പ്ര ളയക്കെടുതിയിൽ മുങ്ങിപ്പോയ കാലത്ത് കേരളത്തിന് യു.എ.ഇ 700 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തു എന്നൊരു കഥയുണ്ട്. ശരിക്കും കിട്ടുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചുനിന്നതിനിടയിൽ, അതു വേണ്ടെന്നു പറയാൻ കേന്ദ്രസർക്കാർ തിടുക്കം കൂട്ടി. ദുരഭിമാനമാണ് കാരണം. പണ്ടത്തെപ്പോലെയല്ല, മറ്റു രാജ്യങ്ങളുടെ സാമ്പത്തിക സഹായം സ്വീകരിക്കുന്നത് ഇന്ത്യക്ക് കുറച്ചിലാണ്. ഇന്നല്ലെങ്കിൽ എന്നെങ്കിലുമൊരിക്കൽ യു.എൻ രക്ഷാസമിതി അംഗമാകാൻ പോകുന്ന, സാമ്പത്തികവളർച്ചയിൽ കുതിപ്പുണ്ടെന്ന് അവകാശപ്പെടുന്ന വൻശക്തിയാണ് ഇന്ത്യ. കഴിയുമെങ്കിൽ ചെറുരാജ്യങ്ങളെ അങ്ങോട്ടു സഹായിക്കുന്നതാണ് രീതി. അല്ലാതെ ഇേങ്ങാട്ടു വാങ്ങുന്നതല്ല. എന്തിനേറെ, 700 കോടിയുടെ വാഗ്ദാനം ഒടുവിൽ കെട്ടുകഥ മാത്രമായി. എന്നിട്ട് പ്രളയക്കെടുതിയിൽനിന്ന് കരകയറാൻ കേന്ദ്രം കേരളത്തെ കൈയയച്ചു സഹായിച്ചോ എന്ന് കഥയിലൊരു ചോദ്യം പാടില്ല.
അഭിമാനം കൈവിട്ട് കളിയില്ല. പരമാധികാര ജനാധിപത്യ രാജ്യമെന്ന നിലയിൽ ലോകസമൂഹത്തിനു മുന്നിൽ തലയുയർത്തിനിൽക്കുക എന്നതാണ് ഇന്ത്യയുടെ നയതന്ത്ര നിലപാട്. ചെറുതും വലുതുമായ ഒരു രാജ്യത്തിനും മറിച്ചൊരു നയതന്ത്രം ഉണ്ടാവില്ല. അതതു ജനതകളുടെ അഭിമാനം ഉയർത്തിപ്പിടിക്കുകയാണ് ഭരണാധികാരികളുടെ ദൗത്യം. അതേതായാലും, ഇന്ത്യക്കാർക്ക് ഇന്ന് തല താഴ്ത്തേണ്ടിവരുന്നുണ്ടോ? നമ്മുടെ പരമാധികാരവും സ്വാതന്ത്ര്യവും അഭിമാനവും കേന്ദ്രസർക്കാർ പണയപ്പെടുത്തുകയും ചിരകാല സുഹൃത്തുക്കൾ നമ്മെ കൈവിടുകയുമാണോ? ഈ ചോദ്യം അടിക്കടി ഉയർത്തുന്ന സംഭവങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. മാസങ്ങൾ നീണ്ട അതിർത്തി സംഘർഷത്തിനൊടുവിൽ തീരുമാനിച്ച സേനാ പിന്മാറ്റത്തിൽ നേട്ടം ചൈനക്കാണെന്ന് സാഹചര്യ തെളിവുകൾ നിരത്തി പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ, ഇന്ത്യയുടെ സമുദ്രാതിർത്തി അനുമതി തേടാതെ തന്നെ അമേരിക്ക ലംഘിച്ചിരിക്കുന്നു.
