രക്തസാക്ഷി മഴയത്തുനിന്നാലെന്താ, മോടികൂട്ടാന്‍ മോദിപ്പരസ്യമുണ്ടല്ലോ..

ആഗസ്​റ്റ്​ ഒമ്പതിലെ (09.08.2017) ദേശാഭിമാനി പത്രം കോട്ടയം എഡിഷന്‍ ഒന്നാം പേജില്‍ മോദിജി പുഞ്ചിരിച്ച് വിളങ്ങിനില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ പരസ്യം. മറിക്കുമ്പോള്‍ രണ്ടാം പേജില്‍ രണ്ട് വാര്‍ത്തകൾ. ഇന്ന് അജീഷ് വിശ്വനാഥന്‍ ദിനം. വാര്‍ത്ത ഇങ്ങനെ. ‘ആര്‍.എസ്.എസ് -എ.ബി.വി.പി സംഘത്തി​​​​െൻറ ആക്രമണത്തിൽ രക്തസാക്ഷിയായ എസ്.എഫ്.ഐ പ്രവര്‍ത്തകനും കോട്ടയം സി.എം.എസ് കോളജ് രണ്ടാംവര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ഥിയുമായിരുന്ന സ: അജീഷ് വിശ്വനാഥ​​​​െൻറ 25ാമത് വാര്‍ഷിക അനുസ്മരണം ബുധനാഴ്ച നടക്കും. പ്രകടനവും പൊതുസമ്മേളനവുമുണ്ട്’ തൊട്ടടുത്ത് ഒറ്റക്കോളത്തില്‍ അജീഷിന്‍െറ ചിത്രം സഹിതം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ അനുസ്മരണ കുറിപ്പും. സഖാവി​​​െൻറ ഓര്‍മകള്‍ക്ക് മുന്നില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട്.

ദേശാഭിമാനി വാര്‍ത്ത
 


ഇനി അല്‍പം ജീവചരിത്രം
അങ്ങനെ ആ സംഭവത്തിനും കാല്‍നൂറ്റാണ്ട് തികയുന്നു. കോട്ടയം സി.എം.എസ് കോളജിലെ പ്രീ ഡിഗ്രി തേഡ് ഗ്രൂപ് വിദ്യാര്‍ഥികളായിരുന്നു ഇതെഴുതുന്നയാളും അജീഷ് വിശ്വനാഥനും. ഫസ്​റ്റ്​ ഗ്രൂപ്പിനും സെക്കൻറ്​ ഗ്രൂപ്പിനും കൂട്ടയിടി നടന്നിരുന്ന കാലമാണത്​. മാത്​സ്​ പഠിക്കുന്ന ഫസ്​റ്റ്​  ഗ്രൂപ്പുകാരെ എഞ്ചിനീയറാക്കാന്‍ വീട്ടുകാര്‍ നേര്‍ച്ച നേര്‍ന്ന്​  വിട്ടിരിക്കുന്നവരാണ്. ഡോക്ടര്‍മാരാകാന്‍ ജനിച്ചവരാണ് സെക്കൻറ്​ ഗ്രൂപ്പുകാര്‍. ബാക്കി വന്ന ഉഴപ്പന്മാരാണ് തേഡ് ഗ്രൂപ്പ് കുറ്റികള്‍ എന്നാണ് അന്നത്തെ നാട്ടുനടപ്പ്. ചരിത്രം പൊതു വിഷയം. സ്പെഷല്‍ ഇംഗ്ളീഷും എക്കണോമിക്സും ഓപ്ഷണലുകള്‍.  95 പേരാണ് ഒന്നിച്ചിരിക്കുന്നത്. ഈ പതിത വിഭാഗത്തോട് പ്രത്യേക വാത്സല്യമുള്ള ഒട്ടേറെ അധ്യാപകര്‍ സി.എം.എസില്‍ അക്കാലം ഉണ്ടായിരുന്നു. ആദ്യ രണ്ടു ഗ്രൂപ്പിലെയും സവര്‍ണര്‍ ട്യൂഷന്‍ ക്ലാസിൽ ഇരുന്ന് ഗതികെടുമ്പോള്‍ ഞങ്ങള്‍ക്ക് ക്ലാസിലെ പഠിപ്പീര് മതിയായിരുന്നു പാസാകാന്‍. 

