2005 ജൂണിൽ കറാച്ചിയിൽ പാകിസ്താെൻറ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ശവകുടീരം സന്ദർശിച്ച എൽ.കെ. അദ്വാനി അതിഥി മര്യാദകളുടെ സാമാന്യനിഷ്ഠകൾ മാനിച്ചു, ജിന്നയെ മതേതരവാദിയും ഹിന്ദു–മുസ്ലിം മൈത്രിയുടെ അംബാസഡറുമായി വിശേഷിപ്പിച്ചു. ആ നല്ല വാക്ക്, അദ്വാനിയുടെ രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവായി. പ്രധാനമന്ത്രിയാവാൻ കാത്തിരുന്ന ആർ.എസ്.എസിെൻറ വളർത്തുപുത്രൻ ഒരു പുലരികൊണ്ട് സംഘ്പരിവാറിന് അനഭിമതനും വഞ്ചകനുമായി. ശത്രുരാജ്യത്തിെൻറ രാഷ്ട്രപിതാവിനെക്കുറിച്ചുള്ള പ്രകീർത്തനം, എന്തു ഉദ്ദേശ്യത്തോടെയാണെങ്കിലും, വെച്ചുപൊറുപ്പിക്കാൻ സാധ്യമല്ലെന്ന ആർ.എസ്.എസിെൻറ ഉറച്ച നിലപാട് ബി.ജെ.പി സാരഥ്യം ത്യജിക്കണമെന്ന ആവശ്യത്തിലാണ് കലാശിച്ചത്. മാപ്പർഹിക്കാത്ത അപരാധമാണ് അദ്വാനി കാണിച്ചതെന്ന് നാഗ്പൂർ ഗുരുക്കന്മാർ വിധി എഴുതിയപ്പോൾ ബി.ജെ.പിയിലെ തീവ്രചിന്താഗതിക്കാരനായി അതുവരെ അറിയപ്പെട്ട ഒരു നേതാവിെൻറ ചരിത്രത്തിലേക്കുള്ള തിരോഭാവത്തിെൻറ പാദപതനങ്ങളാണ് പിന്നീട് കേൾക്കാൻ കഴിഞ്ഞത്. അതിനുശേഷം എൽ.കെ. അദ്വാനി എന്ന രാമജന്മഭൂമി പ്രക്ഷോഭകാലത്തെ ആവേശം, ശിരസ്സുയർത്തി നടന്നിട്ടില്ല എന്നു മാത്രമല്ല, നരേന്ദ്ര മോദിയുടെ വരവോടെ തലമുതിർന്ന നേതാക്കളെ ഉപയോഗശൂന്യമായ വസ്തുക്കളായി വലിച്ചുകൂട്ടി മൂലക്കൊതുക്കിയിട്ടപ്പോൾ ഒരിറ്റ് അശ്രുപൊഴിക്കാൻ ഒരുകുഞ്ഞും മുന്നോട്ടുവന്നില്ല.
വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ തുടരുന്ന അധിക്ഷേപങ്ങൾക്കും തെറിയഭിഷേകങ്ങൾക്കും മൗനംകൊണ്ട് സമ്മതം മൂളുന്ന ഭരണ-രാഷ്ട്രീയനേതൃത്വത്തിെൻറ നിലപാടിനെ വിശകലനം ചെയ്യേണ്ടത് ആർ.എസ്.എസിെൻറ ഇത്തരം വിഷയങ്ങളിലുള്ള അടിസ്ഥാന സമീപനങ്ങൾ മുന്നിൽവെച്ചാവണം. സുഷമക്കെതിരെ ഒരാഴ്ചയായി സമൂഹമാധ്യമങ്ങളിലൂടെ തുടരുന്ന ചളിവാരിയെറിയലിന് നിദാനമായി പറയുന്ന ‘ന്യൂനപക്ഷ പ്രീണനം’ എന്താണെന്ന് രാജ്യം കൗതുകപൂർവം ചോദിച്ചറിഞ്ഞതാണ്.
