സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു വശത്തും എൽ.ഡി.എഫ് സർക്കാറും മുന്നണി നേതൃത്വവും കേരളത്തിലെ വിവിധ സർവകലാശാലകളും മറുവശത്തുമായി ചില പ്രത്യേകതരം ആക്ഷനുകളിൽ മുഴുകിയിരിക്കുകയാണ് ഇപ്പോൾ. അതിന്റെ ഭാഗമായി കേൾക്കുന്ന പ്രസ്താവനകൾ ഇരിക്കുന്ന പദവിയുടെ മഹത്ത്വത്തെപോലും കടപുഴക്കി കളയുന്നതാണ്.
എന്തിനും ഏതിനും സ്വജനപക്ഷപാതിത്വവും കക്ഷിരാഷ്ട്രീയ താൽപര്യവും മാത്രം മെറിറ്റായി കാണുന്ന ഇരുമുന്നണികളും വൈസ് ചാൻസലർ നിയമനത്തിലും അക്കാദമിക മേഖലയിലെ മറ്റു വിഷയങ്ങളിലും ഉടക്കുകൾക്കിടയിലും പരസ്പര വിട്ടുവീഴ്ചകൾ നടത്തിപ്പോന്നിരുന്നു. 2014 നുശേഷം ഹിന്ദുത്വം താൽപര്യം പരസ്യമായി കടന്നുവന്നതോടെയാണ് കളംമാറിയത്. ഹിന്ദുത്വ താൽപര്യങ്ങൾ മനസ്സിൽവെക്കുന്ന രാജ്ഭവന് കൈയിടാൻ തക്കവണ്ണമുള്ള ചക്കരക്കുടമായി നിലവിലെ ചില നിയമന നടപടികൾ.
ഉദാഹരണത്തിന് മന്ത്രി, നിയമസഭാ സ്പീക്കർ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നിവരുടെ അടുത്ത ബന്ധുക്കൾക്ക് ഈ സർക്കാർ നൽകിയ നിയമനങ്ങൾ. ഒരു എം.എൽ.എയുടെ ഭാര്യക്ക് നൽകിയ നിയമനം ഹൈകോടതി ഇടപെട്ട് തടഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് അടിസ്ഥാന യോഗ്യതയില്ലാതെ നിയമനം നൽകുന്നുവെന്ന വിവാദം ഗവർണറും കണ്ണൂർ സർവകലാശാല വി.സിയും തമ്മിലെ നേർക്കുനേർ പോരാട്ടമെന്നതിലേക്ക് എത്തിനിൽക്കുകയാണ്. വി.സി ഒരു ക്രിമിനലാണെന്ന ആരിഫ് മുഹമ്മദ് ഖാെൻറ പരാമർശം അദ്ദേഹം ഇരിക്കുന്ന പദവിക്ക് നിരക്കാത്തതായി. എന്നുവെച്ച് തുടർഭരണം കിട്ടിയതിനുപിന്നാലെ അത്യാർത്തിയോടെ സർക്കാർ നടത്തുന്ന സ്വജനപക്ഷപാതിത്വപരമായ നിയമനങ്ങൾ ശരിയാണെന്ന് വരുന്നില്ല.
തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനങ്ങളുടെ ബോധ്യത്തെ വെല്ലുവിളിച്ച് അമിതാധികാര പ്രവണത കാണിക്കുന്നത് ശരിയായ ജനാധിപത്യത്തിനുതന്നെ വെല്ലുവിളിയാണ്. മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫുകൾക്ക് പെൻഷൻ എന്നത് 1984ൽ യു.ഡി.എഫ് സർക്കാറാണ് തുടങ്ങിവെച്ചത്. എൽ.ഡി.എഫ് അത് സൗകര്യമാക്കി തുടർന്നു. ഇനിയത് നിർത്തലാക്കാനുമാവില്ല. ഈ സർക്കാറാവട്ടെ ഒരുപടികൂടി കടന്ന് തങ്ങളുടെ പാർട്ടിക്കാർക്ക് പെൻഷൻ ലഭിക്കാൻ പേഴ്സനൽ സ്റ്റാഫുകളെ രണ്ടു വർഷം കഴിഞ്ഞ് മാറ്റിനിയമിക്കാൻ ആലോചിച്ചു. ഗവർണർ അത് ഇടപെട്ട് കുളമാക്കി കൊടുത്തു. ഇങ്ങനെ ഒരാൾ ഇല്ലായിരുന്നുവെങ്കിൽ ഈ സർക്കാർ എന്തെല്ലാം ചെയ്തുകൂട്ടിയേനെ എന്ന് ഇടതുപക്ഷത്തിന് വോട്ട് ചെയ്തവരെ കൊണ്ടുപോലും പറയിക്കുമ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത് ഈ കക്ഷിരാഷ്ട്രീയക്കാർ തന്നെയാണ്.
