എൺപതുകളുടെ തുടക്കത്തിൽ തലസ്ഥാനനഗരിയിലെ എന്റെ നിയമ പഠനകാലം. മാധ്യമ പ്രവർത്തക സുഹൃത്ത് ടി.പി. ചെറൂപ്പയോടൊപ്പം എം.എൽ.എ ഹോസ്റ്റലിലാണന്ന് താമസം. അവിടെ വെച്ചാണ് നവാബ് രാജേന്ദ്രൻ എന്ന ടി.ഇ. രാജേന്ദ്രനെ പരിചയപ്പെടുന്നത്. മെലിഞ്ഞ് നീണ്ട് കുഴൽപോലുള്ള ദേഹത്ത് ഞാണ് കിടക്കുന്ന കൊലുന്നനെയുള്ള ജുബ്ബ, പാദം കഴിഞ്ഞും താഴോട്ടിറങ്ങിക്കിടക്കുന്ന മുഷിഞ്ഞ ഇരട്ട മുണ്ട്, അലങ്കോലമായിക്കിടക്കുന്ന തലമുടി,കഴുത്തിലൊരു രുദ്രാക്ഷ മാല,വീതിയേറിയ കട്ടിക്കണ്ണ, കാൽ മുട്ടോളമെത്തുന്ന തോൾ സഞ്ചി,സഞ്ചിയിൽ നിറയെ ഹജൂർ കച്ചേരിയിലേതുപോലെ കടലാസ് മടക്കുകൾ- ഇത്രയുമായിരുന്നു ആ മനുഷ്യന്റെ ഏകദേശ ബാഹ്യരൂപം.
പയ്യന്നൂരിലെ പ്രഗല്ഭ അഭിഭാഷകൻ കുഞ്ഞിരാമ പൊതുവാളിന്റെയും ഭാർഗവിയമ്മയുടെയും മകനായി 1950 ലാണ് ജനനം. പിതാവ് തൃശൂരിലേക്ക് പ്രവർത്തന മണ്ഡലം മാറ്റിയപ്പോൾ രാജേന്ദ്രനും തൃശൂർക്കാരനായി. പൊതുവാൾ പതിയെ തൃശൂരിന്റെ പൊതുമണ്ഡലത്തിൽ നിറഞ്ഞു. കണ്ണൂർ ജില്ലയിൽനിന്ന് തന്നെയാണ് പിൽകാലത്ത് കോൺഗ്രസ് രാഷ്ട്രീയത്തിലെ ലീഡറും നവാബിന്റെ വ്യവഹാരങ്ങളിലെ നിത്യഎതിരാളിയുമായി മാറിയ കെ. കരുണാകരനും തൃശൂരിൽ എത്തിപ്പെടുന്നത്.
നീതി നിഷേധത്തിനെതിരെ പോരാടാനുള്ള ധീരത ചെറുപ്രായത്തിലേ രാജേന്ദ്രനുണ്ടായിരുന്നു. ആദർശാത്മക പത്രപ്രവർത്തനത്തിൽ വഴികാട്ടി പിതാവ് തന്നെയായിരുന്നു. ആദ്യം നടത്തിയ പത്രം ബാധ്യതയെത്തുടർന്ന് അടച്ചു. ശേഷം ‘നവാബ്’എന്ന പേരിൽ പ്രസിദ്ധീകരണം ആരംഭിച്ചതോടെയാണ് രാജേന്ദ്രൻ നവാബ് രാജേന്ദ്രനായത്. ചെറുതും വലുതുമായ ഒട്ടേറെ നീതി നിഷേധവും അഴിമതിയും രാഷ്ട്രീയ അവിഹിതങ്ങളും സ്വജന പക്ഷപാതങ്ങളും നവാബിൽ കത്തുന്ന റിപ്പോർട്ടുകളായി. അതിനൊക്കെ പ്രക്ഷോഭത്തിന്റെ വീര്യമുണ്ടായിരുന്നു. കോൺഗ്രസ് നേതാവായിരുന്ന എ.സി. ജോസിനെതിരെ ടൈറ്റാനിയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ ‘നവാബി’ലൂടെ രാജേന്ദ്രൻ പ്രശ്നവത്കരിച്ചത് ‘ദ ഹിന്ദു’ ഉൾപ്പെടെയുള്ള മുഖ്യധാരാ പത്രങ്ങൾ പിന്നീട് പ്രാധാന്യപൂർവം ഏറ്റെടുത്തു. അതു കഴിഞ്ഞാണ് കരുണാകരൻ ഉൾപ്പെട്ട അഴിമതി വാർത്തയാക്കുന്നത്.
