ലോകപ്രശസ്ത എഴുത്തുകാരിയും ഫലസ്തീൻ റൈറ്റേഴ്സ് ലിറ്ററേച്ചർ ഫെസ്റ്റിവൽ സ്ഥാപകയുമായ സൂസൻ അബുൽഹവാ എഴുതുന്നു
വംശഹത്യയിലൂന്നി ഇസ്രായേൽ ഗസ്സയിൽ നടത്തിയ അധിനിവേശത്തിന്റെ ഫലം എന്തുമാവട്ടെ ഫലസ്തീനി ചെറുത്തുനിൽപിന്റെ പോരാളികൾ ഇതിനകം വിജയിച്ചിരിക്കുന്നു. സായുധമുന്നേറ്റത്തിന്റെ ആദ്യദിനം തന്നെ അവർ വിജയികളായിരുന്നു. ഫലസ്തീനിലെ തദ്ദേശീയ ജനതക്കും ചുറ്റുമുള്ള അറബ് രാജ്യങ്ങൾക്കുമെതിരെ ഭീകരാക്രമണം നടത്തി സാന്നിധ്യമറിയിക്കുന്ന ഇസ്രായേലിനേറ്റ കടുത്ത പ്രഹരമായിരുന്നു അത്.
ഫലസ്തീനിയൻ ജീവിതങ്ങൾക്ക് നടുവിലായി സ്ഥാപിച്ച് വികസിപ്പിച്ചുകൊണ്ടുവന്നിരുന്ന കോട്ടകൊത്തളം കണക്കെയുള്ള താമസകേന്ദ്രങ്ങളെയാണ് ഹമാസ് പ്രത്യേകമായി ഉന്നംവെച്ചത്.
ഫലസ്തീനികളുടെ സ്വാതന്ത്ര്യമോഹത്തിനും പിറന്ന നാട്ടിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹത്തിനുമെതിരായ മനുഷ്യകവചങ്ങളാവാനാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത യഹൂദരെ ഇസ്രായേൽ പ്രേരിപ്പിച്ചിരുന്നത്. പല പോരാളികൾക്കും ഗസ്സയിലെ തുറന്ന ജയിൽ ഭേദിച്ച് പൂർവികരുടെ ഭൂമി കാണാൻ കൈവന്ന ആദ്യ അവസരമായിരുന്നു ഒക്ടോബർ ഏഴിന്. ഇസ്രായേലിന്റെ അജയ്യതയെന്നത് കടലാസ് കടുവപോലൊരു സങ്കൽപം മാത്രമാണെന്ന് ലോകത്തിനുമുന്നിൽ തെളിയിച്ചു പ്രതിരോധത്തിന്റെ പോരാളികൾ.
തദ്ദേശീയമായി സജ്ജമാക്കിയ റോക്കറ്റുകളും ലഘു ആയുധങ്ങളും മാത്രം സ്വന്തമായുള്ള ഒരു ചെറിയ ഗറില്ലാ സേനക്ക് ഇസ്രായേലിന്റെ നിരീക്ഷണ ടവറുകളെ നോക്കുകുത്തികളാക്കാനും മണിക്കൂറുകളോളം ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഉപകരണങ്ങളുടെ കണ്ണുവെട്ടിക്കാനും സാധിച്ചു. വർഷങ്ങളായി കുറ്റാരോപണമോ വിചാരണയോ ഇല്ലാതെ ജയിലുകളിൽ കഴിയുന്ന ആയിരക്കണക്കിന് ഫലസ്തീനികളുടെ മോചനത്തിന് വിലപേശാനായി ഫലസ്തീൻ പോരാട്ട സംഘങ്ങൾ ഇസ്രായേലികളെ ബന്ദികളാക്കി ഗസ്സയിലേക്ക് കൊണ്ടുപോയി.
ഒന്നിനുപിറകെ ഒന്നായി പടച്ചുവിട്ട കള്ളക്കഥകളിലൂടെ ആഖ്യാനങ്ങളെ നിയന്ത്രിക്കാൻ ഇസ്രായേൽ കിണഞ്ഞു ശ്രമിച്ചു. കുഞ്ഞുങ്ങളെ തലയറുത്തു കൊന്നുവെന്നും സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയെന്നും മറ്റുമുള്ള കെട്ടുകഥകൾ സംശയലേശമില്ലാതെ മുഖ്യാധാര പാശ്ചാത്യ മാധ്യമങ്ങൾ ഏറ്റുപാടിയിട്ടുപോലും അവ പിൻവലിക്കപ്പെട്ടു.
