്തെറിയലായിരുന്നു പണ്ടത്തെ ഓരോ കോളജ് അഡ്മിഷനും. പത്താംക്ളാസ് വരെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടുന്നവനായിരുന്നു ഹീറോ. പക്ഷേ, കാമ്പസില്‍ അവന്‍ വെറും സീറോയോണ്. പുസ്തകപ്പുഴുവെന്ന് സ്റ്റാമ്പടിച്ച് തള്ളപ്പെടുന്ന ഇവരെ പിന്നീട് ആരെങ്കിലും ഓര്‍ക്കണമെങ്കില്‍ വല്ല ഐ.എ.എസോ ഐ.പി.എസോ കിട്ടണം.
സ്കൂള്‍ ജീവിതം ക്ലാസ് മുറിക്കുള്ളിലാണെങ്കില്‍ കോളജ് ജീവിതം കാമ്പസിലാണെന്നതാണ് കാരണം. ഓര്‍ത്തിരിക്കപ്പെടണമെങ്കില്‍ അവിടെ എന്തെങ്കിലും ചെയ്തിരിക്കണം. പണ്ടൊക്കെ കാര്യങ്ങള്‍ വളരെയെളുപ്പമായിരുന്നു. കോളജ് ഇലക്ഷന് ഒരു കിടിലന്‍ പ്രസംഗം അല്ലെങ്കില്‍ മാഗസിനില്‍ ഒരു ഉശിരന്‍ കവിത പിറ്റേന്നുമുതല്‍ കാമ്പസ് നമ്മുടെ കൈവെള്ളയിലിരിക്കും. കോളജ് മിക്സഡാണെങ്കില്‍ പിന്നെ പറയാനുമില്ല. വാലിട്ടെഴുതിയ നീല കടക്കണ്ണുകള്‍ രാത്രി സ്വപ്നത്തില്‍വന്ന് രാവിലെ തന്നെ കോളജിലേക്ക് വരണേയെന്ന് നിര്‍ബന്ധിച്ചുകൊണ്ടിരിക്കും.
ആണത്തം മാത്രമുള്ള കാമ്പസാണെങ്കില്‍ ഹീറോകള്‍ക്ക് പണി കൂടുതലാണ്. ഇലക്ഷന്‍ പ്രഖ്യാപിക്കുന്ന ദിവസം തന്നെ എതിരാളികളുടെ രണ്ട് പല്ല് നിലത്തിട്ടിരിക്കണം. സമരത്തിനിടെ പൊലീസ് ജീപ്പിന്‍െറ കാറ്റഴിച്ചുവിടുകയോ ലോക്കല്‍ എസ്.ഐയുടെ തൊപ്പിയുമായി കാമ്പസിലേക്ക് ഓടുകയോ വേണം. എല്ലാ ക്ലാസിലും കയറുന്നവന്‍ തീര്‍ച്ചയായും ആണായി അംഗീകരിക്കപ്പെടില്ല. സ്റ്റാറും സൂപ്പര്‍സ്റ്റാറും മെഗാസ്റ്റാറും പോലെ കാമ്പസിലെ ഹീറോകളും പലതരമുണ്ട്. കോളജിന്‍െറ മൊത്തം ഹീറോ, ക്ലാസിലെ ഹീറോ, ചെറിയ ഗ്രൂപ്പുകളിലെ ഹീറോ എന്നിങ്ങനെ. ചെറിയ ഹീറോ ആകാന്‍ വലിയ പണിയൊന്നുമില്ല. രണ്ട് പുതിയ പാന്‍റും ഷര്‍ട്ടും വാങ്ങുകയും അടുപ്പിച്ച് രണ്ടുദിവസം ഉച്ചക്ക് കൂട്ടുകാര്‍ക്ക് ഊണു വാങ്ങിക്കൊടുക്കുകയും ചെയ്താല്‍ മതി.
സ്വാതന്ത്ര്യ സമരം, അടിയന്തരാവസ്ഥ, പ്രീഡിഗ്രി ബോര്‍ഡ് സമരം, വിളനിലം സമരം തുടങ്ങിയവയൊക്കെ കഴിഞ്ഞതോടെ കാമ്പസുകളിലുള്ളവര്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ലാതായി. മാത്രമല്ല പണ്ട് കാമ്പസുകള്‍ അടക്കിവാണവരില്‍ ചിലര്‍ അവതാര ലക്ഷ്യം തെറ്റി കോളജ് അധ്യാപകരും മറ്റുമായി. സമരം വരുമ്പോള്‍ കുട്ടികള്‍ ഉന്നം പരീക്ഷിക്കാറുള്ള മേച്ചിലോടിനും ജനല്‍ ചില്ലിനുമൊക്കെ വില കൂടിയതറിഞ്ഞ് ടെന്‍ഷനടിച്ച് തുടങ്ങിയ മാനേജ്മെന്‍റ് ഇത്തരം അധ്യാപകരെ ഒപ്പം നിര്‍ത്തി വിദ്യാര്‍ഥികളെ മെരുക്കി. മുള്ളിനെ മുള്ളുകൊണ്ടു വേണമല്ലോ എടുക്കാന്‍. പ്രീഡിഗ്രി നിര്‍ത്തലാക്കുക കൂടി ചെയ്തപ്പോള്‍ പണി പൂര്‍ത്തിയായി. കാമ്പസ് രാഷ്ട്രീയത്തിന്‍െറ പിടലിക്ക് കോടതിയുടെ പിടികൂടി വീണപ്പോള്‍ നമ്മുടെ കോളജുകള്‍ ചൈന കൈയേറിയ തിബത്തിന്‍െറ അവസ്ഥയിലായി.
