താനൂർ അപകടത്തിൽ മരിച്ചവരിൽ അധികവും സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. 2022ൽ യു.എൻ.ഡി.പി പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നത് ദുരന്തങ്ങളിൽ പുരുഷന്മാരേക്കാൾ പതിനാലിരട്ടി മരണസാധ്യതയുണ്ട് സ്ത്രീകൾക്കും കുട്ടികൾക്കുമെന്നാണ്. മലയാളികൾക്ക് ജലസാക്ഷരത ഇല്ലാത്തിടത്തോളം, നമ്മുടെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നീന്തൽ പഠിക്കാൻ സൗകര്യങ്ങൾ ഒരുക്കാത്തിടത്തോളം കാലം ഇത്തരം അപകടങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും.
മഹാകവി കുമാരനാശാന്റെയുൾപ്പെടെ ജീവൻ കവർന്ന 1924ലെ പല്ലന ബോട്ടപകടം മുതൽ ബേപ്പൂരിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ 2017ലെ ബോട്ടപകടം വരെ ഇരുപതിലധികം ജലയാത്രാദുരന്തങ്ങൾ കേരളത്തിൽ ഇതിനുമുമ്പ് സംഭവിച്ചിട്ടുണ്ട്. ഓരോ അപകടവും സംഭവിച്ചതിനു പിന്നാലെ അന്വേഷണ കമീഷനുകളെ നിശ്ചയിക്കുന്നു, അവർ കണ്ടെത്തലുകളും നിർദേശങ്ങളും സമർപ്പിക്കുന്നു എന്നതിലുപരി അവ എത്രത്തോളം പ്രാവർത്തികമാക്കാറുണ്ട് എന്ന കാര്യം ആരും ചർച്ചക്കെടുക്കാറില്ല.
2007 ഫെബ്രുവരി 20നാണ് തട്ടേക്കാട് ഭൂതത്താൻകെട്ടിൽ ബോട്ട് മുങ്ങി 18 പേർ മരിക്കുന്നത്. ബോട്ടിന് താങ്ങാവുന്ന പരിധിയിലേറെ ആളുകളെ കയറ്റിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് ജസ്റ്റിസ് പരീത്പിള്ള കമീഷൻ 2008ൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നീന്തൽ ഒരു പാഠ്യേതര വിഷയമായി ഉൾപ്പെടുത്തണമെന്നതുൾപ്പെടെ ഒട്ടനവധി നിർദേശങ്ങളും റിപ്പോർട്ടിലുണ്ടായിരുന്നു. തേക്കടിയിലും ഇത് ആവർത്തിച്ചു. ലൈഫ് ജാക്കറ്റുകൾ ഇല്ലാഞ്ഞതും കൂടുതൽ ആളുകളെ കയറ്റിയതും ബോട്ടിന്റെ നിർമാണത്തിലെ അശാസ്ത്രീയതയുമെല്ലാം വീഴ്ചയായി കണ്ടെത്തി. 14 വർഷത്തിനുശേഷം താനൂരിൽ എത്തിനിൽക്കുമ്പോഴും സുരക്ഷാപാളിച്ചകൾ സമാനമാണ്.
