ഗ്യാൻവാപി പള്ളിയിൽ നമസ്കരിക്കുന്ന വിശ്വാസികൾ                               Sharique Ahmad/ DW

ഗ്യാൻവാപി വിഷയം ഏറ്റെടുക്കാൻ പ്രതിപക്ഷം ധൈര്യപ്പെടില്ല

വാരാണസി ജില്ല കോടതിയുടെ ഉത്തരവോടെ ഗ്യാൻവാപി പള്ളി നിയമപരമായി ഒരു തർക്കമന്ദിരമായി തീർന്നിരിക്കുന്നു. ഭഗവാൻ ആദി വിശ്വേശ്വരന്റെയും മാ ശൃംഗാർ ഗൗരി ദേവിയുടെയും ആസ്ഥാനത്ത് ദർശനം, പൂജ, ആരതി, ഭോഗ് തുടങ്ങിയ ആചാരങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകണമെന്ന അഞ്ച് ഹിന്ദു വനിതകളുടെ ആവശ്യം കോടതി സ്വീകരിച്ചിരിക്കുന്നു.

ഗ്യാൻവാപി തർക്കം പുതിയ കാര്യമൊന്നുമല്ലെന്നത് നേര്. അതിന് ഏറെ പഴക്കമുള്ള, അക്രമാസക്തമായ ചരിത്രമുണ്ട്. എന്നാൽ, ഈയിടെ വന്ന വിധി അതിന് തികച്ചും വ്യത്യസ്തമായ ദിശാബോധം നൽകി. ഈ വിഷയത്തെ ഇനി രാഷ്ട്രീയ പ്രേരിതമായ മസ്ജിദ്/ക്ഷേത്ര തർക്കം എന്ന് വിശേഷിപ്പിക്കാനാവില്ല. ഉയർന്നുവരുന്ന രാഷ്ട്രീയവ്യവഹാരത്തിന് കാര്യമായ സംഭാവന നൽകാനുതകുന്ന നിയമാനുസൃതമായ ഒരു മേൽവിലാസം ഇപ്പോൾ അത് നേടിയിട്ടുണ്ട്.

ഗ്യാൻവാപി പള്ളിയെ ഒരു തർക്കസ്ഥലമാക്കുക വഴി മൂന്ന് സുപ്രധാന രാഷ്ട്രീയവശങ്ങൾക്ക് അടിവരയിടപ്പെടുന്നു.

ഒന്ന്: കുറെക്കാലമായി ഉപയോഗിക്കപ്പെടാതെ, ഏറക്കുറെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന ബാബരി മസ്ജിദിൽ നിന്ന് വിഭിന്നമായി പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ഗ്യാൻവാപി പള്ളി. അതിപ്പോഴും മുസ്‍ലിംകൾക്ക് പ്രാർഥന നടത്താനായി തുറന്നിട്ടിരിക്കുന്നു, അഞ്ചു നേരത്തെ നമസ്കാരവും അവിടെ നടക്കുന്നുണ്ട്.

പള്ളിയിലെ മുസ്‍ലിം സാന്നിധ്യം ഗ്യാൻവാപിക്ക് തൊട്ടടുത്തുള്ള ഘട്ടുകളിലെ ഹിന്ദുമതാചാരങ്ങൾക്കും പൂജകൾക്കും ഒരു പ്രശ്നവും സൃഷ്ടിച്ചിട്ടില്ല. എക്കാലത്തും ഒരു ബഹുമത നഗരമായിരുന്ന ബനാറസിനെ ഹിന്ദുമത നഗരമായി ആരും കണ്ടിരുന്നുമില്ല.

എന്നാൽ, സമീപകാല സംഭവവികാസങ്ങൾ നഗരത്തിലെ, വിശിഷ്യാ ഗംഗ ഘട്ടുകൾക്കരികിലെ മുസ്‍ലിം സാന്നിധ്യത്തെ ഒരു പ്രശ്നവിഷയം കണക്കെ ആക്കിയിരിക്കുന്നു. ഘട്ടുകളിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള തീർഥാടകരുടെ പോക്കുവരവ് സുഗമമാക്കാൻ ലക്ഷ്യമിട്ട് തയാറാക്കുന്ന കാശി-വിശ്വനാഥ് ഇടനാഴി നഗര ഭൂപ്രകൃതിയെ തീർത്തും ഹിന്ദു കാഴ്ചപ്പാടിലാണ് നിർവചിച്ചിരിക്കുന്നത്. ആരാധന നടന്നുകൊണ്ടിരിക്കുന്ന ഒരു പള്ളി അവിടെയുണ്ടെന്ന ഭാവമേയില്ല. ക്ഷേത്രത്തിലേക്ക് പോകാൻ നിശ്ചിത വഴികൾ രേഖപ്പെടുത്തിയിരിക്കുന്ന ഇതിൽ മുസ്‍ലിം ആരാധകർക്ക് പള്ളിയിലേക്ക് പോകാനുള്ള ക്രമീകരണമില്ല.