വിഷു വരുമ്പോഴൊക്കെ കണിയൊരുക്കുംപോലെ വിദ്യാര്‍ഥി സമരത്തിനിടെ ബസ് മറിച്ചിടുകയെന്നത് ഒരനുഷ്ഠാനമായിരുന്ന കാലമുണ്ടായിരുന്നു ഇവിടെ. മാപ്പിള ഖലാസികളെ നാണിപ്പിക്കുന്ന സാങ്കേതിക വിദ്യയായിരുന്നു ഇതിനുപയോഗിച്ചിരുന്നത്. ഒരു വശത്തെ ചക്രങ്ങളുടെ കാറ്റഴിച്ചുവിടും. എന്നിട്ട് ബസിന്‍െറ പടുത കീറി ആ വശത്തെ ജനലിന്‍െറ തൂണില്‍ കെട്ടും. പിന്നെ ആട്ടിയാട്ടി ഒറ്റവലി. കഴിഞ്ഞു. ഇപ്പോള്‍ ഇങ്ങനെയൊരു കാര്യം ചിന്തിക്കാന്‍പോലും കഴിയില്ല. കുട്ടികളുടെ സാമൂഹികബോധം ഉയര്‍ന്നതോ ബസുകള്‍ പടുത മാറ്റി ഷട്ടറുകള്‍ ഘടിപ്പിച്ചു തുടങ്ങിയതോ അല്ല ഇതിനു കാരണം. പടുത കെട്ടിയ ശേഷം അതില്‍ പിടിച്ചുവലിക്കാവുന്ന പരമാവധി കുട്ടികള്‍ എത്ര പരിശ്രമിച്ചാലും ബസ് വീഴില്ല എന്നതാണ്. അഥവാ ബിസ്കറ്റും ബന്നും തിന്നിട്ട് കോളജില്‍ വരുന്നവര്‍ക്ക് അതിനുള്ള ത്രാണിയില്ല. പൊതുസ്വത്തിന് ഇത് നല്ലതാണ്. പക്ഷേ കുഴപ്പം വേറെയാണ്.
മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്നുപറയുന്നതുപോലെ അല്‍പം ആരോഗ്യവും ആകാരഭംഗിയുമുള്ളവനൊക്കെ ബുദ്ധിയില്ലെങ്കിലും കാമ്പസില്‍ ആളാവാന്‍ തുടങ്ങി. പണ്ടൊന്നും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തവിധം പകര്‍ച്ചവ്യാധിപോലെ ഈ രീതി പടര്‍ന്നു. കാമ്പസിന് ശരീരം പണ്ടൊരു പ്രശ്നമേയായിരുന്നില്ല. പഴയ കാമ്പസ് സിനിമകളിലെ നായകര്‍പോലും സാധാരണ ശരീര പ്രകൃതിയുള്ളവരായിരുന്നു. മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമാകാന്‍ ഒരു ബൈക്ക് കൊണ്ടുനടക്കുമായിരുന്നു അവര്‍. ഇപ്പോള്‍ ബൈക്കുകാരെ മാത്രമായി ആരും മൈന്‍ഡ് ചെയ്യാറില്ല. അതേസമയം മസില്‍, മണി, മോട്ടോര്‍ അഥവാ എം ക്യൂബിനെ കാമ്പസ് രണ്ട് കൈയും നീട്ടി സ്വീകരിക്കും. ഇതില്‍ അവസാനത്തെ രണ്ടെണ്ണം അല്‍പം സാഹസിക മനസ്സുള്ള ആര്‍ക്കും സംഘടിപ്പിക്കാം. പക്ഷേ, ആദ്യത്തേതിന് എന്തുചെയ്യുമെന്നുചോദിച്ചാല്‍ എന്തും ചെയ്യുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന ഉത്തരം.
കാമ്പസ് ചര്‍ച്ച എന്താവണമെന്ന് തീരുമാനിക്കുന്ന സിനിമ തന്നെയാണ് ഈ ട്രെന്‍ഡിന് പിന്നിലും. പണ്ട് ബ്രൂസ്ലീ സിനിമകള്‍ ഹിറ്റായ കാലത്ത് കരാട്ടെക്കാരും കുങ്ഫൂക്കാരുമായിരുന്നു കാമ്പസ് ഭരിച്ചിരുന്നത്. അക്കാലത്തെ ഓരോ വിദ്യാര്‍ഥി സംഘട്ടനവും ഇവരുടെ മികവ് പരീക്ഷിക്കപ്പെടുന്ന വേദികളായിരുന്നു. ഷോട്ടോക്കാനും ഷോറിന്‍-റിയൂവുമൊക്കെയായി കേരളത്തിലെ ഓരോ വാര്‍ഡിലും കരാട്ടെ ക്ലാസുകള്‍ പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ ബി.എഡുകാരെന്നപോലെ അന്ന് നാട് മുഴുവന്‍ ബ്ലാക്ക് ബെല്‍റ്റുകാരായിരുന്നു. പിന്നീടാണ് വടക്കന്‍ വീരഗാഥയില്‍ ചന്തു ആരോമലിനെ മല്‍സരിച്ച് തോല്‍പിച്ചതും ഉണ്ണിയാര്‍ച്ചയുടെ ഹോസ്റ്റലില്‍ കയറിയതും. അതോടെ കളരിയാണോ കരാട്ടെയാണോ നല്ലതെന്ന ചര്‍ച്ചയായി. കളരി കപ്പല്‍ കയറി കൊറിയയില്‍ ചെന്നപ്പോള്‍ കരാട്ടെയായിയെന്ന വാദത്തിന് ഏറെ പ്രചാരം കിട്ടി. പിന്നീടുള്ള പ്രഭാതങ്ങള്‍ക്ക് കുഴമ്പിന്‍െറ മണവും വായ്ത്താരിയുടെ അകമ്പടിയുമായിരുന്നു. കൂട്ടുകാര്‍ക്കിടയില്‍ ആളാകാനാണ് ഈ പണിക്കൊക്കെ പോയതെങ്കിലും ഭാവി ജീവിതം ഭാസുരമാക്കാന്‍ ഒരുപാട് പേര്‍ക്ക് ഇവ ഉപകരിച്ചു. പൊലീസിലും സൈന്യത്തിലും ഇപ്പോള്‍ സേവമനുഷ്ഠിക്കുന്ന പലരും ഈ രീതിയില്‍ ആരോഗ്യം സംഘടിപ്പിച്ചവരാണ്.
