''നാന്‍ ലേറ്റാനാലും ലേറ്റസ്റ്റാ വരുവേന്‍'' എന്ന തന്‍റെ സിനിമാ ഡയലോഗിലൂടെ സൂപ്പര്‍താരം രജനീകാന്ത് തന്‍റെ ആരാധകരെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങൾ ഏറെയായി. അതിനിടയിൽ കൊടുങ്കാറ്റു പോലെയുള്ള ജയലളിതയുടെ വരവ് ആ അഭ്യൂഹത്തിന് താല്‍ക്കാലിക വിരാമമിട്ടു. കരുണാനിധിയെയും വിജയകാന്തിനെയും ഒക്കെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിന്ന് കടപുഴക്കിയെറിഞ്ഞ ജയയോട് ഒരു രാഷ്ട്രീയ മല്‍പ്പിടുത്തം അസാധ്യമാണെന്ന സത്യം തിരിച്ചറിയാനുള്ള വിവേകം രജനിക്കുണ്ടായിരുന്നു. അതുകൊണ്ട് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഒരു നേതൃത്വ ശൂന്യത അനുഭവപ്പെടുതുവരെ കാത്തിരിക്കാന്‍ അദ്ദേഹം തയാറായി.
ഇപ്പോള്‍ ജയലളിതയില്ല. മുറിഞ്ഞുപോയ ഗൗളിവാല്‍ പോലെ എ.ഐ.എ.ഡി.എം.കെയുടെ രണ്ട് കഷണങ്ങള്‍ ഇപ്പോൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ തുള്ളിക്കളിക്കുന്നു. ആ പ്രകടനം ക്ഷണികം. വാര്‍ധക്യ സഹജമായ അവശതകൾ കാരണം കളിക്കളത്തില്‍ നിന്നും കരുണാനിധി അകന്നു നിന്നതോടെ പാര്‍ട്ടിയുടെ ക്യാപ്റ്റന്‍ സ്ഥാനം കിട്ടിയ എം.കെ സ്റ്റാലിന് പന്തെറിയാനോ ബാറ്റ് ചെയ്യാനോ വശമില്ല എന്ന് സമീപകാല സംഭവങ്ങൾ തെളിയിച്ചു കഴിഞ്ഞു. ജയക്കും കരുണാനിധിക്കും ഇടയില്‍ നിന്ന് രാഷ്ട്രീയ വിലപേശല്‍ നടത്തിയിരുന്ന വിജയകാന്ത്, രാമദാസ്, ശരത്കുമാര്‍, വൈകോ എന്നിവരെയും കമ്യൂണിസ്റ്റ് പാര്‍ട്ടികളേയും ജയലളിത കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തറപറ്റിച്ചിരുന്നു. ഉപ്പൂപ്പാക്ക് ഒരു ആന ഉണ്ടായിരുന്നു എന്ന രാഷ്ട്രീയത്തിന്‍റെ തെരുവു തിണ്ണയിലിരുന്ന് വീരസ്യം പറയുന്ന കോൺഗ്രസില്‍ ആ പാര്‍ട്ടിക്കാര്‍ക്കു പോലും പ്രതീക്ഷയില്ല. 'മുന്നണി മര്യാദ' കൊണ്ട് മാത്രമാണ് ഡി.എം.കെ അവരെ ചുമക്കുന്നത്. ഇനിയുള്ളത് ബി.ജെ. പി ദല്‍ഹിയില്‍ മഴയുണ്ടെ് പറഞ്ഞ് തമിഴ്‌നാട്ടില്‍ കുടപിടിച്ചു നടക്കുകയാണ് അവര്‍.