തീരദേശത്തു മാത്രമല്ല, കേരളത്തിൽ അങ്ങോളമിങ്ങോളം ഓരോ കവലയിലും ‘പോക്കറ്റ് ടൂറിസം’ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ചില ടൂറിസം കേന്ദ്രങ്ങൾ കാഴ്ചകൾകൊണ്ട് സമ്പന്നമാണെങ്കിൽ മറ്റു ചില ഇടങ്ങളുടെ സാധ്യത ഭക്ഷണവൈവിധ്യമോ വൈബിങ് സെൽഫി സ്പോട്ടുകളോ ആകാം. അപകടം നടന്ന തൂവൽതീരവും ഇത്തരത്തിൽ വളർന്നുവരുന്ന ഒരു ടൂറിസം സ്പോട്ടാണ്. ഇത്തരം ആയിരക്കണക്കിന് ടൂറിസം സ്പോട്ടുകൾ ഏതെങ്കിലും തരത്തിലുള്ള നിയമാവലികളോ ചട്ടക്കൂടുകളോ ഇല്ലാതെയാണ് വളർന്നുവരുന്നത്. അവയുടെ സ്വഭാവംതന്നെ അനുദിനം മാറിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് വളരുകയും വ്യാപിക്കുകയും ചെയ്യുന്ന ഇത്തരം കുഞ്ഞുടൗൺഷിപ്പുകൾ പ്രാദേശിക വികസനത്തിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ, അവയെ നിരീക്ഷിക്കാനും ക്രമീകരണങ്ങൾ ഒരുക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ടൂറിസം വകുപ്പും നിർദേശിക്കുന്ന നിയമാവലികൾ പാലിക്കപ്പെടുന്നില്ല. നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിലും വേണ്ടത്ര ശ്രദ്ധയുണ്ടാവുന്നില്ല.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും കുറഞ്ഞത് 40 അംഗങ്ങൾ ഉൾക്കൊള്ളുന്ന എമർജൻസി റെസ്പോൺസ് ടീമുകളെ (ഇ.ആർ.ടി) ഒരുക്കേണ്ടതുണ്ട്. മുന്നറിയിപ്പ് നൽകൽ, തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തൽ, പ്രഥമശുശ്രൂഷ ലഭ്യമാക്കൽ, ക്യാമ്പ് മാനേജ്മെന്റ് എന്നീ ഉത്തരവാദിത്തങ്ങളിലാണ് ഇവർ ഏർപ്പെടുക. നിർഭാഗ്യവശാൽ ഇത്തരം സംഘമോ കോസ്റ്റൽ പൊലീസിനു കീഴിലെ ജാഗ്രതാ സമിതിയോ തൂവൽതീരത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടില്ല. ഇതൊരു വലിയ അപര്യാപ്തതയാണ്.
വൈകീട്ട് ആറു മണിക്കുശേഷവും ബോട്ടിങ് തുടർന്നു എന്നത് അനാസ്ഥയുടെ ആഴം വ്യക്തമാക്കുന്നു. അപകടം നടന്ന് അരമണിക്കൂറിനുശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിക്കാനായത് എന്നും പറയപ്പെടുന്നു. മുങ്ങിയ ബോട്ടിന് ലൈസൻസോ സുരക്ഷാക്രമീകരണങ്ങളോ ഉണ്ടായിരുന്നില്ല എന്നാണറിയുന്നത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കാനുള്ളതിനാൽ കൂടുതൽ പറയുന്നില്ല.
അപകടത്തിൽ മരിച്ചവരിൽ അധികവും സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. 2022ൽ യു.എൻ.ഡി.പി പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നത് ദുരന്തങ്ങൾ സംഭവിക്കുമ്പോൾ പുരുഷന്മാരേക്കാൾ പതിനാലിരട്ടി മരണസാധ്യതയുണ്ട് സ്ത്രീകൾക്കും കുട്ടികൾക്കുമെന്നാണ്. 2004ൽ സംഭവിച്ച സൂനാമി ദുരന്തത്തിൽ 2.30 ലക്ഷം ആളുകൾക്ക് ജീവഹാനി സംഭവിച്ചപ്പോൾ അതിൽ 70 ശതമാനവും സ്ത്രീകളായിരുന്നു എന്നതുമോർക്കുക. സ്ത്രീകളുടെ സാമൂഹിക-പാരിസ്ഥിതിക ചുറ്റുപാടുകളാണ് ഇതിന് പ്രധാന കാരണമെന്നും പഠനം നിരീക്ഷിക്കുന്നു.
ബോട്ടപകടങ്ങളുണ്ടാകുമ്പോൾ മുങ്ങിമരണം മാത്രമല്ല സംഭവിക്കുന്നത്. എന്നിരിക്കിലും നീന്തൽ അറിയുന്നവർക്ക് ജീവൻരക്ഷാസാധ്യത അധികമാണ്. കഴിഞ്ഞ ദിവസം അപകടത്തിൽപെട്ട ബോട്ടിലുണ്ടായിരുന്ന അഞ്ചു പേർ നീന്തി രക്ഷപ്പെട്ടതായി റിപ്പോർട്ടുകളിൽ കാണാം.
നമ്മുടെ നാട്ടിൽ എത്ര സ്ത്രീകൾക്ക് ഇത്തരത്തിൽ നീന്തൽ പഠിക്കാൻ കഴിയാറുണ്ട്? സുരക്ഷാമാർഗങ്ങളെക്കുറിച്ച് അവർ എത്രമാത്രം ബോധവതികളാണ്? എമർജൻസി റെസ്പോൺസ് ടീമുകളിൽപോലും സ്ത്രീകൾ ഇല്ലെന്ന പരിതാപാവസ്ഥയാണ് നമ്മുടെ കേരളത്തിൽ നിലവിലുള്ളത്.
