വിചാരണത്തടവുകാർക്കുവേണ്ടി ഇനിയുമുയരണം ശബ്ദം

ഒരു ജനാധിപത്യ രാജ്യത്ത് വിചാരണത്തടവുകാരെ വർഷങ്ങളോളം ജയിലിലടക്കുന്നതിന് ഒരു നീതീകരണവുമില്ലെന്ന് രാജ്യത്തെ പരമോന്നത കോടതി തന്നെ മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എന്നാൽ വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ. സാമ്പത്തിക ശേഷിയില്ലാത്തവരും, ജാമ്യം നിൽക്കാൻ ആളില്ലാത്തവരുമായ പതിനായിരക്കണക്കിന് വിചാരണത്തടവുകാരാണ് സി.ആർ.പി.സി യിലെ സാങ്കേതികത്വങ്ങൾ മൂലം ഇപ്പോഴും ഇരുമ്പഴിക്കുള്ളിൽ. പതിറ്റാണ്ടിലേറെയായി വിചാരണ കാത്ത് കഴിയുന്നവരും ഏറെ. ഈ നഗ്നമായ അനീതി ചൂണ്ടിക്കാണിച്ചുകൊണ്ട് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഐതിഹാസികമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു.

സി.ബി.ഐയും സത്യേന്ദ്രകുമാർ അന്തിലും തമ്മിലെ കേസിന്റെ വിധിയിൽ ജാമ്യ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക ജാമ്യനിയമം കൊണ്ടുവരണമെന്നാണ് ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എം.എം. സുന്ദരേഷ് എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് കേന്ദ്രസർക്കാറിന് നിർദേശം നൽകിയത്. അറസ്റ്റിൽ പാലിക്കേണ്ട നടപടിക്രമങ്ങളും, ജാമ്യ ഹരജികളിൽ തീർപ്പാക്കാനുള്ള സമയപരിധി സംബന്ധിച്ച നിർദേശങ്ങളും ഇതോടൊപ്പം കോടതി പുറപ്പെടുവിച്ചു. രാജ്യത്തെ ജാമ്യത്തടവുകാരുടെ കാര്യത്തിൽ അന്വേഷണ ഏജൻസികൾ പ്രതികൾക്ക് ജാമ്യം നൽകാതിരിക്കാൻ നടത്തുന്ന നിയമപരമായ ഒളിച്ചുകളിക്കെതിരെയുള്ള ശക്തമായ ഇടപെടലായി ഈ നീക്കത്തെ വായിക്കാം.

അന്വേഷണ ഏജൻസികളും അതിലെ ഉദ്യോഗസ്ഥരും സി.ആർ.പി.സി യിലെ 41, 41 എ വകുപ്പുകൾ പ്രകാരം അർനേഷ് കുമാർ കേസിന്റെ വിധിയിൽ പ്രസ്താവിച്ച നിർദേശങ്ങൾ പൂർണമായും പാലിക്കണം. അതിൽ വീഴ്ചവരുത്തിയാൽ പ്രതിക്ക് ജാമ്യത്തിന് അവകാശമുണ്ട്. സംസ്ഥാന സർക്കാറുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇത്തരമൊരു ഉത്തരവ് ബാധകമാണെന്നും, ഇതു പാലിക്കണമെന്നും നിർദേശം നിലനിൽക്കുന്നുണ്ട്. ഡൽഹി ഹൈകോടതി 2018-ൽ പുറപ്പെടുവിച്ച ഉത്തരവും പരാമർശിക്കപ്പെട്ടു.