രജനിക്ക് രാഷ്ട്രീയത്തിലിറങ്ങാന്‍ 'ലേറ്റ്' ആയാല്‍പ്പോലും ഇതിനെക്കാള്‍ നല്ല ഒരവസരം ലഭിക്കാനുണ്ടോ? രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആരാധകര്‍ ആര്‍ത്തു വിളിച്ചിട്ടും രജനി സ്ഥലജലവിഭ്രമം കാണിക്കുന്നത്എന്തു കൊണ്ടാകാം? ഒന്നാമതായി, തന്‍റെ രാഷ്ട്രീയ നിരക്ഷരതയെക്കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. സിനിമാ ബന്ധം കൊണ്ടുമാത്രമല്ല എം.ജിആറോ ജയലളിതയോ രാഷ്ട്രീയം കളിച്ച് മുഖ്യമന്ത്രിയായത്. കോൺഗ്രസ്സില്‍ പ്രവര്‍ത്തിച്ച് രാഷ്ട്രീയം കളിച്ചു തുടങ്ങിയാളായിരുന്നു എം.ജി.ആര്‍. പിന്നെ അണ്ണാദുരൈയുടെ അനുയായിയും കരുണാനിധിയുടെ സുഹൃത്തുമായി ഡി.എം.കെയിൽ എത്തി. ദീര്‍ഘകാലം എം.എല്‍.എ ആയിരുന്നു. ചെന്നൈയിലെ സെന്‍റ് തോമസ് നിയമസഭ മണ്ഡലം അദ്ദേഹത്തിന്‍റെ കുത്തകയായിരുന്നു. ദീര്‍ഘകാലം പതിയിരുന്ന ശേഷമാണ് അവസരം കിട്ടിയപ്പോൾ അദ്ദേഹം കരുണാനിധിയുടെ രാഷ്ട്രീയ മോഹത്തിനുമേൽ ചാടിവീണത്.
പഴയ സുഹൃത്തിന്‍റെ രാഷ്ട്രീയ മര്‍മങ്ങൾ എല്ലാം അറിയാമായിരുന്നതു കൊണ്ട് വേണ്ട സമയത്ത് വേണ്ടവിധം വേണ്ട സ്ഥാനത്ത് അടികൊടുക്കാന്‍ എം.ജി.ആറിന് സാധിച്ചു. മക്കളില്ലാത്ത എം.ജി.ആര്‍ കരുണാനിധിയുടെ മക്കള്‍ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് എ.ഐ.എ.ഡി.എം.കെ രൂപീകരിച്ചത്. ഇനി ജയലളിതയുടെ കാര്യമെടുത്താലോ? പൊതുവേ നിശിതബുദ്ധിയായ അവർ എം.ജി.ആറിന്‍റെ മരണശേഷം രാഷ്ട്രീയത്തിലേക്ക് ചാടിയിറങ്ങിയതല്ല. അതിനുമ്പ് പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം സെക്രട്ടറിയായും രാജ്യസഭാംഗമായും ഒക്കെ പ്രവര്‍ത്തിച്ച് പരിചയം നേടിയിട്ടുണ്ട്. പോരാത്തതിന് എം.ജി.ആറിനെപ്പോലെ ഒരാളുടെ ശിക്ഷണവും.
മക്കളില്ലാത്തതു കൊണ്ട് അവരും കരുണാനിധിയുടെ മക്കള്‍ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചു. ഇത്തരമൊരു രാഷ്ട്രീയ പശ്ചാത്തലമൊന്നും രജനിക്ക് അവകാശപ്പെടാനില്ല. എം.ജി.ആറിനോടും ജയലളിതയോടും രജനിക്കുള്ള സാമ്യം ഇവർ രണ്ടു പേരേയും പോലെ അദ്ദേഹവും ജന്മനാ തമിഴനല്ല എതാണ്. മഹാരാഷ്ട്രയില്‍ ജനിച്ച് കര്‍ണാടകത്തില്‍ വളര്‍ന്ന തമിഴ്‌നാട്ടില്‍ കുടിയേറിയതാണ് അദ്ദേഹം. സിനിമ അതിനൊരു നിമിത്തമായി. എം.ജി.ആര്‍ മലയാളിയാണെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശിക്കാന്‍ അദ്ദേഹത്തിന്‍റെ കടുത്ത എതിരാളിയായ കരുണാനിധി പോലും തയാറായിട്ടില്ല. എം.ജി.ആറിനാകട്ടെ തമിഴ് മക്കളാണ് തന്‍റെ 'മക്കള്‍' എന്നും അവര്‍ തന്‍റെ 'രക്തത്തിന്‍ രക്ത'മാണെന്നും അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. ആ രാഷ്ട്രീയ പൈതൃകമാണ് ജയലളിതക്കും തുണയായത്. ജയലളിതയെ ജയലളിതയായല്ല, എം.ജി.ആറിന്‍റെ 'ഇദയക്കനി'യായാണ് തമിഴ് ജനത സ്വീകരിച്ചത്. അതുകൊണ്ടു തന്നെ അവര്‍ രണ്ടുപേരേയും 'പരദേശികള്‍' ആയി മുദ്രകുത്തി ഒതുക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചില്ല.