മലയാളികൾക്ക് ജലസാക്ഷരത ഇല്ലാത്തിടത്തോളം, നമ്മുടെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നീന്തൽ പഠിക്കാൻ സൗകര്യങ്ങൾ ഒരുക്കാത്തിടത്തോളം കാലം ഇത്തരം അപകടങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. ജലത്തെ സുസ്ഥിരമാംവിധം ഉപയോഗിക്കുകയും പുനരുപയോഗിക്കുകയും ഭാവിതലമുറക്കുവേണ്ടി കരുതിവെക്കുകയും ചെയ്യുന്നതിലൊതുങ്ങുന്നില്ല, ജലസ്രോതസ്സുകളെ ചുറ്റിപ്പറ്റിയുള്ള അപകടങ്ങൾ ഒഴിവാക്കുകകൂടി ചെയ്യുമ്പോഴേ ജലസാക്ഷരത കൈവരിച്ചുവെന്ന് നമുക്ക് അവകാശപ്പെടാനാവൂ.
ചില നിർദേശങ്ങൾ:
1. ജലസുരക്ഷ ഒരു പാഠ്യേതര വിഷയമായി ഉൾക്കൊള്ളിക്കുക
2. വിനോദസഞ്ചാര പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് സംഘാടകരുടെ ചുമതലയിൽ സുരക്ഷാ അവബോധം നൽകുക. തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലെ ഇ.ആർ.ടി വർക്കിങ് ഗ്രൂപ് അംഗങ്ങൾക്ക് ഇതിന്റെ മേൽനോട്ട-പരിശോധന ചുമതല നൽകാവുന്നതാണ്
3. ജാഗ്രതാസമിതികളും തീരദേശ സെർച്ച് ആൻഡ് റെസ്ക്യൂ വിഭാഗത്തിൽ ഉൾപ്പെടുന്ന എല്ലാ സന്നദ്ധ പ്രവർത്തകർക്കും സിവിൽ ഡിഫൻസ് വളന്റിയർമാർക്കും നീന്തൽ പരിശീലനം നിർബന്ധമാക്കണം
4. ജാഗ്രതാസമിതികളുടെയും തീരദേശ സംഘടനകളുടെയും ഏകോപനത്തിലൂടെ ടൂറിസം സ്പോട്ടുകളുടെ സുരക്ഷ ക്രമീകരിക്കണം
5. ജില്ല ദുരന്തനിവാരണ അതോറിറ്റികളുടെയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും സഹകരണത്തോടെ ഇവർക്കാവശ്യമായ പരിശീലനങ്ങൾ ഏർപ്പെടുത്തണം.
ഈ നിർദേശങ്ങളെല്ലാം പ്രാദേശികമായി സ്വീകരിക്കാവുന്ന നടപടികൾ മാത്രമാണ്. എന്നാൽ, അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ മേൽത്തട്ട് സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുകയും ജലസുരക്ഷയെക്കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കുകയും വേണം.
ഇത്തരം സ്പോട്ട് ടൂറിസം മേഖലകളിൽ ഉൾക്കൊള്ളുന്ന പൂളുകൾ, ഹൗസ്ബോട്ടുകൾ, ൈസ്ലഡുകൾ എന്നിവയുടെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് കൃത്യമായ നിർദേശങ്ങൾ നൽകുകയും ഇവ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ ടൂറിസം വകുപ്പിനു കീഴിൽ പ്രാദേശിക സംവിധാനങ്ങൾ ഏർപ്പെടുത്തുകയോ, പ്രാദേശിക വികസന സമിതി വർക്കിങ് ഗ്രൂപ്, എമർജൻസി റെസ്പോൺസ് ടീം എന്നിവയുടെ ഏകോപനത്തിനു കീഴിൽ കൊണ്ടുവരുകയോ ചെയ്യാം. എന്നാൽ, ദുരന്തം സംഭവിച്ചശേഷം സ്വീകരിക്കുന്ന സർക്കാർ നടപടികൾ ഇത്തരം സ്പോട്ടുകളുടെ വികസനസാധ്യതകളെ അപ്പാടെ ഇല്ലാതാക്കുന്ന വിധത്തിലാകരുത്.
(ദുരന്തനിവാരണ വിദഗ്ധയും ലഡാക്കിലെ എമർജൻസി ഓപറേഷൻ സെന്റർ പ്രോജക്ട് മാനേജറുമാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.