കേരളത്തിൽ നിലവിൽ ഏറ്റവും കുറഞ്ഞ ചെലവിൽ വിദൂരവിദ്യാഭ്യാസ കോഴ്സ് പൂർത്തിയാക്കാനാവുന്നത് കാലിക്കറ്റ് സർവകലാശാല മുഖേനയാണ്. മൂന്നു വർഷം ദൈർഘ്യമുള്ള ബി.എ കോഴ്സിന് പഠനക്കുറിപ്പുകളുടെ വിലയടക്കം കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ഈടാക്കുന്നത് 6135 രൂപയാണ്. ബി.കോമിന് ഇത് 6795 രൂപയും ബി.ബി.എക്ക് 11,430 രൂപയുമാണ്. എം.എ കോഴ്സിന് 5670 രൂപയും എം.കോമിന് 6750 രൂപയുമാണ്. യു.ജി.സി അംഗീകാരം കാത്തുനിൽക്കുന്ന ഓപൺ സർവകലാശാല ഈ കോഴ്സുകൾക്ക് ഫീസായി വെബ്സൈറ്റിൽ നൽകിയിരിക്കുന്നത് കാലിക്കറ്റിൽ ഈടാക്കുന്നതിന്റെ മൂന്നിരട്ടി വരെ തുകയാണ്.
ബി.എക്ക് 16,630 രൂപയും ബി.കോമിന് 17,630 ബി.ബി.എ, ബി.സി.എ കോഴ്സുകൾക്ക് 27,230 രൂപയുമാണ് ഫീസ്. എം.എ കോഴ്സിന് 13,770 രൂപയും എം.കോമിന് 14,770 രൂപയുമാണ് ഓപൺ സർവകലാശാല നിശ്ചയിച്ചിരിക്കുന്നത്. കേരള സർവകലാശാലയുമായി താരതമ്യം ചെയ്യുമ്പോഴും ഓപൺ സർവകലാശാലയിൽ നിശ്ചയിച്ച തുക എത്രയോ അധികമാണ്. കേരളയിൽ ബി.എ കോഴ്സുകൾക്ക് 13,605, ബി.കോമിന് 13,345 രൂപയും ബി.സി.എക്ക് 18,390 രൂപയും ബി.ബി.എക്ക് 23,375 രൂപയുമാണ് കേരള സർവകലാശാലയിൽ ഫീസ്. എം.എക്ക് 10,305 രൂപയും എം.കോമിന് 10,935 രൂപയുമാണ് ഫീസ്. വിദൂരവിദ്യാഭ്യാസ പഠനത്തിന് ഈടാക്കുന്ന ഫീസിനെക്കാൾ കുറഞ്ഞ തുകയാണ് കാലിക്കറ്റ്, കേരള, എം.ജി, കണ്ണൂർ സർവകലാശാലകൾ പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയുള്ള പഠനത്തിന് ഈടാക്കുന്നത്.
ഓപൺ സർവകലാശാലയാകട്ടെ ബിരുദ കോഴ്സുകളുടെ ഓരോ സെമസ്റ്ററിന്റെയും പഠനക്കുറിപ്പുകൾക്ക് (സെൽഫ് ലേണിങ് മെറ്റീരിയൽ) 1800 രൂപയും പി.ജി കോഴ്സുകൾക്ക് 2000 രൂപയുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ബിരുദ കോഴ്സുകൾക്ക് ആറ് സെമസ്റ്ററുകൾക്കും പി.ജിക്ക് നാല് സെമസ്റ്ററുകൾക്കും ഈ തുക നൽകേണ്ടിവരുന്നതാണ് ഫീസ് നിരക്ക് കുത്തനെ ഉയരാൻ ഇടയാക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ വിദൂരവിദ്യാഭ്യാസ/ പ്രൈവറ്റ് രജിസ്ട്രേഷൻ രീതിയിൽ ഉപരിപഠനം നടത്തുന്ന സർവകലാശാല കാലിക്കറ്റാണ്. ഇതര സർവകലാശാലകളിലെയെല്ലാം ആകെ കുട്ടികളുടെ എണ്ണത്തേക്കാൾ അധികമാണ് കാലിക്കറ്റിൽ മാത്രം രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം. 2017 -18ൽ 44,891 പേരും 2018-19ൽ 49,876 പേരും 2019 -20ൽ 53,531 പേരുമാണ് കാലിക്കറ്റ് വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ബിരുദ, പി.ജി കോഴ്സുകൾക്കായി ചേർന്നത്. ഇതിനു പുറമെയാണ് പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയുള്ള പ്രവേശനം.
2020 -21ൽ യു.ജി.സി അംഗീകാര പ്രശ്നത്തിൽ കാലിക്കറ്റിന് വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ പ്രവേശനം നടത്താൻ കഴിഞ്ഞിരുന്നില്ല. ഈ വർഷം പൂർണമായും കാലിക്കറ്റിൽ സമാന്തര പഠനം പ്രൈവറ്റ് രജിസ്ട്രേഷൻ രീതിയിലായിരുന്നു. 2021 -22 വർഷത്തിൽ ഓപ്പൺ സർവകലാശാല ആക്ട് വ്യവസ്ഥ കാരണം ആദ്യം സർക്കാർ അനുമതി നൽകിയിരുന്നില്ല. പിന്നീട് സർക്കാർ അനുമതി ലഭിച്ചതിനെ തുടർന്ന് യു.ജി.സിയിൽ നിന്ന് വൈകി അംഗീകാരം വീണ്ടെടുത്തിട്ടും കാലിക്കറ്റിൽ 44314 വിദ്യാർഥികൾ വിദൂരവിദ്യാഭ്യാസത്തിന് എത്തി. മലബാർ മേഖലയിലെ ഉപരിപഠനാവസരത്തിന്റെ കുറവാണ് കാലിക്കറ്റിൽ ഓരോ വർഷവും വിദൂര/ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന.
