ഇത് തരംഗം തന്നെ. എന്നാൽ ഇടതുതരംഗമല്ല, പിണറായീതരംഗമാണിതെന്ന് പറയേണ്ടിയിരിക്കുന്നു. താനാണ് യഥാർഥ ക്യാപ്റ്റൻ എന്ന് പിണാറായി വിജയൻ തെളിയിച്ച വിജയം.
മുന്നണിക്കോ പാർട്ടികൾക്കോ അവകാശപ്പെടാനാകാത്തവിധം, സ്ഥാനാർഥികളെ അടക്കം എല്ലാ മേഖലയിലും സ്വന്തം തീരുമാനങ്ങളും തന്ത്രങ്ങളും പ്രാവർത്തികമാക്കിയ ക്യാപ്റ്റെൻറ നേതൃപാടവം. കേരളത്തിൽ ശക്തനായി ഒരു രാഷ്ട്രീയ നേതാവേയുള്ളു എന്ന് ഇൗ വിജയത്തിലൂടെ ഒരിക്കൽകൂടി വിജയൻ തെളിയിച്ചിരിക്കുന്നു. പ്രതിപക്ഷത്തിെൻറ കുറവുകൾകൊണ്ടല്ല, തെൻറയും സർക്കാറിെൻറയും മികവുകൊണ്ടാണെന്ന് അവകാശപ്പെടാവുന്നവിധം മുഖ്യമന്ത്രി വിജയം സ്വന്തമാക്കുകയും ചെയ്തിരിക്കുന്നു.
ഏറെ മുന്നൊരുക്കങ്ങൾ ഇൗ വിജയത്തിനു പിന്നിൽ ഉണ്ടായിരുന്നു എന്നത് കാണാതിരുന്നുകൂടാ. കേരളത്തിെല എല്ലാ സാമുദായിക വിഭാഗങ്ങെളയും തെൻറ കൊടിക്കീഴിൽ അണിനിരത്തുന്നതിലും പ്രതിപക്ഷത്തുണ്ടായിരുന്ന ശക്തികേന്ദ്രങ്ങളെ തെൻറ പാളയത്തിൽ കൊണ്ടുവരുന്നതിലും അദ്ദേഹം കൈക്കൊണ്ട മുന്നൊരുക്കങ്ങൾ പ്രതിപക്ഷത്തിന് ഇൗ തെരഞ്ഞെടുപ്പ് കഴിയുംവരെ മനസ്സിലായില്ല.
1991 മുതൽ വിവിധ മുന്നണികൾക്കു മുന്നിൽവന്ന നാടാർവിഭാഗങ്ങളുടെ സംവരണകാര്യത്തിൽ തീരുമാനമെടുത്തത് ഉൾപടെ ഏറെ മുന്നൊരുക്കങ്ങൾ മുഖ്യമന്ത്രിയിൽനിന്നുണ്ടായി. തെക്കൻ കേരളത്തിൽ ഇതുവരെ യു.ഡി.എഫിനൊപ്പം നിന്ന നാടാർ വിഭാഗങ്ങളും സി.എസ്.െഎ സഭയും ഇതോടെ ഇടതുപക്ഷത്തേക്ക് ചാഞ്ഞു. തെൻറ മുന്നണിയും പാർട്ടിയും നേതൃത്വവുമാണ് ഇൗ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പോകുന്നതെന്ന വിശ്വാസം ജനങ്ങളിൽ അടിച്ചേൽപിക്കാനുള്ള മിടുക്കും അദ്ദേഹത്തിനുണ്ടായിരുന്നു. മുസ്ലിംലീഗിെൻറ വോട്ട് ബാങ്കിൽപോലും വിള്ളലുണ്ടാക്കാൻ പിണറായിയുടെ തന്ത്രങ്ങൾക്കു കഴിഞ്ഞു.
