യു.ജി.സിയും വേദകാല ജനാധിപത്യവും

ഭരണഘടനദിനമായി ആചരിക്കുന്ന നവംബർ 26ന് വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണങ്ങളും സെമിനാറുകളും സംഘടിപ്പിക്കാൻ യു.ജി.സി നിർദേശിച്ചിരിക്കുകയാണ്. 'ഇന്ത്യ: ജനാധിപത്യത്തിന്റെ മാതാവ്' എന്ന തലക്കെട്ടിൽ വേദങ്ങൾ, ഭവഗത്ഗീത, അർഥശാസ്ത്രം എന്നിങ്ങനെ വിവിധ വിഷയങ്ങൾ അധികരിച്ചാണ്​ പ്രഭാഷണങ്ങൾ നടത്തേണ്ടത്​. അക്കാദമികമായ 'സംശുദ്ധ താൽപര്യ'മല്ല, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സമ്പൂർണമായി ബ്രാഹ്മണവത്കരിക്കുകയും ഭരണഘടനാ ജനാധിപത്യത്തെയും പ്രാതിനിധ്യ ജനായത്തബോധത്തെയും വിമോചനാത്മകമായ ജനാധിപത്യ മൂല്യങ്ങളെയും സമ്പൂർണമായി അട്ടിമറിച്ച്​ ഇന്ത്യയെ ഹിന്ദുരാജ്യമായി പരിവർത്തിപ്പിക്കുകയുമാണ്​ നിർദേശത്തി​െൻറ ലക്ഷ്യമെന്ന്​ സ്​പഷ്​ടം.

പ്രഭാഷണവിഷയങ്ങളിലൊന്ന് വേദകാല ജനാധിപത്യമാണ്. വ്യത്യസ്ത ഗോത്രങ്ങളായി പിരിഞ്ഞും പശുപാലന വ്യവസ്ഥയിൽ അധിഷ്ഠിതവുമായ വൈദികകാലം ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായിരുന്നു എന്ന് വിശേഷിപ്പിക്കാൻ ചരിത്രത്തിൽ സമ്പൂർണ അജ്ഞതയുണ്ടായിരിക്കണം. 'ബ്രാഹ്മണ്യോസ്യ മുവമാസീത്' എന്ന് തുടങ്ങുന്ന ചാതുർവർണ്യ ജാതിവ്യവസ്ഥയെ ന്യായീകരിക്കുന്ന പുരുഷസൂക്തം എന്നറിയപ്പെടുന്ന വേദമന്ത്രം ഋഗ്വേദത്തിലുള്ളതാണ്. മനുഷ്യരെ ശ്രേണീകൃതമായി തരംതിരിച്ച് അകറ്റുന്ന ചാതുർവർണ്യത്തിന് ജനാധിപത്യവുമായി തരിമ്പുപോലും ബന്ധമില്ലെന്നതാണ് സത്യവസ്തുത. യജുർവേദത്തിലും മറ്റും പ്രയോഗിക്കപ്പെട്ടിട്ടുള്ള 'ജനം' എന്ന സങ്കൽപത്തിൽ ബ്രാഹ്മണരും ക്ഷത്രിയരും മാത്രമേ ഉള്ളടങ്ങിയിട്ടുള്ളൂ. വൈശ്യർ, ശൂദ്രർ, ചണ്ഡാളർ, ആദിവാസികൾ, കീഴാള ബഹുജനങ്ങൾ തുടങ്ങിയവരൊന്നുംതന്നെ വൈദിക'ജന'സങ്കൽപത്തിന് കീഴിൽ വരുന്നതേയില്ല. ബ്രാഹ്മണേതരരായ മനുഷ്യരെ, വൈദികസങ്കൽപങ്ങൾ മനുഷ്യരായിപ്പോലും പരിഗണിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം. ഇന്ത്യ എന്ന സങ്കൽപംപോലും വേദകാലത്ത് ഉടലെടുത്തിരുന്നില്ല. ഭാരതമെന്ന 'ആർഷഭാരത' സങ്കൽപങ്ങളിൽ ദക്ഷിണേന്ത്യ ഉണ്ടായിരുന്നുമില്ല. ആര്യാവർത്തനമെന്ന വൈദികദേശ സങ്കൽപത്തിൽ ദക്ഷിണേന്ത്യക്ക് ഇടമുണ്ടായിരുന്നില്ല എന്നതിന് മനുസ്മൃതി തന്നെ സാക്ഷ്യം പറയും. കൂടാതെ ജനാധിപത്യത്തെ സംബന്ധിച്ച് വിശദീകരിക്കുന്ന വൈദിസത്താവാദികൾ വേദങ്ങളിൽനിന്നും മറ്റും 'രാഷ്ട്രം' എന്ന പദം ഉദ്ധരിച്ച് ആധുനികമായ ദേശരാഷ്ട്ര (Nation State) വ്യവസ്ഥക്രമത്തെ വൈദികസത്ത വാദവുമായി കൂട്ടിയിണക്കാൻ ശ്രമിക്കാറുണ്ട്. യഥാർഥത്തിൽ വേദകാല സാഹിത്യഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന രാഷ്ട്രം 'ജനപദ'ങ്ങൾ മാത്രമാണ്. 'ജനങ്ങൾ വസിക്കുന്ന നാട്ടിൻപുറങ്ങൾ' എന്ന് മാത്രമാണ് ജനപദത്തിനർഥം. പിൽക്കാലത്ത് 'രാജ്യം' എന്ന അർഥം നൽകിക്കൊണ്ട് ഇതിനെ വിപുലീകരിക്കുകയായിരുന്നു. പ്രസിദ്ധ വൈദിക സാഹിത്യ പണ്ഡിതനായ ജി.യു. ഥിട്ടെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