തൃശൂരിൽ കാർഷിക ഗവേഷണ സർവകലാശാല സ്ഥാപിക്കാൻ മണ്ണുത്തിയിലെ തട്ടിൽ എസ്റ്റേറ്റിന്റെ 936 ഏക്കർ ഭൂമി രണ്ടുകോടി രൂപക്ക് ഏറ്റെടുക്കാൻ അച്യുതമേനോൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഭൂമി ഏറ്റെടുപ്പിൽ അഴിമതി ആരോപിക്കപ്പെട്ടതിനെത്തുടർന്ന് സർക്കാർ നിയോഗിച്ച കമീഷൻ ഈ ഭൂമിക്ക് 35 ലക്ഷം രൂപപോലും വില വരുന്നില്ലെന്ന് കണ്ടെത്തി. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് ആഭ്യന്തരമന്ത്രി കരുണാകരൻ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് 1972 ഏപ്രിൽ ലക്കത്തിൽ നവാബ് വാർത്ത പ്രസിദ്ധീകരിച്ചു. തൃശൂർ ഡി.സി.സി പ്രസിഡന്റ് എം.വി. അബൂബക്കറിന് പണം നൽകാൻ കരുണാകരൻ നിർദേശിച്ചതായി പേഴ്സണൽ അസിസ്റ്റന്റ് ഗോവിന്ദൻ എസ്റ്റേറ്റ് മാനേജർ ജോണിനയച്ച കത്തിന്റെ കോപ്പിയും തെളിവായി രാജേന്ദ്രൻ പ്രസിദ്ധീകരിച്ചു- ഒരു പക്ഷേ, അദ്ദേഹത്തിന്റെ ജീവിതംതന്നെ തകിടം മറിച്ചത് ഈ വാർത്തയും കത്തുമായിരുന്നു. കത്ത് കണ്ടെത്തുന്നതിനായി അന്നത്തെ എസ്.പി ജയറാം പടിക്കലിന്റെ നേതൃത്വത്തിൽ രാജേന്ദ്രനെ കസ്റ്റഡിയിലെടുത്ത് നിരന്തര പീഡനങ്ങൾക്ക് വിധേയമാക്കി. ആദ്യം കോടതി ഇടപെട്ട് വിട്ടയച്ചെങ്കിലും ജയറാം പടിക്കലിന്റെ സംഘം അദ്ദേഹത്തെ വീണ്ടും നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തു. നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് പൊലീസ് നടത്തിയ മർദനങ്ങൾക്കിടയിൽ കത്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം അഴീക്കോടൻ രാഘവന്റെ കൈവശമുണ്ടെന്ന് നവാബിന് പറയേണ്ടിവന്നു. കൊടിയ മർദനത്തിൽ പൊലീസ് നവാബിന്റെ പല്ലുകൾ തല്ലിക്കൊഴിച്ചു, ശരീരം തച്ചുടച്ചു. വലിയ സന്നാഹങ്ങളോടെ പൊലീസ് അഴീക്കോടന്റെ കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലേക്ക് കുതിച്ചെത്തി. ഇത്തരം രേഖകളൊന്നും വീട്ടിൽ സൂക്ഷിക്കാറില്ലെന്നും പാർട്ടി ഓഫിസിലുണ്ടാവുമെന്നും വേണമെങ്കിൽ തന്നെയും ഇ.എം.