ബജറ്റ് പ്രസംഗത്തിലും രാമക്ഷേത്രം തിരുകാൻ ധനമന്ത്രി പ്രത്യേകം ശ്രദ്ധിച്ചപ്പോൾ തെളിഞ്ഞത് കണക്കും ആസൂത്രണവുമൊന്നുമല്ല വോട്ടിനെ സ്വാധീനിക്കുന്നതെന്ന ഉറച്ച വിശ്വാസമാണ്. ലോക്സഭ തെരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ ജനക്ഷേമത്തേക്കാൾ, വികാരത്തിന്റെ വേലിയേറ്റത്തിലാണ് സർക്കാറിന്റെ പ്രതീക്ഷ എന്നുകൂടിയാണ്
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രവും മുത്തലാഖ് നിരോധനവും രാഷ്ട്രപതിയുടെ പാർലമെന്റ് പ്രസംഗത്തിൽ മാത്രമല്ല, ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിലും കടന്നുവന്നു. സർക്കാറിന്റെ സാമ്പത്തിക ആസൂത്രണ രേഖയായ ബജറ്റിൽ ഈ വിഷയങ്ങൾ യഥാർഥത്തിൽ പ്രസക്തമല്ല.
പക്ഷേ, ബജറ്റ് പ്രസംഗത്തിലും രാമക്ഷേത്രം തിരുകാൻ ധനമന്ത്രി പ്രത്യേകം ശ്രദ്ധിച്ചപ്പോൾ തെളിഞ്ഞത് കണക്കും ആസൂത്രണവുമൊന്നുമല്ല വോട്ടിനെ സ്വാധീനിക്കുന്നതെന്ന ഉറച്ച വിശ്വാസമാണ്. ലോക്സഭ തെരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ ജനക്ഷേമത്തേക്കാൾ, വികാരത്തിന്റെ വേലിയേറ്റത്തിലാണ് സർക്കാറിന്റെ പ്രതീക്ഷ എന്നുകൂടിയാണ്.
ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുമ്പോൾ ജനങ്ങൾക്ക് ആശ്വാസം പകരുന്ന ചില ഇനങ്ങളെങ്കിലും ഇടക്കാല ബജറ്റിൽ സർക്കാറുകൾ ഉൾപ്പെടുത്താറുണ്ട്. രണ്ടാമൂഴം പിന്നിട്ട മോദി സർക്കാർ അതിനൊന്നും നിന്നില്ല. ഈ സൗജന്യങ്ങളില്ലാതെതന്നെ വോട്ട് സമ്പാദിക്കാമെന്ന ആത്മവിശ്വാസമാകാം അതിനു കാരണം. ആത്മവിശ്വാസം വർധിപ്പിക്കുന്ന രണ്ടു ഘടകങ്ങൾ സാമുദായിക ധ്രുവീകരണവും പ്രതിപക്ഷ ദൗർബല്യവുമാകാം.
ജനങ്ങളുടെ വരുമാനം 50 ശതമാനം കണ്ട് വർധിച്ചു, 25 കോടി പേർ ദാരിദ്ര്യം മറികടന്നു തുടങ്ങിയ ഊഹക്കണക്കുകളുടെ അകമ്പടിയോടെ മുന്നോട്ടുനീങ്ങിയ ബജറ്റ് പ്രസംഗത്തിൽ ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നിവരുടെ ക്ഷേമത്തിനാണ് മുന്തിയ പരിഗണന നൽകുന്നതെന്ന് ധനമന്ത്രി പലവട്ടം ആവർത്തിച്ചു. എന്നാൽ തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ ഗുരുതര വിഷയങ്ങളൊന്നും ബജറ്റ് കാര്യമായി പരിഗണിച്ചില്ല.
പ്രത്യക്ഷ-പരോക്ഷ നികുതികളൊന്നും കുറച്ചിട്ടില്ല. മാറ്റമില്ലാതെ നിർത്തിയതിൽ ആശ്വാസം കാണാമെന്നു മാത്രം. ക്രൂഡോയിൽ വിലയിടിവിലൂടെ എത്രയോ മാസങ്ങളായി ലാഭമൂറ്റുന്ന സർക്കാർ എക്സൈസ് തീരുവ കുറച്ച് പെട്രോൾ, ഡീസൽ വിലയിൽ ആശ്വാസം നൽകിയതുമില്ല. ഇതിനെല്ലാമിടയിലാണ് അടുത്ത സർക്കാർ നടപ്പാക്കേണ്ട ചില വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ചത്. അതിനാകട്ടെ, ബജറ്റ് വിഹിതത്തിന്റെ പിൻബലമില്ല.