ലോക സിനിമയില്‍ അര്‍ണോള്‍ഡ് ഷ്വാസ്നഗറും സില്‍വസ്റ്റര്‍ സ്റ്റാലോണും വന്നപ്പോഴാണ് അതുവരെ പെണ്ണുങ്ങളുടെ ശരീരത്തിലേക്ക് മാത്രം നോക്കിയിരുന്ന കാമ്പസ് യുവത്വം സ്വന്തം ശരീരത്തിലേക്ക് നോക്കിയത് -ഞെട്ടിപ്പോയി. എന്നാലും വിട്ടില്ല. മമ്മൂട്ടിക്കും മോഹന്‍ലാലിനും രജനീകാന്തിനും അമിതാഭ് ബച്ചനുപോലുമില്ലാത്ത ‘ബോഡി’ തങ്ങള്‍ക്കെന്തിന് എന്ന് ചോദിച്ച് ആശ്വസിച്ചു. അപ്പോഴാണ് ഹിന്ദി സിനിമയില്‍ സല്‍മാന്‍ഖാന്‍ ഷര്‍ട്ടൂരിയത്. തൊട്ടുപിന്നാലെ എത്തിയ ഋത്വിക്റോഷന്‍ തരംഗമായതോടെ ‘മല്ലു യൂത്ത്സ്’ വെളുപ്പിനെഴുന്നേറ്റ് പുഷ്അപ് എടുത്തുതുടങ്ങി. അതുവരെ കാമ്പസുകളില്‍ അമീര്‍ഖാന് പഠിച്ചുകൊണ്ടിരുന്ന ചോക്ലോറ്റ് ബോയ്സ് ക്ലാസ് തുടങ്ങുന്നതിന് അഞ്ചുമിനിറ്റ് മുമ്പുമാത്രം വരാനും കോളജ് വിട്ടാല്‍ ഉടന്‍ വീടുപറ്റാനും പ്രത്യേകം ശ്രദ്ധിച്ചു.
ബസിന് കല്ലെറിഞ്ഞ് ആളാകുന്നതുപോലെയല്ല പുരുഷ സൗന്ദര്യം സ്വന്തമാക്കുന്നതെന്ന് യുവതലമുറ തിരിച്ചറിയുന്നതിനും ഏറെമുമ്പ് തന്നെ ജീവന്‍ടോണ്‍ കമ്പനി ഇവിടെയൊരു അപാര വിപണി സാധ്യത കണ്ടുപിടിച്ചിരുന്നു. ഷോട്ട്പുട്ടുകള്‍ അടുക്കിവെച്ച പോലുള്ള ഒരു ശരീരത്തില്‍ ചിരിക്കുന്ന മുഖമൊരെണ്ണം ഫിറ്റ്ചെയ്ത് നല്‍കിയ പരസ്യത്തിലൂടെ അവര്‍ സകലമാന ആണുങ്ങളെയും വെല്ലുവിളിച്ചു. കുറച്ചു ബോട്ടിലുകള്‍ രഹസ്യമായി കഴിച്ചെങ്കിലും വയറിളകിയത് മാത്രമാണ് പലര്‍ക്കും ഗുണമായി അനുഭവപ്പെട്ടത്.
കാണാന്‍ വലിയ ചേലുള്ള ശരീരമല്ലെങ്കിലും മിനിമം ആരോഗ്യമുള്ളവരായിരുന്നു പഴയ കാമ്പസുകളില്‍ ഉണ്ടായിരുന്നത്. ഇന്നത്തെപ്പോലെ ഊടുവഴികളിലൂടെ ബസ് ഓടിത്തുടങ്ങാത്ത കാലമായിരുന്നു അത്. ബൈക്കുകള്‍ അപൂര്‍വ വസ്തുക്കളായിരുന്നു. എങ്ങോട്ടെങ്കിലും പോകണമെങ്കില്‍ നടപ്പ് തന്നെ ശരണം. ഇതിനൊപ്പം വീട്ടിലെ പച്ചക്കറി കൃഷിക്ക് ചെയ്യുന്ന സഹായവും കല്യാണങ്ങള്‍ക്കും ഉല്‍സവങ്ങള്‍ക്കുമൊക്കെ ശ്രമദാനമായി നടത്തുന്ന പന്തലിടലും മറ്റ് ജോലികളും അവധിക്കാലത്തെ മാവില്‍ കയറ്റവും തോട്ടിലും കുളത്തിലുമുള്ള നീന്തി തിമര്‍ക്കലും ഒപ്പം സമപ്രായക്കാര്‍ ഒത്തുചേര്‍ന്ന് സംഘടിപ്പിക്കുന്ന പലതരം കളികളുമെല്ലാം ചേര്‍ന്ന് ചെറുപ്പത്തില്‍ തന്നെ ശരീരം അത്യാവശ്യം കടുപ്പമുള്ളതാക്കിയിരുന്നു. കപ്പയും ചക്കയും പുഴമല്‍സ്യവുമൊക്കെ തിന്നുന്നവര്‍ എന്തിനും പോന്നവരായി തീര്‍ന്നിരുന്നതില്‍ അദ്ഭുതവുമില്ല. ഇന്നത്തെ ഫുഡ് സപ്ലിമെന്‍റുകളുടെ സ്ഥാനത്ത് അന്ന് ച്യവനപ്രാശവും നെല്ലിക്ക അരിഷ്ടവും അജമാംസരസായനവുമൊക്കെയായിരുന്നു കഴിച്ചിരുന്നത്. ഇന്നത്തെ പോലെ ടി.വിക്ക് മുന്നില്‍ ചടഞ്ഞിരുന്ന് സല്‍മാന്‍ഖാന്‍െറ ബൈസെപ്സ് കണ്ട് അദ്ഭുതം കൂറുന്നതിനു പകരം അത്യാവശ്യം മേലനങ്ങിയതിന്‍െറ ഗുണം പോലിസ് ഓടിക്കുമ്പോഴാണ് മിക്കവാറും പ്രയോജനപ്പെട്ടിരുന്നത്.