ഒരുപാട് ചരിത്രം ഉള്ളതുകൊണ്ടാകണം സി.എം.എസില്‍ പ്രധാന കെട്ടിടത്തില്‍ പ്രിന്‍സിപ്പല്‍ ഓഫിസിന്‍െറ ചുവട്ടിലാണ് രണ്ടാം വര്‍ഷ തേഡ് ഗ്രൂപ്പുകാരുടെ ക്ലാസ്​ മുറി. എഴുത്തുകാരനായി മാറിയ അന്‍വര്‍ അബ്ദുല്ല, പിന്നീട് കെ.വി.എസ് നേതാവായ അനീഷ് മാര്‍ക്കോസ്, അരുണ്‍ വര്‍ഗീസ്, സുനില്‍ എബ്രഹാം തോമസ് അങ്ങനെ ഒത്തിരി പേര്‍. ഭൂരിപക്ഷവും എസ്.എഫ്.ഐ അനുഭാവികൾ. ചാമ്പ്യന്‍സ് ട്യൂട്ടോറിയലില്‍ പഠിക്കയാല്‍ ‘ചാമ്പ്യൻ’  എന്നായിരുന്നു അജീഷിന്‍െറ വിളിപ്പേര്. 

എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അനുസ്മരിച്ച പോലെ ഒന്നാം വര്‍ഷ പ്രിഡിഗ്രിക്കാരെ റാഗ് ചെയ്യുന്നതിനെ ചൊല്ലി വിദ്യാര്‍ഥികള്‍ക്കിടയില്‍ ചില തര്‍ക്കങ്ങളുണ്ടായി. കെ.എസ്.യുവും എസ്.എഫ്.ഐയുമാണ് കാമ്പസിലെ വിദ്യാര്‍ഥി സംഘടനകള്‍. എ.ബി.വി.പി പേരിന് മാത്രം. ‘മാര്‍ത്താണ്ഡന്‍’ എന്ന് വിളിപ്പേരുള്ള പ്രശാന്ത് ആണ് നേതാവ്. വെറും നാലു പേരെ വെച്ചാണ് എ.ബി.വി.പിയുടെ പ്രകടനമൊക്കെ. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തലേ വര്‍ഷം കെ.എസ്.യുവിനായിരുന്നു മൃഗീയ മേല്‍ക്കൈയെങ്കിലും പ്രവര്‍ത്തകര്‍ ഏറെയുള്ളത് എസ്.എഫ്.ക്കാണ്. റാഗിംഗ് പ്രശ്നവുമായി ബന്ധപ്പെട്ട് ഏതാനും ക്രിസ്ത്യന്‍ സമ്പന്ന കുമാരന്മാര്‍ എ.ബി.വി.പിയില്‍ ചേര്‍ന്നതോടെ സംഘര്‍ഷം മൂത്തു. എ.ബി.വി.പിക്കാര്‍ കാമ്പസില്‍ കയറിയാല്‍ എസ്.എഫ്.ഐക്കാര്‍ തല്ലുമെന്നുറപ്പ്. ആർ.എസ്.എസ് പിന്തുണയോടെ അവര്‍ കാമ്പസില്‍ കയറുമെന്നൊരു ശ്രുതി പരന്നു. എസ്.എഫ്.ഐ നാട്ടകം കോളജിലെയടക്കം വിദ്യാര്‍ഥികളെ ഇറക്കി പ്രതിരോധം തീര്‍ത്തു.

സി.എം.എസ് കോളജ്, ഈ കെട്ടിടത്തിന് മുന്നിലാണ് അക്രമം നടന്നത്, ഈ വരാന്തയിലാണ് അജീഷ് നിന്നിരുന്നത്
 