ജാമ്യാപേക്ഷ രണ്ടാഴ്ച്ചക്കുള്ളിൽ തീർപ്പാക്കണമെന്ന സുപ്രീംകോടതി നിർദേശം നേരത്തേ തന്നെയുണ്ട്. മുൻകൂർ ജാമ്യ ഹരജികളിൽ സമയപരിധി ആറാഴ്ചയാണ്. കർശന ജാമ്യവ്യവസ്ഥകൾ ബാധകമാക്കാത്ത തടവുകാരെ കണ്ടെത്താൻ ഹൈകോടതികൾ നടപടി സ്വീകരിക്കണം. തുടർന്ന് അവരുടെ മോചനത്തിനായി സി.ആർ.പി.സി 440 പ്രകാരം നടപടികളെടുക്കണം. ജാമ്യക്കാരുടെ കാര്യത്തിൽ 440 വകുപ്പ് അടിസ്ഥാനമാക്കിത്തന്നെ 436എ വകുപ്പു കൂടി ജില്ല കോടതികളും ഹൈകോടതികളും പരിഗണിക്കണമെന്ന് നിർദേശവും സുപ്രീംകോടതി പുറപ്പെടുവിച്ചു. ജാമ്യവ്യവസ്ഥ സംബന്ധിച്ച പുതിയ നിർദേശങ്ങൾ സംസ്ഥാന-കേന്ദ്രഭരണ പ്രദേശ സർക്കാറുകളും ഹൈകോടതികളും തൽസ്ഥിതി റിപ്പോർട്ട് വ്യക്തമാക്കുന്ന സത്യവാങ്മൂലം നാലു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

അറസ്റ്റ് സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കടുത്ത നടപടിയാണ്. കഴിയുന്നതും അറസ്റ്റ് ഒഴിവാക്കണമെന്നും, അറസ്റ്റ് ചെയ്യാനുള്ള അധികാരം പൊലീസ് മിതമായി മാത്രമെ ഉപയോഗിക്കാവൂ എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജനാധിപത്യവും പൊലീസ്രാജും സങ്കൽപപരമായി തന്നെ പരസ്പരവിരുദ്ധമാണ്. അതിനാൽ ജനാധിപത്യത്തിൽ ഇതൊരു പൊലീസ് ഭരണകൂടമാണെന്ന ധാരണ ഒരിക്കലും ഉണ്ടാകരുതെന്ന് കോടതി വ്യക്തമാക്കുന്നു.

രാജ്യത്തെ ജയിലുകളിൽ കഴിയുന്നവരിൽ മൂന്നിൽ രണ്ട് ഭാഗവും വിചാരണത്തടവുകാരാണെന്നത് രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ പോരായ്മ തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ഏഴുവർഷമോ, അതിൽ താഴെയോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തപ്പെട്ട ഈ വിഭാഗത്തിലുള്ള തടവുകാരിൽ ഭൂരിപക്ഷം പേരെയും അറസ്റ്റ് ചെയ്യേണ്ട കാര്യം പോലുമില്ല. നിർഭാഗ്യവശാൽ ദരിദ്രരും നിരക്ഷരരും സ്ത്രീകളുമായ ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയാണ് നമ്മുടെ രാജ്യത്ത് ചെയ്തുവരുന്നത്.

ഒരേ കുറ്റം ചുമത്തപ്പെട്ട വ്യക്തികളെ ഒരിക്കലും വ്യത്യസ്തമായി പരിഗണിക്കരുത് (ഈ പ്രഖ്യാപനം സുപ്രീംകോടതിയുടെ ചുമരുകൾക്കുള്ളിൽ എന്നും പ്രതിധ്വനിച്ചുകൊണ്ടേയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു). നീളുന്ന വിചാരണ, അപ്പീലോ, കസ്റ്റഡിയിലെ തടവിലോ കഴിയുന്ന ഒരു പ്രതിക്ക് ഭരണഘടനയിലെ ആർട്ടിക്കിൾ 21 ന്റെ ലംഘനമാകുമെന്ന് ബെഞ്ച് നിരീക്ഷിച്ചു. ജീവിക്കാനുള്ള പൗരന്റെ മൗലികാവകാശത്തെയാണ് ഭരണകൂടം ഇവിടെ ചോദ്യം ചെയ്യുന്നത്. ന്യായവും വേഗത്തിലുള്ളതുമായ വിചാരണക്കുള്ള അവകാശം ആർട്ടിക്കിൾ 21 ന്റെ മറ്റൊരു മുഖമാണെന്ന് സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.