എസിനെയും അറസ്റ്റ് ചെയ്തോളൂ എന്നും ചങ്കൂറ്റത്തോടെ പറഞ്ഞു അഴീക്കോടൻ. നവാബിനെ പൊലീസ് അന്യായമായി കസ്റ്റഡിയിൽവെച്ച് പീഡിപ്പിക്കുന്ന വിവരം അഴീക്കോടൻ അടുത്തദിവസം വാർത്തസമ്മേളനം നടത്തി ലോകത്തെ അറിയിക്കുകയും ചെയ്തു. ‘നവാബ്’ പ്രസിദ്ധീകരിച്ച വാർത്ത തനിക്ക് അപകീർത്തികരമാണെന്ന് കാണിച്ച് കരുണാകരന്റെ പി.എ നൽകിയ മാനനഷ്ടക്കേസ് പരിഗണിച്ച കോടതി കത്തിന്റെ അസ്സൽ പകർപ്പ് ഹാജരാക്കാൻ രാജേന്ദ്രനോട് നിർദേശിച്ചു. കത്ത് കോടതിയിൽ ഹാജരാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പത്തുനാൾ തികയും മുമ്പ് 1972 സെപ്റ്റംബർ 23ന് രാത്രി അഴീക്കോടൻ കൊല്ലപ്പെട്ടു.
ഭരണകൂടത്തിനെതിരെയുള്ള സംഘർഷത്തിനിടയിൽ നവാബ് പത്രം പൂട്ടേണ്ടിവന്നു. പക്ഷേ, പോരാട്ടങ്ങൾക്ക് വിരാമമിടാൻ നവാബ് രാജേന്ദ്രൻ ഒരുക്കമായിരുന്നില്ല. കെ. കരുണാകരനെതിരെ ഒട്ടേറെ കേസുകൾ അദ്ദേഹം പൊതുതാൽപര്യ ഹരജിയായി നൽകിയിട്ടുണ്ട്. പ്രസ്താവനയിലും പ്രവർത്തനങ്ങളിലും സംഭവിക്കുന്ന സ്ഖലിതങ്ങളെ മുൻനിർത്തി കരുണാകരന്റെ മാനസികാവസ്ഥ പരിശോധിക്കണമെന്ന് പോലും പരാതി നൽകി. പകരം, ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിപ്പിക്കാൻ കരുണാകരനും ശ്രമം നടത്തി. ഈ ഹരജി തള്ളിക്കൊണ്ട് അഴിമതിക്കെതിരെ തിരുത്തൽ ശക്തികളായി പ്രവർത്തിക്കുന്ന ഇതുപോലുള്ള ആളുകൾ സമൂഹത്തിന് ആവശ്യമാണെന്ന ജസ്റ്റിസ് സുകുമാരൻ പുറപ്പെടുവിച്ച മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിധി പ്രഖ്യാപനം നവാബിന്റെ പോരാട്ടങ്ങൾക്ക് ഊർജമേറ്റി. പിന്നീടങ്ങോട്ട് സമൂഹത്തിന് ബോധ്യപ്പെടുമാറുള്ള നിരവധി വ്യവഹാരങ്ങളുമായി രാജേന്ദ്രൻ മുന്നോട്ടുതന്നെ പോയി. കോൺഗ്രസ് നേതാവും കരുണാകൻ മന്ത്രിസഭയിൽ അംഗവുമായിരുന്ന എം.പി. ഗംഗാധരൻ പ്രായപൂർത്തിയാവാത്ത മകളെ വിവാഹം കഴിപ്പിച്ചയച്ചതിനെതിരായ വ്യവഹാരം അതിലൊന്ന് മാത്രം. ആ കേസാണ് ഗംഗാധരന്റെ രാജിക്കും രാഷ്ട്രീയ വനവാസത്തിനും കാരണമായത്. ജാതകം നോക്കി വയസ്സ് തിരുത്താനും വസ്തു പ്രമാണങ്ങൾ നിരത്തി മകളുടെ പ്രായപൂർത്തി സ്ഥാപിക്കാനുമുള്ള ഗംഗാധരന്റെ ശ്രമങ്ങളെ, ഇരുത്തം വന്ന ഒരു നിയമജ്ഞന്റെ ഗാംഭീര്യത്തോടെ രാജേന്ദ്രൻ കുടഞ്ഞെറിഞ്ഞു.