അങ്ങനെ ആ ദിവസം വന്നു. മാര്‍ത്താണ്ഡ​​​​െൻറ നേതൃത്വത്തില്‍ എ.ബി.വി.പിക്കാര്‍ പ്രകടനമായി കാമ്പസിലേക്ക് ഗേറ്റ് കട​ന്നെത്തി. പുറത്ത് ഒരു താടിക്കാര​​​​െൻറ നേതൃത്വത്തില്‍ കുറച്ച് ആര്‍.എസ്.എസുകാരും. ഞാനും അജീഷും സ്​റ്റോറിൽ പോയി തിരിച്ചു വന്ന് ഓഫിസ് കെട്ടിടത്തി​​​​െൻറ വരാന്തയില്‍ ഒന്നിച്ച് കാഴ്ചകണ്ട് നില്‍പാണ്. ഞങ്ങളുടെ ക്ലാസിലെ ഗംഗ എന്ന പെണ്‍കുട്ടിയുടെ ആങ്ങളയും പുറത്ത് പ്രകടനമായി വന്നിട്ടുണ്ടെന്ന് കേട്ട് ആ കുട്ടിയും കുറച്ച് കൂട്ടുകാരികളും വരാന്തയില്‍ വന്നു നില്‍പായി. ഞങ്ങളുടെ കുറച്ച് മുന്നിലത്തെ പടിയില്‍ ‘കരടി’ എന്ന് കുട്ടികള്‍ വിളിച്ചിരുന്ന പ്രിന്‍സിപ്പലും ഏതാനും അധ്യാപകരും നില്‍പ്പുണ്ട്.

പിന്നില്‍ ഒളിപ്പിച്ച വേലിപ്പത്തലുകളുമായി എസ്.എഫ്.ഐ സംഘവും മുന്നോട്ട് നീങ്ങിത്തുടങ്ങി. വിനീത് ജേക്കബ് വര്‍ഗീസ്, അനൂപ് കുര്യന്‍, നീലേഷ് രാഘവന്‍, ജെ. റോഷ്യ ഒക്കെയുണ്ട്. നിയന്ത്രിച്ചുകൊണ്ട് പുറത്തുനിന്ന് പിന്നീട് ദേശാഭിമാനിയില്‍ ജീവനക്കാരനായ ദിലീപും. പ്രകടനം നടുമുറ്റത്തേക്ക് എത്തുകയാണ്. തല്ലു കാണാനായി മഹാഭൂരിപക്ഷം കുട്ടികളും ചുറ്റിനും നിലയുറപ്പിച്ചിട്ടുണ്ട്. അന്ന് 4500 ഓളം കുട്ടികള്‍ പഠിക്കുന്ന കോളജാണ് സി.എം.എസ്. പെട്ടെന്ന്, ഇടതു നേതാവായ അന്തരിച്ച മോഹന്‍ കുര്യന്‍ സാര്‍ ഇടപെട്ടു. ദിലീപ് വെല്ലുവിളിക്കുന്നതിന് ഇടയിലും മോഹന്‍ കുര്യന്‍ സാര്‍ ഇരു പക്ഷത്തുനിന്നും പത്തലുകള്‍ വാങ്ങി കൂട്ടിയിട്ടു. സംഘര്‍ഷം ഒഴിവാകുന്ന സ്ഥിതിയായി. 

പെട്ടെന്ന് മാര്‍ത്താണ്ഡന്‍ ഒരു വിസില്‍ ആഞ്ഞൂതി. പിന്നെക്കണ്ടതുപോലൊന്ന് പിന്നീടൊരിക്കലും ജീവിതത്തില്‍ കണ്ടിട്ടില്ല. ബൈക്ക് സ്​റ്റാൻറിനും പിന്നിലെ കാട്ടില്‍നിന്ന് ഒരാരവം. ഒരു വന്‍സംഘം ഇരമ്പിയാര്‍ത്തു വരികയാണ്. കൈകളില്‍ ആയുധങ്ങള്‍ മിന്നിത്തിളങ്ങി. വിദ്യാര്‍ഥികളും അധ്യാപകരും ചിതറിയോടി. ഞങ്ങള്‍ നിന്നയിടത്തുനിന്ന് ഓടാന്‍ രണ്ട് വഴികള്‍. ഒന്ന് നേരെ പിന്നില്‍ പുറത്തേക്ക്. മറ്റേത് തടി ഗോവണി വഴി മുകളിലേക്ക്. ഞാന്‍ രണ്ടാം വഴിയാണ് ഓടിയത്. ഗോവണിപ്പടിയില്‍ തടഞ്ഞു വീണു. ചിലര്‍ മുകളില്‍കൂടി ചാടിപ്പോയി. എങ്കിലും കൈയിലെ കുറെ തൊലി പോയതല്ലാതെ മറ്റ് പരിക്കൊന്നും പറ്റിയില്ല.ആര്‍.എസ്.എസ് സംഘം കണ്ണില്‍ കണ്ട കുട്ടികളെയെല്ലാം തല്ലിച്ചതച്ച് കോളജിന്‍െറ പിന്‍വശത്തെ വഴിയെ കടന്നുപോയി. ആക്രമണം കൃത്യമായി ആസൂത്രണം ചെയ്തിരുന്നുവെന്ന് വ്യക്തം. പെണ്‍കുട്ടികള്‍ക്കടക്കം ഒട്ടേറെ പേര്‍ക്ക് കമ്പിവടികൊണ്ടും കുറുവടികൊണ്ടും അടി കിട്ടി. വീണും ചവിട്ടുകൊണ്ടും പരിക്കേറ്റവര്‍ അതിലേറെ.