അർഥശാസ്ത്രമാണ് മറ്റൊരു പ്രഭാഷണ വിഷയം. അർഥശാസ്ത്രത്തിലെ ഉത്തമ ഭരണാധികാരി എന്നതാണ് ആലോചനവിഷയം. വർണാശ്രമധർമത്തെ പരിപാലിക്കുകയാണ് രാജാവിന്റെ ഉത്തമമായ സ്വധർമമെന്ന് അർഥശാസ്ത്രത്തിൽ വിനാധികാരി കത്തിൽ പ്രസ്താവിക്കുന്നുണ്ട് ('തസ്മാത് സ്വധർമം ഭൂതാനം...') രാജനിവേശത്തെപ്പറ്റി പറയുമ്പോൾ പ്രകൃഷ്ടവും ചതുർവർണങ്ങൾക്ക് ആശ്രയിക്കത്തക്കതുമായ വാസ്തുവിലായിരിക്കണം രാജനിവേശം നടത്തേണ്ടതെന്ന് അർഥശാസ്ത്രം ('പ്രാപീരേ വാസ്തു നി രാജനിവേശശ്ചാതുർവർണ്യ സമാജീവേ') വ്യക്തമാക്കുന്നു. അതായത്, ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെ വിന്യസിക്കുന്ന സാമൂഹികവ്യവസ്ഥയാണ് രാജാവ് സൃഷ്ടിക്കേണ്ടതെന്നാണ് അർഥശാസ്ത്രം നിർദേശിക്കുന്നത്. രാജാവ് ബ്രാഹ്മണർക്ക് വസ്തുവകകൾക്കുള്ള ദണ്ഡകരങ്ങൾ സമ്പൂർണമായി ഒഴിവാക്കിക്കൊടുക്കണമെന്ന് നിർദേശിക്കുകയും അതേസമയം, പാഷന്ധരുടെയും ചണ്ഡാളരുടെയും പാർപ്പിടങ്ങൾ ശ്മശാനത്തിലായിരിക്കണമെന്ന് അർഥശാസ്ത്രം നിർദേശിക്കുകയും ('പാഷണ്ഡ ചണ്ഡാളാനാം ശ്മശാനാന്തേ വാസഃ') ചെയ്യുന്നു. അർഥശാസ്ത്രത്തിൽ തെളിയുന്ന ഭരണാധികാരിയായ രാജാവ് ചാതുർവർണ്യത്തിന്റെ സംരക്ഷകനും നടത്തിപ്പികാരനുമാണ്. മനുഷ്യരെ തുല്യരായി പരിഗണിക്കാത്ത അസമത്വ സാമൂഹികവ്യവസ്ഥയെ നിലനിർത്തുന്ന ഭരണാധികാരി ഉത്തമനാണെന്ന് വാദിക്കുന്നത് ഭരണഘടനാ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. അവിനീതകളായ സ്ത്രീകളെ താഡനം ചെയ്യണമെന്ന് വിധിക്കുന്ന ('നഗ്നേ വിനഗ്നേ... വേണുദളഹസ്താനാമന്യതമേന വാ പൃഷ്ടേ ത്രിരാഘാതഃ) അർഥശാസ്ത്രത്തിന്, സ്ത്രീപുരുഷ സമത്വം കൽപിക്കുന്ന ആധുനിക ഇന്ത്യൻ ഭരണഘടനയുമായോ ജനാധിപത്യവുമായോ തരിമ്പും ബന്ധമില്ലെന്ന് സ്പഷ്ടമാണ്. ചണ്ഡാളരെ ഊട്ടുന്നവരെ ശിക്ഷിക്കണമെന്ന് വിധിക്കുന്ന അർഥശാസ്ത്രത്തിന്റെ ചിന്താഗതികൾ ആധുനിക സമൂഹത്തിന് ഒട്ടുമേ ഭൂഷണമല്ലെന്ന് മാത്രമല്ല, അവ ഉത്തമമാണെന്ന ഭാഷ്യത്തിൽ വിമർശനരഹിതമായി ചർച്ചക്കെടുക്കുന്നത് ഭരണഘടനയെ അവഹേളിക്കലുമാണ്.