ഭരണത്തിലെ തെറ്റുകൾ കണ്ട് ഉച്ചത്തിൽ വിസിലൂതുന്ന വിസിൽബ്ലോവറാണ് നിലവിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്ന് ആരെങ്കിലും ധരിച്ചുവെച്ചിട്ടുണ്ടെങ്കിൽ തെറ്റി. 1980കൾ മുതൽ 2014 വരെ കേരളത്തിൽ ഗവർണറുടെ ചുമതല വഹിച്ചിരുന്നവർ മുഴുവൻ കേന്ദ്ര ഭരണ താൽപര്യത്തിന്റെ പ്രതിനിധികളായിരുന്നു. എന്നാൽ, ഭരണഘടനാ പദവിയുടെ അതിർവരമ്പ് ലംഘിക്കാൻ ആരും തയാറായിരുന്നില്ല. പക്ഷേ, മോദി അധികാരത്തിൽ വന്നശേഷം എല്ലായിടത്തും പ്രതിഫലിച്ച ഹിന്ദുത്വ രാഷ്ട്രീയം സ്വാഭാവികമായി ഗവർണർ നിയമനത്തിലും ഉണ്ടായി. അതുകൊണ്ടുതന്നെ ആരിഫ് മുഹമ്മദ് ഖാന്റ ഇടപെടൽ വിലയിരുത്തേണ്ടത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ലക്ഷ്യം കൂടി മുന്നിൽ നിർത്തിവേണം. പക്ഷേ, കക്ഷിരാഷ്ട്രീയത്തിന്റെ കൊടുക്കൽവാങ്ങലിന് അപ്പുറം പോകാൻ ഇടത്, വലത് മുന്നണികൾ തയാറാവുന്നില്ല.
വികസനമെന്ന ഏകമന്ത്രം ഉരുവിടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുമായി രാഷ്ട്രീയ ഏറ്റുമുട്ടൽ എല്ലായ്പോഴും ഒഴിവാക്കുന്നു. പ്രതിപക്ഷമാവട്ടെ സർക്കാറിനെ അടിക്കാനുള്ള വടിയായി ഗവർണറെ കാണുകയും ചെയ്യുന്നു. ഈ വൈരുധ്യം ഒരുക്കുന്ന ഇടത്തുനിന്നാണ് പൗരത്വ നിയമ ഭേദഗതി, കർഷക നിയമം മുതൽ വൈസ് ചാൻസലർ നിയമനത്തിലെ ഹിന്ദുത്വ താൽപര്യം വരെ ഗവർണർ തന്റെ കരുക്കൾ നീക്കുന്നത്. ഏറ്റവും ഒടുവിൽ കണ്ണൂർ സർവകലാശാല വി.സി. ഗോപിനാഥ് രവീന്ദ്രനെ 'ക്രിമിനൽ' എന്ന് ആക്ഷേപിച്ച ഗവർണർ ചരിത്ര കോൺഗ്രസ് വേദിയിൽ തന്നെ കൈകാര്യം ചെയ്യാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായെന്നും ആരോപണമുന്നയിച്ചിരിക്കുന്നു. ജാമിഅ മില്ലിയ സർവകലാശാലയിലെ ചരിത്ര അധ്യാപകനും ചരിത്ര ഗവേഷകനുമായിരുന്ന ഗോപിനാഥ് രവീന്ദ്രൻ ഇന്ത്യൻ ഹിസ്റ്ററി കൗൺസിലിന്റെ മെമ്പർ സെക്രട്ടറിയുമായിരുന്നു. 2014ൽ മോദി അധികാരത്തിൽ വന്നശേഷം കൗൺസിൽ ഉടച്ച്വാർത്ത് ചരിത്രം തിരുത്താൻ തുടങ്ങിയതോടെ അവരുമായി കലഹിച്ചും പോരാടിയും രാജിവെച്ച് പുറത്തുവന്നു അദ്ദേഹം.
