കേരള വഖഫ് ബോർഡിലെ നിയമനങ്ങൾ പി. എസ്. സി മുഖേനെയാക്കുന്നത് വിശദീകരിച്ച് വഖഫ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ 'മാധ്യമ'ത്തിലെഴുതിയ ലേഖനത്തിനുള്ള പ്രതികരണം
സംസ്ഥാന വഖഫ് ബോർഡ് നിയമനങ്ങൾ പബ്ലിക് സർവിസ് കമീഷന് വിടാനുള്ള കേരള സർക്കാറിെൻറ നിഗൂഢ നീക്കം ഒട്ടേറെ സങ്കീർണമായ നിയമ-സർവിസ് പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. വഖഫ് ബോർഡിെൻറ എറണാകുളത്തെ ഹെഡ് ഓഫിസ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ചങ്ങനാശ്ശേരി, തിരുവനന്തപുരം എന്നീ ആറു ഡിവിഷനൽ ഓഫിസുകൾ എന്നിവിടങ്ങളിലായി 130ൽ താഴെ നിയമനങ്ങളാണ് നടത്താനുള്ളത്. അത് പി.എസ്.സി മുഖേനയാക്കുന്നത് രാഷ്ട്രീയ പിടിവാശിയുടെ പേരിൽ മാത്രമാണ്.
ദേവസ്വം-വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുമെന്ന് സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആയിരത്തിലധികം ജീവനക്കാർ വേണ്ട ദേവസ്വം നിയമനങ്ങൾക്കായി പ്രത്യേക റിക്രൂട്ട്മെൻറ് ബോർഡ് രൂപവത്കരിക്കാനാണ് തീരുമാനിച്ചത്. രണ്ടാം പിണറായി സർക്കാർ റിക്രൂട്ട്മെൻറ് ബോർഡ് കാലാവധി നീട്ടിക്കൊടുക്കുകയും ചെയ്തു. പ്രസ്തുത ഓർഡിനൻസിൽ അംഗങ്ങൾ ഹിന്ദുമത വിശ്വാസിയും ദൈവവിശ്വാസിയും ക്ഷേത്രാചാരങ്ങളിൽ വിശ്വസിക്കുന്നവരുമായിരിക്കണമെന്ന് പ്രത്യേകം നിഷ്കർഷിക്കുന്നുമുണ്ട്.
യോഗ്യരായവരെ കണ്ടെത്തി നിയോഗിക്കുവാനാണ് വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നത് എന്ന മന്ത്രിയുടെ അവകാശവാദം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്.
കഴിഞ്ഞ 10 കൊല്ലത്തിനുള്ളിലാണ് വഖഫ് ബോർഡിന് ആറു പുതിയ ഡിവിഷനൽ ഓഫിസുകൾ സ്ഥാപിക്കുവാനും വാർഷിക വരുമാനം 48 ലക്ഷം രൂപയിൽനിന്ന് 12 കോടി രൂപയായി ഉയർത്തുവാനും സാധിച്ചത്. വഖഫ് ബോർഡിലെ ജീവനക്കാരുടെ കാര്യക്ഷമതയും ആത്മാർഥമായ പങ്കാളിത്തവുമായിരുന്നു ഇതിനെല്ലാം ശക്തിപകർന്നത്. ബോർഡ് നടത്തിയ ജില്ലതല ബോധവത്കരണ കൺവെൻഷനുകൾ, പി.എസ്.സി കോച്ചിങ്, സ്ത്രീശാക്തീകരണ കാമ്പയിൻ, വിദ്യാഭ്യാസ വിദഗ്ധരുടെ മീറ്റ്, ഇമാം - ഖത്തീബ് സംഗമം, മുൻസിഫ്-മജിസ്ട്രേറ്റ് പരിശീലനം തുടങ്ങിയ പരിപാടികളെല്ലാം സമ്പൂർണ വിജയവുമായി.
കേന്ദ്ര ഗവൺമെൻറ് നിയോഗിച്ച ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലെ ജോയൻറ് പാർലമെൻററി കമ്മിറ്റിയും രാജ്യസഭ ഡെപ്യൂട്ടി ചെയർമാനായിരുന്ന റഹ്മാൻ ഖാന്റെ നേതൃത്വത്തിലെ സംയുക്ത പാർലമെൻററി സമിതിയും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും വഖഫുകൾ പരിശോധിച്ച് കേരളം ഇന്ത്യയിലെ മറ്റു വഖഫുകൾക്ക് മികച്ച റോൾ മോഡലാണെന്നു പാർലമെൻറ് മുമ്പാകെ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
റഹ്മാൻ ഖാൻ ചെയർമാനായ സമിതിയിൽ ഇന്നത്തെ വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ പാർലമെൻറംഗം എന്ന നിലക്ക് അംഗവുമായിരുന്നു. 'വഖഫ് മാഫിയ' എന്ന തലക്കെട്ടിൽ ഔട്ട്ലുക്ക് മാഗസിൻ ഇന്ത്യയിലെ വഖഫുകളെ സംബന്ധിച്ച് നടത്തിയ പഠനത്തിൽ കേരളത്തിലെ വഖഫുകൾ സുരക്ഷിതമാണെന്നും അതിന്റെ ക്രെഡിറ്റ് കേരള സംസ്ഥാന വഖഫ് ബോർഡിനാണെന്നും വിലയിരുത്തുകയുണ്ടായി.
