1.വി​ദ്യാ​ന​ഗ​ർ ക​ല്ല​ക്ക​ട്ട​യി​ലെ അ​ഞ്ജ​ലി​യെ അ​മ്മ ബ​ഡ്സ് സ്കൂ​ളി​ലേ​ക്ക് അ​യ​ക്കാ​ൻ

ഒ​രു​ക്കു​ന്നു. 2.മൂ​ന്നു​വ​യ​സ്സു​കാ​ര​ന്റെ ശ​രീ​രം​പോ​ലു​മി​ല്ലാ​ത്ത 33കാ​ര​ൻ കാ​സ​ർ​കോ​ട്

അ​ണ​ങ്കൂ​രി​ലെ ഉ​ദ്ദേ​ശ്മാ കു​മാ​ർ

അ​മ്മ​യു​ടെ മ​ടി​യി​ൽ

ജീവിതംതന്നെ ലോക്ഡൗണാണവർക്ക്!

എൻഡോസൾഫാൻ ഇരകൾക്ക്​ മരണമോ മരുന്ന്​ ? - ഭാഗം നാല്

കോവിഡ് മഹാമാരിക്കു ശേഷമാണ് ലോക്ഡൗൺ, സോഷ്യൽ ഡിസ്റ്റൻസിങ്, ക്വാറന്റീൻ തുടങ്ങിയ വാക്കുകൾ നമ്മൾ കേൾക്കാൻ തുടങ്ങിയതെങ്കിൽ ജീവിതം മുഴുവൻ ലോക്ഡൗണിലും സാമൂഹിക അകലത്തിലും കുരുങ്ങി കഴിച്ചുകൂട്ടുന്നവരാണ് എൻഡോസൾഫാൻ ഇരകളും അവരുടെ മാതാപിതാക്കളും.18 വയസ്സിനു മുകളിലുള്ളവരെ ബഡ്സ് സ്കൂളുകളിൽ പ്രവേശിപ്പിക്കില്ല. സമരക്കാർ പ്രശ്നമുണ്ടാക്കിയേക്കുമെന്ന് ഭയന്ന് ചിലരെ അവിടെ നിർത്തുന്നുവെന്നു മാത്രം.

കുടുംബത്തിലോ തൊട്ടയൽവക്കത്തോ കല്യാണമോ ആഘോഷങ്ങളോ ഉണ്ടായാൽപോലും അവർക്ക് ചേരാനാവാറില്ല. ആശുപത്രിയിലേക്കോ മരണവീടുകളിലേക്കോ പോകുവാനല്ലാതെ വീട്ടിൽനിന്ന് പുറത്തിറങ്ങാറില്ല ഇവിടത്തെ പല അമ്മമാരും. അവർ എങ്ങനെ ജീവിക്കുന്നുവെന്നോ അവരുടെ സങ്കടങ്ങളെന്തെന്നോ തിരക്കി അധികമാരും അവർക്കരികിലേക്ക് ചെല്ലാറുമില്ല. ചുരുക്കം ചില ആക്ടിവിസ്റ്റുകളോ പഠനാവശ്യാർഥം എത്തുന്ന വിദ്യാർഥികളോ ഇടക്കു വന്ന് അൽപനേരം അവരെ കേട്ടിരിക്കും.

എത്ര എഴുതിയിട്ടും അധികൃതർ തിരിഞ്ഞുപോലും നോക്കാത്തവിധം എഴുതിത്തള്ളിയതോടെ മാധ്യമപ്രവർത്തകരും ഈ വഴിക്ക് വരാതെയായി. ''മാധ്യമപ്രവർത്തകർ ചെല്ലുകയും വിവരങ്ങൾ ചോദിച്ചറിയുകയുമൊക്കെ ചെയ്യുമ്പോൾ മാതാപിതാക്കൾക്ക് ഒരൽപം പ്രതീക്ഷയും ആശ്വാസവുമൊക്കെയുണ്ടാവും, കാര്യങ്ങളിൽ മാറ്റമുണ്ടാകുമെന്ന തോന്നലുണ്ടാവും; പക്ഷേ ഈ ദുരവസ്ഥകളെല്ലാം വിവരിച്ച് പലവട്ടം വാർത്തകൾ നൽകിയിട്ടും അധികൃതർ അനുഭാവപൂർവമായ ഒരു വാക്കുപോലും ഉരിയാടാൻ തയാറല്ല, പിന്നെ ആ സാധുക്കളുടെ മുഖത്ത് നമ്മളെങ്ങനെ നോക്കാനാണ്'' -ഒരു പ്രമുഖ ദൃശ്യമാധ്യമ പ്രവർത്തകൻ ചോദിക്കുന്നു.

