സ്വന്തം ജനതയോടുള്ള യുദ്ധം

'ഹിന്ദുരാഷ്ട്രം' എന്ന സങ്കല്പം ഭീതിദമായ ഒരു യാഥാർഥ്യമായി വർത്തമാന ഇന്ത്യയിൽ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ വ്യാപനത്തിന്റെ ഗതി ഇപ്പോൾ വർധിച്ചുകൊണ്ടിരിക്കുന്നു. രാമനവമി ഘോഷയാത്രയെ തുടർന്നുള്ള പ്രേരിതമായ സംഘർഷങ്ങൾ മുസ്‍ലിം ജനതതിയുടെ വ്യാപാരസ്ഥാപനങ്ങളും വീടുകളും തച്ചുതകർക്കുന്നതിലേക്കാണ് നയിച്ചിരിക്കുന്നത്. ഉന്നത നീതിപീഠം ഈ തകർക്കൽ നിരോധിക്കാൻ ഉത്തരവിട്ടിട്ടുപോലും തൽപരകക്ഷികൾ അത് നിർത്തിവെക്കാൻ തയാറായില്ല. സഖാവ് വൃന്ദ കാരാട്ട് കോടതി ഉത്തരവുമായി ജഹാംഗീർപുരിയിൽ എത്തിയിട്ടും ഈ തകർക്കൽപ്രക്രിയ അവസാനിപ്പിക്കാൻ ഹിന്ദുത്വശക്തികൾ സന്നദ്ധമായില്ല. ഒരുവേള ഹിന്ദുത്വയുടെ അക്രമാത്മക രാഷ്ട്രീയത്തെ വെല്ലുവിളിച്ചുകൊണ്ട് ബുൾഡോസറിന് മുന്നിൽ സധൈര്യം നിൽക്കാൻ വൃന്ദ കാരാട്ട് പ്രകടിപ്പിച്ച രാഷ്ട്രീയസ്ഥൈര്യം ഒരു പോരാട്ട ഭൂമികയായി ഉയർന്നുവരേണ്ടതുണ്ട്. അത്രമേൽ അസഹിഷ്ണുതയോടെയും വെറുപ്പിലധിഷ്ഠിതമായ കോയ്മാ രാഷ്ട്രീയത്തിലൂടെയുമാണ് ഹിന്ദുത്വം ഇപ്പോൾ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നത്. മുസ്‍ലിം ന്യൂനപക്ഷ ജനവിഭാഗത്തെ ജനിച്ച മണ്ണിൽ ജീവിക്കാൻ അനുവദിക്കുകയില്ലെന്ന ദൃഢനിശ്ചയമെടുത്തുകൊണ്ടാണ് ഹിന്ദുത്വരാഷ്ട്രീയം അതിന്റെ ബുൾഡോസർ കൈകൾ പ്രയോഗിക്കുന്നത്. ഹിംസാത്മകമായ അന്യവത്കരണത്തിന്റെ അനന്തരഫലങ്ങൾ ആഭ്യന്തര ലഹളകളും ജനാധിപത്യവ്യവസ്ഥയുടെ നാശവുമായിരിക്കും.

രാമനവമിയും ഹനുമാൻ ജയന്തിയുമായി ബന്ധപ്പെട്ടുയർന്നുവന്ന സംഘർഷങ്ങൾ ചില സൂചകങ്ങളാണ്. സാമൂഹിക ശാസ്ത്രജ്ഞനായ നിക്കി കെഡി നിരീക്ഷിച്ചതുപോലെ അഭിനവ മതരാഷ്ട്രീയത്തിന്റെ വക്താക്കൾ ഇന്ത്യയിൽ കാലങ്ങളായി തുടരുന്ന അപരഹിംസയുടെ ബ്രാഹ്മണ്യാശയങ്ങൾ മുസ്‍ലിം ന്യൂനപക്ഷ ഹിംസക്കായും ഉപയോഗിക്കുകയാണ്. ഹൈന്ദവ ഐക്യമെന്ന സ്വത്വ കൽപനക്ക് കാളിമയാർന്ന ഒരു മറുവശം കൂടിയുണ്ടെന്നും അത് ഇന്ത്യൻ മണ്ണിലെ മതന്യൂനപക്ഷങ്ങളോടുള്ള (പ്രത്യേകിച്ച്, മുസ്‍ലിം ജനവിഭാഗങ്ങളോട്) സംശയവും വിദ്വേഷവുമാണെന്നും ശാസ്ത്ര ചരിത്രകാരിയായ ഡോ. മീരാനന്ദയും നിരീക്ഷിക്കുന്നുണ്ട്.

