വിദ്വേഷ പ്രസംഗം പോലുള്ള കുറ്റം നടത്തുന്നവർക്കെതിരെ കേസെടുക്കുകയും നേരം കളയാതെ വിചാരണ നടത്തി ശിക്ഷവിധിച്ച് നടപ്പാക്കുകയും ചെയ്യുന്നത് നല്ലകാര്യം എന്നതിൽ ആർക്കും എതിരഭിപ്രായമില്ല. എന്നാൽ, അഅ്സം ഖാനെതിരെ കേസെടുക്കാനും ശിക്ഷ നടപ്പാക്കാനും എടുക്കുന്ന തിടുക്കം പരസ്യമായ വംശഹത്യാ ആഹ്വാനം മുഴക്കിയ ഹിന്ദുത്വ നേതാക്കൾക്കെതിരെയും ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തുന്ന സംഘ്പരിവാർ അണികൾക്കെതിരെയും കേസെടുക്കുന്നതിൽ കാണുന്നില്ല എന്നിടത്താണ് പ്രശ്നം
മാഫിയകളെ മണ്ണോടു ചേർക്കുമെന്നാണ് ഈ വർഷം ഫെബ്രുവരി 23ന് യു.പി വിധാൻസഭയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രഖ്യാപനം. മുമ്പ് ഭരിച്ച സമാജ്വാദി പാർട്ടി ക്രിമിനലുകൾക്ക് സംരക്ഷണ കവചമൊരുക്കുകയായിരുന്നുവെന്നും തന്റെ സർക്കാർ അതിന് അനുവദിക്കില്ലെന്നും ഒരു മുഖ്യമന്ത്രി പറയുമ്പോൾ ജനങ്ങൾ വിശ്വസിച്ചു പോകും, ആശ്വാസം കൊള്ളും, സർക്കാർ ഒടുവിൽ രംഗത്തിറങ്ങുകയാണ് എന്ന് ധരിക്കുകയും ചെയ്യും.
മാഫിയകളെ ഉന്മൂലനം ചെയ്യുന്നു എന്നാണ് പ്രഖ്യാപനമെങ്കിലും സംഭവിച്ചത് മുസ്ലിംകളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തലും പക്ഷപാതപൂർണമായ നീതിനടപ്പാക്കലുമാണ്.
യു.പി സർക്കാർതന്നെ പുറത്തുവിട്ട കണക്കുപ്രകാരം ആദിത്യനാഥ് മുഖ്യമന്ത്രിപദവി ഏറ്റ ശേഷം സംസ്ഥാനത്ത് പൊലീസ് ‘ഏറ്റുമുട്ടലുകളിൽ’ കൊല്ലപ്പെട്ടവരിൽ ഏറെയും ന്യൂനപക്ഷ സമുദായ അംഗങ്ങളാണ്. പൊലീസ് നൽകിയ കണക്കനുസരിച്ച് 2017 മുതൽ നടമാടിയ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 37 ശതമാനം പേർ മുസ്ലിം സമുദായത്തിൽനിന്നുള്ളവരാണ്.
യോഗി ഭരണത്തിന്റെ ആദ്യവർഷം 45 പേരെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു, അതിൽ 16 പേർ മുസ്ലിംകളായിരുന്നു. 2017-2020 കാലത്ത് 124 പേർ കൊല്ലപ്പെട്ടു. 47 മുസ്ലിം, 11 ബ്രാഹ്മണർ, 58 മറ്റു പിന്നാക്ക ദലിത് വിഭാഗ അംഗങ്ങളും. സമുദായം തിരിച്ചുള്ള കൊലക്കണക്ക് പൊലീസുതന്നെ പുറത്തുവിടാൻ ഒരു കാരണമുണ്ട്, മറ്റൊരു കൊലപാതകത്തെച്ചൊല്ലി വിവാദമുയർന്ന സാഹചര്യത്തിലായിരുന്നു അത്.
2020ൽ ഗുണ്ടത്തലവൻ വികാസ് ദുബേ കാൺപുരിൽ ‘ഏറ്റുമുട്ടൽ’ കൊലക്ക് ഇരയായി. യോഗി സർക്കാർ ബ്രാഹ്മണ സമുദായക്കാരെ തെരഞ്ഞെടുപിടിച്ച് കൊലപ്പെടുത്തുകയാണ് എന്ന ആക്ഷേപം ആ സമുദായവൃത്തങ്ങളിൽനിന്ന് സജീവമായി ഉയർന്നുവന്നു.