ബഹളം അടങ്ങിയപ്പോള്‍ റോഷ്യയാണ് അജീഷിനെ ചുമലിലേറ്റി കൊണ്ടുവന്നത്. ശ്വസിക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു അവന്‍. ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അജീഷ് നേരെ പിറകില്‍ പുറത്തേക്കാണ് ഓടിയത്. ലേഡീസ് റെസ്റ്റ് റൂമി​​​​െൻറ വശത്തുകൂടെ. കമ്പിവടികൊണ്ട് അതിക്രൂരമായ അടിയാണ് ഏറ്റത്. അന്ന് കിട്ടിയ പരിക്കുകളുമായി എല്ലാവരും വീട്ടില്‍പോയി. രണ്ടുദിവസം കഴിഞ്ഞ് പത്രത്തില്‍ വായിച്ചാണ് അജീഷി​​​​െൻറ മരണം അറിഞ്ഞത്. തിരുനക്കരയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോഴും പിന്നീട് വീട്ടിലും പോയി. വനംവകുപ്പ് ജീവനക്കാരനായ അച്ഛന്‍െറയും അമ്മയുടെയും അനിയന്‍െറയും സങ്കടം സഹിക്കാവുന്നതിനൊക്കെ അപ്പുറത്തായിരുന്നു.


മരിച്ചിട്ടും മഴയത്തു നില്‍ക്കുന്ന അജീഷ്
സ്വാഭാവികമായും കേസ് രജിസ്​റ്റർ ചെയ്യപ്പെട്ടു. മാര്‍ത്താണ്ഡന്‍ എന്ന പ്രശാന്തും ഫിലിപ്പ് എന്ന വിദ്യാര്‍ഥിയും അടക്കം ഒമ്പത് പേര്‍ അറസ്​റ്റിലായി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടായിരുന്നു എന്നാണോര്‍മ. അന്നത്തെ ആര്‍.എസ്.എസ് ജില്ലാ നേതാക്കളും പ്രതികളായിരുന്നു. എ​​​​െൻറ ക്ലാസിലെ ഉണ്ണി അടക്കമുള്ളവരായിരുന്നു സാക്ഷികള്‍. 
 
പ്രി ഡിഗ്രിക്കാലം കഴിഞ്ഞ് ഉണ്ണിയും ഞാനുമടക്കം മിക്കവരും സി.എം.എസില്‍തന്നെ തിരിച്ചത്തെി. അപ്പോഴേക്കും മുമ്പ് എസ്.എഫ്.ഐയിലായിരുന്ന ഉണ്ണിയടക്കം സാക്ഷിപ്പട്ടികയില്‍ ഉണ്ടായിരുന്നവരെല്ലാം എ.ബി.വി.പിക്കാരായി മാറിക്കഴിഞ്ഞിരുന്നു. ഫലം, കേസ് വിചാരണ കഴിഞ്ഞ് വിധിവന്നപ്പോള്‍ പ്രതികളെല്ലാം കുറ്റ വിമുക്തരായി. ഇങ്ങനെയൊരു സംഭവമേ കാമ്പസില്‍ നടന്നിട്ടില്ലെന്ന കരടി പ്രിന്‍സിപ്പലി​​​​െൻറയടക്കം മൊഴികള്‍ പ്രതിഭാഗത്തിന് അനുകൂലമായി. 