എന്നാല്‍, ഇന്നത്തെ സ്ഥിതിയതല്ല. തമിഴ്‌നാട്ടിലെ ഇന്നത്തെ രാഷ്ട്രീയ ഗ്രഹണ കാലത്തിൽ എല്ലാജാതി-വര്‍ഗീയ-വിഭാഗ ഞാഞ്ഞൂലുകളും ഫണമുയര്‍ത്തിയിരിക്കുന്നു. അവർ രജനിയുടെ രാഷ്ട്രീയ പ്രവേശത്തെ എതിരിടാന്‍ കോപ്പുകൂട്ടിക്കഴിഞ്ഞു. ചിലർ കാവേരി പ്രശ്‌നം വീണ്ടും സജീവമാക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. രജനിയുടെ കൂറ് തമിഴ്‌നാടിനോടോ അതോ കര്‍ണാടകത്തോടോ എന്ന് നിര്‍ണയിക്കാനുള്ള ഒരു അമ്ലപരിശോധനയാകുമിത്. ഒരു കാര്യം ഉറപ്പാണ്. ജയയെപ്പോലെ കര്‍ണാടകത്തെ നഖശിഖാന്തം എതിര്‍ക്കാന്‍ രജനിക്കാവില്ല. അങ്ങിനെ എതിര്‍ത്താല്‍ കട്ടപ്പക്ക് കിട്ടിയ പണികിട്ടും. എം.ജി.ആറിനെപ്പോലെ ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ത്രാണി രജനിക്കില്ല. സിനിമാ മേഖലയില്‍ ഒരു കാലത്ത് 'പുവര്‍മാന്‍സ് രജനി' എന്നറിയപ്പെട്ടിരുന്ന വിജയകാന്ത് സ്വന്തം പാര്‍ട്ടി രൂപീകരിച്ച് പുലിവാലു പിടിച്ചതിന്‍റെ ഉദാഹരണം മുന്നില്‍ത്തന്നെ ഉണ്ടുതാനും. ഏതായാലും പുതിയൊരു സ്ലേറ്റില്‍ രാഷ്ട്രീയം എഴുതിത്തുടങ്ങാന്‍ രജനി തയാറാകുകയില്ലെന്നു വേണം കരുതാന്‍.
ഇതുവരെ ഒരു ജനകീയ പ്രശ്‌നത്തിലും ഇടപെടാനോ അഭിപ്രായ പ്രകടനം നടത്താനോ രജനി ശ്രമിച്ചിട്ടില്ല. ഒരിക്കൽ മാത്രം ജയലളിതക്കെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍, ആ നിലപാട് അദ്ദേഹം തുടർന്നില്ല. കാവേരി, മുല്ലപ്പെരിയാര്‍ പ്രശ്‌നങ്ങളിലൊക്കെ സമ്മര്‍ദ്ദം മൂലമാണ് അദ്ദേഹം പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തത്. ചെന്നൈ കഴിഞ്ഞ വര്‍ഷം വന്‍ വെള്ളപ്പൊക്ക ദുരന്തത്തില്‍ അകപ്പെട്ടപ്പോഴും രജനി പ്രകടമായി ഇടപെട്ടില്ല. അടുത്ത കാലത്ത് തമിഴ്‌നാട് ചരിത്രത്തില്‍ അനുഭവിച്ചിട്ടില്ലാത്ത വിധം വരള്‍ച്ചയെ നേരിടുകുയും കര്‍ഷകരുടെ കൂട്ട ആത്മഹത്യ ഉണ്ടാവുകയും ചെയ്തിട്ടും രജനി അഭിപ്രായ പ്രകടനമൊന്നും നടത്തിയില്ല. ഇതൊന്നും രാഷ്ട്രീയത്തിലിറങ്ങാനും അധികാരത്തിലെത്താനും ആഗ്രഹിക്കുന്ന ഒരാളില്‍ നിന്ന് പ്രതീക്ഷിക്കാത്ത നിഷ്‌ക്രിയത്വമാണ്.