40 കുഞ്ഞുങ്ങളെ കൊലപ്പെടുത്തി എന്നത് ഒരു കുഞ്ഞ് എന്നായി. 1400 ഇസ്രായേലികൾ കൊല്ലപ്പെട്ടു എന്നായിരുന്നു തുടക്കത്തിലെ അവകാശവാദം, അത് 1200 ആയി കുറഞ്ഞു. ഉല്ലാസ പാർട്ടിയിൽ പങ്കെടുത്തിരുന്നവരടക്കം നിരവധി പേർ യഥാർഥത്തിൽ കൊല്ലപ്പെട്ടത് ബന്ദികളുമായി കടന്നുകളയുന്ന ഹമാസ് പോരാളികളെ പിടികൂടാൻ ആൾക്കൂട്ടത്തിനുനേരെ ഇസ്രായേൽ സേന അമേരിക്കൻ ആയുധങ്ങൾ ഉപയോഗിച്ച് നടത്തിയ വെടിവെപ്പിനിടയിലാണ് എന്ന് വ്യക്തമാക്കുന്ന വിഡിയോകളും പുറത്തുവന്നു.
ഗസ്സ സിറ്റിയിലെ അൽ-ശിഫ ആശുപത്രി ഹമാസ് പോരാളികൾ ഒളിത്താവളമാക്കി ഉപയോഗിച്ചിരുന്നു എന്നതിന് ‘തെളിവുകൾ’ ഹാജരാക്കാൻ ശ്രമിച്ചു ഇസ്രായേൽ. സമൂഹ മാധ്യമ ഉപയോക്താക്കൾ ഉടനടി ആ ഔദ്യോഗിക വിവരണങ്ങളിലെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നു. ആ വിഡിയോകൾ ഒഴിവാക്കാൻ നിർബന്ധിതരായ സൈന്യം അതിലേറെ വിഡ്ഢിത്തം നിറഞ്ഞ സിദ്ധാന്തങ്ങളുമായി മുന്നോട്ടുവന്നു.
പക്ഷേ, ഫലസ്തീനിയൻ ചെറുത്തുനിൽപുമൂലം ലോകത്തിന് ലഭിച്ച ഏറ്റവും സുപ്രധാനമായ തിരിച്ചറിവ് ഇസ്രായേലിന്റെ ധാർമിക പാപ്പരത്തവും അതിനെ നെഞ്ചേറ്റുന്ന പാശ്ചാത്യരുടെ കാപട്യവും സംബന്ധിച്ചായിരുന്നു. ഇസ്രായേലിലെ രാഷ്ട്രീയ-സൈനിക സ്ഥാപനങ്ങൾ മാത്രമായിരുന്നില്ല ഒരു രാഷ്ട്രം ഒന്നാകെയാണ് ജനങ്ങൾക്കുനേരെ സങ്കൽപിക്കാൻപോലും സാധിക്കാത്തത്ര ക്രൂരതയും ദയാരാഹിത്യവും വഷളൻ അതിക്രമവും അഴിച്ചുവിട്ടത്.
അതിനിഷ്ഠുരമാം വിധം കൊലചെയ്യപ്പെട്ട ഫലസ്തീനി ജനതയുടെ അവാച്യമായ ദുരിതങ്ങളെ അപഹസിച്ച് സാധാരണ ഇസ്രായേലികൾപോലും സമൂഹ മാധ്യമ വിഡിയോകൾ പോസ്റ്റ് ചെയ്തു. ഫലസ്തീനികളെ മുഴുവൻ വംശഹത്യക്കിരയാക്കണമെന്ന് ആർപ്പുവിളിച്ച് അവർ തെരുവുകളിൽ നൃത്തമാടുകയും ആഘോഷങ്ങൾ നടത്തുകയും ചെയ്തു. ആറാഴ്ചക്കിടെ 20,000 ഫലസ്തീനികളെ കൊലചെയ്തതിലുള്ള ആഹ്ലാദ പ്രകടനം മനസ്സാക്ഷിയെ ഞെട്ടിക്കുന്ന അവരുടെ രക്തദാഹത്തിന്റെ പ്രതിഫലനമായിരുന്നു.
ഒക്ടോബർ ഏഴ് സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ കരയുദ്ധമെന്ന ഭീഷണി മുഴക്കാൻ തുടങ്ങിയിരുന്നു ഇസ്രായേൽ. പക്ഷേ, അവരത് വൈകിച്ചുകൊണ്ടേയിരുന്നു. രണ്ട് വിമാന വാഹിനികളും അത്യന്താധുനിക അന്തർവാഹിനികളും അതിനാവശ്യമായ ബോംബുകളും ആയുധങ്ങളും നികുതിദായകർ നൽകിയ പണത്തിൽ നിന്നുള്ള ബില്യൺകണക്കിന് ഡോളറും അമേരിക്ക എത്തിച്ചുനൽകിയിട്ടുപോലും. ഗസ്സയിലേക്ക് ഇരച്ചുകയറാനുള്ള ഓരോ ശ്രമത്തിനുനേരെയും ഫലസ്തീനികളുടെ കടുത്ത ചെറുത്തുനിൽപ്പുണ്ടായി. ഒടുവിൽ ഇസ്രായേൽ ഗസ്സയിലേക്ക് കടന്നപ്പോൾ ചെറുത്തുനിൽപ് സംഘങ്ങൾ അവരുടെ സൈന്യത്തെ അടിച്ചുപരത്തി.