പാസ്പോർട്ടിന് അപേക്ഷിച്ച അനസ് സിദ്ദീഖി-തൻവി സേഥ് ദമ്പതികളോട് ലഖ്നോവിലെ റീജനൽ പാസ്പോർട്ട് ഓഫിസർ പിയൂഷ് വർമ വളരെ മോശമായി പെരുമാറുകയും സിദ്ദീഖി ഹിന്ദുമതത്തിലേക്ക് മാറിയാലേ പാസ്പോർട്ട് നൽകൂവെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തൻവിയുടെ പാസ്പോർട്ട് അപേക്ഷ നിരസിക്കുകയും (ശാസിയ അനസ് എന്ന മുസ്ലിം പേര് ചേർത്തതാണ് കാരണമായി പറഞ്ഞത്) സിദ്ദീഖിയുടെ പാസ്പോർട്ട് പുതുക്കിനൽകില്ലെന്ന് അറിയിക്കുകയുമായിരുന്നു. 12 വർഷമായി സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുന്ന ഇവർ ഭിന്ന മതക്കാരാണെന്ന് അറിഞ്ഞപ്പോൾ പാസ്പോർട്ട് ഓഫിസറുടെ മതഭ്രാന്ത് അണപൊട്ടിയൊഴുകിയതാണ് കാരണം. വിഷയം ശ്രദ്ധയിൽപെട്ട വകുപ്പ് മന്ത്രി സുഷമ സ്വരാജ്, ദമ്പതികൾക്ക് ഉടൻ പാസ്പോർട്ട് ഇഷ്യൂ ചെയ്യാൻ ആജ്ഞാപിക്കുകയും പിയൂഷ് വർമയെ ഗോരഖ്പൂരിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. വിഷയം ദേശീയതലത്തിൽ വിവാദമായതോടെ, ഹിന്ദുത്വ ശക്തികൾ തെറ്റുതിരുത്താൻ നടപടികളെടുത്ത സുഷമ സ്വരാജിനെതിരെയാണ് രോഷം മുഴുവൻ തിരിച്ചുവിട്ടത്. അവരെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ട്വീറ്റുകളും വാട്സ്ആപ് കമൻറുകളും ഫേസ്ബുക്ക് പോസ്റ്റുകളും േട്രാളുകളായി പരന്നൊഴുകി.
മോദി മന്ത്രിസഭയിലെ തലമുതിർന്ന ബി.ജെ.പി നേതാവും വനിത പ്രതിനിധിയുമാണ് അവർ എന്ന വശം പൂർണമായി വിസ്മരിച്ചു എന്നതിലല്ല, സർക്കാറിെൻറയോ പാർട്ടിയുടെയോ ഭാഗത്തുനിന്ന് അവരുടെ പ്രതിരോധത്തിന് ആരും എത്തിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 30ന് സോഷ്യൽ മീഡിയ ഡേ കൊണ്ടാടവേ സമൂഹ മാധ്യമങ്ങൾ പ്രദാനംചെയ്യുന്ന ജനാധിപത്യ ഇടങ്ങളെ കുറിച്ച് ട്വീറ്റ് ചെയ്യാൻ മറന്നില്ല. എന്നാൽ, സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തെ കുറിച്ച് താക്കീത് നൽകാനോ, സഹപ്രവർത്തകർക്ക് സ്വന്തം ആൾക്കാരിൽനിന്നുപോലും മാന്യതക്കോ സഭ്യതക്കോ നിരക്കാത്ത പെരുമാറ്റം ഉണ്ടാവുന്നതിൽ വിലപിക്കാനോ മോദി മിനക്കെട്ടില്ല. സ്വയംകൃതാനർഥങ്ങളുടെ ശമ്പളം സുഷമ കൊടുത്തുതീർക്കട്ടെ എന്ന് നിശ്ചയിച്ചുറപ്പിച്ചതുപോലെ. ലവ് ജിഹാദിെൻറ ലോകത്ത് സ്വൈരവിഹാരം നടത്തുന്ന ലഖ്നോ ദമ്പതികൾക്കുവേണ്ടി നീതിപൂർവം നടപടികൾ സ്വീകരിച്ചത് കടുത്ത ‘ന്യൂനപക്ഷ പ്രീണന’മായും ഹിന്ദുത്വവിരുദ്ധ ക്രൂരതയായും മോദിയും അംഗീകരിക്കുന്നുണ്ടെന്ന് എല്ലാവർക്കും അനുമാനിക്കേണ്ടിവന്നു.
കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി, സുഷമ സ്വരാജ് എന്നിവർ ഹിന്ദുത്വവാദികളാൽ വേട്ടയാടപ്പെടുമ്പോൾ1818ൽ മേരി ഷെല്ലി സൃഷ്ടിച്ച ഫ്രാങ്കെൻസ്റ്റീൻ മോൺസ്റ്റർ (Frankenstein monster) എന്ന ഭീകര കഥാപാത്രത്തെയാണ് ഓർമപ്പെടുത്തുന്നത്. സ്വന്തം സൃഷ്ടി തനിക്കെതിരെ ദുഷ്ചെയ്തികളുമായി വിഹരിക്കുമ്പോൾ നിസ്സഹായതയോടെ നോക്കിനിൽക്കേണ്ട ദുർഗതി. ഒരു മുസ്ലിം യുവാവിനെ ഭർത്താവായി സ്വീകരിച്ച ഹിന്ദുസ്ത്രീയോട് സുഷമ എന്തിന് ഇമ്മട്ടിൽ മമത കാട്ടുന്നുവെന്നാണ് ഓൺലൈൻ േട്രാളുകളിൽ മുഴങ്ങുന്ന ചോദ്യം. അനീതി കാട്ടിയ പാസ്പോർട്ട് ഓഫിസറെ സ്ഥലം മാറ്റിയത് മഹാ അപരാധമായിപ്പോയത്രേ. സഹധർമിണിക്കെതിരെ സൈബർ ലോകത്ത് നടക്കുന്ന വൃത്തികെട്ട അവഹേളനങ്ങൾ സഹിക്കവയ്യാതെ സുഷമയുടെ ഭർത്താവ് സ്വരാജ് കൗശൽ ദയവ് ചെയ്ത് ഇമ്മട്ടിൽ അവഹേളിക്കരുതെന്ന് അഭ്യർഥിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എഴുതി: ‘സർ, ദയവുചെയ്തു ഈ മനുഷ്യന്മാരോട് ഒന്നും വിശദീകരിക്കാൻ നിൽക്കണ്ട. എല്ലാവർക്കുമറിയാം ഇവരെ നിയന്ത്രിക്കുന്നത് ആരാണെന്നും എവിടെനിന്നാണ് വരുന്നതെന്നും. ഇത് രാഷ്ട്രീയമാണ്. ഏറ്റവും ഖേദകരമായ വശം രാഷ്ട്രീയം അങ്ങേയറ്റം വൃത്തിഹീനമായിരിക്കുന്നു. കുടുംബത്തിന് നമോവാകം.’ സുഷമക്കെതിരായ അധിക്ഷേപ പൊങ്കാല കണ്ട് മനംനൊന്താവണം, ഇതുശരിയല്ലെന്ന് പറഞ്ഞ മന്ത്രി രാജ്നാഥ് സിങ്ങിനെതിരെയും ‘സന്നദ്ധസംഘം’ കുപ്പിച്ചില്ലെടുത്തെറിഞ്ഞു. കശ്മീരികളെ മുഴുവൻ ഉന്മൂലനം ചെയ്യണമെന്ന ഒരു ഓൺലൈൻ േട്രാളിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതിെൻറ പേരിൽ നേരത്തേ കുറെ അധിക്ഷേപങ്ങൾ കേട്ടതാണ് അദ്ദേഹം. പുതുതലമുറ തുറന്ന മനസ്സോടെ അഭിപ്രായപ്രകടനം നടത്തുന്നതിൽ മോദി ഹർഷപുളകിതനാവുന്നത് ഇത്തരം േട്രാളുകൾ വായിച്ചാവണം!
പാർട്ടിക്കുവേണ്ടി ആയുസ്സും വപുസ്സും നീക്കിവെച്ച സുഷമ സ്വരാജ് എന്ന ‘ധീരവനിതക്ക്’ (ഇന്ദിര ഗാന്ധിക്കെതിരെ ചിക്കമഗളൂരുവിൽ മത്സരിച്ചപ്പോൾ കാവിരാഷ്ട്രീയക്കാർ വിശേഷിപ്പിച്ചത് അങ്ങനെയാണ്) എന്തുകൊണ്ട് ഈ ഗതികേട് വന്നുപെട്ടു എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. ഹിന്ദുത്വ രാഷ്ട്രീയം എഴുതിത്തയാറാക്കിയ തിരക്കഥയിൽനിന്ന് അൽപം വ്യതിചലിച്ച് കൊണ്ട് ആ ലഖ്നോ ദമ്പതികളോട് അൽപം മനുഷ്യത്വം കാണിക്കാൻ മുതിർന്നു. ഹിന്ദുസ്ത്രീയെ ഭാര്യയാക്കിയ മുസ്ലിം യുവാവിനോട് നീതിപൂർവം പെരുമാറുകയോ? കാവിരാഷ്ട്രീയത്തിന് അത് സഹിക്കാൻ കഴിയില്ല. അദ്വാനി ക്യാമ്പിലുള്ള സുഷമ പുറത്തുപോകുന്നെങ്കിൽ പോകട്ടെ എന്ന് നരേന്ദ്ര മോദിയും ചിന്തിക്കുന്നുണ്ടാവണം. പുകച്ച് പുറത്താക്കുന്ന തന്ത്രം അദ്വാനിയുടെയും ഉമാഭാരതിയുടെയും ഗോവിന്ദാചാര്യയുടെയും കാര്യത്തിൽ ആർ.എസ്.എസ് മുമ്പ് പയറ്റിയതാണല്ലോ.