സ്പോര്‍ട്സ് പണ്ടേ കാമ്പസുകള്‍ കൈയേറിയിരുന്നുവെങ്കിലും ശാരീരിക ശക്തിക്ക് പ്രാധാന്യം നല്‍കുന്ന ഇനങ്ങള്‍ക്ക് ആരാധകര്‍ വര്‍ധിക്കുന്നത് 1980കളിലാണ്. മധ്യകേരളത്തിലെ കോളജുകളിലെല്ലാം ആ കാലത്ത് ഗുസ്തിഗോദകള്‍ ഉണ്ടായി. ഇവിടെ പരിശീലിച്ച മല്ലന്മര്‍ ഗുസ്തിയെ മതമായി കാണുന്ന ഉത്തരേന്ത്യക്കാരെ പോലും വെല്ലുവിളിക്കാനുള്ള കെല്‍പ് നേടി. 90കളായപ്പോഴേക്കും അമേരിക്കന്‍ റസ്ലിംഗ് എന്ന പേരില്‍ ഇപ്പോഴത്തെ വേള്‍ഡ് റസ്ലിംഗ് എന്‍റര്‍ടൈന്‍മെന്‍റിന്‍െറ ഷോകള്‍ വീഡിയോ കസറ്റ് രൂപത്തില്‍ കാമ്പസ് കീഴടക്കി. ഷോണ്‍മൈക്കിള്‍, ബ്രെറ്റ്ഹാര്‍ട്ട്, ബ്രിട്ടീഷ് ബുള്‍ഡോഗ്, സ്റ്റീവ് ഓസ്റ്റിന്‍, അണ്ടര്‍ടേക്കര്‍, അഹമ്മദ് ജോണ്‍സണ്‍, ടാക്ക മിച്ചിനോക്കു, വേഡര്‍, ബാങ്ബാങ് ബിംബിലോ എന്നിവരൊക്കെ മലയാള സിനിമാതാരങ്ങളെക്കാള്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടു. ജിംനേഷ്യങ്ങള്‍ അങ്ങനെയാണ് യുവാക്കളുടെ മനസ്സിൽ ഇടം നേടിയത്.
പക്ഷേ, യുവാക്കളുടെ ആവശ്യത്തെ ഉള്‍ക്കൊള്ളാനുള്ള കഴിവൊന്നും അന്നത്തെ ജിംനേഷ്യങ്ങള്‍ക്കുണ്ടായിരുന്നില്ല. കരാട്ടെയും കുങ്ഫൂവും പഠിക്കുന്നവര്‍ക്ക് കൈക്കും കാലിനും ചില്ലറ ബലം കിട്ടാന്‍ ആവശ്യമായ കുറച്ച് ഡംബലുകളും ബാര്‍ബെല്ലുകളും പാരലല്‍ ബാറും അബ്ഡൊമൻ എക്സര്‍സൈസിനുള്ള ബെഞ്ചും ഒക്കെയാണുണ്ടായിരുന്നത്. ഇവയെല്ലാം ഒരു ഷെഢിലിട്ടാല്‍ ജിംനേഷ്യമായി. ഇവയാകട്ടെ പല്‍ചക്രങ്ങളും മറ്റും വിളക്കിചേര്‍ത്ത് പ്രാദേശികമായി ഉണ്ടാക്കിയെടുക്കുന്നവയായിരുന്നു. ഇവിടെവരുന്നവര്‍ എങ്ങനെ പരിശീലിക്കണമെന്നത് ഓരോ സ്ഥലത്തെയും ആശാന്മാര്‍ മനോധര്‍മം പോലെ തീരുമാനിച്ചു. ഗാട്ടാ ഗുസ്തിക്കാരുണ്ടെങ്കില്‍ ജിമ്മില്‍ കസര്‍ത്ത് കട്ടയും കാണും. അതെടുത്ത് ചുഴറ്റിയാല്‍ തന്നെ അത്യാവശ്യം വ്യായാമം കിട്ടും. അരക്ക് താഴോട്ടും മുകളിലോട്ടും രണ്ടായി തിരിച്ച് ഓരോ ദിവസവും ഓരോ ഭാഗത്തിന് മാറിമാറി പ്രയോജനം കിട്ടുന്ന വ്യായാമങ്ങള്‍ ചെയ്യുന്നതായിരുന്നു അന്ന് ശാസ്ത്രീയമായി കണക്കാക്കപ്പെട്ടിരുന്നത്. അതിനും അപ്പുറത്തേക്ക് ചിന്തിക്കുന്ന ജിമ്മുകള്‍ അന്നൊക്കെ എറണാകുളം, ആലപ്പുഴ തുടങ്ങിയ നഗരങ്ങളില്‍ മാത്രമാണുണ്ടായിരുന്നത്.
തട്ടിക്കൂട്ട് ജിമ്മുകളില്‍ ദിവസവും മൂന്നും നാലും മണിക്കൂര്‍ വീതം മാസങ്ങളോളം അധ്വനിച്ചുണ്ടാക്കുന്ന ശരീരവും തടിപ്പണിയും തൂമ്പാപ്പണിയുമൊക്കെയായി ജീവിക്കുന്നവരുടെ ശരീരവും തമ്മില്‍ വലിയ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. ഡസന്‍കണക്കിന് കോഴിമുട്ടയുടെ വെള്ളയും മുളപ്പിച്ച കടലയുമൊക്കെ തിന്ന് ക്ഷമയോടെ അധ്വനിച്ചാല്‍ മാത്രമെ ഓരോ മസിലും വേര്‍തിരിഞ്ഞ് വരുമായിരുന്നുള്ളൂ.