കർഷകസമരം കൊടുമ്പിരിക്കൊണ്ടപ്പോൾ, അത് ജനാധിപത്യവിരുദ്ധമായി അടിച്ചമർത്തുന്നതിനെതിരെ പല രാജ്യങ്ങളും രംഗത്തുവന്നു. ആദ്യം പ്രതിഷേധിച്ച വിദേശ ഭരണകർത്താവ് കാനഡ പ്രധാനമന്ത്രിയാണ്. ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നതിലെ കടുത്ത അമർഷം ഡൽഹിയിലുള്ള കാനഡയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ശാസനാപൂർവം ഇന്ത്യ അറിയിച്ചു. പിന്നീട് ബ്രിട്ടനും അമേരിക്കയും അടക്കം എതിർപ്പു പ്രകടിപ്പിച്ചു. അപ്പോഴെന്തായി? പ്രതികരണവും പ്രതിഷേധവും ബഹുമാനപുരസ്സരമായി. ഇന്ത്യയിലെ ജനാധിപത്യ, മനുഷ്യാവകാശ സാഹചര്യങ്ങൾ പല ആഗോളസംഘടനകളും ജനപ്രതിനിധികളും ഇന്ന് ഉയർത്തിക്കാട്ടുന്നുണ്ട്. ജമ്മു-കശ്മീർ അന്താരാഷ്ട്ര വേദികളിൽ ഉയർത്തിക്കാട്ടുന്ന പാകിസ്താനോട് ഇന്ത്യ അതതു സന്ദർഭങ്ങളിൽ മല്ലടിക്കാറുണ്ട്. സന്നദ്ധ സംഘടനയായ 'ഗ്രീൻപീസി'ന് സർക്കാർ വേട്ടക്കൊടുവിൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്നു. പറഞ്ഞുവരുന്നത്, കേന്ദ്രസർക്കാറിെൻറ പ്രതിഷേധ നടപടികൾ ആളും തരവും സഖ്യവും നോക്കിയാണ് എന്ന കാര്യമാണ്. പരമാധികാരത്തിെൻറയും അന്തസ്സിെൻറയും സംരക്ഷണം ആപേക്ഷികമത്രേ.
നമ്മുടെ തനതു സാമ്പത്തികമേഖലയിൽപെട്ട സമുദ്രാതിർത്തി മറികടന്ന് അമേരിക്കൻ പടക്കപ്പൽ നിരീക്ഷണം നടത്തിയത് കേന്ദ്രസർക്കാർ അംഗീകരിക്കുന്നില്ലെന്നാണ് സങ്കൽപം. നിരീക്ഷണം നടത്തിയതിനപ്പുറം, അക്കാര്യം അമേരിക്ക പരസ്യപ്പെടുത്തിയതാണ് സർക്കാറിെന വെട്ടിലാക്കിയത്. സമുദ്രത്തിൽ ഇന്ത്യയുടെ അമിതമായ അവകാശവാദങ്ങൾ വെല്ലുവിളിച്ച് അവകാശം ഉറപ്പിച്ചുവെന്നു പറയാനും അവർ മടിച്ചില്ല. തെക്കൻ ചൈന കടലിൽ അവകാശം സ്ഥാപിച്ചുകിട്ടാൻ ചൈനക്കെതിരെ അമേരിക്ക നടത്തുന്ന എല്ലാ നീക്കങ്ങളുടെയും വിശ്വസ്ത പങ്കാളിയായി നിന്നുകൊടുക്കുന്ന രാജ്യമാണിന്ന് ഇന്ത്യ. അതിനിടയിൽ അമേരിക്ക നടത്തിയ സമുദ്രാതിർത്തി ലംഘനം യഥാർഥത്തിൽ ഇന്ത്യയെ പിന്നിൽനിന്നു കുത്തുന്നതിനു തുല്യം. ലക്ഷദ്വീപിനു 130 നോട്ടിക്കൽ മൈൽ അരികെവരെ പടക്കപ്പൽ വന്നത് അറിഞ്ഞ കാര്യം സർക്കാർ സമ്മതിക്കുന്നുണ്ട്. ഇന്ത്യയുടെ സമുദ്രസുരക്ഷാ നയത്തിന് വിരുദ്ധമാണ് അതിർത്തി ലംഘനം. പക്ഷേ, അമേരിക്കയുടെ ഏഴാം കപ്പൽപട അക്കാര്യം ലോകത്തെ അറിയിച്ച ശേഷം മാത്രമാണ് നയതന്ത്ര തലത്തിൽ അമേരിക്കയെ 'ഉത്കണ്ഠ' അറിയിച്ചത്. അതിൽ കൂടുതലൊന്നും സംഭവിക്കാൻ പോകുന്നുമില്ല.
കാരണം, ട്രംപ് പോയി ബൈഡൻ വന്നാലും, അമേരിക്ക പങ്കാളിത്തത്തിെൻറ കത്രികപ്പൂട്ടിലാക്കിയ രാജ്യമാണ് ഇന്ന്. അമേരിക്ക ആരുടെ തോളിൽ കൈയിടുന്നതും അവരുടെ അജണ്ടകൾക്കുവേണ്ടി മാത്രമാണെന്ന് ഒരിക്കൽക്കൂടി തിരിച്ചറിയാമെന്നു മാത്രം. ചൈനയെ നേരിടാൻ, അഫ്ഗാനിസ്താനിലെ നീക്കങ്ങൾക്ക്, ഇറാനെ ഉപരോധിക്കാൻ, റഷ്യക്കെതിരായ നിലപാടുകൾക്കെല്ലാം ഇന്ത്യയെ അമേരിക്ക കൂട്ടുപ്രതിയാക്കുന്നു. യു.എൻ രക്ഷാസമിതി അംഗത്വം, പുതിയ പടക്കോപ്പുകൾ, ആണവോർജ സാമഗ്രികൾ തുടങ്ങിയ മോഹവലയങ്ങളിൽ അകപ്പെട്ട്, പങ്കാളിത്ത ബന്ധമെന്ന തത്തുല്യ പദവിയുണ്ടെന്ന് വ്യാമോഹിച്ചുകഴിയുന്ന സാമന്ത രാജ്യമായി ഇന്ത്യ മാറിപ്പോയിരിക്കുന്നു. അതിനിടയിൽ പരമ്പരാഗത ബന്ധുക്കളെ നാം വെറുപ്പിച്ചുകൊണ്ടേയിരിക്കുന്നു. നയതന്ത്രത്തിെൻറയും ചേരിമാറ്റത്തിെൻറയും ഇന്നത്തെ കോലം അതാണ്.
