കേന്ദ്ര സർക്കാറിനെ മുട്ടുകുത്തിച്ച കർഷക സമരത്തിന് ശേഷം മറ്റൊരു സമരം ഉത്തരേന്ത്യയിൽ അതിവേഗം പടർന്നുകയറുകയാണ്. ബിഹാറിൽ നിന്ന് തുടങ്ങിയ ആ പ്രക്ഷോഭം യു.പിയിലും ഹരിയാനയിലും മധ്യപ്രദേശിലും ഝാർഖണ്ഡിലുമൊക്കെ കാട്ടുതീ പോലെ പടർന്നത് ദിവസങ്ങൾക്കകമാണ്. സൈന്യത്തിൽ നിയമനം ആഗ്രഹിക്കുന്ന യുവാക്കളാണ് ട്രെയിനുകൾ തടഞ്ഞും റോഡുകൾ ഉപരോധിച്ചും 'അഗ്നിപഥ്' പദ്ധതിക്കെതിരെ തെരുവിൽ സമരരംഗത്തുള്ളത്.
സൈനിക നിയമനത്തിന് 'അഗ്നിപഥ്' എന്ന പേരിൽ പുതിയ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത് കഴിഞ്ഞ 14 നാണ്. വർഷത്തിൽ രണ്ട് തവണയായി 45,000 മുതൽ 50,000 വരെ പുതിയ ആളുകളെ മൂന്ന് സേനാവിഭാഗങ്ങളിലുമായി നിയമിക്കുന്നതാണ് പദ്ധതി. എന്നാൽ, ഇതുവരെയുള്ള കീഴ്വഴക്കങ്ങളെല്ലാം മാറ്റി പുതിയ ഉപാധികളോടെയാണ് ഈ നിയമനങ്ങൾ എന്നതാണ് യുവാക്കളെ ചൊടിപ്പിച്ചതും ദിവസങ്ങൾക്കകം തന്നെ വലിയ സമരമായി മാറിയതും.
'അഗ്നിപഥ്' പദ്ധതിയിൽ അപേക്ഷിക്കാനുള്ള പ്രായപരിധി 17.5 വയസു മുതൽ 21 വയസുവരെയാണ്. 'അഗ്നിപഥ്' പദ്ധതിയിലൂടെ സൈന്യത്തിലെത്തുന്ന 'അഗ്നിവീറു'കൾക്ക് നാലു വർഷം മാത്രമാണ് സൈന്യത്തിൽ തുടരാനാകുക. നാലു വർഷം കഴിയുമ്പോൾ നൂറിൽ 25 പേർക്ക് മാത്രമാണ് സൈന്യത്തിൽ സ്ഥിരനിയമനം ലഭിക്കുക. അവശേഷിക്കുന്ന 75 പേരെയും പിരിച്ചുവിടും. കരാർ നിയമനം പോലെ പുതിയ 'അഗ്നിവീറു'കൾ വീണ്ടും സൈന്യത്തിലെത്തും.
'നാലു വർഷത്തിന് ശേഷം ഞങ്ങൾ ചായ വിൽക്കാൻ പോകണോ' എന്നാണ് പ്രക്ഷോഭകാരികൾ സർക്കാറിനോട് ചോദിക്കുന്നത്. അതിലും ഭേദം ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് ചേരുന്നതാണെന്ന് ബീഹാറിലെ പ്രക്ഷോഭകാരിയായ രോഹിത് കുമാർ പറയുന്നു. സൈന്യത്തിൽ നിയമനം ലഭിക്കുന്നതിനായി കഴിഞ്ഞ നാലു വർഷമായി പരിശീലനം നടത്തുന്ന ഒരു ദരിദ്ര കർഷക കുടുംബാഗമാണ് രോഹിത് കുമാർ.
രോഹിത് കുമാറിനെ പോലുള്ള നിരവധി പേരാണ് ബീഹാറിലെയും മറ്റും ഉൾഗ്രാമങ്ങളിൽ സൈനിക നിയമനത്തിനായി വർഷങ്ങളായി കഠിനാധ്വാനം ചെയ്യുന്നത്. മറ്റു കോഴ്സുകളിൽ എഴുത്ത് പരീക്ഷയിൽ മത്സരിച്ച് മുന്നോട്ട് വരാനുള്ള സാഹചര്യമില്ലാത്ത പല യുവാക്കളുടെയും പ്രതീക്ഷയുടെ തുരുത്താണ് സൈന്യം. 'അഗ്നിപഥ്' പദ്ധതിയിലൂടെ ഈ യുവാക്കളുടെ മുഴുവൻ പ്രതീക്ഷയുമാണ് സർക്കാർ തല്ലിക്കെടുത്തുന്നത്. അനിയന്ത്രിതമായി സമരം പടർന്നുകയറുന്നതിന്‍റെ പ്രധാന കാരണം യുവാക്കളുടെ ഈ അമർഷമാണ്.