ഇതൊക്കെഅനുഭവിച്ചവര്‍ക്ക് ബോഡിബില്‍ഡിംഗ് തമാശകളിയല്ലെന്ന് മനസ്സിലായതോടെ കവിക്കും കലാകാരനും കിട്ടാത്ത ഒരു പ്രത്യേകതരം ആരാധന കാമ്പസില്‍ മസിലന്‍മാര്‍ക്കും കിട്ടിത്തുടങ്ങി. അങ്ങനെയിരിക്കെ രണ്ടായിരാമാണ്ട് പിറന്നു. ആഗോളീകരണം ശക്തമായി. മറ്റെല്ലാ രംഗങ്ങളിലുമെന്നപോലെ ആരോഗ്യരംഗവും പരമാവധി കച്ചവടവത്കരിക്കപ്പെട്ടു. ഇന്‍റര്‍നെറ്റില്‍ ആരോഗ്യപരിരക്ഷക്ക് പ്രത്യേകവിഭാഗം തന്നെയുണ്ടായി. പിന്നീട് വന്നത് ബോധവത്കരണത്തിന്‍െറ കാലമാണ്. ആരോഗ്യം മാത്രമാണ് സമ്പത്ത് എന്ന ആദ്യമുദ്രാവാക്യം തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
പോഷകാഹാരമാണ് ആരോഗ്യത്തിന്‍െറ അടിസ്ഥാനമെന്ന കണ്ടെത്തലിനും കൈയ്യടികിട്ടി. വീട്ടില്‍ കിടന്ന ചക്കയിലും മാങ്ങയിലും മത്തിത്തലയിലുമൊന്നുമല്ല പോഷകമിരിക്കുന്നത് എന്നായി അടുത്ത വിദഗ്ദോപദേശം. അവ ബഹുരാഷ്ട്രകുത്തകകള്‍ കുപ്പിയിലാക്കി സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ വച്ചിരിക്കുകയാണ്. ഇവ ദിവസവും രാവിലെയും വൈകിട്ട് രണ്ട് പിടിവാരിതിന്നാൽ എല്ലാമായി. പിന്നെ പുല്ലോ വൈക്കോലോ അകത്താക്കിയാലും വേണ്ടത്ര പോഷണം കിട്ടും. മാത്രമല്ല പഴയപോലെ വാട്ടിയ ഇലയില്‍ ഇനിചോറും കെട്ടിപ്പോയി സാമ്പാറിന്‍െറ വളിച്ചമണവുമടിച്ച് ഉച്ചക്ക് മനസ്സില്ലാമനേസ്സാടെ കഴിക്കേണ്ട. അങ്ങനെ വലിച്ചുവാരി തിന്നാല്‍ കൊളസ്ട്രോള്‍ കൂടും. വലിയപാക്കറ്റില്‍ കിട്ടുന്ന ഒരു ചോക്ലേറ്റും ഒരുകുപ്പി കോളയും ശീലിച്ചാല്‍ ഈ പ്രശ്നം മാറുമെന്ന് പണ്ട് പറഞ്ഞപ്പോള്‍ ആര്‍ക്കും സംശയമുണ്ടായില്ല. കടലവറുത്തത് കൊറിക്കുന്നതിനു പകരം പൊട്ടറ്റോ ഫ്രൈ ഉപ്പും മുളകും ചേര്‍ത്ത് വില്‍ക്കാന്‍ വച്ചിരിക്കുന്നതിനെ ആശ്രയിക്കാം.
സംഗതി കൊള്ളാമല്ലോ എന്നു കരുതിയിരിക്കുമ്പോഴാണ് അടുത്ത ചെന്നായ ആട്ടിന്‍തോലിട്ട് വന്നത്. അവന്‍ പറഞ്ഞു ഫാസ്റ്റ് ഫുഡ് സംസ്കാരം ശരീരത്തെ നശിപ്പിക്കും. അതൊഴിവാക്കാന്‍ വ്യായാമം ചെയ്യണം. ബേക്കറികളും പിസാകോര്‍ണറുകളും ബിരിയാണികടകളും ഉള്ളടത്തോളം കാലം വ്യായാമവും അത്യാവശ്യമാണ്. ആവശ്യമുള്ളതില്‍ കൂടുതല്‍ കലോറി ശരീരത്തില്‍ കടന്നാല്‍ അവ കൊളസ്ട്രോളായി സംഭരിക്കപ്പെടും. അപ്പോള്‍ തടികൂടും. അങ്ങനെ കലോറി സംഭരണ പ്രദേശങ്ങളുള്ളവര്‍ കാണാന്‍ കൊള്ളാത്തവരാണ്. എന്നുവച്ചാല്‍ സുന്ദരന്മാരെപ്പോലെ ഇവിടെ കഴിയാന്‍ അവകാശമില്ലാത്തവര്‍. പ്രത്യേകിച്ച് വയറും അരക്കെട്ടും തടിച്ചിരിക്കുന്നവര്‍. നട്ടെല്ല് എന്നസാധനം ഇല്ലായിരുന്നുവെങ്കില്‍ നടുവേ വേണ്ടെന്ന് വെയ്ക്കാമായിരുന്നു എന്ന് ചിന്തിക്കുന്ന മോഡലുകള്‍ ടെലിവിഷനിലൂടെ വന്ന് കോളജുപിള്ളേരുടെ അരക്കെട്ടുകളെ കളിയാക്കി. പണ്ട് ബ്രിട്ടീഷ് അധിനിവേശകാലത്ത് മഹാത്മജിയും ഗുരുവായൂര്‍ ഏകാദശിക്ക് ഭക്തരും അനുഷ്ടിച്ച മാര്‍ഗം ഉപയോഗിച്ച് കുട്ടികള്‍ കൊളസ്ട്രോളിനെ നേരിട്ടു. തടികുറക്കാന്‍ മെനക്കെട്ടിറങ്ങിയവര്‍ അതിനെ ഉപവാസമെന്ന് വിളിച്ചു. ആധികയറിയ മാതാപിതാക്കള്‍ മാത്രം ‘അധികപ്രസംഗികള്‍ പട്ടിണികിടക്കുന്നു. ഇതൊക്കെ ഉണ്ടാക്കാന്‍ പെടുന്ന പാട് ദൈവത്തിനേ അറിയൂ’ എന്നൊക്കെ പ്രസ്താവന ഇറക്കി ബ്രിട്ടീഷുകാരെക്കാള്‍ ഇമേജ് മോശമാക്കി. താമസിയാതെ തന്നെ ഉപവാസക്കാര്‍ കുഴഞ്ഞുവീണു തുടങ്ങി. സുന്ദരിയാകുന്നതു കൂടി പഠിക്കാന്‍ രാവിലെ കോളജിലേക്ക്പോകുന്ന തരുണീമണികളെ തേടി വീട്ടുകാര്‍ വൈകിട്ട് ആശുപത്രികളില്‍ എത്തിതുടങ്ങി. ഇത്രയുമായപ്പോള്‍ ഹെല്‍ത്ത്കെയര്‍ കമ്പനികളുടെ ധാര്‍മിക ബോധം ഉണര്‍ന്നു. അവര്‍ പട്ടിണികിടന്നാലും തലകറങ്ങാത്തതരം പാനീയങ്ങള്‍ ഇറക്കി. ഓരോപ്രായക്കാര്‍ക്കും വ്യത്യസ്തതരം പാനീയം ഉണ്ടായിരുന്നെങ്കിലും 35 ല്‍ താഴെയുള്ളവരുടെ പാനീയത്തിനായിരുന്നു ചെലവ്. കാരണം മറ്റൊന്നുമല്ല പ്രായമായവര്‍പോലും ഇവ വാങ്ങിയാണ് കുടിച്ചത്.