ഈ പുതിയ നഗരക്രമത്തിന് മുസ്‍ലിം സാന്നിധ്യം രണ്ട് തരത്തിൽ ഒഴിവാക്കാനുള്ള കഴിവുണ്ട്. ഒരു മുസ്‍ലിം വിരുദ്ധ ചുറ്റുപാടിൽ, ഹിന്ദു അടിമത്തത്തിന്റെയും ഇരകളുടെയും പ്രതീകമായി ക്ഷേത്ര സമുച്ചയത്തിനുള്ളിൽ ഒരു ഇസ്‍ലാമിക ആരാധനാലയമുണ്ടെന്ന് വിഭാവനം ചെയ്യുന്നത് വളരെ എളുപ്പമാണ്. അതേസമയം, ഇസ്‍ലാമിക വിഗ്രഹഭഞ്‌ജനത്തിന്റെ- പ്രത്യേകിച്ച് ഔറംഗസേബുമായി ബന്ധപ്പെട്ട ചരിത്രത്തിനും ഇവിടെ ഇടം കിട്ടുന്നു. സമകാലിക മുസ്‌ലിംകൾ പഴയ മുസ്‌ലിം ഭരണാധികാരികളുടെ ചെയ്തികളെ കൊണ്ടാടുന്നു എന്ന അവകാശവാദത്തിന് ഈ രൂപരേഖയിൽ നിയമസാധുത ലഭിക്കുന്നു.

ഗ്യാൻവാപി രാഷ്ട്രീയത്തിന്റെ രണ്ടാമത്തെ വശം ബാബരി മസ്ജിദ് കേസുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് തർക്കം നിയമപരമായി അവസാനിപ്പിച്ച രീതി. രണ്ട് തരം വാദങ്ങളാണ് ഇക്കാര്യത്തിൽ ഉന്നയിക്കപ്പെടുന്നത്. ഒരു വശത്ത്, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക ഭൂമി തർക്കങ്ങളുടെ വ്യാപ്തി വിശാലമായ ചട്ടക്കൂടിൽ പുനർനിർവചിക്കപ്പെടുന്നു. ബാബരി മസ്ജിദും ഗ്യാൻവാപി മസ്ജിദും തമ്മിലെ ബന്ധം സ്ഥാപിക്കാൻ ഹിന്ദുമതവും ഇസ്‌ലാമും പൊരുത്തപ്പെടാത്ത നാഗരികതകളാണെന്ന മട്ടിൽ ഏറ്റുമുട്ടൽ സൃഷ്ടിക്കുന്നു. മുസ്‍ലിം ഭരണാധികാരികൾ മുഖ്യമായും മതപരമായ ആവശ്യങ്ങൾക്കായി ഹിന്ദു ക്ഷേത്രങ്ങൾ തകർത്തെന്നാണ് ആരോപണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇസ്‍ലാമിക മതാചാരങ്ങൾ ഹിന്ദു ദുർബലതക്ക് കാരണമാകുമെന്ന് സ്ഥാപിക്കുന്നു.

അയോധ്യയിലെ ബാബരി മസ്ജിദ് കേസിൽ സ്വീകരിച്ച സൂത്രവാക്യം ഉപയോഗിച്ച് ഗ്യാൻവാപി തർക്കം പരിഹരിക്കാമെന്ന അവകാശവാദമുണ്ട്. അയോധ്യയിൽ ഭൂമിയും ആരാധനാലയവും തമ്മിൽ സുപ്രീംകോടതി വേർതിരിവ് വരുത്തിയത് ശ്രദ്ധിക്കേണ്ടതാണ്. മസ്ജിദ് തകർത്ത സ്ഥലം ക്ഷേത്രം പണിയാൻ നൽകി; പകരം പുതിയ പള്ളി നിർമിക്കുന്നതിന് മുസ്‍ലിംകൾക്ക് മറ്റൊരു സ്ഥലം നൽകി. ഗ്യാൻവാപി കേസിലും സമാന ക്രമീകരണം നടത്താമെന്ന് അഭിപ്രായമുണ്ട്.