ഏഴ് ഇടതുപക്ഷ സംഘടനകളും ഒരുകൂട്ടം അഭിഭാഷകരും ചേർന്ന് തയാറാക്കിയ ജഹാംഗീർപുരിയിലെ വസ്തുതാന്വേഷണ റിപ്പോർട്ട് ഉന്നയിക്കുന്ന പ്രധാന ചോദ്യം മുസ്‍ലിം ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് നോമ്പുതുറയുടെ സമയത്ത് ഹിന്ദുത്വർ വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കിയപ്പോൾ നിയമപാലകർ നോക്കിനിന്നത് എന്തുകൊണ്ടാണെന്നാണ്. ജഹാംഗീർപുരിയിൽ മാത്രമല്ല, ഗുജറാത്തിലുൾപ്പെടെ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ അരങ്ങേറിയ ന്യൂനപക്ഷഹിംസ കൃത്യമായ ലക്ഷ്യം മുൻനിർത്തിയുള്ളതായിരുന്നു എന്നാണ് ഇടതുപക്ഷ സംഘടനകളുടെ വസ്തുതാന്വേഷണ റിപ്പോർട്ട് വിരൽചൂണ്ടുന്നത്.

ദേശീയതയുടെ അപരരായി മുസ്‍ലിം ന്യൂനപക്ഷങ്ങളെ പ്രതിഷ്ഠിക്കുന്നതിനുള്ള ആയുധമായാണ് ഹൈന്ദവ സ്വത്വകൽപന എന്ന ഏകീകരണ മായാവാദയുക്തി ഹിന്ദുത്വർ ഉപയോഗിക്കുന്നത്. 'നമ്മുടെ വംശീയമായ സമ്മിശ്രണത്തിനെതിരായ ഈ അധാർമികതകൾ തകരാതെ രാഷ്ട്രീയ ഐക്യം കൈവരിക്കാനാവുമെന്ന് എന്നെങ്കിലും നമുക്ക് പ്രതീക്ഷിക്കാനാവുമോ' എന്ന ദേശീയതയെ സംബന്ധിച്ച പ്രബന്ധത്തിലെ ടാഗോറിന്റെ ആഴമേറിയ വിമർശനം ചരിത്രത്തിൽ കൂടുതൽ തിടംവെക്കുകയാണ്. സ്വന്തം ജനതതിയോട് യുദ്ധം പ്രഖ്യാപിച്ച ഒരു വ്യവസ്ഥ ഐക്യത്തെയല്ല അപരഹിംസയെയാണ് ഊട്ടിയുറപ്പിക്കുന്നതെന്നത് അത്യന്തം ഗുരുതരവും ജനാധിപത്യവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമായ ഒന്നാണ്.

വൈവിധ്യങ്ങളുടെ സഹവർത്തിത്വത്തിലാണ് ഇന്ത്യയെന്ന ദേശരാഷ്ട്രം നിലനിൽക്കുന്നത്. 1953 സെപ്റ്റംബർ 20ന് എഴുതിയ ഒരു കത്തിൽ ജവഹർലാൽ നെഹ്റു പ്രസ്താവിക്കുന്നത് ഇന്ന് അത്യന്തം പ്രസക്തമാണ്. നെഹ്റു എഴുതുന്നു: 'ഇന്ത്യ ഒരു സങ്കരരാജ്യമാണ്. മതം, ആചാരങ്ങൾ, ജീവിതരീതികൾ, ഇത്യാദി പലകാര്യങ്ങളിലും ഈ സങ്കരസ്വഭാവം നിലനിൽക്കുന്നു. ഭൂരിപക്ഷസമുദായം മറ്റു സമുദായങ്ങൾക്കുമേൽ സ്വയം അടിച്ചേൽപിക്കാൻ ശ്രമിച്ചാൽ അത് ആന്തര സംഘട്ടനങ്ങളിലേക്കാണ് നയിക്കുക. അത്തരമൊരു അവസ്ഥ ബാഹ്യ സംഘട്ടനങ്ങളോളം തന്നെ മോശമാണ്' (Letters to chief ministers, vol.2, pp. 375-380). ഐക്യ ഇന്ത്യയുടെ നിർമാണത്തിന് ഇത്തരം സംഘട്ടനങ്ങൾ ഒരുതരത്തിലും അനിവാര്യമായിരിക്കുകയില്ലെന്നും നെഹ്റു നിരീക്ഷിക്കുന്നുണ്ട്. 1953ൽതന്നെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട കാര്യത്തിൽ തന്റെ ഉള്ളിൽ പ്രത്യേക ഭീതി ഉണ്ടെന്നകാര്യവും നെഹ്റു എഴുതുന്നുണ്ട്. നിർഭാഗ്യവശാൽ നെഹ്റുവിന്റെ ഭീതിയെ സാധൂകരിക്കുന്ന സംഭവങ്ങളാണ് സമകാലിക ഇന്ത്യയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ക്ഷേമരാഷ്ട്രം എന്തായിരിക്കണമെന്ന് ആലോചിക്കുമ്പോൾ, 'രാജ്യത്തിലെ എല്ലാവിഭാഗങ്ങൾക്കും ഒരുപോലെ ക്ഷേമവർത്തിയാകുന്ന രാജ്യം എന്നതാണ്' എന്ന് നെഹ്റു പ്രസ്താവിക്കുന്നുണ്ട്. ഹിന്ദുത്വത്തിന്റെ സമഗ്രാധിപത്യത്തിൽ ക്ഷേമരാഷ്ട്രസങ്കല്പംതന്നെ തകിടം മറിയുമ്പോൾ സാഹോദര്യവും ജനാധിപത്യവുമാണ് അതിനോടൊപ്പം തകരുന്നത്.

Tags:    
News Summary - War with one's own people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.