സാഹിത്യ അക്കാദമിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുമെന്ന് തെളിയിച്ചത് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവായിരുന്നു. അക്കാദമി ഒരു സ്വതന്ത്ര സ്വയംഭരണ സ്ഥാപനമാണെന്ന് അക്കാലത്ത് പൊതുജനത്തിന് ബോധ്യമായി. അതങ്ങനെത്തന്നെയാവണമെന്ന നിശ്ചയദാർഢ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ, കേന്ദ്ര സാഹിത്യ അക്കാദമിയും അതിന്റെ ചുവടുപിടിച്ച് സ്ഥാപിക്കപ്പെട്ട സംസ്ഥാന സാഹിത്യ അക്കാദമികളും അതതു കാലത്തെ ഭരണകൂടത്തിന്റെ ഇംഗിതത്തിനും കല്പനകൾക്കുമനുസരിച്ച് മാറാൻ തുടങ്ങിയതാണ് പിന്നീടുള്ള ചരിത്രം.
ഭരണകക്ഷിയുടെ വാർഷികാഘോഷങ്ങൾ പ്രചരിപ്പിക്കുന്നതിലേക്കും സർക്കാറിന്റെ ആജ്ഞകൾ നിറവേറ്റണമെന്ന സർക്കുലറുകളിലേക്കും വരെ ഈ പ്രവണത ചെന്നെത്തി നിൽക്കുന്നു.
സർക്കാർ നോമിനേറ്റ് ചെയ്യുന്ന പ്രസിഡന്റും സെക്രട്ടറിയും അക്കാദമി കൗൺസിലും ജനറൽ കൗൺസിലുമാവുമ്പോൾ ഇങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമെങ്കിലും അക്കാദമിയെ രാഷ്ട്രീയ ഇടപെടലുകൾക്കതീതമായി നയിക്കാൻ കഴിയുമെന്നതിന് തെളിവായിരുന്നു കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് അക്കാദമി പ്രസിഡന്റായിരുന്ന പെരുമ്പടവം ശ്രീധരന്റെ കാലഘട്ടം. അക്കാദമി വിഷയത്തിൽ സമീപകാലത്തുയർന്ന വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിനും മുമ്പ് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശിച്ചപ്പോൾ അതിന്റെ പിന്നാമ്പുറക്കഥകളെക്കുറിച്ച് കഥാകാരൻ വളരെ ആവേശപൂർവം സംസാരിക്കുകയുണ്ടായി.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി ചുമതലയേറ്റയുടൻ അക്കാദമികൾ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പെരുമ്പടവത്തെ ഫോണിൽ വിളിച്ചു. വീട്ടിൽ വന്നു കാണാൻ സമയം അനുവദിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. വീട്ടിലെത്തിയ മുഖ്യമന്ത്രി സർക്കാർ അക്കാദമിയുടെ പ്രവർത്തനം കുറച്ചുകൂടി മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും പെരുമ്പടവം അതിന്റെ ചുമതലയേൽക്കണമെന്നും പറഞ്ഞു. അതേവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ സർക്കാറിന്റെ ഇടപെടലുണ്ടാവുമ്പോൾ ഒന്നും ചെയ്യാൻ കഴിയില്ലെന്നും അതുകൊണ്ട്, ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞ പെരുമ്പടവത്തിനു മുന്നിൽ ഉമ്മൻചാണ്ടി മനസ്സു തുറന്നത്രെ. അക്കാദമി കാര്യത്തിൽ തന്റെയോ സഹപ്രവർത്തകരുടെയോ ഒരിടപെടലും ഉണ്ടാവില്ലെന്നും താങ്കൾക്ക് ധൈര്യമായി തീരുമാനമെടുക്കാമെന്നും പറഞ്ഞാണ് മുഖ്യമന്ത്രി വീട്ടിൽ നിന്ന് തിരിച്ചുപോയത്. അങ്ങനെയാണ് പെരുമ്പടവം അക്കാദമിയുടെ ചുമതലയേറ്റെടുക്കുന്നത്. പിന്നീട് അഞ്ചു വർഷം തികയുന്നതിന് മുമ്പ് ഉമ്മൻചാണ്ടി രാജിവെക്കുന്നതു വരെയും തീർത്തും സ്വതന്ത്രമായിത്തന്നെയാണ് അക്കാദമിയെ നയിച്ചതെന്ന് പെരുമ്പടവം ശ്രീധരൻ അഭിമാനത്തോടെ പറയുന്നു.
മുഖ്യമന്ത്രി രാജിവെച്ചപ്പോൾ പിന്നെ ആ സ്ഥാനത്ത് തുടരേണ്ടയെന്ന തീരുമാനത്തിൽ അദ്ദേഹവും രാജിവെക്കുകയായിരുന്നു.
മലയാള ഭാഷയിൽ മാത്രമല്ല, ഇന്ത്യയിലൊട്ടാകെ അറിയപ്പെടുന്ന എഴുത്തുകാരനും ചിന്തകനുമായ കെ. സച്ചിദാനന്ദനാണ് ഇപ്പോൾ അക്കാദമിയുടെ തലപ്പത്ത്. അവിടെ നടക്കുന്ന രാഷ്ട്രീയ ഇടപെടലുകളെ കണ്ടില്ലെന്നുവെക്കുന്നത് അദ്ദേഹത്തെയും സ്വതന്ത്ര സാഹിത്യ പ്രവർത്തനത്തെയും സ്നേഹിക്കുന്നവരെ വേദനിപ്പിക്കുന്നുവെന്ന് പറഞ്ഞുകൊള്ളട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.