കേരള കോൺഗ്രസ് പോലെ മധ്യതിരുവിതാംകൂറിൽ മുന്നണിയുടെ ശക്തിയായിനിന്ന ഒരു പാർട്ടിയെ തച്ചുടച്ച് അതിലെ പ്രമുഖ വിഭാഗത്തെ എതിർപക്ഷത്തിനു നൽകുന്ന മണ്ടത്തരമാണ് ഇപ്പുറത്തുനിന്നുണ്ടായ ഏറ്റവും വലിയ വീഴ്ചയെന്ന് യു.ഡി.എഫ് നേതാക്കൾ ഇപ്പോൾ തിരിച്ചറിയുന്നുണ്ടാകും.
നിരുപാധിക പിന്തുണയുമായി വന്ന വെൽഫയർ പാർട്ടി പോലുള്ള വിഭാഗങ്ങളെ അപമാനിച്ച് മാറ്റിനിർത്തിയതുവഴി ഒഴിഞ്ഞുപോയ ജനപിന്തുണയും ഇപ്പോൾ പ്രതിപക്ഷത്തിന് ബോധ്യപ്പെടുന്നുണ്ടാകും. മുന്നണിയിലെ എല്ലാ ഘടകകക്ഷികൾക്കും അർഹമായ പ്രതിനിധ്യം നൽകി തൃപ്തരാക്കി നിർത്തുന്നതിലും പിണറായി ൈവദഗ്ധ്യം കാട്ടി. കഴിഞ്ഞ സർക്കാറിലും നിയമസഭയിലും പ്രമുഖരായിരുന്ന പലരെയും മാറ്റിനിർത്തി പുതുമുഖങ്ങളെ അവതരിപ്പിച്ച പിണറായിയുടെ പരീക്ഷണവും പൂർണമായി വിജയിക്കുകയായിരുന്നു. അതിലുപരി, കോവിഡ് മഹാമാരിക്കാലത്ത് സർക്കാർ കൈക്കൊണ്ട കിറ്റു വിതരണവും പെൻഷൻ വിതരണവും ഉൾപടെയുള്ള ക്ഷേമപരിപാടികൾ, അവ കൂടുതൽ മെച്ചമായി തുടരുമെന്ന പ്രഖ്യാപനം, അവക്ക് നൽകിയ പ്രചാരണം എന്നിവ സാമാന്യ ജനവിഭാഗങ്ങളെ ഭരണമുന്നണിക്ക് അനുകൂലമായി ചിന്തിക്കാൻ പോരുന്നതായി.
െഎക്യ ജനാധിപത്യമുന്നണിയുടെ ശക്തി എന്നത് എക്കാലവും ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളുടെ സമ്പൂർണമായ പിന്തുണയായിരുന്നു. ഇൗ പിന്തുണ കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ആവോളം കിട്ടി. അന്ന് മാണിഗ്രൂപ് യു.ഡി.എഫിൽ ഉണ്ടായിരുന്നു. മധ്യ തിരുവിതാംകൂർ പ്രദേശത്ത് ക്രിസത്യൻസഭാ വിഭാഗങ്ങളെ യു.ഡി.എ.ഫിനൊപ്പം നിർത്തിയത് മാണിഗ്രൂപ്പിെൻറ വൈഭവമായിരുന്നു.
എന്നാൽ, കെ.എം. മാണിയുടെ മരണശേഷം മാണിഗ്രൂപ്പിെൻറ ആത്മവീര്യം തകർക്കാനും ആത്മാഭിമാനത്തിന് മുറിവേൽപിക്കാനുമാണ് കോൺഗ്രസിലെ എ വിഭാഗക്കാർ ശ്രമിച്ചത്. മാണി ഗ്രൂപ് അസ്വസ്ഥമാകുന്നു എന്നു കണ്ടപ്പോൾതന്നെ അവരെ ഇടതുപക്ഷത്തേക്ക് ആകർഷിക്കാൻ പിണറായി വിജയൻ ശ്രമിച്ചത്, അവർക്ക് മധ്യതിരുവിതാംകൂർ മേഖലയിലുള്ള ശക്തി കണ്ടറിഞ്ഞിട്ടുതന്നെയാണ്. അതിെൻറ ഫലമാണ്, തദ്ദേശ തെരഞ്ഞെടുപ്പിലും തുടർന്ന് ഇൗ നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് ഇൗ മേഖലയിൽ ലഭിച്ചത്.