നിലവിലുള്ള ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരാന്‍ രജനിക്ക് ഒരു തടസ്സവുമില്ല. വേണമെങ്കിൽ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രചാരണ രംഗത്തെ 'ക്രൗഡ്പുള്ളര്‍' ആയി വിലസിയാല്‍ മാത്രം ആരാധകര്‍ സമ്മതിക്കുമോ? 'മുതല്‍അമൈച്ചര്‍' പദവിയാണ് പരസ്യമായി ആരാധകരും രഹസ്യമായി രജനിയും മോഹിക്കുന്നത്. അതിനു പറ്റിയ പാര്‍ട്ടി ഏതുണ്ട്, തമിഴ്‌നാട്ടില്‍? എല്ലാ ദ്രാവിഡ രാഷ്ട്രീയ വണ്ടികളിലും ഡ്രൈവര്‍ സീറ്റിൽ ആളുണ്ട്. ബാക്കിയുള്ളത് ബി.ജെ.പിയാണ്. ഒരു നിലക്കും മോദിയുടെ മോഡിഏശാത്ത സംസ്ഥാനമാണ് തമിഴ്‌നാട്. അവര്‍ക്ക് സംസ്ഥാനഘടകത്തിന് ഒരു നല്ല ദ്രാവിഡ ഡ്രൈവറെ ആവശ്യമുണ്ട്. ആ പോസ്റ്റിലേക്ക് രജനി ഇപ്പോഴേ മനസു കൊണ്ട് അപേക്ഷ കൊടുത്തു കഴിഞ്ഞു.
രജനിയെ സംബന്ധിച്ചിടത്തോളം സ്വന്തം ചരമക്കുറിപ്പെഴുതി തയാറാക്കേണ്ടിവന്ന പത്രപ്രവര്‍ത്തകന്‍റെ അവസ്ഥയാകും ഇത്. ബി.ജെ.പി-രജനി ബാന്ധവത്തിലൂടെ ബി.ജെ.പിക്ക് ഒന്നും നഷ്ടപ്പെടാനില്ല; കിട്ടിയേക്കാവുന്നതോ ഒരു സംസ്ഥാനവും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നയിച്ച് പരാജയം ഏറ്റുവാങ്ങിയാല്‍ രജനി പെരുവഴിയിലാകും. ഒരുപക്ഷേ, സുരേഷ്‌ഗോപിക്ക് എന്നപോലെ വല്ല രാജ്യസഭാംഗത്വമോ മറ്റോ കിട്ടിയാല്‍ ഭാഗ്യം. പക്ഷേ, സൂപ്പര്‍ സ്റ്റാറിന് അതുമതിയോ? ബിരിയാണിച്ചെമ്പില്‍ കഞ്ഞിവെച്ച പോലെ ആകില്ലേ അത്?
ഇപോഴത്തെ രജനിയുടെ നീക്കങ്ങളില്‍ ഒന്നും രാഷ്ട്രീയ പക്വത പ്രകടമാകുന്നില്ല. അദ്ദേഹം ദല്‍ഹിയിലേക്ക് നരേന്ദ്ര മോദിയെ കാണാന്‍ പോകുന്നു എന്ന് കേള്‍ക്കുമ്പോള്‍ പേടി തോന്നുന്നു. അഭിനവ ഭട്ടി-വിക്രമാദിത്യന്മാരായ മോദിയും അമിത്ഷായും ചേർന്ന് രജനിയെ അവരുടെ രാഷ്ട്രീയക്കെണിയില്‍ അകപ്പെടുത്തും. രജനി ബി.ജെ.പിയിൽ ചേരാമെന്ന് സമ്മതിച്ചാല്‍ താമസിയാതെ അവര്‍ നിലവിലെ തമിഴ്‌നാട് സര്‍ക്കാരിനെ പിരിച്ചുവിടും. അതിനുള്ള കാരണങ്ങള്‍ പളനിച്ചാമിയും പനീര്‍ശെല്‍വവും ചേര്‍ന്നുണ്ടാക്കി വച്ചിട്ടുണ്ടല്ലോ. പിരിച്ചുവിട്ടാല്‍ അവര്‍ പോലും കാര്യമായ ബഹളമുണ്ടാക്കില്ല. പിന്നെ ആറുമാസം കഴിഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
രജനിയെ മുന്‍നിര്‍ത്തി ബി.ജെ.പി ഒരുകളി കളിച്ചുനോക്കും. ഒത്താല്‍ ഒത്തു എന്നേയേുള്ളു. ഒത്തില്ലെങ്കില്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഒരു മന്ദബുദ്ധിയെപ്പോലെ രജനിക്ക് അലഞ്ഞു നടക്കേണ്ടി വരും. തല്‍ക്കാലം രജനി രാഷ്ട്രീയത്തില്‍വരും, അധികാരത്തില്‍വരും എന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍, ഉറച്ച രാഷ്ട്രീയ നിലപാടുകളില്ലാതെ ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി ബി.ജെ.പിക്ക് പണയം വെക്കുകയാണെങ്കില്‍ അത് രജനിക്കും തമിഴ്‌നാട് രാഷ്ട്രീയത്തിനും ആപല്‍ക്കരമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.