ആ ആരോപണം അടിസ്ഥാനരഹിതമാണ് എന്ന് ബോധ്യപ്പെടുത്താൻ പൊലീസ് ഏറ്റുമുട്ടൽ കൊലപാതകത്തിലൂടെ ജീവനെടുത്തവരുടെ പേരും സമുദായവും വെളിപ്പെടുത്തിയുള്ള കണക്ക് പുറത്തുവിടുകയായിരുന്നു. അതിനു ശേഷവും തോക്കുകൾ നിശ്ശബ്ദമായില്ല, നിയമബാഹ്യമായ കൊലപ്പെടുത്തൽ തുടർന്നുകൊണ്ടേയിരുന്നു യു.പി പൊലീസ്.
ഏപ്രിൽ 15ന് പ്രയാഗ് രാജിൽവെച്ച് ഗുണ്ടാത്തലവനും പാർലമെന്റംഗവുമായിരുന്ന അതീഖ് അഹ്മദിനെയും സഹോദരൻ അഷ്റഫിനെയും കൊലപ്പെടുത്തിയത് പൊലീസുകാർ ആയിരുന്നില്ല എന്ന് വാദിക്കാം, എന്നാൽ പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ, ചുറ്റിനും പൊലീസുകാർ നിൽക്കെയാണ് കൊലപാതകം അരങ്ങേറിയത്.
അതിന് രണ്ടു ദിവസം മുമ്പ് അതീഖിന്റെ മകൻ അസദിനെ ഝാൻസിയിൽവെച്ച് വധിച്ചതും ഏറ്റുമുട്ടലിൽതന്നെ. ഈ കൊലപാതകങ്ങളുടെ രീതിവെച്ചു നോക്കുമ്പോൾ ആർക്ക് നേരെയും ഏതു നേരവും തോക്കുകൾ തീയുണ്ട തുപ്പിയേക്കാം എന്ന് ബോധ്യമാവും. ഇതു മനസ്സിലാക്കിത്തന്നെയാണ് കൊലപാതക കേസിൽ പത്തുവർഷം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ഗുണ്ടത്തലവൻ മുക്താർ അൻസാരി സുരക്ഷ ഉറപ്പാക്കണമെന്നഭ്യർഥിച്ച് അലഹബാദ് ഹൈകോടതിയെ സമീപിച്ചത്.
മറ്റു കേസുകളുടെ ആവശ്യാർഥം ഇടക്കിടെ ജയിലിൽനിന്ന് കോടതികളിലേക്കും ആശുപത്രിയിലേക്കുമെല്ലാം കൊണ്ടുപോകുന്ന വേളയിൽ അതീഖ് അഹ്മദ് മോഡൽ ആവർത്തിക്കപ്പെട്ടേക്കാം എന്ന ഭീതി അയാൾക്കുണ്ട്. കസ്റ്റഡിയിലും പുറത്തു കൊണ്ടുപോകുന്ന വേളയിലും സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസിന് നിർദേശം നൽകിയിരിക്കുകയാണ് കോടതി.
സമാജ് വാദി പാർട്ടി നേതാവും യു.പിയിലെ മുൻമന്ത്രിയുമായ അഅ്സംഖാൻ പറഞ്ഞതിലും തരിമ്പ് അതിശയോക്തിയില്ല. തനിക്കുനേരെയും വെടിയുണ്ടകൾ വന്നാൽ അത്ഭുതമില്ല എന്നാണ് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അദ്ദേഹം പ്രസംഗിച്ചത്. അഅ്സംഖാനെ യോഗി സർക്കാർ വേട്ടയാടുന്ന രീതിവെച്ചു നോക്കുമ്പോൾ ഈ ഭീതിയുടെ ശക്തിയേറുന്നു.
ബി.ജെ.പിയുടെ തിളങ്ങുന്ന താരമായിരുന്ന നടി ജയപ്രദയെ തോല്പിച്ചാണ് 2019ൽ അഅ്സംഖാൻ രാംപുരിൽനിന്ന് ലോക്സഭയിലെത്തിയത്. അദ്ദേഹത്തിനു നേരെ വിദ്വേഷ പ്രസംഗക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. അതിശയപ്പെടുത്തുന്ന വേഗത്തിൽ കേസിൽ ശിക്ഷാവിധി പ്രഖ്യാപിക്കപ്പെട്ടു.