ഫലസ്തീനി പോരാളികളുടെ ധീരതയെ ഐതിഹാസികമെന്നുവേണം വിശേഷിപ്പിക്കാൻ. ട്രാക്ക് സ്യൂട്ടുകളും ഫ്ലിപ് ഫ്ലോപ്പുകളും ധരിച്ച് തീരെ കുറഞ്ഞ ആയുധങ്ങളുമേന്തി എത്തുന്ന അവർ ഒന്നിന് പിറകെ ഒന്നായി ഇസ്രായേലി ടാങ്കുകൾ തകർത്ത് കൂടുതൽ തടവുകാരെ പിടിക്കുന്നു.
സയണിസ്റ്റ് അജണ്ടകൾക്ക് അതീവ സ്വാധീനമുള്ള സമൂഹ മാധ്യമ ഭീമന്മാർ, ഈ ദൃശ്യങ്ങൾ തടയുന്നു, ഇസ്രായേലി സൈനികനഷ്ടങ്ങളുടെ തോത് കുറച്ചു കാണിച്ച് മാത്രമേ അവർ റിപ്പോർട്ട് ചെയ്യുന്നുള്ളൂ. അങ്ങനെ പലവഴി ശ്രമിച്ചിട്ടും നഷ്ടങ്ങളുടെ വേലിയേറ്റം തടയാൻ ഇസ്രായേലിന് ഒന്നും ചെയ്യാനില്ല. ജീവന്റെയോ സാമഗ്രികളുടെയോ ഭൗതിക നഷ്ടമോ സാമ്പത്തിക തകർച്ചയോ, ആത്മവിശ്വാസത്തിന്റെ തകർച്ചയോ മാത്രമല്ല ഇസ്രായേലികൾക്ക് മനുഷ്യത്വം തന്നെ നഷ്ടപ്പെട്ടു. അറുകൊലയും സർവനാശവും ഭീകരതയുമല്ലാതെ മറ്റൊന്നും ചെയ്യാനാവാത്ത അവലക്ഷണമായ ഒരു കൊലപാതക യന്ത്രത്തിന്റെ ആത്മാവില്ലാത്ത പുറംതോടായാണ് ലോകത്തിന്റെ കൺമുന്നിൽ അവർ അവശേഷിക്കുന്നത്.
തീരെ കുറഞ്ഞൊരു കാലത്തിനിടയിൽ 20,000ത്തിലധികം ആളുകളെ കൊല്ലുകയും പതിനായിരക്കണക്കിനാളുകളെ അംഗവിഹീനരാക്കുകയും ചെയ്തതിന്റെ ക്രൂരത മനസ്സിലാക്കാനാവില്ല. വെള്ളം, ഭക്ഷണം, ഇന്ധനം, മരുന്നുകൾ എന്നിവയെല്ലാം നിഷേധിച്ച് പോകാൻ ഒരിടവുമില്ലാത്ത 23 ലക്ഷം ജനങ്ങൾക്കുമേൽ അവർ അഴിച്ചുവിട്ട ഭീകരത അവർണനീയമാണ്.
ഭക്ഷണവും വെള്ളവുമില്ലാതെ ഇനിയുമേറെ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടേക്കുമെന്ന ഭയവും നിലനിൽക്കുന്നു. ഫലസ്തീനികൾ നൽകേണ്ടിവന്ന വില അളവറ്റതാണ്. പക്ഷേ, മുഴുലോകത്തെയും ലജ്ജകൊണ്ട് കരയിപ്പിക്കും വിധമുള്ള ദൃഢതയോടെയും അചഞ്ചല വിശ്വാസത്തോടെയുമാണവർ അത് വഹിച്ചത്.
ലോകം ഇനിയൊരിക്കലും പഴയപടിയാകില്ല. ഞങ്ങളുടെ മാതൃരാജ്യത്തിന്റെ വിമോചനത്തിനായി യുദ്ധം ആരംഭിച്ചുകഴിഞ്ഞു. ഇനിയും എത്രപേരെ കൊന്നൊടുക്കിയാലും എത്ര കൊള്ളയടിച്ചാലും ബോംബിട്ടാലും ഇസ്രായേലിന് അവരുടെ തോൽവിയെ നിഷേധിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.