95ലെ കേന്ദ്ര വഖഫ് നിയമപ്രകാരം സംസ്ഥാനത്തെ വഖഫ് ബോർഡിലെ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അധികാരം കേരള സംസ്ഥാന വഖഫ് ബോർഡിൽ നിക്ഷിപ്തമാണ്. വഖഫ് റെഗുലേഷൻ അനുസരിച്ച് നിയമിക്കപ്പെടുന്നവർ മുസ്ലിംകളായിരിക്കണം എന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്. പി.എസ്.സി മുഖേനയാവുന്നതോടെ മുസ്ലിംകൾക്ക് മാത്രം നിയമനമെന്ന നിഷ്കർഷത ഭാവിയിൽ നീതിപീഠങ്ങൾക്കുമുമ്പാകെ ചോദ്യംചെയ്യപ്പെടാൻ സാധ്യതയുണ്ട്. ദൂരവ്യാപകമായ മറ്റു ഭവിഷ്യത്തുകളുമുണ്ടാവും.
മുസ്ലിം പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് സച്ചാർ സമിതിയുടെ ശിപാർശയനുസരിച്ച് 100 ശതമാനവും മുസ്ലിംകൾക്ക് നൽകേണ്ടുന്ന സ്കോളർഷിപ് ആനുകൂല്യം പാലോളി റിപ്പോർട്ട് പ്രകാരം വെള്ളം ചേർത്ത് 80-20 അനുപാതത്തിലാക്കുകയും കേരള ഹൈകോടതി അത് റദ്ദ് ചെയ്ത് 50:50 അനുപാതത്തിലാക്കിയതും നമ്മുടെ മുന്നിലുള്ള സമീപകാല ഉദാഹരണം മാത്രമാണ്. ഒരു പ്രത്യേക മതത്തിനായി നിയമനം പി.എസ്.സി മാന്വൽ വഴി സാധ്യമല്ലയെന്ന് സർവിസ് -നിയമവൃത്തങ്ങളിൽ അഭിപ്രായമുണ്ട്. തുല്യനീതിക്കും അവസര സമത്വത്തിനും വിരുദ്ധമാണ് ഇത്തരം നിയമനമെന്ന വാദം ഭാവിയിൽ ഉയർന്നുവരുവാൻ സാധ്യത വളരെയേറെയാണ്.
വഖഫ് നിയമം മുസ്ലിം സമുദായത്തിന്റെ വഖഫ് സ്വത്തുക്കൾ രചനാത്മകമായി സംരക്ഷിക്കുന്നതിനുള്ള ഏക സംരക്ഷണ കവചമാണ്. അത് ഏതെങ്കിലും സംസ്ഥാനത്ത് അന്യായമായി ഭേദിക്കപ്പെട്ടാൽ മറ്റു സംസ്ഥാനങ്ങളിലും ആവർത്തിക്കപ്പെടാനുള്ള വാതിൽ മലർക്കെ തുറക്കപ്പെടും. 'കാശി -മഥുര ബാക്കി ഹേ' എന്ന വിഷലിപ്ത മുദ്രാവാക്യമുയർത്തി മുസ്ലിംകളാദി ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങൾ പോലും ഹനിച്ച് ഇല്ലാതാക്കാൻ ഫാഷിസ്റ്റുകൾ മുന്നോട്ടുവരുന്ന വർത്തമാന കാലഘട്ടത്തിൽ വഖഫ് നിയമം ദുർബലപ്പെടുത്താനും ബലഹീനമാക്കാനും മാത്രമേ ഇടത് സർക്കാറിെൻറ നീക്കം ഉപകരിക്കൂ. അതു കൊണ്ടുതന്നെ ഈ നടപടി തികച്ചും ന്യൂനപക്ഷ വിരുദ്ധവും ഒരു സമുദായത്തോടുള്ള രാഷ്ട്രീയ പകപോക്കലിെൻറ ഉദാഹരണവുമാണ്.
പി.എസ്.സി വഴി വഖഫ് ബോർഡിലേക്കുള്ള നിയമനം മറ്റു സർക്കാർ സർവിസ് മേഖലകളിലെ ജനറൽ ക്വോട്ടയിൽനിന്നുള്ള മുസ്ലിം സമുദായത്തിെൻറ അവസരങ്ങൾ ഇല്ലാതാക്കാനും കാരണമാകും. കെ.എസ്.ആർ ചട്ടപ്രകാരമുള്ള സംവരണമോ റൊട്ടേഷനോ ബാധകമല്ലാത്ത വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നത് ദുരൂഹമാണ്. ജസ്റ്റിസ് നരേന്ദ്ര കമീഷൻ ഉദ്യോഗസ്ഥ നിയമനങ്ങളിൽ മുസ്ലിം ന്യൂനപക്ഷത്തിന്റെ ബാക്ക്ലോഗ് കണ്ടെത്തിയത് ഏഴായിരത്തിനു മുകളിലാണെങ്കിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നത് പതിനായിരത്തിന് മുകളിലാണ്.
