'സ്പീ​ക്ക​റാ​കു​ന്ന​തും രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​നം ത​ന്നെ'

നിയമസഭയിൽ ഭരണപക്ഷത്തിന്‍റെ ഡിഫൻഡറും സ്റ്റാർ സ്ട്രൈക്കറുമായിരുന്ന എ.എൻ. ഷംസീർ ഇപ്പോൾ കേരള നിയമസഭയുടെ നാഥനാണ്. എതിരാളികൾക്കെതിരെ ആഞ്ഞടിച്ചും എതിരാളികളുടെ കടുത്ത ആക്രമണത്തിന് ഇരയായും വാർത്തകളിൽ നിറഞ്ഞുനിന്ന ഷംസീർ പുതിയ ചുമതലയെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും 'മാധ്യമ'വുമായി സംസാരിക്കുന്നു

നിയമസഭയിൽ ഭരണപക്ഷത്തിന്‍റെ ഏറ്റവും ശക്തിയേറിയ നാവാണ് എ.എൻ. ഷംസീർ, വാർത്താ ചർച്ചകളിലെ സ്ഥിരം ശബ്ദവും. അപ്രതീക്ഷിതമായി സ്പീക്കർ പദവിയിലേക്ക് മാറിയപ്പോൾ നാവടക്കാൻ പ്രയാസപ്പെടുന്നുണ്ടോ?

അങ്ങനെയൊന്നുമില്ല. ഓരോ റോൾ വരുമ്പോൾ ആ റോൾ കൈകാര്യം ചെയ്യുന്നു. അത്രയേയുള്ളൂ. പാർട്ടി ഏൽപിച്ച ദൗത്യം. ഈ പദവിയുടെ മഹത്വം നന്നായി അറിയാം. മുൻവിധികളില്ലാതെ സമീപിക്കും. കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കും. സ്പീക്കറുടെ പ്രവർത്തനവും രാഷ്ട്രീയപ്രവർത്തനം തന്നെയാണ്. ഞാൻ ആദ്യം നിയമസഭയിൽ വരുമ്പോൾ ഇടതുപക്ഷത്ത് സീനിയർ നേതാക്കളുടെ വലിയ നിരതന്നെ ഉണ്ടായിരുന്നു. രണ്ടു തവണ ജയിച്ചവർ മാറിനിൽക്കട്ടെയെന്ന് സി.പി.എം തീരുമാനിച്ചപ്പോൾ നിയമസഭയിൽ സീനിയർ ആളുകൾ പലരും ഇല്ലാതായി. വന്നതൊക്കെ പുതുക്കക്കാരാണ്. അവർക്ക് പെട്ടെന്ന് എല്ലാം കൈകാര്യം ചെയ്യാൻ സാധിക്കാത്ത നില വന്നപ്പോൾ സ്വാഭാവികമായും മിഡ്ഫീൽഡറുടെയും സ്ട്രൈക്കറുടെയും റോൾ ഏറ്റെടുക്കേണ്ടിവന്നിട്ടുണ്ട്. ഇപ്പോൾ ഒരു പുതിയ റോൾ ഏൽപിക്കപ്പെട്ടിരിക്കുന്നു. ഭരണപക്ഷത്തിന്‍റെ കാര്യങ്ങൾ നടത്തിക്കൊണ്ടുപോകുമ്പോൾ തന്നെ പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളും സ്പീക്കർ എന്ന നിലക്ക് സംരക്ഷിക്കും.

സ്പീക്കർ എന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ ഊന്നൽ നൽകുന്ന കാര്യങ്ങൾ എന്തൊക്കെയായിരിക്കും?

കേരള മോഡൽ എന്നത് വലിയ പ്രശംസ നേടിയ ഒന്നാണ്. ആരോഗ്യമേഖലയിലും പൊതുവിദ്യാഭ്യാസത്തിലുമെല്ലാം കേരള മോഡൽ എല്ലാവരാലും അംഗീകരിക്കപ്പെട്ടതാണ്. അതുപോലെ കേരള നിയമസഭ പലതിനും ഉദാത്ത മാതൃകയാണ്. നിയമനിർമാണം എന്ന പ്രാഥമിക ഉത്തരവാദിത്തത്തിന് ഏറ്റവും പ്രാമുഖ്യം കൊടുക്കുന്ന സഭയാണ് നമ്മുടേത്. മന്ത്രിമാർ ഒരു നിയമം കൊണ്ടുവരുന്നു. അത് അപ്പാടെ പാസാക്കുന്നു എന്നല്ല. മറിച്ച്, ആഴത്തിലുള്ള ചർച്ച നടക്കുന്നു. പ്രതിപക്ഷത്തിന്‍റെയും മറ്റും വിയോജിപ്പുകൾ രേഖപ്പെടുത്തുന്നു. മണിക്കൂറുകൾ നീണ്ട ചർച്ചക്കുശേഷമാണ് നിയമം പാസാക്കുന്നത്. നിയമസഭയുടെ പ്രധാനചുമതല നിയമനിർമാണമാണ്. എന്‍റെ തൊട്ടുമുമ്പുള്ള രണ്ടുപേർക്ക് അതിൽ നല്ലനിലയിൽ പ്രവർത്തിക്കാനായി. അതിൽ ഊന്നിനിന്നാണ് മുന്നോട്ടുപോവുക. 15ാം നിയമസഭ നിലവിൽവന്നത് 2021 മേയിലാണ്. 15 മാസമായി. ഈ കാലത്തിനിടെ 65 നിയമം പാസാക്കി. ഒരുമാസം നാലു നിയമം എന്നു പറയാം. കാലഹരണപ്പെട്ട നിയമങ്ങളിൽ 108 എണ്ണം എടുത്തുകളഞ്ഞു. ഇനിയും ബാക്കിയുണ്ട്. അതുകൂടി എടുത്തുകളയാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്.