ഇത് ഗ്യാൻവാപി രാഷ്ട്രീയത്തിന്റെ മൂന്നാമത്തെ പ്രത്യേക വശത്തേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. ഗ്യാൻവാപി തർക്കം ഒരു പുതിയ മതേതര-വർഗീയ രാഷ്ട്രീയ ദ്വന്ദ്വം സൃഷ്ടിക്കാൻ പോകുന്നില്ല എന്ന് മനസ്സിലാക്കേണ്ടത് സുപ്രധാനമാണ്. ദേശീയതയുടെ രൂപമെന്ന നിലയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് മേൽക്കൈയുള്ള ആഖ്യാനം ഇതിനകം ഉയർന്നുവന്നിട്ടുണ്ട്. ബി.ജെ.പി ഇതര രാഷ്ട്രീയ പാർട്ടികൾ ഗ്യാൻവാപി പള്ളി പ്രശ്‌നം ഒരു തെരഞ്ഞെടുപ്പ് വിഷയമായി ഏറ്റെടുക്കാൻ കഴിയില്ല. ചരിത്രബോധത്തിലും രാഷ്ട്രീയ പ്രായോഗികതയിലും അധിഷ്ഠിതമായ ഒരു തത്ത്വാധിഷ്ഠിത നിലപാട് സ്വീകരിക്കാൻ അവർക്ക് ധൈര്യമില്ല. അത് തീർച്ചയായും ബി.ജെ.പിക്ക് രാഷ്ട്രീയ മേൽക്കൈ നേടിക്കൊടുക്കുന്നു. വാരാണസി ലോക്സഭ മണ്ഡലത്തിലെ എം.പിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കാശി-വിശ്വനാഥ് ഇടനാഴി പദ്ധതിക്ക് അദ്ദേഹം പ്രത്യേക താൽപര്യമെടുക്കുന്നുണ്ട്. പക്ഷേ, കാണുംപോലെ അത്ര ലളിതമല്ല വിഷയം. ഗ്യാൻവാപിയുമായി ബന്ധപ്പെട്ട നേട്ടങ്ങളും കോട്ടങ്ങളും നന്നായി ബോധ്യമുള്ളവരാണ് ബി.ജെ.പിയും ആർ.എസ്.എസും. 2021 ഡിസംബറിൽ മോദി നടത്തിയ പ്രസംഗം ഈ അർഥത്തിൽ ശ്രദ്ധിക്കേണ്ടതാണ്. ഇടനാഴി ഉദ്ഘാടന വേളയിൽ ഗ്യാൻവാപി തർക്കവുമായി ബന്ധപ്പെട്ട് പ്രത്യക്ഷമായ എന്തെങ്കിലും വിവാദ പരാമർശം നടത്താൻ അദ്ദേഹം കൂട്ടാക്കിയില്ല. സദാ സംഘർഷഭരിതമായ ഔറംഗസേബിന്റെയും ശിവാജിയുടെയും ബിംബങ്ങൾ ഈ പ്രസംഗത്തിൽ ഉയർത്തിക്കാണിച്ചപ്പോഴും മസ്ജിദിനെക്കുറിച്ച് നേരിട്ടുള്ള പരാമർശം ഒഴിവാക്കാൻ ശ്രദ്ധിച്ചു. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും ഇക്കാര്യത്തിൽ കടുത്ത നിലപാടാണ് സ്വീകരിച്ചത്. നിയമനടപടികൾ എല്ലാ കക്ഷികളും മാനിക്കണമെന്നായിരുന്നു ഭാഗവതിന്റെ വാദം.

ഗ്യാൻവാപി തർക്കം, സമീപഭാവിയിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കേന്ദ്ര വിഷയമാവാനിടയില്ല. പ്രതിപക്ഷത്തിന് അതിൽ ഒരു തെരഞ്ഞെടുപ്പ് സാധ്യതയും കണ്ടെത്താനാവില്ല. മറുവശത്ത്, ബി.ജെ.പി ഗ്യാൻവാപി വിഷയത്തിലെ വ്യവഹാരം അവരുടെ വിശാലമായ ഹിന്ദുത്വ കേന്ദ്രീകൃത വികസന ആഖ്യാനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യും. കേസിലെ നിയമനടപടികൾ നിലവിലുള്ള രാഷ്ട്രീയ ഭാവനകൾക്കും വാദങ്ങൾക്കും അവകാശവാദങ്ങൾക്കും സംഭാവന നൽകുകയും ചെയ്യും.

(ഡൽഹിയിലെ സെന്റർ ഫോർ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസിൽ (സി.എസ്.ഡി.എസ്) അസോസിയേറ്റ് പ്രഫസറായ ലേഖകൻ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയത്)
Tags:    
News Summary - The opposition will not dare to take up the Gyanvapi issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.