മൂന്നു വർഷത്തേക്ക് തടവ്. ശിക്ഷിക്കപ്പെട്ടതോടെ ലോക്സഭാംഗത്വത്തിന് അയോഗ്യതയായി. 27 മാസം ജയിലിൽ കിടന്ന ശേഷമാണ് ജാമ്യം ലഭിച്ചത്. ഇപ്പോഴും കേസുകളുടെ പെരുമഴയാണ് അഅ്സംഖാനെതിരെ. ഭൂമി കൈയേറ്റം, വ്യാജരേഖ, ഗതാഗത തടസ്സം സൃഷ്ടിക്കൽ മുതൽ താൻ സ്ഥാപിച്ച സർവകലാശാലയിൽനിന്ന് പുസ്തകം മോഷ്ടിച്ചു എന്നുവരെയുള്ള ക്രിമിനൽ കേസുകളാണ് അദ്ദേഹം നേരിടുന്നത്.
ഗതാഗത തടസ്സം സൃഷ്ടിച്ച കേസിൽ അദ്ദേഹത്തിന്റെ മകൻ അബ്ദുല്ലാ അസമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി രണ്ടു വർഷം തടവിന് ശിക്ഷിച്ചു, അതോടെ അബ്ദുല്ലയുടെ നിയമസഭാംഗത്വവും അസാധുവായി.
വിദ്വേഷ പ്രസംഗം പോലുള്ള കുറ്റം നടത്തുന്നവർക്കെതിരെ കേസെടുക്കുകയും നേരം കളയാതെ വിചാരണ നടത്തി ശിക്ഷവിധിച്ച് നടപ്പാക്കുകയും ചെയ്യുന്നത് നല്ലകാര്യം എന്നതിൽ ആർക്കും എതിരഭിപ്രായമില്ല.
എന്നാൽ, അഅ്സം ഖാനെതിരെ കേസെടുക്കാനും ശിക്ഷ നടപ്പാക്കാനും എടുക്കുന്ന തിടുക്കം പരസ്യമായ വംശഹത്യാ ആഹ്വാനം മുഴക്കിയ ഹിന്ദുത്വ നേതാക്കൾക്കെതിരെയും ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തുന്ന സംഘ്പരിവാർ അണികൾക്കെതിരെയും കേസെടുക്കുന്നതിൽ കാണുന്നില്ല എന്നിടത്താണ് പ്രശ്നം. യു.പിയിൽ മാത്രമല്ല ബി.ജെ.പി ഭരിക്കുന്ന ഏതൊരു സംസ്ഥാനത്തും സ്ഥിതി സമാനമാണ്.
കൊടിയ വർഗീയത പ്രസംഗിക്കുന്ന ഹിന്ദുത്വ നേതാക്കൾക്ക് മാത്രമല്ല ഈ ആനുകൂല്യം. മുൻ ഗുണ്ടനേതാവും ബി.ജെ.പിയുടെ പാർലമെന്റംഗവുമായ ബ്രിജ്ഭൂഷൺ ശരൺസിങ്ങിന്റെ കാര്യം നോക്കു. ഒളിമ്പിക്സ്, കോമൺവെൽത് ഗെയിമുകളിൽ ഇന്ത്യക്കായി മെഡലുകൾ നേടിയ ഏഴ് വനിത ഗുസ്തിതാരങ്ങളാണ് റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മേധാവികൂടിയായ ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പരാതി നൽകിയിരിക്കുന്നത്.
ഈ വർഷം ആദ്യമാണ് താരങ്ങൾ പരാതി പരസ്യമാക്കിയത്. അവർ ഡൽഹിയിലെ ജന്തർ മന്തറിൽ ധർണ നടത്തി. മേരി കോമിന്റെ നേതൃത്വത്തിൽ ഒരു സമിതി അന്വേഷണം നടത്തും എന്ന് പറഞ്ഞാണ് സർക്കാർ അന്ന് അവരെ ഒതുക്കിവിട്ടത്. യു.പിയിലെ കൈസർഗഞ്ചിൽനിന്നുള്ള പാർലമെന്റംഗമായ ബ്രിജ് ഭൂഷനെതിരെ ഒരു നടപടിയുമുണ്ടായില്ല.
അന്വേഷണം കഴിയുന്നതുവരെ റെസ്ലിങ് ഫെഡറേഷനിൽനിന്ന് മാറിനിൽക്കണം എന്നു മാത്രം പറഞ്ഞു (ബ്രിജ് ഭൂഷനെതിരെ ആദ്യ കേസല്ല ഇത്. കൊലപാതക ശ്രമം, കൊള്ള, അനധികൃത പണമിടപാട് തുടങ്ങി പല രീതിയിലുള്ള 84 ക്രിമിനൽ കേസുകളാണ് അയാൾക്കെതിരെയുള്ളത്. ബാബരി മസ്ജിദ് തകർത്ത കേസിലും കുറ്റാരോപിതനാണ്).