സർക്കാർ, എയ്ഡഡ് കോളജുകളിൽ മെറിറ്റിൽ പ്രവേശനം ലഭിക്കാതിരിക്കുകയും ഉയർന്ന ഫീസ് നൽകി സ്വാശ്രയ കോളജിൽ പഠിക്കാൻ കഴിയാത്തവരുമായ നിർധന കുടുംബങ്ങളിലെ വിദ്യാർഥികളുടെ ആശ്രയ വഴിയാണ് വിദൂര/ പ്രൈവറ്റ് രജിസ്ട്രേഷൻ പഠന രീതികൾ. ഫീസ് നിരക്ക് മൂന്നിരട്ടി വരെ ഉയരുമെന്ന ഓപൺ സർവകലാശാലയുടെ മുന്നറിയിപ്പ് നിർധന വിദ്യാർഥികളുടെ ഉപരിപഠനത്തിന് സൃഷ്ടിക്കുന്ന വെല്ലുവിളി ചെറുതല്ല. സംസ്ഥാനത്തെ സമാന്തര പഠനം ഏക സർവകലാശാലയിലേക്ക് ചുരുങ്ങുന്നതിനൊപ്പം കനത്ത ഫീസിന്റെ ഭാരം കൂടി ഈ വിദ്യാർഥികൾ ചുമക്കണം. വിദൂര പഠനം നിർത്തലാക്കുന്നതോടെ കാലിക്കറ്റിൽ തൊഴിൽ രഹിതരാകുന്നത് 50ഓളം അധ്യാപകരാണ്. 'കേരള'യിൽ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ അധ്യാപക നിയമനം സ്ഥിരം സ്വഭാവത്തിലുള്ളതായതിനാൽ ഇവരെ സർവകലാശാല പഠനവിഭാഗത്തിന്റെ ഭാഗമാക്കുകയോ മറ്റു ചുമതലകളിലേക്ക് വിന്യസിക്കുകയോ ചെയ്യേണ്ടിവരുമെന്ന പ്രശ്നവും ഉയർന്നുവരും.
വിദ്യാഭ്യാസ അവസരം നിഷേധിക്കപ്പെട്ട അധഃസ്ഥിത-അടിസ്ഥാന സമൂഹങ്ങൾക്കായി വിദ്യാലയങ്ങൾ തുറന്ന ശ്രീനാരായണ ഗുരുവിന്റെ പേരിൽ ആരംഭിക്കുന്ന സർവകലാശാലയുടെ മറവിൽ നൂറുകണക്കിന് നിർധന, പിന്നാക്ക വിദ്യാർഥികളുടെ ഉപരിപഠന മോഹങ്ങളെ ഇല്ലാതാക്കുമെന്നത് ആ മഹാത്മാവിന്റെ സ്മരണയോടു ചെയ്യുന്ന അനാദരവാണെന്നുതന്നെ പറയേണ്ടി വരും.
രാജ്യത്ത് 15 സംസ്ഥാനങ്ങളിൽ സ്റ്റേറ്റ് ഓപൺ യൂനിവേഴ്സിറ്റികൾ യു.ജി.സിയുടെ ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോ(ഡി.ഇ.ബി)യുടെ അംഗീകാരത്തോടെ കോഴ്സുകൾ നടത്തുന്നുണ്ട്. ഈ സംസ്ഥാനങ്ങളിൽ മഹാഭൂരിഭാഗത്തിലും സ്റ്റേറ്റ് യൂനിവേഴ്സിറ്റികളിലും സ്വകാര്യ സർവകലാശാലകളിലും ഡി.ഇ.ബി അംഗീകാരത്തോടെ സമാന്തരമായി വിദൂരവിദ്യാഭ്യാസ കോഴ്സുകളുമുണ്ട്. അതായത്, ആ സംസ്ഥാനങ്ങളിലൊന്നും ഓപൺ സർവകലാശാല ഇതര സർവകലാശാലകളിലെ വിദൂര/ പ്രൈവറ്റ് രജിസ്ട്രേഷൻ പഠന രീതിക്ക് വിലക്കിടാൻ കാരണമായില്ലെന്ന് ചുരുക്കം.
എന്നാൽ, കേരളത്തിൽ മാത്രം ഓപൺ സർവകലാശാല നിലവിൽ വരുന്നതോടെ കഴിഞ്ഞ ദിവസം 'നാക്' എ പ്ലസ് പ്ലസ് ഗ്രേഡ് നൽകിയ കേരള ഉൾപ്പെടെ ഇതര സർവകലാശാലകളിലെ വിദൂര/ പ്രൈവറ്റ് രജിസ്ട്രേഷൻ പഠന രീതികൾക്ക് തടയിടപ്പെടുന്നു. കേരളത്തെ ഒരു വിജ്ഞാനാധിഷ്ഠിത സമൂഹമാക്കി മാറ്റുക ലക്ഷ്യമായി പ്രഖ്യാപിച്ച ഭരണകൂടത്തിന് നിരക്കാത്ത നിലപാടാണിത്. കേരളത്തിന്റെ വിശാലമായ അക്കാദമിക താൽപര്യം മുൻനിർത്തി ഓപൺ സർവകലാശാല ആക്ടിലെ 72ാം വ്യവസ്ഥ ഭേദഗതിയിലൂടെ റദ്ദാക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തരമായി തയാറാവണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.