എൻഡോസൾഫാൻ ഇരകളായ, പ്രത്യേകിച്ച് മെന്റലി റിട്രാഡഡ് വിഭാഗത്തിൽപെട്ട കുട്ടികൾക്കുവേണ്ടി കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാനപാതയിലെ അമ്പലത്തറയിൽ ഒരു സ്നേഹവീടുണ്ട്. അതിന്റെ പ്രധാന നടത്തിപ്പുകാരിൽ ഒരാൾ ആക്ടിവിസ്റ്റായി മാറിയ എൻഡോസൾഫാൻ ഇരകളിലൊരാളായ മുനീസ അമ്പലത്തറയാണ്. ഇവിടെയുള്ള കുട്ടികളുടെ അമ്മമാർക്ക് ഒരു നവമാധ്യമ കൂട്ടായ്മയുണ്ട്. 24 മണിക്കൂറും സജീവമാണ് സുന്ദരിക്കൂട്ടം എന്ന ആ ഗ്രൂപ്പ്. ''മറ്റാരും കേൾക്കാൻ ചെവികൊടുക്കാത്ത സങ്കടങ്ങൾ അവർ പരസ്പരം പറയുന്നു, ആശ്വസിപ്പിക്കുന്നു.

ഒരു മണിക്കൂറെങ്കിലും ഉറങ്ങാൻ പറ്റിയിരുന്നുവെങ്കിൽ എന്നാണ് ആ അമ്മമാരിൽ പലരുടെയും വലിയ ആഗ്രഹങ്ങളിലൊന്ന്. മിക്കവരും കടുത്ത രോഗങ്ങളുടെ പിടിയിലാണ്, വിഷാദരോഗത്തിന്റെ വക്കിലാണ്. അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരൽ കൂടിയാണ് പുനരധിവാസം'' -മുനീസ പറയുന്നു.''11 പഞ്ചായത്തുകളിൽ ബഡ്സ് സ്കൂളുകൾ, 54 കോടിയുടെ പുനരധിവാസ ഗ്രാമം, 108 വീടുകൾ രണ്ടിടത്തായി പൂർത്തിയാക്കുന്ന സാഫല്യം പദ്ധതി. ഇതൊക്കെയാണ് ഇരകൾക്കായി വിഭാവനം ചെയ്തതും ചെയ്യാനിരിക്കുന്നതുമായ പദ്ധതികൾ. ഇരകളും അമ്മമാരും അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഇതുമാത്രംകൊണ്ട് പരിഹാരമാവില്ല'' -മുനീസ കൂട്ടിച്ചേർത്തു.

''മെന്റലി റിട്രാഡഡായ നാല് സഹോദരങ്ങളെ നോക്കാൻ വേണ്ട വരുമാനം എനിക്കില്ല. അവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ എനിക്കാരും കൂട്ടുമില്ല, എനിക്ക് ആവശ്യം വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു ജോലിയാണ്; സഹോദരങ്ങൾക്കാവശ്യമായ മരുന്ന് വീട്ടിൽ എത്തിക്കുന്ന സംവിധാനമാണ്'' -ചാപ്പാടിയിലെ ഫാത്തിമയുടെ വാക്കുകളിൽ പുനരധിവാസം എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച ചെറു രൂപരേഖയുണ്ട്. പക്ഷേ, ഇവർക്ക് ചെവികൊടുക്കാൻ അധികൃതർക്ക് നേരമില്ല.

''രോഗികളുടെ മാതാപിതാക്കൾക്ക് കൗൺസലിങ് നൽകേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. അവരിലേക്ക് ഇറങ്ങിച്ചെന്ന് അവർ സമൂഹത്തിന്റെ ഭാഗമാണെന്ന് ബോധ്യപ്പെടുത്താൻ നമുക്ക് കഴിയണം. അടിക്കടിയുണ്ടാവുന്ന ആത്മഹത്യകൾ ഉൾപ്പെടെയുള്ള വിപത്തുകൾക്ക് എങ്കിലേ പരിഹാരം കണ്ടെത്താനാവൂ. എൻഡോസൾഫാൻ ഇരകൾക്ക് കൗൺസലിങ് നടത്തുന്ന മനഃശാസ്ത്രജ്ഞ കെ. ഷംന പറയുന്നു.

എൻഡോസൾഫാൻ ഇരകൾക്കുവേണ്ടി പദ്ധതികൾ പ്രഖ്യാപിക്കപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി. പക്ഷേ, അതിനായി ഏറ്റവും കുറഞ്ഞ പരിഗണന മാത്രമാണ് സർക്കാറുകൾ നൽകിവന്നത്. പ്രഖ്യാപിക്കപ്പെട്ടതിൽ ഏറ്റവും വലിയ പദ്ധതിയായ ബോവിക്കാനത്തെ പുനരധിവാസ ഗ്രാമത്തിന്റെ നിർമാണപ്രവർത്തനം ഏറെ വൈകി ആരംഭിച്ചിട്ടുണ്ട്. അമ്പതു കോടി രൂപ ചെലവിൽ ആരോഗ്യപരിപാലനം, തൊഴില്‍ പരിശീലനം, വ്യക്തി അധിഷ്ഠിതമായ ശാരീരിക മാനസിക ഇടപെടലുകള്‍, ഡേ കേയര്‍ സെന്റര്‍ തുടങ്ങിയവ വിഭാവനംചെയ്യുന്ന പദ്ധതിയുടെ ആദ്യഘട്ടം അടുത്ത വർഷം മേയിൽ പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിരന്തരം വാഗ്ദാന ലംഘനങ്ങൾ അനുഭവിച്ച് മടുത്ത ഇരകളുടെ കുടുംബങ്ങൾക്ക് അതിൽ കാര്യമായ പ്രതീക്ഷയേയില്ല.

''ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്ക് സമഗ്രമായ ഒരു പുനരധിവാസ ഗ്രാമമാണ് വേണ്ടത്. അവിടെ രോഗികളായ കുട്ടികൾക്ക് കുടുംബസമേതം താമസിക്കാൻ വീടും സാമൂഹികമായ ബന്ധത്തിന് സൗകര്യവും വേണം. തൊഴിലും വിപണിയും വിനോദോപാധികളും വേണം. പുറംലോകവുമായി സംവദിക്കാൻ അവസരമൊരുക്കണം. ഭവനരഹിതരായ ഇരകളുടെ കുടുംബത്തിന് ഏതെങ്കിലും പദ്ധതിയിൽപെടുത്തി വീട് നിർമിച്ചുനൽകുന്നത് എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസമല്ല. മാതാപിതാക്കൾ നഷ്ടപ്പെട്ടാൽ ഇരകൾ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന പദ്ധതികളും സാഹചര്യവുമാണ് നിലവിലുള്ളത്'' -എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.

സർക്കാറിൽനിന്ന് അനർഹമായ എന്തൊക്കെയോ ആവശ്യപ്പെടുന്നു എന്ന മട്ടിലാണ് ഇരകളുടെ നിവേദനങ്ങളെയും സമരങ്ങളെയും ഉദ്യോഗസ്ഥരും നേതാക്കളുമെല്ലാം നോക്കിക്കാണുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള പ്ലാന്റേഷൻ കോർപറേഷനു കീഴിലെ തോട്ടങ്ങളിൽ സകല നിയമങ്ങളും ലംഘിച്ച് കീടനാശിനി കമ്പനികളുടെ താൽപര്യത്തിന് വഴങ്ങി രണ്ട് പതിറ്റാണ്ട് നടത്തിയ വിഷപ്രയോഗം വരുത്തിവെച്ച ദുരന്തമാണിതെന്ന് അവർ മറച്ചുവെക്കുന്നു.

ഏറെ മുറവിളികൾക്കൊടുവിൽ എൻഡോസൾഫാൻ പ്രയോഗം നിർത്തിയെങ്കിലും ഇരകൾക്ക് നീതിയും പുനരധിവാസവും നൽകണമെന്ന ഉത്തരവെത്തിയത് പിന്നെയും പത്തു വർഷത്തോളം കഴിഞ്ഞാണ്. സുപ്രീംകോടതിയും ദേശീയ മനുഷ്യാവകാശ കമീഷനും നൽകിയ ഉത്തരവുകൾപോലും നടപ്പാക്കാൻ അധികൃതർക്ക് താൽപര്യമില്ല. എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താനുള്ള വിധി നടപ്പാക്കാത്തതിനെ തുടർന്ന് കേരളസർക്കാറിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ കേസിൽ ഇരകൾക്ക് കാസർകോട് ജില്ലയിൽ ഒരുക്കിയ മുഴുവൻ ആരോഗ്യസംവിധാനങ്ങളും സംബന്ധിച്ച് സ്വതന്ത്ര റിപ്പോർട്ട് തേടിയിരിക്കുകയാണ് സുപ്രീംകോടതിയിപ്പോൾ.

എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ നടത്തിയ സമരത്തെ തുടർന്ന് 2013ൽ ആ കുടുംബങ്ങളുടെ റേഷൻകാർഡുകൾ ബി.പി.എൽ (ദാരി ദ്ര്യരേഖക്ക് താഴെയുള്ള) വിഭാഗത്തിലാക്കി നൽകിയിരുന്നു സർക്കാർ. എന്നാൽ, കാർഡുകൾ പുതുക്കുന്ന സമയം വന്നപ്പോൾ അവയിൽ പലതും എ.പി.എൽ കാർഡുകളായി മാറി. രോഗത്തിനും ദുരിതത്തിനും പുറമെ അനുവദിക്കപ്പെട്ട വീട്ടിൽനിന്ന് ഇറക്കിവിടാൻ ശ്രമിച്ചതും പെൻഷൻ ഒരു അറിയിപ്പുമില്ലാതെ വെട്ടിക്കുറച്ചതുമുൾപ്പെടെ ഒട്ടനവധി മനുഷ്യാവകാശ പ്രശ്നങ്ങൾ ഈ മനുഷ്യർ നേരിടേണ്ടിവരുന്നുണ്ട്.മറ്റേതു വിഷയത്തിലും പരസ്പരം കടിച്ചുകീറുന്ന കേരളത്തിലെ മുന്നണികൾ ഒരു വിഷയത്തിൽ സമവായത്തിലാണ് -എൻഡോസൾഫാൻ ഇരകളുടെ പ്രശ്നം ചർച്ചചെയ്യേണ്ടതില്ല എന്ന കാര്യത്തിൽ.

(അ​വ​സാ​നി​ച്ചു)

Tags:    
News Summary - the life For those who are in lockdown!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.