ഏെറ വിചിത്രമായ കാര്യം, ഗ്രാൻറിനായി വഖഫ് ബോർഡ് മുഖ്യമന്ത്രിയുടെ മുമ്പാകെ അപേക്ഷ നൽകിയിട്ട് തെല്ലു പരിഗണനപോലും നൽകാത്ത സർക്കാറാണ് കാര്യക്ഷമതയുടെ പേരുപറഞ്ഞ് ബോർഡിനെ നന്നാക്കാനായി തുനിഞ്ഞിറങ്ങിയിരിക്കുന്നത് എന്നതാണ്. കോഴിക്കോട്ട് വഖഫ് ട്രൈബ്യൂണൽ സ്ഥാപിക്കാൻ വഖഫ് ബോർഡിൽനിന്ന് കടംവാങ്ങിയ 54 ലക്ഷം രൂപ സർക്കാർ തിരിച്ചുനൽകിയിട്ടില്ലയെന്നതുകൂടി ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.
വഖഫ് സ്വത്തും ഭൂമിയും സംരക്ഷിക്കുവാനെന്ന വ്യാജേന രംഗത്തിറങ്ങിയിരിക്കുന്നവർ പണ്ട് ബംഗാളിലെ വഖഫ് സ്വത്തുക്കൾ കൈയേറി പാർട്ടി ഓഫിസുകളാക്കിയ കഥ പാർലമെൻറ് സമിതി റിപ്പോർട്ടിൽ ചരിത്രരേഖയായി കിടപ്പുണ്ട് എന്നതും മറക്കാതിരിക്കുക.
കാര്യക്ഷമതയുള്ള ജീവനക്കാരാണ് ഇന്ന് കേരള സ്റ്റേറ്റ് വഖഫ് ബോർഡിലുള്ളവർ മുഴുവനും. ഓരോ ഡിവിഷനൽ ഓഫിസുകൾക്കും നിശ്ചയിച്ചുനൽകുന്ന ടാർജറ്റ് നിശ്ചിത സമയത്തിനകം പൂർത്തീകരിക്കുന്ന രീതിയാണ് വഖഫ് ബോർഡിലുള്ളത്. ഇതും 48 ലക്ഷമുണ്ടായിരുന്ന വാർഷിക വരുമാനം 12 കോടിയാക്കി ഉയർത്തിയതും വഖഫ് ബോർഡ് ജീവനക്കാരുടെ കാര്യക്ഷമതയുടെയും ആത്മാർഥതയുടെയും മികച്ച ഉദാഹരണമാണ്.
ബോർഡ് ജീവനക്കാരുടെ കാര്യക്ഷമതയെ സംബന്ധിച്ച് ഇടക്കിടെ പറയുന്ന മന്ത്രിയും മുൻ മന്ത്രിയും എന്ത് അളവുകോൽ വെച്ചാണ് ജീവനക്കാരുടെ കാര്യക്ഷമത അളക്കുന്നത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. മികച്ച രീതിയിൽ ജോലിചെയ്യുന്ന ബോർഡ് ജീവനക്കാരെ മന്ത്രി എന്ന ഹുങ്ക് വെച്ച് അപമാനിക്കരുത് എന്ന അപേക്ഷയുണ്ട്.
സമുദായത്തിനും സമൂഹത്തിനും ഗുണംവരാനുദ്ദേശിച്ച് അല്ലാഹുവിൽ അർപ്പിതമായ വസ്തുക്കളാണ് വഖഫ്. വഖഫിന്റെ ആത്മാവ് അറിഞ്ഞുകൊണ്ട് പ്രവർത്തിക്കുന്ന മതവിശ്വാസികളും മതസ്ഥാപനങ്ങളോട് പ്രതിബദ്ധതയുള്ളവരുമായ, ഉള്ളവരുമായിരിക്കണം അവയുടെ കൈകാര്യകർത്താക്കളായി നിയമിക്കപ്പെടേണ്ടത്. ആത്മീയ സ്ഥാപനങ്ങളെ തകർക്കുവാനുള്ള കമ്യൂണിസ്റ്റ് അജണ്ടയാണ് പിണറായി സർക്കാർ അവലംബിച്ചിട്ടുള്ളത് എന്ന് സുവ്യക്തം. വഖഫ് സ്ഥാപനങ്ങളെ നിയമവിരുദ്ധ മാർഗങ്ങളിലൂടെ അട്ടിമറിക്കാനുള്ള പരിപാടികളും പദ്ധതികളുമെല്ലാം അതിെൻറ ഭാഗമാണ്.
(സംസ്ഥാന വഖഫ് ബോർഡ് അംഗമാണ് ലേഖകൻ )
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.