രവീന്ദ്രനെ കണ്ണൂർ വി.സിയായി നിയമിക്കുന്നതിൽ സംഘ്പരിവാർ കേന്ദ്രങ്ങൾക്ക് പറഞ്ഞാൽ തീരാത്ത എതിർപ്പുമുണ്ടായിരുന്നു. 2019ൽ കണ്ണൂർ സർവകലാശാല ആതിഥേയത്വം വഹിച്ച ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ സി.എ.എ അനുകൂല പ്രസ്താവനയാണ് ഇപ്പോൾ അദ്ദേഹം പറയുന്ന വിവാദങ്ങൾക്ക് അടിസ്ഥാനം. അന്ന് ആ വേദിയിൽ വെച്ചുതന്നെ പ്രശസ്ത ചരിത്രകാരനായ ഇർഫാൻ ഹബീബ് ഗവർണറോട് രൂക്ഷമായിത്തന്നെയാണ് പ്രതികരിച്ചത്. ഡോ. രവീന്ദ്രനും തന്റെ പ്രസംഗത്തിൽ സി.എ.എ വിരുദ്ധ നിലപാട് അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കി. ഈ 'കൈകാര്യം' ചെയ്യൽ ആരിഫ് മുഹമ്മദ് ഖാനും സംഘ്പരിവാറും മനസ്സിൽ കൊണ്ടുനടക്കുന്നുവെന്നും അവസരത്തിനായി കാത്തിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രസ്താവനകളിൽനിന്ന് വ്യക്തമാവുന്നത്. കണ്ണൂർ വി.സിയുടെ സ്വഭാവ സർട്ടിഫിക്കറ്റ് തേടുകയും നടപടിക്ക് പഴുത് അന്വേഷിക്കുകയും ചെയ്ത ഇതേ ആരിഫ് മുഹമ്മദ് ഖാനാണ് രവീന്ദ്രന്റെ പുനർനിയമനത്തിൽ ഒപ്പിട്ടത്. കണ്ണൂർ, കേരള വി.സിമാരുടെ കഴിവുകേടുകളെ കുറിച്ച് പറയുന്ന ഖാൻ ഗവർണർ പദവിയിൽ ഇരുന്നു കൈക്കൊണ്ട ചില നടപടികളും പരിശോധിക്കപ്പെടണം.
കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലർ നിയമനത്തിൽ പ്രഗല്ഭനായ ഡോ. കെ.എം. സീതിക്ക് മുൻഗണ നൽകിയുള്ള പട്ടികയാണ് ഒന്നാം പിണറായി സർക്കാർ ഗവർണർക്ക് നൽകിയത്. എന്നാൽ, സീതിയെ നിയമിക്കുന്നതിൽ സംഘ്പരിവാറിന് കടുത്ത എതിർപ്പുണ്ടായിരുന്നതിനാൽ അദ്ദേഹം ഫയൽ വെച്ചു താമസിപ്പിക്കുകയായിരുന്നു. ഡോ. സീതിയുടെ പ്രായപരിധി കഴിയുന്നതുവരെ ഈ വെച്ച് താമസിപ്പിക്കൽ തുടർന്നു.