ജനാധിപത്യ കേരള കോൺഗ്രസ് എന്നൊരു പാർട്ടിയെ ആർക്കും അറിയാതിരുന്നിട്ടുകൂടി, തിരുവനന്തപുരം എന്ന പ്രമുഖമായ മണ്ഡലം ആൻറണി രാജുവിനു നൽകിയത്, ആ സ്ഥാനാർഥിക്ക് മണ്ഡലത്തിലുള്ള സ്വാധീനം കണ്ടറിഞ്ഞിട്ടാണ്. ആരോപണ വിധേയരായ സ്ഥാനാർഥികളിൽ മേഴ്സിക്കുട്ടിയമ്മ ഒഴികെ എല്ലാവരെയും വിജയിപ്പിക്കാനായതും പിണറായിയുടെ വിജയമാകുന്നു.
മുൻതെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി യു.ഡി.എ.ഫും മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. സ്ഥാനാർഥിനിർണയത്തിൽ കോൺഗ്രസിനും കരുതൽ ഉണ്ടായിരുന്നു. ഗ്രൂപ്പിസത്തിലുപരിയായി വിജയസാധ്യതക്കും യുവത്വത്തിനും അവർ പ്രാമുഖ്യം നൽകിയിരുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമെയ്പോലെ പ്രവർത്തിച്ചു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേതൃത്വവും സാന്നിധ്യവും ഇടപെടലും എല്ലാ ഘട്ടങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ, സംസ്ഥാനത്തെ രാഷ്ട്രീയ അടിയൊഴുക്കുകൾ കണ്ടെത്താൻ പിണറായി വിജയനു മാത്രമേ കഴിഞ്ഞുള്ളു. താൻ ഇത്രയേറെ പ്രയത്നിച്ചിട്ടും കോൺഗ്രസും മുന്നണിയും അടിപറ്റിയെന്നതിനാൽ ഇൗ പരാജയം രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ പരാജയംകൂടിയായി മാറുന്നുണ്ട്.
ബി.ജെ.പിക്കും എൻ.ഡി.എക്കും കിട്ടിയ പ്രഹരം, വളരെ വലുതാണ്. അവർ പ്രതീക്ഷിച്ചപോലെ രണ്ടോ മൂന്നോ സീറ്റ് അവർക്കു കിട്ടിയിരുന്നുവെങ്കിൽ യു.ഡി.എ.ഫിനെയും കോൺഗ്രസിെനയും തകർക്കാൻ കഴിയുന്നതെല്ലാം അവർ ചെയ്യുമായിരുന്നു. എന്നാൽ, സമ്പൂർണ പരാജയം കനത്ത തിരിച്ചടിയായ അവസ്ഥയിൽ കുറേക്കാലത്തേക്കെങ്കിലും അവർക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടാകില്ല. ജോസ് കെ. മാണിക്കാണെങ്കിൽ ഇനിയുള്ള കാലം വളരെ വിഷമം പിടിച്ചതാകും. പാർട്ടിക്ക് രണ്ടു മന്ത്രിമാരെ കിട്ടിയേക്കാം. എന്നാൽ, മന്ത്രിസഭയിലും നിയമസഭയിലും നേതൃസ്ഥാനത്തില്ലാത്ത അദ്ദേഹത്തെ അവർ അനുസരിക്കുമെന്ന് ഒരു ഉറപ്പും ഉണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.