മാസം മൂന്നു കഴിഞ്ഞിട്ടും അന്വേഷണമോ റിപ്പോർട്ടോ കാണാതെ വന്നപ്പോഴാണ് കായികതാരങ്ങൾ വീണ്ടും ധർണയുമായി ജന്തർ മന്തറിലെത്തിയത്. ഇക്കുറി അവർ സുപ്രീംകോടതിയേയും സമീപിച്ചു. സുപ്രീംകോടതി നിർദേശപ്രകാരം അയാൾക്കെതിരെ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു.
അതിലൊന്ന് പോക്സോ നിയമപ്രകാരമാണ്. എങ്കിലെന്ത് റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അധ്യക്ഷനായും പാർലമെന്റംഗമായും ഞെളിഞ്ഞമർന്നിരിക്കുന്നു കക്ഷി. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, മാഫിയകളെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച യു.പി മുഖ്യമന്ത്രി തുടങ്ങി ബി.ജെ.പിയുടെ വൻതോക്കുകളാരും ഒരക്ഷരം ഉരിയാടുന്നുപോലുമില്ല ഈ വിഷയത്തിൽ.
പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആവശ്യപ്പെട്ടാൽ ആ നിമിഷം താൻ രാജിവെക്കും എന്നാണ് ബ്രിജ്ഭൂഷൺ പറയുന്നത്. അവർ ആവശ്യപ്പെടില്ല എന്ന് അത്രയും ഉറപ്പാണെന്ന് തോന്നുന്നു.
യു.പിയിൽ മാഫിയകളെ കൈകാര്യം ചെയ്യുന്നതിൽ കുറ്റാരോപിതരുടെ സമുദായം വലിയ ഘടകമാണ് എന്ന ആരോപണത്തിന് അടിവരയിടുന്നുണ്ട് യോഗിയുടെ മൗനം. തന്നെപ്പോലെ ക്ഷത്രിയ വിഭാഗക്കാരനായ ബ്രിജ്ഭൂഷന്റെ അപരാധങ്ങൾക്കുനേരെ ആദിത്യനാഥ് കണ്ണടക്കുന്നു.
ഠാകുർ, ക്ഷത്രിയ വിഭാഗങ്ങളിൽനിന്നുള്ള മാഫിയ സംഘങ്ങളോട് യോഗിക്ക് മൃദുസമീപനമാണ് എന്ന് രാഷ്ട്രീയ എതിരാളികൾ പലപ്പോഴും ആക്ഷേപം പറയാറുണ്ട്. ചില ഉദാഹരണങ്ങൾ കേൾക്കുമ്പോൾ ഇത് വെറും ആക്ഷേപം മാത്രമല്ല എന്ന് വ്യക്തമാവും. വാരാണസിയിലെ ഗുണ്ടത്തലവൻ ബ്രജേഷ് സിങ്ങിനെതിരെ 106 ഗുരുതര ക്രിമിനിൽ കേസുകളാണുള്ളത്.
ജൗൻപുരിലെ ധനഞ്ജയ് സിങ്ങിനെതിരെ 46 ക്രിമിനൽ കേസുകൾ, പ്രതാപ് ഗഢിലെ രാജാ ഭയ്യക്കെതിരെ 31 ക്രിമിനൽ കേസുകൾ. ഹെൽമറ്റില്ലാതെ വണ്ടിയോടിച്ചതോ മൂന്നു പേരെവെച്ച് സൈക്കിളോടിച്ചതോ അല്ല, കൊലപാതകവും കൊലപാതക ശ്രമവുമാണ് ഇവർക്കെതിരായ കുറ്റങ്ങളിൽ പലതും.
പക്ഷേ, യോഗിയുടെ മാഫിയ നിർമാർജന പദ്ധതിയിൽ അവർ ഉൾപ്പെടുന്നില്ല. അതേസമയം, അറബി-ഉർദു പേരുള്ള കുറ്റവാളികളാണെങ്കിൽ പൊലീസ് സ്റ്റേഷൻ തുറക്കും മുമ്പേ കേസും കോടതി കൂടും മുമ്പേ വിധിയും ശിക്ഷയും ഉറപ്പാക്കിയേനെ. വല്ലാത്ത നീതിനിർവഹണം തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.