അതേസമയം, കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ തുക ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ചെലവിട്ടിട്ടില്ല. മൂലധന ചെലവും ലക്ഷ്യം കണ്ടിട്ടില്ല. ഇതിന്റെ കണക്കുകൾ ബജറ്റ് രേഖകളിൽ ലഭ്യമാണ്. പ്രതിരോധ ചെലവ് ഉയർത്തി നിശ്ചയിച്ചപ്പോൾത്തന്നെ, ഭക്ഷ്യ-രാസവള സബ്സിഡി വെട്ടിച്ചുരുക്കുകയാണ്.
പിന്നാക്ക വിഭാഗ ക്ഷേമം പറയുന്ന സർക്കാർ കഴിഞ്ഞ ബജറ്റിൽ 9,409 കോടി പട്ടികജാതി ക്ഷേമത്തിന് നീക്കിവെച്ചതിൽ ചെലവാക്കിയത് 6,780 കോടി മാത്രമാണ്. പട്ടിക വർഗക്കാർക്കായി 4295 കോടി നീക്കിവെച്ചതിൽ ചെലവിട്ടത് 3286 കോടി. ന്യൂനപക്ഷങ്ങൾക്ക് 610 കോടിയെന്ന കുറഞ്ഞ വിഹിതം നിശ്ചയിച്ച ശേഷം ചെലവിട്ടത് 555 കോടി രൂപ മാത്രം.
14.13 ലക്ഷം കോടി രൂപയാണ് സർക്കാർ വായ്പയെടുക്കാൻ പോകുന്നത്. വായ്പ കഴിഞ്ഞാൽ സർക്കാറിലേക്ക് പണമെത്തിക്കുന്ന രണ്ടാമത്തെ കൂട്ടർ ആദായനികുതി നൽകുന്നവരാണ്. വരവിൽ 28 ശതമാനമാണ് വായ്പയെങ്കിൽ 19 ശതമാനമാണ് ആദായനികുതി. കോർപറേറ്റുകളുടെ നികുതി 17 ശതമാനമേ വരൂ.
ജി.എസ്.ടി 18 ശതമാനമുണ്ട്. ആദായ നികുതിയിലും വിലക്കയറ്റം കണക്കിലെടുത്ത് പരോക്ഷ നികുതികളിലും ഇളവു പ്രതീക്ഷിച്ച നികുതിദായകർക്ക് തെരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോഴും സർക്കാർ സമാശ്വാസം നൽകിയില്ല. ബജറ്റിനെക്കുറിച്ച പ്രതീക്ഷകളിൽ വാനംമുട്ടേ ഉയർന്ന ഓഹരി വിപണി ബജറ്റിനുശേഷം ഇടിഞ്ഞത് നിക്ഷേപക നിരാശയുടെയും പ്രതിഫലനമായി.
ഇടക്കാല ബജറ്റാണെങ്കിലും ശരിയായൊരു സാമ്പത്തിക ദർശനം ബജറ്റിൽ കാണാനില്ല. 2047ൽ ഇന്ത്യയെ വികസിത ഭാരതമാക്കുമെന്നാണ് 56 മിനിറ്റിന്റെ വാചകമേള മുന്നോട്ടുവെക്കുന്ന വാഗ്ദാനം. വിദേശ നിക്ഷേപ വരവ് കുറഞ്ഞെന്ന കണക്കുകളും ഓഹരി വിൽപനയിലൂടെ അടുത്ത വർഷം 50,000 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ടതും വികസനത്തിന്റെ ‘അമൃതകാല’ത്തിനിടയിൽത്തന്നെ. വീണ്ടും അധികാരത്തിൽ വന്നാൽ പരിഷ്കാരങ്ങളുടെ പുതിയ ഇനങ്ങൾ നടപ്പാക്കുമെന്ന പ്രഖ്യാപനവും ബജറ്റ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.