വീടോ കയറിക്കിടക്കാൻ ഒരു മുറിയോപോലും സ്വന്തമായി ഉണ്ടാക്കിയില്ല നവാബ്. അദ്ദേഹം മേൽവിലാസമായി നൽകിയത്, നവാബ് രാജേന്ദ്രൻ, കേരള ഹൈകോടതി വരാന്ത, കൊച്ചി എന്നായിരുന്നു. തപാൽ വകുപ്പ് കത്തുകളും രേഖകളുമെല്ലാം ആ വിലാസത്തിൽ തെറ്റാതെ കൊണ്ടെത്തിക്കുകയും ചെയ്തിരുന്നു. സമഗ്ര സംഭാവനകൾക്ക് മാനവസേവ ട്രസ്റ്റ് പുരസ്കാരമായി നൽകിയ രണ്ടുലക്ഷം രൂപയിൽനിന്ന് ആയിരം രൂപ മാത്രമെടുത്ത് ബാക്കി തുക എറണാകുളം ജനറൽ ആശുപത്രിക്ക് ആധുനിക മോർച്ചറി നിർമിക്കാനായി നൽകി അദ്ദേഹം.
സ്വന്തമായി കേസുകൾ വാദിക്കാനും പരാതികൾ എഴുതി സമർപ്പിക്കാനും വിദഗ്ധനായിരുന്നു നവാബ്. ഒരു നിയമജ്ഞന്റെ ചാരുത പലപ്പോഴും അദ്ദേഹം തയാറാക്കുന്ന പരാതികളിൽ നിഴലിച്ചു. അഴിമതിക്കും ധൂർത്തിനും എതിരെയുള്ള പോരാട്ടത്തിന്റെ ചരിത്രമാണ് രാജേന്ദ്രന്റേത്. നിരവധി അഴിമതിക്കഥകൾ അദ്ദേഹം പുറത്തുകൊണ്ടുവന്നു.
തൊണ്ണൂറുകളുടെ തുടക്കത്തിൽ പയ്യന്നൂരിലേക്കുള്ള യാത്രാമധ്യേ ഒരിക്കൽ രാജേന്ദ്രൻ എന്റെ വീട്ടിൽ വന്നു. പിന്നീട് 2002ൽ അവിചാരിതമായി തിരുവനന്തപുരം മ്യൂസിയത്തിൽ വെച്ച് കാണുമ്പോഴാണ് അർബുദം അദ്ദേഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന വിവരം അറിഞ്ഞത്. പോരാട്ടങ്ങളുടെ വിരഹാഗ്രത്തിലാണ് താനെന്ന് നവാബ് അന്ന് സൂചിപ്പിക്കുകയും ചെയ്തു. വൈകാതെ 2003 ഒക്ടോബർ പത്തിന്, സമാനതകളേറെയില്ലാത്ത ആ പോരാളി ലോകത്തോട് വിടപറഞ്ഞു.
മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിന് നൽകണമെന്നായിരുന്നു അദ്ദേത്തിന്റെ ഒസ്യത്ത്. പോസ്റ്റ്മോർട്ടത്തിനുശേഷം എംബാം ചെയ്ത മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് അനാട്ടമി വിഭാഗത്തിന് കൈമാറിയെങ്കിലും ശരീരം അഴുകുകയും തുടർന്ന് രഹസ്യമായി മറവ് ചെയ്യുകയുമായിരുന്നു. മരണശേഷം പോലും പലരും ആ പോരാളിയെ ഭയപ്പെട്ടിരുന്നു എന്നുവേണം കരുതാൻ. മാധ്യമ-മനുഷ്യാവകാശ മേഖലയിൽ നവാബിനെപ്പോലുള്ള ധീരരെ തേടുകയാണ് കാലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.