പിന്നീട് വൈക്കം നഗരസഭാ ചെയര്‍മാനായ ഹരികുമാര്‍, ഡി.വൈ.എഫ്.ഐ, സി.പി.എം നേതാവുമായ അനില്‍ കുമാര്‍, അന്തരിച്ച കൃഷ്ണന്‍കുട്ടി നായര്‍ തുടങ്ങിയവരായിരുന്നു എസ്.എഫ്.ഐയുടെ അമരത്ത്. സി.പി.എം ജില്ലാ സെക്രട്ടറി വൈക്കം വിശ്വന്‍ ആയിരുന്നെങ്കിലും പാര്‍ട്ടി നടത്തിപ്പ് വി.എന്‍ വാസവന്‍ ആയിക്കഴിഞ്ഞിരുന്നു. എന്തെങ്കിലും അടിവലിവ് ഉണ്ടായോ എന്നത് വ്യക്തമല്ല. എന്തായാലും കേസ് ഗൗരവമായി നടത്തുന്നതില്‍ എസ്.എഫ്.ഐയും സി.പി.എമ്മും അമ്പേ പരാജയപ്പെട്ടു. പക്ഷേ, അത് വ്യക്തിപരമായ ചില ഞെട്ടലുകളിലും നിരാശകളിലും ഒതുങ്ങി. കേസില്‍ പ്രോസിക്യൂഷന്‍ ഹൈകോടതിയില്‍ അപ്പീല്‍ പോയതായി അറിവില്ല. പോയിട്ടുണ്ടെങ്കിലും കേസില്‍ പ്രതികള്‍ ഇന്നുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. അങ്ങനെ മരിച്ചിട്ടും മഴയത്തു നില്‍ക്കാന്‍ വിധിക്കപ്പെട്ട മറ്റൊരും രക്​തസാക്ഷി ജന്മംകൂടി.

രണ്ടു രാഷ്​ട്രീയങ്ങളും പറയാം
ആദ്യം ആര്‍.എസ്.എസ് രാഷ്​ട്രീയം
ഫാഷിസ്​റ്റ്​ ശക്തികള്‍, ഫാഷിസത്തി​​​​െൻറ ദൂഷ്യ വശങ്ങള്‍ എന്നൊക്കെ ലളിതവത്കരിക്കുന്നവരുടെ നടുവില്‍നിന്ന് ആര്‍.എസ്.എസ് എന്നുതന്നെ ഉറച്ചും തെളിച്ചും പറയാന്‍ എന്നെ പ്രാപ്തനാക്കിയത് 25 ആണ്ട്​ തികയുന്ന ആ ആക്രമണവും അജീഷി​​​​െൻറ രക്തസാക്ഷിത്വവുമാണ്. ആര്‍.എസ്.എസ് എന്തു ചെയ്യുമെന്ന് വ്യക്തമായ ബോധമാണത് തന്നത്. ആ സംഘടനയെക്കുറിച്ച്​ ഗൗരവമായി വായിക്കാനും പഠിക്കാനും നിരീക്ഷിക്കാനും തുടങ്ങിയത് അന്നു മുതലാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടന്ന വര്‍ഗീയ കലാപങ്ങളുടെ രേഖകളിലൂടെ ഗുജറാത്ത് വംശഹത്യക്ക് വളരെ മുന്നേ തന്നെ കടന്നു പോയിരുന്നു. അതിനാല്‍, ഗുജറാത്ത് സംഘത്തിന്‍െറ സ്വാഭാവിക വളര്‍ച്ചയുടെ പാത തന്നെയാണെന്ന് ആരും പറഞ്ഞു തരേണ്ടതില്ലായിരുന്നു. മോദിയുടെ വരവ് കാര്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കുന്ന അതേ മികവി​​​​െൻറ ഫലം മാത്രമാണെന്നും.