ഭഗവത്ഗീതയാണ് മറ്റൊരു പ്രഭാഷണവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. ബുദ്ധന്റെ അഹിംസാത്മകമായ വിപ്ലവത്തെ നിർവീര്യമാക്കാനുള്ള ബ്രാഹ്മണ്യത്തിന്റെ പ്രതിവിപ്ലവമായാണ് ഗീത സൃഷ്ടിക്കപ്പെട്ടതെന്ന് ഡോ. ബി.ആർ. അംബേദ്കർ നിരീക്ഷിച്ചിട്ടുണ്ട്. 'ചാതുർവർണ്യം മയ സൃഷ്ടം' എന്നുപറഞ്ഞുകൊണ്ട് ചാതുർവർണ്യ ജാതിവ്യവസ്ഥയെ ന്യായീകരിക്കുന്ന ഒരു ഗ്രന്ഥത്തെ ജനാധിപത്യത്തിന്റെ മാതാവായി സ്ഥാനപ്പെടുത്തുന്നത് എത്രമേൽ ചരിത്രവിരുദ്ധമാണ്.

സവർണ സംവരണത്തിന്റെ പശ്ചാത്തലത്തിൽ യു.ജി.സിയുടെ നിർദേശങ്ങൾക്ക് ഏറെ വ്യാപ്തിയും ആഴവുമുണ്ട്. പ്രാതിനിധ്യ ജനായത്തത്തെ തന്നെ തകർത്ത് ബ്രാഹ്മണ്യമാണ് ശ്രേഷ്ഠമായ സങ്കൽപമെന്ന് അവതരിപ്പിക്കാനാണ്​ ശ്രമങ്ങൾ. ഈ പദ്ധതിയെ ചെറുത്തുതോൽപിച്ചില്ലെങ്കിൽ ക്രമേണ പ്രാതിനിധ്യ ജനായത്ത ഭരണഘടനാ വാഴ്ചയെത്തന്നെ അപകടത്തിലാഴ്ത്തും എന്ന് തിരിച്ചറിയേണ്ടതുണ്ട്. ജനാധിപത്യം സഹജാവബോധമായി നിലനിന്നിട്ടില്ലാത്ത സാമൂഹിക വ്യവസ്ഥയെ ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായി വിശേഷിപ്പിക്കാൻ വേദങ്ങളെയും ഗീതയെയും ആശ്രയിക്കുന്നവരുടെ രാഷ്ട്രീയലക്ഷ്യം അത്രമേൽ അഗാധമാണ്. ഇതിനെ എങ്ങനെ ചെറുക്കാൻ ശ്രമിക്കുമെന്നതാണ് ജനാധിപത്യത്തിന് മുന്നിലുള്ള ആഴമേറിയ ചോദ്യം.●

Tags:    
News Summary - UGC and Vedic Democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.