സൈന്യത്തിലെ നിയമനം ദരിദ്ര കർഷക കുടുംബങ്ങളിലെ യുവാക്കളുടെ സ്വപ്നമാണ്. അതിനായി വർഷങ്ങളായി പരിശീലനം നടത്തുന്നവരാണ് പലരും. മാന്യമായ ജോലിയും ശമ്പളവും സുരക്ഷിതത്വവും പിന്നീട് പെൻഷനുമാണ് സൈന്യത്തിലെ ജോലിയുടെ ആകർഷണം. 'അഗ്നിപഥ്' പദ്ധതി സൈനിക സേവനത്തെ കരാർ ജോലി പോലെ ആക്കുന്നെന്നാണ് പ്രക്ഷോഭകർ പറയുന്നത്.
'അഗ്നിപഥ്' പദ്ധതിയിൽ നിയമനം ലഭിക്കുന്നവർക്ക് 4.76 ലക്ഷം വാർഷിക ശമ്പളത്തിൽ തുടങ്ങി 6.92 ലക്ഷം വാർഷിക ശമ്പളത്തിലാണ് അവസാനിക്കുക. ശമ്പളത്തിൽ നിന്നുള്ള വിഹിതവും സർക്കാറിന്‍റെ വിഹിതവും ചേർത്ത് സേവാ നിധിയിൽ നിന്ന് 11.71 ലക്ഷം നാലാമത്തെ വർഷം പിരിയുമ്പോൾ ലഭിക്കും. നാലു വർഷം 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയുമുണ്ടാകും.
നാലാമത്തെ വർഷം 75 ശതമാനം അഗ്നിവീറുകളും സൈന്യത്തിൽ നിന്ന് പുറത്തുപോകും. ഇവർക്ക് പെൻഷനോ മറ്റു ആനുകൂല്യങ്ങളോ ഉണ്ടാകില്ല. പ്രതിരോധ വിഹിതത്തിൽ നിന്ന് നല്ലൊരു ഭാഗം പെൻഷന് മാറ്റിവെക്കുന്നത് അവസാനിപ്പിക്കാൻ കൂടിയാണ് സർക്കാർ 'അഗ്നിപഥ്' പദ്ധതി അവതരിപ്പിച്ചത്. വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ നേടുന്ന ജോലിക്ക് നാലു വർഷത്തെ ആയുസ് മാത്രമാണുള്ളതെന്നും ശേഷം യാതൊരു സുരക്ഷിതത്വവുമില്ലെന്നതും യുവാക്കളിൽ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്. ഈ നിരാശയാണ് സമര വേലിയേറ്റമായി മാറിയത്.
സൈനിക നിയമനം ആഗ്രഹിക്കുന്നവർക്കായി നേരത്തെ നടത്തിയ കായിക പരീക്ഷക്ക് ശേഷം എഴുത്ത് പരീക്ഷ നടത്തിയിരുന്നില്ല. കോവിഡ് പശ്ചാത്തലത്തിൽ ഈ പരീക്ഷ പല തവണ മാറ്റിവെക്കുകയായിരുന്നു. കായിക പരീക്ഷ പാസായവരുടെ മുടങ്ങിയ എഴുത്ത് പരീക്ഷകൾ നടത്തുന്നതിന് പകരം അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി വീണ്ടും പഴയ നടപടികൾ ആവർത്തിക്കുമെന്ന പ്രചരണവും ഉണ്ട്. ഇതും ഉദ്യോഗാർഥികളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
പണവും അധ്വാനവും ചിലവഴിച്ച് വർഷങ്ങളുടെ പരിശീലനത്തിലൂടെയാണ് ഗ്രാമങ്ങളിലെ യുവാക്കൾ സൈനിക നിയമനത്തിന് ശ്രമിക്കുന്നത്. ബിഹാറിൽ നിന്നുള്ള ദരിദ്ര കുടുംബാംഗമായ രോഹിത് കുമാർ ഇതിനകം പരിശീനത്തിനായി ചെലവഴിച്ചിട്ടുള്ളത് ഒന്നരലക്ഷം രൂപയാണ്. ദിവസവും രാവിലെ നാലുമണിക്ക് എഴുന്നേറ്റ് കിലോമീറ്ററുകളോളം ഒാടിയും മറ്റു കായിക പരിശീലനങ്ങൾ നടത്തിയും സൈനിക നിയമനം സ്വപ്നം കണ്ടിരിക്കുമ്പോഴാണ് ഇടിത്തീ പോലെ 'അഗ്നിപഥ്' പദ്ധതി പ്രഖ്യാപിക്കുന്നത്.
യുവാക്കളെ കൂടാതെ പ്രതിപക്ഷ പാർട്ടികളും അഗ്നിപഥ് പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അഗ്നിപഥ് പദ്ധതി സൈന്യത്തിന്‍റെ വീര്യവും കാര്യക്ഷമതയും ചോർത്തുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന പ്രധാന വിമർശനം. സാധാരണ ഒരു സൈനികന് രണ്ടോ മൂന്നോ വർഷത്തെ പരിശീലനം ലഭിക്കുമ്പോൾ അഗ്നിപഥ് പദ്ധതിയിൽ ആറുമാസത്തെ പരിശീലനം മാത്രമാണ് ലഭിക്കുക. ഇത് സൈന്യത്തിന്‍റെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് വിമർശനം.
ചൈനയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സൈന്യത്തിന്‍റെ പ്രവർത്തന ക്ഷമതയെ ബാധിക്കുന്ന നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.