ഇന്ന് മുഖത്തെ ചായം മായ്ച്ചും ഉടുത്തുകെട്ടുകള്‍ ഉരിഞ്ഞുകളഞ്ഞും സംഘപരിവാരമെന്ന പേരില്‍ ഞെളിഞ്ഞു നില്‍ക്കുന്നത് ആര്‍.എസ്.എസ് ആണെന്ന് അവര്‍തന്നെ ഉറക്കെ പ്രഖ്യാപിച്ചു കഴിഞ്ഞു. എതിര്‍ ശബ്​ദങ്ങളെ ഏതു മാര്‍ഗത്തിലും ഒതുക്കുമെന്ന് നാള്‍ക്കുനാള്‍ തെളിയിക്കുകയുമാണ്. അപ്പോഴും ഇന്ത്യന്‍ ഫാഷിസമെന്നാല്‍ ആര്‍.എസ്.എസ് ആണെന്നും കൊല്ലാന്‍ മടിയില്ലാത്തവരാണ് നിങ്ങളെന്നും  മുഖത്തുനോക്കി പറയാന്‍ അജീഷ് വിശ്വനാഥന്‍ എന്ന ദുര്‍ബല ശരീരനെകുറിച്ച ഓര്‍മകള്‍ മതി എനിക്ക്. അതുപോലെ എന്നും നിങ്ങളുടെ എതിര്‍വശത്ത് നിലയുറപ്പിക്കാനും.

 

അജീഷ് വിശ്വനാഥന്‍ ട്വിറ്റര്‍ കാമ്പയിന്‍ ചിത്രം
 

ഇനി ഇടത് രാഷ്ട്രീയം
ആര്‍.എസ്.എസ് വിരുദ്ധ പക്ഷം ഇടതുപക്ഷമാണെന്ന സ്വാഭാവിക നിഗമനമാണ് ആ സംഭവത്തിനുശേഷം എനിക്കുണ്ടായത്. അതിന് ഇന്നും മാറ്റവുമില്ല. അനവധി കുലംകുത്തി മറിച്ചിലുകള്‍ കണ്‍മുന്നില്‍ കാണുമ്പോഴും ഇടത്ത് ചേര്‍ന്ന് നടക്കാന്‍ നിര്‍ബന്ധിതനാണ് എന്ന തോന്നല്‍ ഇന്ന് കേരളം പിടിക്കാന്‍ സംഘപരിവാരം കാട്ടുന്ന പരവേശം ഉറപ്പിക്കുകയുമാണ്. ദേശീയതലത്തില്‍ ആശയപരമായി സംഘപരിവാരത്തെ നേരിടാനുള്ള സൈദ്ധാന്തിക കരുത്ത് ഇടതുപക്ഷത്തിന് സ്വായത്തമാണുതാനും. പക്ഷേ, രാഷ്​ട്രീയം പറഞ്ഞും പഠിപ്പിച്ചുമുള്ള എതിരിടല്‍ സി.പി.എമ്മിന് അന്യമാകുകയാണെന്ന സങ്കടാവസ്ഥയാണ് കണ്‍മുന്നില്‍ കാണുന്നത്.

അജീഷി​​​​െൻറ രക്തസാക്ഷിത്വം എസ്.എഫ്.ഐ സി.എം.എസ് കാമ്പസില്‍ അക്കാലത്തും രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ല. തൊട്ടുടന്‍ നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലടക്കം അജീഷിന്‍െറ പടംവെച്ച് വോട്ടു പിടിച്ചിട്ടുമില്ല. രണ്ടു വര്‍ഷങ്ങള്‍ക്കകം എ.ബി.വി.പിയുടെ ഹരികുമാര്‍ അവിടെ മാഗസിന്‍ എഡിറ്ററായും ജനറല്‍ സെക്രട്ടറിയായും തുടര്‍ച്ചയായി ജയിക്കുകയും ചെയ്തു. ആ രക്തസാക്ഷിത്വത്തെ രാഷ്​ട്രീയമായി ഉപയോഗിക്കുന്നതില്‍ അന്ന് സി.എം.എസില്‍ എസ്. എഫ്​.​െഎ പ്രവര്‍ത്തകനായിരുന്ന ഞാനടക്കം പരാജയപ്പെട്ടുവെന്ന് ചുരുക്കം. 