യു.ജി.സി പ്രതിനിധി നിർദേശിച്ച കേന്ദ്ര ബി.ജെ.പി സർക്കാറിന് താൽപര്യമുള്ള, കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞെൻറ പേരിന് വേണ്ടിയായിരുന്നുവത്രെ ഇത്. പക്ഷേ, പട്ടികയിൽ രണ്ടാമനായിരുന്ന ഡോ. ജയരാജിെൻറ പേര് മുൻഗണനയാക്കി സർക്കാർ നൽകിയപ്പോൾ ഗവർണർക്ക് ഒടുവിൽ ഒപ്പിടേണ്ടിവന്നു. കാലടി സർവകലാശാല വി.സിയാക്കാൻ കാലിക്കറ്റ് സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസറായിരുന്ന ഡോ. എം.വി. നാരായണെന്റ പേരാണ് സർക്കാർ നൽകിയത്. സംസ്കൃത പണ്ഡിതനും ക്ലാസിക്കൽ കലാരൂപങ്ങളിൽ വിദഗ്ധനുമാണെങ്കിലും നാരായണെന്റ ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയം രാജ്ഭവന് അയോഗ്യതയായി തോന്നി. ജസ്റ്റിസ് പി. സദാശിവം ഗവർണറായ കാലത്ത് ആരോഗ്യ സർവകലാശാല വി.സി നിയമനത്തിലാണ് സംഘ്പരിവാർ താൽപര്യം ആദ്യം പ്രകടമായത്. പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. വി. രാമൻകുട്ടിയുടെ പേര് ഉൾപ്പെടെയാണ് ഒന്നാം പിണറായി സർക്കാർ വി.സി സ്ഥാനത്തേക്ക് നിർദേശിച്ചത്. എന്നാൽ, കേന്ദ്ര മന്ത്രി വി. മുരളീധരനുമായ അടുപ്പമുള്ള ഡോ. മോഹൻ കുന്നുമ്മലിനെയാണ് ഗവർണർ സദാശിവം വി.സി ആയി നിയമിച്ചത്.
പൊതുസമൂഹത്തിന്റെയും നിയമസഭയുടെയും നിലപാടുകൾക്ക് നിരക്കുന്നതായിരുന്നില്ല പലപ്പോഴും ഗവർണർ എന്ന പദവിയിലിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ച നിലപാടുകൾ. നിയമസഭയിൽ സർക്കാറിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമ ഭേദഗതിക്ക് എതിരായ ഭാഗം വായിക്കില്ലെന്ന് അദ്ദേഹം വാശിപിടിച്ചു. പിന്നീട് വായിച്ചപ്പോൾ തന്റെ വിയോജിപ്പ് രേഖപ്പെടുത്തി. പക്ഷേ, ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം പ്രതിപക്ഷം കൊണ്ടുവന്നപ്പോൾ പിണറായി സർക്കാർ തിരിഞ്ഞ് കളിച്ചു, ഗവർണറെ സംരക്ഷിച്ചു. കേന്ദ്രം കൊണ്ടുവന്ന കർഷക നിയമം നിയമസഭയിൽ ചർച്ചചെയ്ത് അതിന് എതിരായി പ്രമേയം പാസാക്കണമെന്ന ശിപാർശ സർക്കാർ നൽകിയപ്പോഴും ഗവർണർ മുഖംതിരിച്ചു. സമ്മർദങ്ങൾക്കൊടുവിലാണ് അദ്ദേഹം ഒടുവിൽ വഴങ്ങിയത്.
ആരിഫ് മുഹമ്മദ് ഖാൻ കളിക്കുന്ന കളി അദ്ദേഹത്തിനു മാത്രം കൈമുതലായതാണ്. വിരട്ടലും വിലപേശലും വേണ്ടെന്നുപറയുമ്പോഴും എവിടെ വഴങ്ങണം, എവിടെ കൈയടി നേടണമെന്ന് ആരും അദ്ദേഹത്തിന് പറഞ്ഞ് കൊടുക്കേണ്ടതില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതരേഖ തന്നെയാണ് ഇതിന് തെളിവ്. 1991 ൽ രാജ്യത്തെ പിടിച്ചുകുലുക്കിയ രാഷ്ട്രീയ നേതാക്കൾ 65 കോടി രൂപ കൈപ്പറ്റിയെന്ന 'ജയിൻ ഹവാല ഡയറി കേസ്' ആരോപണത്തിലും ആരിഫ് മുഹമമദ് ഖാെൻറ പേര് ഉൾപ്പെട്ടിരുന്നു. സി.ബി.ഐ കുറ്റപത്രം സമർപ്പിച്ച കേസിൽ 1998 ലാണ് കോടതി വെറുതെവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.