എല്ലില്‍ തൊലിപൊതിഞ്ഞപോലെയിരിക്കുന്നതാണ് സൗന്ദര്യത്തിന്‍െറ മാനദണ്ഡം എന്ന കാമ്പസ് വിശ്വാസം തകര്‍ന്നത് ഏതാനും വര്‍ഷം മുമ്പാണ്. ഷക്കീല തരംഗം നിലനിന്ന കാലമെന്നു പറയുമ്പോള്‍ മിക്കവര്‍ക്കും കൃത്യമായ ഓര്‍മ കിട്ടും. രണ്ടും തമ്മില്‍ ബന്ധമെന്നുമില്ലെങ്കിലും ഈ കാലഘട്ടത്തിന് ശേഷമുള്ള പരസ്യങ്ങള്‍ നോക്കിയാല്‍ എല്ലാവരും അല്‍പ്പം കൂടി തടിയുള്ളവരാണെന്ന് കാണാം. ഇതോടെ തടിയിലല്ല ഷേപ്പിലാണ് കാര്യമെന്ന് എല്ലാവര്‍ക്കും മനസിലായി. പിന്നെ ഷേപ്പുണ്ടാക്കാനായി ഓട്ടം. ഒരു ഉരുളന്‍ തടിയാണെങ്കില്‍ ആവശ്യമില്ലാത്തഭാഗങ്ങള്‍ ചെത്തിക്കളഞ്ഞാല്‍ മതിയായിരുന്നു. സ്വന്തം ശരീരത്തില്‍ അതുപറ്റില്ല. വ്യായാമം ചെയ്യാമെന്നുവച്ചാല്‍ അതിനുമുണ്ട് കുഴപ്പം. വെറുതെ ഓട്ടവും ചാട്ടവുമാണെങ്കില്‍ ആകെ വലിപ്പം കുറയുകയേയുള്ളു. ഷേപ്പുണ്ടാവണമെങ്കില്‍ ചിലഭാഗങ്ങള്‍ക്ക് വലിപ്പം കൂടുകയും മറ്റ് ചിലതിന് കുറയുകയും വേണം. ഇതൊക്കെ കോളജ് അടക്കുന്നതിന് മുമ്പ് സംഭവിക്കണം. എങ്കിലേ കാര്യമുള്ളൂ. എന്നുകരുതി രാവിലെ മുതല്‍ വൈകിട്ട് വരെ കഷ്ടപ്പെടാനും വയ്യ. വിചിത്രമായ ഈ ആഗ്രഹത്തിന് മുകളിലാണ് ഇവിടത്തെ ഓരോ ഹൈടെക്ക് ജിമ്മുകളും പണിതുയര്‍ത്തിരിക്കുന്നത്. ആയിരം രൂപ രജിസ്ട്രേഷന്‍ ഫീസും 250 രൂപ മാസവാടകയും നല്‍കാന്‍ കെല്‍പ്പുള്ളവരെ ഉദ്ദേശിച്ചാണ് ഇവ തുടങ്ങിയത്.
ഇതിനൊക്കെ ആരു പോകുമെന്ന് ചോദിക്കരുത്. കാരണം സ്പെഷല്‍ഗ്രേഡ് പഞ്ചായത്തില്‍വരെ ഇപ്പോള്‍ ഇതുണ്ട്. പണ്ട് ശരീരത്തെ അരക്ക് താഴെയും മുകളിലുമായാണ് തിരിച്ചിരുന്നതെങ്കില്‍ ഹൈടെക്ക് ജിമ്മില്‍ ഇത് വീണ്ടും മാറി. വയറിനും പുറത്തിനും നെഞ്ചിനും തോളിനും കാലിനും പിന്നെ കൈകളുടെ മുൻ പിന്‍ഭാഗത്തിനുമൊക്കെ പ്രത്യേകമായി വ്യായാമം ചെയ്യണമെന്ന് വന്നു. ഓരോന്നിനും ഓരോതരം ഉപകരണങ്ങളുമുണ്ടായി. ഓരോ ശരീരഭാഗത്തിനും അഞ്ചുതരം വ്യായാമങ്ങളും നിര്‍ദേശിക്കപെട്ടു. ഓരോ തരവും കുറഞ്ഞത് പത്ത് തവണ ചെയ്യണം. ഇവ ആറ് ദിവസത്തിനുള്ളില്‍ ക്രമമായി തീര്‍ക്കണം എങ്കിലേ പ്രയോജനമുള്ളൂ. ഇത്രയും അധ്വാനം തൂമ്പയുമായി നടത്തുകയായണെങ്കില്‍ ഒരേക്കര്‍ പറമ്പ് സുന്ദരമായി കിളച്ചിടാം, ബോഡിഷേപ്പും കിട്ടും. പക്ഷേ, യുവജനം വിട്ടില്ല. അതിരാവിലെ അരക്കിലോമീറ്റര്‍ അകലെയുള്ള ജിമ്മിലേക്ക് കാറില്‍ വന്നിറങ്ങി അവര്‍ ആകുന്നത്ര അധ്വാനിച്ചു.