വിചാരണത്തടവുകാർക്ക് ജാമ്യം അനുവദിക്കുന്നതിന് ഫലപ്രദമായ പുതിയ നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തടവിലുള്ളവരിൽ 70 ശതമാനം പേരും വിചാരണത്തടവുകാരാണെന്ന് പറയുമ്പോൾ ഇതിന്റെ ഗൗരവം ആർക്കും മനസ്സിലാക്കാൻ കഴിയുന്നതാണ്. നമ്മുടെ രാജ്യത്ത് ഏതാണ്ട് നാല് ലക്ഷത്തോളം വിചാരണത്തടവുകാർ ഉണ്ടെന്നാണ് ഒരു കണക്ക്.

ഇവരിൽ ഭൂരിപക്ഷവും ദലിത്-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് എന്നത് മറ്റൊരു വസ്തുത. ഇവരെ സംരക്ഷിക്കാൻ ആരാണുള്ളത്? സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം അഭിഭാഷകനെ നിയോഗിക്കാനോ ജാമ്യക്കാരനെ ഹാജരാക്കാനോ, ജാമ്യ നടപടികൾ സ്വീകരിക്കാനോ കഴിയാത്തവരാണ് ഇവരിൽ അധികപേരുമെന്ന സത്യം നമുക്ക് നിരാകരിക്കാൻ കഴിയുന്നതല്ല.

പുരോഗമനപരമായ ജാമ്യവ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഒരു നിയമമാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. ഒരു പ്രതിയുടെ ജാമ്യാപേക്ഷ രണ്ടാഴ്ചകൾക്കകം തീരുമാനമാക്കണമെന്ന സുപ്രീംകോടതി നിർദേശം ഗൗരവമായി കാണാനും അത് നടപ്പാക്കാനും രാജ്യത്തെ കോടതികളും ഭരണാധികാരികളും തയാറായേ മതിയാകൂ. ജാമ്യം നിർദാക്ഷിണ്യം നിഷേധിക്കുന്ന ജനവിരുദ്ധ കോടതി നടപടികളും പൊലീസ് നിലപാടുകളും മാറിയില്ലെങ്കിൽ രാജ്യത്തെ ഒരു പൊലീസ് സ്റ്റേറ്റ് എന്നു തന്നെ നമുക്ക് വിളിക്കേണ്ടിയും വരും.

പ്രതികൾക്ക് എളുപ്പം ജാമ്യം ലഭിക്കുന്ന യു.കെ യിലേയും മറ്റും നിലവിലുള്ള ജാമ്യ നിയമ വ്യവസ്ഥകൾ നമ്മുടെ രാജ്യത്തും കൊണ്ടുവന്നേ മതിയാകൂ.ഇന്ത്യ മഹാരാജ്യത്തെ സംബന്ധിച്ചിടത്തോളം സാമൂഹികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും എല്ലാം പിന്നണിയിലുള്ളവരാണ് ഏതാണ്ട് ഭൂരിപക്ഷം ജനതയും. ഈ വിഭാഗത്തിന്റെ അവകാശങ്ങൾ പലതും ഭരണകൂടം ഹനിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയാണുള്ളത്.

സുപ്രീംകോടതിയുടെ പ്രഖ്യാപനം ആശാകരം തന്നെയെങ്കിലും അവ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ സർക്കാറുകൾ ആത്മാർഥത പുലർത്തുമോ എന്ന കാര്യത്തിൽ ഒരുറപ്പുമില്ല. ഒരു കുറ്റബോധവുമില്ലാത്ത മട്ടിലാണ് ജനങ്ങളുടെ അവകാശം സംബന്ധിച്ച പരമോന്നത നീതിപീഠത്തിന്റെ ഉത്തരവുകൾ ലംഘിക്കുന്നത്. പൗരാവകാശ സമൂഹം ഒട്ടക്കെട്ടായി കാവലാളുകളായി നിന്നാൽ മാത്രമെ നീതി നടപ്പാക്കപ്പെടുമെന്ന് ഉറപ്പുവരുത്താനാവൂ.

Tags:    
News Summary - voice must be raised for the trial prisoners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.