ജനാധിപത്യത്തിന്‍റെ ശ്രീകോവിലാണ് നിയമനിർമാണ സഭകൾ. എന്നാൽ, അവിടെ നടക്കുന്നതെല്ലാം സഭ ടി.വി ജനങ്ങളെ കാണിക്കുന്നില്ല. അത് ശരിയാണോ?

മാധ്യമങ്ങളെ ജനാധിപത്യത്തിന്‍റെ നാലാംതൂണായി തന്നെയാണ് കാണുന്നത്. മാധ്യമങ്ങളെ ഭയക്കുന്ന സമീപനമില്ല. സഭയിലെ ദൃശ്യങ്ങൾ സഭാ ടി.വി മുഖാന്തരം കേന്ദ്രീകൃതമായി നൽകുന്നു എന്നേയുള്ളൂ. അതൊരു ജനാധിപത്യവിരുദ്ധ നടപടിയായി കണക്കാക്കുന്നില്ല. സഭ ഫലപ്രദമായി പ്രവർത്തിക്കുന്നു. ഏതെങ്കിലും ദൃശ്യം ടോർപിഡോ ചെയ്യുന്നുണ്ടോ? ഇല്ലല്ലോ. നിങ്ങൾക്ക് ആവശ്യമായ ദൃശ്യങ്ങൾ നൽകുന്നുണ്ടല്ലോ. അതിനകത്ത് എന്തെങ്കിലും പാകപ്പിഴ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

ഭരണപക്ഷത്തിന് അനുകൂലമായ 'സെൻസറിങ്' നടക്കുന്നു എന്നാണ് ആക്ഷേപം.

മുഴുവൻ സമയവും സഭയിൽ ഇരിക്കുന്നവർ അല്ലേ മാധ്യമപ്രവർത്തകർ. സഭയിൽ നടക്കുന്നതെല്ലാം നിങ്ങൾ കാണുന്നതല്ലേ. ഞാൻ പരമാവധി സമയം സഭക്കകത്ത് ഇരിക്കാറുള്ള സാമാജികനാണ്. ഇത്രയും സജീവമായി കണ്ണും കാതും തുറന്നിരിക്കുന്ന മാധ്യമപ്രവർത്തകരുള്ള കേരളം പോലൊരു സംസ്ഥാനത്ത് സഭയിൽ നടക്കുന്ന ഏതെങ്കിലും കാര്യം മറച്ചുവെക്കാൻ കഴിയുമോ? അങ്ങനെ ചെയ്യാൻ പറ്റുമെന്ന് ഞാൻ കരുതുന്നില്ല. ഞാൻ നോക്കിയപ്പോഴെല്ലാം പ്രസ് ഗാലറി എപ്പോഴും നിറഞ്ഞുനിൽക്കുന്നതായാണ് കണ്ടിട്ടുള്ളത്. പബ്ലിക് ഗാലറിയിലും ധാരാളം ആളുകൾ എപ്പോഴും ഉണ്ടാകാറുണ്ട്.

സഭക്കകത്തെ പ്രതിപക്ഷ പ്രതിഷേധം, പ്ലക്കാർഡ് എന്നിവയൊന്നും സഭ ടി.വിയിലൂടെ പുറത്തുവരുന്നില്ലെന്ന ആക്ഷേപം പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നുണ്ട്.

എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ചാനലുകളിലെ പല ആക്ഷേപഹാസ്യ പരിപാടികളിലും കാണിക്കുന്നത് ഇത്തരം ദൃശ്യങ്ങൾതന്നെയല്ലേ. ഏതെങ്കിലും പ്രതിപക്ഷത്തിന്‍റെ ദൃശ്യമോ, അവരുടെ പ്രതിഷേധമോ നമ്മൾ ആരെങ്കിലും വിചാരിച്ചാൽ കട്ട് ചെയ്യാൻ പറ്റുമെന്ന് ഞാൻ കരുതുന്നില്ല. ഞാൻ സഭക്കകത്ത് പകൽ നേരിട്ട് കാണുന്നതും പിന്നീട് രാത്രി ചാനലിൽ കാണുന്നതും ഒരേ കാര്യങ്ങൾ തന്നെയാണ്. അതിനകത്ത് എന്തെങ്കിലും എഡിറ്റിങ് ഉണ്ടെന്നു തോന്നുന്നില്ല.

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർക്ക് കടുത്ത എതിർപ്പാണുള്ളത്. ഈ പ്രതിസന്ധി എങ്ങനെയാണ് കൈകാര്യം ചെയ്യുക?

അത് പ്രതിസന്ധിയൊന്നുമല്ല. ഗവർണറും സർക്കാറും തമ്മിൽ നല്ല ബന്ധമാണ്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടുമെന്നുതന്നെയാണ് വിശ്വാസം. കാരണം, അത് ഭരണഘടനാപരമായ ബാധ്യതയാണല്ലോ. സ്വാഭാവികമായും ഗവർണർക്ക് അദ്ദേഹത്തിന്‍റെ അഭിപ്രായം ഉണ്ടാകാം. വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന് അഭിപ്രായം ഉണ്ടാകാൻ പാടില്ല എന്നുപറയാൻ ഞാനില്ല. ഗവർണർ സീനിയർ രാഷ്ട്രീയക്കാരനാണ്. ഭരണഘടനയെക്കുറിച്ചൊക്കെ നല്ലപോലെ അറിയുന്ന ആളുമാണ്. അദ്ദേഹം കുറച്ച് അഭിപ്രായങ്ങൾ പറയുന്ന ആളാണ്. അങ്ങനെ പറയുമ്പോൾതന്നെ സർക്കാറുമായി നല്ലനിലയിൽ സഹകരിച്ചുതന്നെയാണ് പോകുന്നത്. കുറച്ചുനാൾ വെച്ചുതാമസിപ്പിക്കാം എന്നതിനപ്പുറത്തേക്ക് പോകില്ല. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനൻ. ആ ജനങ്ങളുടെ പ്രതിനിധികളാണ് നിയമസഭ സാമാജികരാകുന്ന ആളുകൾ. അവർ നിർമിക്കുന്ന നിയമത്തിൽ ഗവർണർ ഒപ്പിടുമെന്നുതന്നെയാണ് എന്‍റെ വിശ്വാസം.

നിയമസഭയിലെ കൈയാങ്കളി വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തരം സംഭവങ്ങൾ അഭികാമ്യമാണോ?

അത് അന്നേരത്തെ സവിശേഷ സാഹചര്യമാണ്. അന്ന് അങ്ങനെ സംഭവിച്ചു. ഓരോ കാലഘട്ടത്തിലും അന്നത്തെ സാഹചര്യങ്ങളിലാണല്ലോ ഓരോന്ന് ഉണ്ടാകുന്നത്. അന്ന് അങ്ങനെ ഉണ്ടായി. അത്തരം സാഹചര്യങ്ങൾ ഇല്ലാതിരിക്കുന്നതാണ് നല്ലത് എന്നാണ് കരുതുന്നത്.

ചെറുപ്പക്കാർ ധാരാളമുണ്ട് നിയമസഭയിൽ. ഇപ്പോൾ അവരിൽനിന്നൊരാളായ താങ്കൾ സഭാനാഥനാകുമ്പോൾ യുവസാമാജികരോട് എന്താണ് പറയാനുള്ളത്?

സാമാജികരിൽ കുറെ പേർ ചെറുപ്പമാണ്. 27 മുതൽ 48 വയസ്സുവരെയുള്ള എം.എൽ.എമാരുടെ എണ്ണം 40തിലേറെയാണ്. അത് നിയമസഭക്ക് യുവത്വവും ചുറുചുറുക്കും നൽകുന്നുണ്ട്. അതേസമയം, ഞാനൊക്കെ ജനിക്കുന്നതിനുമുമ്പ് നിയമസഭാംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.ജെ. ജോസഫ് തുടങ്ങിയവരുമുണ്ട്. യുവത്വത്തിന്‍റെയും പരിചയസമ്പന്നരായ സീനിയേഴ്സിന്‍റെയും നല്ല മിശ്രണം എന്നുപറയാം. ഇവരെല്ലാം ഇരിക്കുന്ന സഭയിൽ സഭാനാഥനാകാൻ കഴിഞ്ഞത് എന്നെ സംബന്ധിച്ച് വ്യക്തിപരമായ അംഗീകാരമാണ്. ഒരുകാര്യം തുറന്നുപറയാം. നിയമസഭയിലേക്ക് വരുന്നവർ പുസ്തകങ്ങളിലൂടെ മാത്രം കാര്യങ്ങൾ പഠിക്കേണ്ടവരല്ല. പ്രായോഗികമായി നേരിട്ടുകണ്ട് പഠിക്കുകയാണ് വേണ്ടത്. അതിന് വേണ്ടത് സഭയിൽ കൂടുതൽ സമയം ഇരിക്കുക എന്നതാണ്. സഭാ നടപടികളിലും വിഷയങ്ങളിലും നല്ല അറിവുള്ളവർ പ്രതിപക്ഷത്തും ഭരണപക്ഷത്തുമുണ്ട്. അവരിൽനിന്ന് കേട്ടും കണ്ടുമാണ് ഞാൻ കാര്യങ്ങൾ പഠിച്ചെടുക്കുന്നത്.