കോളജില്‍ ഉച്ചക്ക് ഉണ്ണാനിരിക്കുന്ന പെണ്ണുങ്ങള്‍ ഋത്വിക്ക് റോഷനെ മറന്ന് തന്‍െറ കാര്യം പറയുന്ന രംഗം മനസ്സിൽ കണ്ട് എടുത്താല്‍ പൊങ്ങാത്ത ഭാരം വലിച്ചുയര്‍ത്തികൊണ്ടിരുന്നു. പക്ഷേ, ഇതുകൊണ്ടുണ്ടായ ഏകഗുണം എക്സര്‍സൈസ് മെഷീനുകൾക്ക് വിലകൂടി എന്നതാണ്. അഞ്ചു വര്‍ഷം മുമ്പ് കിലോക്ക് മുപ്പത് രൂപയായിരുന്ന കാസ്റ്റ് അയണ്‍ ഡംബലിന് ഇപ്പോള്‍ 75 രൂപയാണ് വില. പക്ഷേ, ഇതുകൊണ്ടൊന്നും ചാടിയ വയറുകള്‍ ഉള്‍വലിയാന്‍ തയാറായില്ല. കൈയിലും നെഞ്ചിലും ഉരുട്ടിക്കയറ്റിയ മസിലുകള്‍ ഒരു പനി വന്നപ്പോഴേക്കും വെണ്ണപോലെ അലിഞ്ഞില്ലാതായി. ഇനിയും കഷ്ടപ്പെടാന്‍ തയാറല്ലാത്ത സ്ഥിതിയിലേക്ക് യുവാക്കള്‍ എത്തിയപ്പോള്‍ ഇടക്കാലത്ത് ജിമ്മുകള്‍ അടച്ചുപൂട്ടുമെന്ന അവസ്ഥയായി.
അത്യാവശ്യം സൗകര്യങ്ങളോടെ ആധുനിക വ്യായാമകേന്ദ്രം തുടങ്ങാന്‍ നിലവില്‍ എട്ടിനും പത്തിനുമിടക്ക് ലക്ഷം രൂപ ചിലവാകും. എത്രപേര്‍ എത്രനാള്‍ വ്യായാമത്തിന് വന്നാലാണ് ഈ തുക മുതലാവുക. അതോടെ വരുമാനുമുണ്ടാക്കാന്‍ മറ്റു വഴികള്‍ തേടേണ്ട അവസ്ഥയായി. ഇതിന് അവര്‍ കണ്ടെത്തിയ മാര്‍ഗമാണ് ഉത്തേജകമരുന്നുകളുടെ വില്‍പ്പന. ഇപ്പോള്‍ കേരളത്തിലെ യുവാക്കള്‍ ഏറ്റുവുംകൂടുതല്‍ ആവശ്യപ്പെടുന്നതും ഇതുതന്നെ. തൂക്കം കുറയാനും കൂട്ടാനും ശരീരം തടിക്കാനും മെലിയാനുമുള്ള ‘നിര്‍ദോഷകരമായ പൊടികള്‍’ ജിമ്മുകളിലൂടെ വ്യാപകമായി വിറ്റഴിക്കപ്പടുന്നുണ്ട്. അര കിലോക്ക് എഴുന്നൂറ് മുതല്‍ അയ്യായിരം രൂപവരെ വിലയുള്ളവയാണിത്. കൂടുതൽ ഉന്‍മേഷം തോന്നിക്കുമെന്ന് പറഞ്ഞ് ചെറിയ ഡോസുകള്‍ നല്‍കിയാണ് ജിം നടത്തിപ്പുകാര്‍ ഇതിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നത്. സംശയം പ്രകടിപ്പിക്കുന്നവരോട് കുട്ടിക്കാലത്ത് കഴിച്ച ഹോര്‍ലിക്സിലും മറ്റുമുള്ള പോഷകങ്ങള്‍ കൂടിയ അളവില്‍ ചേര്‍ത്തതാണിതെന്ന് വിശദീകരിക്കും. കഴിച്ചാലും യാതൊരു കുഴപ്പവുമില്ലെന്ന രണ്ട് മസിലന്‍മാര്‍ വക്കാലത്ത് നല്‍കുകയും ചെയ്യുമ്പോള്‍ സല്‍മാന്‍ഖാന് പഠിക്കാന്‍ വന്നവര്‍ വീണുപോകും. നാച്വറല്‍ ബോഡിബില്‍ഡിംഗും പ്രഫഷണല്‍ ബോഡിബള്‍ഡിംഗും എന്താണെന്ന് ഒരു ക്ലാസുകൂടി നടത്തി കഴിയുമ്പോള്‍ മാസം പതിനായിരങ്ങളുടെ കച്ചവടം ഈസിയായി നടക്കും. ശരീരത്തിെൻറ എല്ലാ ഭാഗങ്ങളും അനുപാതികമായ അളവില്‍ രൂപപ്പെടുന്നതാണ് ശരിയായ ബോഡിബില്‍ഡിംഗ്. ഇങ്ങനെ ഏതെങ്കിലും ഭാഗം ശരിയാകാതെ വന്നാലും ജിമ്മില്‍ പരിഹാരമുണ്ട്. ഒന്നോ രണ്ടോ കുത്തിവപ്പ്. പിന്നെ ഏത് മസിലും നമുക്ക് ഇഷ്ടമുള്ളത്ര വീര്‍പ്പിച്ചെടുക്കാം.
പി.എസ്സിയുടെ കായികക്ഷമതാ പരിശോധന നടക്കുന്ന കാലത്ത് ഇത്തരം ജിമ്മുകളില്‍ ആളുകൂടും. സ്റ്റാമിന കൂടാനുള്ള മരുന്ന് ഒരാഴ്ചയടിച്ച് പോയാല്‍ മതി ജോലി ഉറപ്പ്. പക്ഷേ, കുഴപ്പം അതൊന്നുമല്ല, പിടക്കോഴിക്കു മുന്നിലൂടെ തൂവല്‍ വിരിച്ച് നടക്കുന്ന പൂവെൻറ രൂപത്തില്‍ കാമ്പസിലൂടെ നടക്കുന്നവര്‍ ഒരുകാര്യം മറന്നുപോകുന്നു. വിഖ്യാത കായികാഭ്യാസികള്‍ പോലും 60 വയസിന് മുമ്പ് പരലോകം പുല്‍കുകയാണ് പതിവ്. വെറുതെ കലക്കികുടിക്കുന്ന മരുന്നുകള്‍ സുരക്ഷിതമാണോയെന്നും കരളും വൃക്കയും പോലുള്ള ആന്തരികാവയവങ്ങളെ ഇവ എങ്ങനെ ബാധിക്കുമെന്നും ആരും അന്വേഷിക്കാറില്ല. അകാല വാർധക്യം ബാധിച്ച് കിടക്കുമ്പോള്‍ തരുണീമണികളാരും തിരിഞ്ഞ് നോക്കില്ലെന്ന് ഓര്‍ക്കാറുമില്ല. സന്ധിവേദനയും മരവിപ്പും കാലാവസ്ഥ വ്യതിയാനത്തിന്‍േറതാകുമെന്ന് പറഞ്ഞ് ആശ്വസിക്കാമെന്ന്മാത്രം.വേള്‍ഡ് റെസലിംങ് എന്റര്ടെയിൻമെൻറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഇരുന്നൂറോളം പേരെങ്കിലും ഇതിനകം ആയുസ്സെത്താതെ ഒടുങ്ങിയുട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഹര്‍ട്ട് അറ്റാക്ക്, വൃക്കരോഗം, ഡിപ്രഷൻ മൂത്തുള്ള ആത്മഹത്യ എന്നിവയായിരുന്നു കാരണം. ഒരു വ്യായാമവും ചെയ്യാതെ ശരീരഭംഗി വർധിപ്പിക്കാമെന്നതാണ് പുതിയകാലത്തെ കണ്ടുപിടുത്തം.
തടി കൂടിയ ഭാഗത്ത് തൈലം പുരട്ടിയാല്‍ അവിടെ മസിലുണ്ടാവുന്ന മാന്ത്രിക വിദ്യയാണിത്. സംഗതി അത്യാധുനികമാണെങ്കിലും ടെക്നോളജി കിട്ടിയത് പതിറ്റാണ്ടുകള്‍ മുമ്പുള്ള താളിയോലകളില്‍ നിന്നാണ്. ഓരോ ദിവസത്തെ ജോലിയില്‍ നിന്നും ആവശ്യത്തിനുള്ള വ്യായാമം ശരീരത്തിന് കിട്ടിയിരുന്ന ആ കാലത്ത് ഇങ്ങനൊരു തൈലം എന്തിനാണെന്ന് ചോദിക്കരുത്. എണ്ണ തേക്കാന്‍ പ്രയാസമുള്ളവര്‍ക്ക് കഴിക്കാന്‍ ഗുളികകളുമുണ്ട്. കൈതച്ചക്ക സത്തില്‍നിന്ന് എടുക്കുന്നതാണത്രെ. ദിവസവും കിലോ കണക്കിന് കൈതച്ചക്ക തിന്നുണ്ടാക്കുന്ന തടിപോലും ഈ ഗുളികകഴിച്ചാല്‍ പോകുമെന്ന് കരുതാം. ഈ ഗണത്തില്‍ ട്രൈപെപ്പര്‍ ബ്ലെന്‍ഡ് എന്നറിയപ്പെടുന്ന ന്യൂട്രീഷണല്‍ സപ്ലിമെൻറാണ് അത്യാധുനികന്‍. യൂണിവേഴ്സിറ്റി ഓഫ് ഒക്ലഹോമയിലെ ഹെല്‍ത്ത് ആന്‍റ് എക്സര്‍സൈസ് സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ഗവേഷകര്‍ കണ്ടെത്തിയത് ഇത് ഒരുഡോസ് കഴിച്ചാല്‍ 20 മിനിറ്റ് നടക്കുന്നതിന് തുല്ല്യമായ കലോറി സുരക്ഷിതമായി നശിക്കുമെന്നാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ പഠനം പുറത്ത് വന്നത്. അതിനും കൃത്യം ഒരുവര്‍ഷം മുമ്പ് യൂണിറ്റി ഓഫ് നോര്‍ത്ത് കരോലിനയിലെ ശാസ്ത്രഞ്ജരുടെതായി വന്ന റിപ്പോര്‍ട്ടില്‍ ഇത്തരം ഫുഡ് സപ്ലിമെൻറുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് ശ്വാസകോശാര്‍ബുദം ഉണ്ടാക്കുമെന്ന് പറഞ്ഞിരുന്നു. ഇതില്‍ സൗകര്യപ്രദമായത് സ്വീകരിക്കാന്‍ നമുക്ക് സര്‍വ്വസ്വാതന്ത്ര്യവുമുണ്ട്. ഇതിലൊന്നും വിശ്വാസമില്ലെങ്കിൽ യോഗയുടെ ചില പാഠങ്ങള്‍ അഭ്യസിക്കാം. കൈയും കാലും തനിയെ പൊക്കാന്‍ കഴിയില്ലെങ്കില്‍ കപ്പിയില്‍ കയര്‍ കെട്ടി വലിച്ചു പൊക്കാം. ഏത് ജനലിനരികിലും ഉപയോഗിക്കാവുന്ന ഇത് കെട്ടി തലങ്ങും വിലങ്ങും വലിച്ചാല്‍ മതി, ഏത് മസിലും നിങ്ങള്‍ക്ക് സ്വന്തമാകും. അല്ലെങ്കിൽ ദേഹത്ത് ഒട്ടിക്കുന്ന യന്ത്രപൂമ്പാറ്റയുണ്ട്. നിങ്ങളുറങ്ങിയാലും അത്ചിറകിട്ടടിച്ച് മസിലുണ്ടാക്കിക്കൊള്ളും. ഇത് വിശ്വസിക്കാനും ഇവിടെ ആളുണ്ട്. ഇനി ഇങ്ങനെയൊക്കെ മസ്സിലുണ്ടാക്കിയ ഒരാളെ ജീവനോടെ കണ്ടെത്തുക കൂടി ചെയ്താല്‍ മതി.
ദിവസം 12 മണിക്കൂര്‍ ജിമ്മില്‍ വിയര്‍പ്പൊഴുക്കി ലോകത്തെ ഏറ്റവും വലിയ മസില്‍മാന്‍മാരായ ഷ്വാസ്നഗറും ലീ ഹാനിയുമൊക്കെ നമ്മുടെ കോളജ് കുമാരന്‍മാര്‍ക്കും കുമാരിമാര്‍ക്കും മുന്നില്‍ വെറും വിഡ്ഡികളായി എന്നു പറഞ്ഞാൽ മതിയല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.