ഈ പ്രതിസന്ധിയിൽ സുഷമക്ക് വലിയൊരു പാഠമുണ്ട്. വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും പ്രത്യയശാസ്ത്രത്തെ ജീവിതത്തിലുടനീളം മുറുകെ പിടിച്ച അവർ നിർണായക ഘട്ടങ്ങളിലൊന്നും സത്യത്തിെൻറയോ നീതിയുടെയോ പക്ഷത്ത് നിലകൊള്ളാൻ സത്യസന്ധത കാട്ടിയിരുന്നില്ല. ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ ചതുരംഗപ്പലകയിലെ കരുവായി ആർ.എസ്.എസ് ഉപയോഗിച്ചപ്പോൾ സ്ത്രീത്വത്തിെൻറ മഹത്ത്വം ജ്വലിപ്പിക്കുന്നതിനു പകരം, സിദ്ധാന്തപരമായ ആന്ധ്യം പിടിപെട്ട് പുരുഷമേൽക്കോയ്മക്ക് ദാസ്യവേല ചെയ്യുകയായിരുന്നു അവർ. ഇന്ത്യ–പാക് ബന്ധത്തിൽ നാഴികക്കല്ലാകുമായിരുന്ന ആഗ്ര ഉച്ചകോടി അട്ടിമറിക്കാൻ നാഗ്പൂർ ഹെഡ്ഗേവാർ ഭവൻ നിയോഗിച്ചത് സുഷമയെയായിരുന്നു. ഏൽപിച്ച ദൗത്യം ഭംഗിയായി അവർ നിറവേറ്റിയപ്പോഴാണ് ഉച്ചകോടി പൊട്ടി, അവഹേളിതനായി ജനറൽ മുശർറഫിനു രായ്ക്കുരാമാനം തിരിച്ചുപോവേണ്ടിവന്നത്. കഠ്വയിലെ ഏഴു വയസ്സുകാരിയെ സംഘ് കശ്മലന്മാർ നിഷ്ഠുരമായി ബലാത്സംഗം ചെയ്ത്കൊന്നു കുഴിച്ചുമൂടിയപ്പോൾ താനും ഒരമ്മയാണെന്ന പ്രാഥമികബോധം കൈവിട്ട്, അവർ കാപാലികരുടെ പക്ഷത്ത് ഉറച്ചുനിന്നു. മാറാരോഗം പിടിപെട്ട് വിദഗ്ധ ചികിത്സക്കായി ഇന്ത്യയുടെ നേരെ കൈ നീട്ടുന്ന പാകിസ്താനിലെ കുഞ്ഞുങ്ങളോട് സുഷമ കാണിക്കുന്ന മനുഷ്യത്വത്തിെൻറ ആയിരത്തിലൊന്ന് ഹിന്ദുത്വവാദികളുടെ കാപാലികതക്ക് ഇരയായി സ്വന്തം രാജ്യത്ത് മരിച്ചുജീവിക്കുന്ന സ്ത്രീകളോടും കുട്ടികളോടും കാണിക്കാൻ സുഷമയെ അശക്തയാക്കുന്നത് തെൻറ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണെങ്കിൽ ആ പ്രത്യയശാസ്ത്രത്തിൽ ന്യൂനപക്ഷ പ്രീണനം നടത്തുന്നവർക്ക് ഇമ്മട്ടിൽ പിഴയൊടുക്കാനും വ്യവസ്ഥയുണ്ടെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. സുഷമയുടെ ദുർവിധി ഇന്നാട്ടിെൻറ കൂടി ദുർവിധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.