അമേരിക്കൻ ചായ്വ് മൂലമുള്ള ഇന്ത്യയുടെ പല സമീപനങ്ങളോടും ഇന്ന് റഷ്യക്ക് യോജിപ്പില്ല. ചൈനയെ നേരിടാൻ അമേരിക്കയുടെ മുൻകൈയിൽ ഉണ്ടാക്കിയ 'ക്വാഡ്' സഖ്യത്തെ 'ഏഷ്യൻ നാറ്റോ' എന്നാണ് റഷ്യ വിശേഷിപ്പിക്കുന്നത്. ഏഷ്യൻ മേഖലയിലെ സൈനികസഖ്യം ദൂരവ്യാപകമായി ദോഷഫലങ്ങൾ ഉണ്ടാക്കുമെന്നാണ് അവർ മുന്നറിയിപ്പു നൽകുന്നത്. അതൊന്നും കേന്ദ്രസർക്കാർ കാര്യമാക്കുന്നില്ല. അമേരിക്കയെ തൃപ്തിപ്പെടുത്താൻ റഷ്യയോട് അകലം പാലിക്കുന്നതിെൻറ പുതിയ ഉദാഹരണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായി. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഏതാനും ദിവസം മുമ്പാണ് ഡൽഹിയിൽ വന്നു മടങ്ങിയത്. കോവിഡ് മൂലം മുടങ്ങിയ മോദി-പുടിൻ ഉച്ചകോടി നടത്തുന്നതിെൻറ മുന്നൊരുക്കത്തിനായിരുന്നു വരവ്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ചർച്ച നടത്തിയതല്ലാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചില്ല. െതാട്ടടുത്ത ദിവസങ്ങളിൽ തന്നെ യു.എസ് പ്രത്യേക പ്രതിനിധി ജോൺ കെറി വന്നപ്പോൾ കൂടിക്കാഴ്ചക്ക് മോദി സമയം അനുവദിച്ചുകൊടുക്കുകയും ചെയ്തു.
ഡൽഹിയിൽ നിന്ന് ഇസ്ലാമാബാദിലേക്കുപോയ സെർജി ലാവ്റോവിനെ അവിടെ പ്രധാനമന്ത്രി ഇമ്രാൻ ഖാനും കരസേന മേധാവി ജനറൽ ബജ്വയും ചേർന്നാണ് എതിരേറ്റത്. ഒമ്പതു വർഷങ്ങൾക്കിടയിൽ ലാവ്റോവ് നടത്തിയ പാക് സന്ദർശനം പരസ്പര ബന്ധം ശക്തിപ്പെടുന്നതിന് തെളിവായി. പാകിസ്താെൻറ ഭീകര പ്രതിരോധ ശ്രമങ്ങൾക്ക് ആയുധ സഹായമടക്കം നൽകാമെന്നാണ് റഷ്യ പറഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം, നിർണായക ഘട്ടങ്ങളിൽ ഇന്ത്യക്ക് പടക്കോപ്പും മറ്റു സഹായങ്ങളും നൽകിയ നാട്ടിൽനിന്ന് വിമാനവേധ മിസൈൽ വാങ്ങുന്നതിനുള്ള കരാറിെൻറ തുടർ ചർച്ചകൾ, അമേരിക്കയുടെ കണ്ണുരുട്ടൽ മൂലം നടന്നില്ല. അമേരിക്കയുടെ സമ്മതം കൂടാതെ ഇന്ത്യക്ക് എണ്ണയും പടക്കോപ്പും വാങ്ങാനാവാത്ത ദുഃസ്ഥിതിയിൽ രാജ്യത്തിെൻറ പരമാധികാര പ്രശ്നങ്ങളൊന്നും അടങ്ങിയിട്ടില്ല തന്നെ. യഥാർഥത്തിൽ, നമ്മുടെ പരമാധികാരവും അന്തസ്സുമൊക്കെ ആശ്രിതെൻറയും മേൽക്കോയ്്മക്കാരെൻറയും അജണ്ടകൾക്കുള്ളിൽ ഞെരിഞ്ഞമരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.