കേസില്‍ പ്രതികളെ വെറുതെ വിട്ടത് ഇടത് സംഘടനാ രൂപങ്ങളില്‍നിന്ന് ഞങ്ങൾ ഒഴിവാകുന്നതി​​​​െൻറ തുടക്കമായിരുന്നു. ജീവന്‍ ബലി നല്‍കിയവരുടെ ഒപ്പം പാര്‍ട്ടി ഇല്ലെന്ന തോന്നല്‍. ഒരു പക്ഷേ, മനപ്പൂര്‍വം ആയിരിക്കില്ല. ആര്‍.എസ്.എസ് കൃത്യമായി സാക്ഷികളെ സ്വാധീനിച്ച്, ഒരു പക്ഷേ, ഭീഷണിപ്പെടുത്തിത്തന്നെ, അവരുടെ ആളുകളെ രക്ഷിച്ചെടുത്തു. സി.പി.എമ്മും എസ്.എഫ്.ഐയും സ്വന്തം രക്തസാക്ഷിക്ക് നീതി ലഭിക്കാന്‍ എന്തുചെയ്തു എന്ന് ഈ 25ാം വര്‍ഷത്തിലെങ്കിലും പറയേണ്ടതുണ്ട്.


RSSTerrorInKerala എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ അജീഷ് വിശ്വനാഥ​​​​െൻറ പടവും പാര്‍ട്ടി ഉപയോഗിക്കുന്നുണ്ട്. അത്രക്ക് പ്രാധാന്യം എസ്.എഫ്.ഐ അംഗത്വ രസീത് സ്വന്തം പുസ്തകത്തില്‍ സൂക്ഷിച്ചുവെച്ചിരുന്ന ആ പാവത്തിന് നല്‍കുന്നുണ്ടെങ്കില്‍ അജീഷി​​​​െൻറ കൊലയാളികളായ ആര്‍.എസ്.എസുകാരെ വെളിച്ചത്തുകൊണ്ടുവരാന്‍ പാര്‍ട്ടിയും സര്‍ക്കാറും തയാറാകണം. അജീഷ് വധക്കേസില്‍ നിയമപരമായി സാധ്യമായ എല്ലാ നടപടിയും സ്വീകരിച്ചേ മതിയാകൂ. അന്നത്തെ വൈക്കം വിശ്വനും വാസവനും ഹരികുമാറും അനില്‍കുമാറും ഇന്ന് സി.പി.എമ്മി​​​​െൻറ കരുത്തരായ നേതാക്കളാണ്. ആഭ്യന്തരമടക്കം കൈയാളി പാര്‍ട്ടിയാണ് ഭരണത്തില്‍. അജീഷ് വിശ്വനാഥന്‍ കേസ് വീണ്ടും തുറക്കാന്‍ പറ്റിയ അവസരം. എനിക്ക് പ്രതീക്ഷയുണ്ട്.

പക്ഷേ,  ഇൗ ബുധനാഴ്ചയിലെ ദേശാഭിമാനി പത്രം കാണുന്ന ഞാന്‍ എന്തു പ്രതീക്ഷിക്കാന്‍. ആര്‍.എസ്.എസ് ഭീകരതയുടെ ഉടല്‍ രൂപത്തിന്‍െറ മുഴുപ്പേജ് പരസ്യം ഒന്നാം താളില്‍, അതും അജീഷ് രക്തസാക്ഷി ദിനത്തില്‍ നല്‍കുന്ന നിങ്ങള്‍ എന്തു രാഷ്​ട്രീയമാണ്​ പറയുന്നത്. എന്തു വിശ്വസിച്ച് ആര്‍.എസ്.എസ് വിരുദ്ധ പോരാട്ടത്തില്‍ ഞാന്‍ നിങ്ങളോടൊപ്പം നില്‍ക്കും. പൊരുതി മരിക്കാന്‍ എനിക്ക് മടിയില്ല. പക്ഷേ, മരിച്ചിട്ടും മഴയത്തു നില്‍ക്കാന്‍ എനിക്ക് തരിമ്പും താല്‍പര്യവുമില്ല.


 

Tags:    
News Summary - want justice in ajeesh wishwanthan murder- Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.