പ്രതിപക്ഷത്തെ പലരുമായി പലകുറി സഭയിൽ രൂക്ഷമായി ഏറ്റുമുട്ടിയിട്ടുണ്ട് ഷംസീർ. സഭാനാഥൻ എന്ന നിലയിൽ അവരോടുള്ള സമീപനം എന്തായിരിക്കും?

സഭക്കകത്തെ ഏറ്റുമുട്ടൽ രാഷ്ട്രീയം മാത്രമാണ്. അതിനപ്പുറം വ്യക്തിപരമായ അകൽച്ച സാമാജികർ തമ്മിലില്ല. ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ നല്ല സൗഹൃദമുണ്ട്. ഭരണപക്ഷ ബെഞ്ചിൽ പ്രതിപക്ഷവും പ്രതിപക്ഷ ബെഞ്ചിൽ മന്ത്രിമാരടക്കം ചെന്നിരിക്കുന്നതും സംസാരിക്കുന്നതുമായ ജനാധിപത്യത്തിന്‍റെ മനോഹാരിത കാണാൻ പറ്റുന്ന ഇടമാണ് കേരള നിയമസഭ. വാശിയേറിയ ചർച്ചയും വാഗ്വാദവും വാക്കൗട്ടുമൊക്കെ നടന്നാലും പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കുന്നവരാണ് സാമാജികർ. സഭ നല്ലനിലയിൽ നടത്തിക്കൊണ്ടുപോകാൻ എല്ലാവരെയും നല്ലനിലയിൽ തന്നെയാകും സമീപിക്കുക.

നിയമസഭയിൽ വനിതകളുടെ എണ്ണം ഇത്ര മതിയോ?

നിയമനിർമാണ സഭകളിൽ വനിതകളുടെ എണ്ണം ഇനിയും ഉയരണം എന്നതു വസ്തുതയാണ്. ഇക്കാര്യത്തിൽ മാതൃകാപരമായി പ്രവർത്തിച്ചത് ഇടതുപക്ഷമാണ്. ഇനിയും വനിതകളുടെ എണ്ണം ഉയരുമെന്നുതന്നെയാണ് വിശ്വാസം.

സഭയിൽ മാസ്ക് ഉപയോഗിക്കാത്തതിനും മറ്റും ചെയറിൽ നിന്ന് വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട് ഷംസീർ. സഭാനാഥനായി വരുമ്പോൾ അന്നു തെറ്റുപറ്റിയെന്ന തോന്നലുണ്ടോ?

വിദ്യാർഥി സമരത്തിന്‍റെ ഭാഗമായി വലിയതോതിൽ പരിക്കു പറ്റിയ ആളാണ് ഞാൻ. 99കാലത്ത് കണ്ണൂരിലെ വിദ്യാർഥി പ്രക്ഷോഭകാലം അറിയാമല്ലോ. പലകുറി സമരങ്ങളിൽ ആക്രമണത്തിന് ഇരയായിട്ടുണ്ട്. മാസങ്ങളോളം ആശുപത്രിയിൽ കിടക്കേണ്ടിവന്നിട്ടുണ്ട്. അതിന്‍റെ പ്രയാസം ഇപ്പോഴും അനുഭവിക്കുന്നുണ്ട്. അധികസമയം തുടർച്ചയായി മാസ്ക് ഇടാൻ കഴിയില്ല. ശ്വാസം തടസ്സപ്പെടുന്ന പ്രശ്നമുണ്ടാകും. അത് ധിക്കാരത്തിന്‍റെ ഭാഗമായിരുന്നില്ല. അതുകൊണ്ടുതന്നെ കുറ്റബോധത്തിന്‍റെ പ്രശ്നമൊന്നുമില്ല.

Tags:    
News Summary - Speaker A.N. Shamseer Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT