ന്യൂഡൽഹി: മണിപ്പൂരിൽനിന്ന് ഈ മാസം 14ന് രാഹുൽ ഗാന്ധി തുടങ്ങുന്ന ഭാരത് ന്യായ യാത്ര ഇൻഡ്യ മുന്നണിയുടെ പുതിയ ഐക്യപ്രകടന വേദിയാക്കാൻ കഴിയുമോ? സീറ്റു ചർച്ചകളിലേക്ക് കടക്കാൻ ഒരുങ്ങുന്ന കോൺഗ്രസിലും പ്രതിപക്ഷനിരയിലും പിരിമുറുക്കം. പ്രതിപക്ഷ കൂട്ടായ്മയുടെ പുതിയ ശക്തിപ്രകടനം വൈകിയിരിക്കെത്തന്നെയാണിത്.
വിവിധ സംസ്ഥാനങ്ങളിലെ സമാന ചിന്താഗതിക്കാരുമായി പ്രാഥമികമായ സീറ്റ് ധാരണ രൂപപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കോൺഗ്രസ്. പാർട്ടി ഘടകങ്ങളുമായി ചർച്ച നടത്തിയ ദേശീയ സഖ്യ സമിതി അടുത്തയാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് റിപ്പോർട്ട് നൽകും. അതിന്‍റെ അടിസ്ഥാനത്തിൽ ചർച്ച തുടങ്ങാനാണ് നീക്കം. എന്നാൽ പ്രാഥമിക ധാരണ രണ്ടാഴ്ചക്കകം രൂപപ്പെടുത്താൻ കഴിയുമോ എന്നപ്രശ്നം ബാക്കി.
സീറ്റ് പങ്കിടുന്നതുസംബന്ധിച്ച് ഏകദേശ ധാരണ ഉണ്ടാക്കിയശേഷം മാത്രം സംയുക്ത പ്രകടന-റാലികൾക്ക് ഒരുങ്ങിയാൽ മതിയെന്ന നിർദേശം വിവിധ പ്രതിപക്ഷ പാർട്ടികൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഐക്യപ്രകടനങ്ങൾ നടത്തിയ ശേഷം സീറ്റു ധാരണയിൽ പാളിച്ച ഉണ്ടായാൽ ഉരസലുണ്ടാകും; ഐക്യത്തെക്കുറിച്ച തെറ്റായ ധാരണ ഉണ്ടാകും. ഈ നിലപാടുമായി നിൽക്കുന്ന എത്ര പാർട്ടികൾ മണിപ്പൂരിൽ ന്യായയാത്ര വേദിയിൽ എത്തുമെന്ന സന്ദേഹം കോൺഗ്രസിനുണ്ട്.
കോൺഗ്രസ് തിരക്കിട്ട ചില നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും ബിഹാർ, പശ്ചിമ ബംഗാൾ, യു.പി, ഡൽഹി, പഞ്ചാബ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ സീറ്റു ധാരണ രൂപപ്പെടുത്തുന്നത് ശ്രമകരമാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പു തോൽവികൾ കോൺഗ്രസിന്‍റെ വിലപേശൽശേഷി കുറക്കുകയും ചെയ്യുന്നു. മഹാരാഷ്ട്രയിൽ ശിവസേന ആവശ്യപ്പെടുന്നത് 23 സീറ്റാണ്. ബാക്കി 25 സീറ്റാണ് കോൺഗ്രസും എൻ.സി.പിയുമായി പങ്കിടേണ്ടത്. ഇതുപോലെ മറ്റു സംസ്ഥാനങ്ങളിലും അതിരുവിട്ട അവകാശവാദങ്ങളുണ്ട്. ഇൻഡ്യ മുന്നണിക്ക് കൺവീനറെ നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രതിപക്ഷ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന കാഴ്ചപ്പാട് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി മുന്നോട്ടുവെച്ച ശേഷമുള്ള ബിഹാർ സാഹചര്യങ്ങളും ദുസ്സൂചനകൾ നൽകുന്നുണ്ട്. ജനതാദൾ-യു അധ്യക്ഷസ്ഥാനം ലാലൻ സിങ്ങിൽനിന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ ഏറ്റെടുത്തത് ദേശീയ നായക റോൾ കൂടി ലക്ഷ്യമിട്ടാണെന്ന് പറയുന്നുണ്ട്. ആർ.ജെ.ഡിയുമായി അടുത്ത ബന്ധം പുലർത്തിയ ലാലനെ മാറ്റിയത് ബിഹാറിലെ ഭരണമുന്നണിയിൽ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്തു. ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടുത്തദിവസം നടത്താനിരുന്ന ആസ്ട്രേലിയ യാത്ര ഉപേക്ഷിച്ചത് ബന്ധങ്ങൾ സുഖകരമല്ലാത്ത സാഹചര്യത്തിലാണ്. രാമക്ഷേത്ര വിഷയത്തിൽ ഇൻഡ്യ മുന്നണി കക്ഷികൾക്ക് ഒരേ വികാരമല്ലാത്തത് പ്രതിഷ്ഠാദിനത്തിനു മുമ്പായി ചർച്ചകളിലേക്ക് കൊണ്ടുവരാൻ മറുവശത്ത്, ബി.ജെ.പി ശ്രമിക്കുകയും ചെയ്യുന്നു. ഇൻഡ്യ സഖ്യത്തെ കെട്ടുറപ്പില്ലാത്ത ‘സാമ്പാർ മുന്നണി’യെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.