‘‘ഒരു രാഷ്ട്രീയക്കാരൻ ഒരിക്കലും വിരമിക്കില്ല, റോൾ മാറുക മാത്രമാണ് ചെയ്യുക’’ എന്നു പറഞ്ഞത് കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. ഇക്കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിൽ കാലാവധി കഴിഞ്ഞ് വിരമിക്കുന്ന അംഗങ്ങൾക്ക് രാജ്യസഭ യാത്രയയപ്പ് നൽകിയപ്പോഴായിരുന്നു ഇൗ ‘ദീർഘദർശനം’. കോൺഗ്രസിെൻറ നിരവധി പാർലമെൻററി പദവികൾ പതിറ്റാണ്ടുകളോളം മാറിമാറി വഹിച്ച ശേഷവും ഇനിയൊരിക്കൽ കൂടി രാജ്യസഭയിലെത്തണമെന്ന കുര്യെൻറ ആഗ്രഹത്തിനെതിരെ കോൺഗ്രസിലെ യുവനേതാക്കൾ രംഗത്തുവന്നത് കണ്ടപ്പോൾ കുര്യൻ നടത്തിയ പ്രവചനം തന്നെക്കുറിച്ചുതന്നെയായിരുന്നോ എന്ന് തോന്നിപ്പോയി.ഇത്രയും നാൾ അധികാരസ്ഥാനങ്ങളിലിരുന്ന തന്നെ മാറ്റാൻ പ്രായാധിക്യം കാരണമായി പറഞ്ഞത് അവസാനത്തെ കച്ചിത്തുരുമ്പായി കുര്യന്. ചർച്ച പ്രായത്തിൽ പരിമിതപ്പെട്ടതോടെ പി.ജെ. കുര്യൻ രാജ്യസഭ ഉപാധ്യക്ഷനായിരിക്കേ കൈക്കൊണ്ട വിവാദ നടപടികളത്രയും തിരശ്ശീലക്ക് പിന്നിലായി.
മറനീക്കിയ ബി.ജെ.പി വിധേയത്വം
യു.പി.എ കാലത്തും എൻ.ഡി.എ കാലത്തും രാജ്യസഭയിൽ ഭരണകക്ഷി ന്യൂനപക്ഷമായ നിർണായക കാലഘട്ടത്തിലാണ് പി.ജെ. കുര്യൻ ഉപാധ്യക്ഷ പദം കൈയാളിയത്. എന്നിട്ടും തെരഞ്ഞെടുത്തയച്ച കോൺഗ്രസിനോട് ചായ്വ് പോകെട്ട, നിഷ്പക്ഷത പാലിക്കാൻ പോലും കുര്യനായില്ല. മോദി സർക്കാർ രാജ്യസഭയിൽ പ്രതിരോധത്തിലാകുമെന്ന് തോന്നുന്ന ഘട്ടങ്ങളിലെല്ലാം കുര്യൻ രക്ഷകനായി. പി.ജെ. കുര്യൻ മോദി സർക്കാറിനൊപ്പം നിന്നുവെന്ന് പറഞ്ഞ് കോൺഗ്രസുകാർക്ക് നിരന്തരം രാജ്യസഭ സ്തംഭിപ്പിക്കേണ്ടിവന്നു.
രാജ്യസഭ ചെയർമാൻ തയാറാക്കിയ അജണ്ട ഉപാധ്യക്ഷനായ കുര്യൻ മാറ്റിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യസഭ സ്തംഭിപ്പിച്ചത് ഉദാഹരണം. ഫലസ്തീനിലെ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിക്കെതിരെ ചര്‍ച്ച കോൺഗ്രസ്അടക്കമുള്ളവരുടെ നോട്ടീസിെൻറ അടിസ്ഥാനത്തിലാണ് ഹാമിദ് അൻസാരി അജണ്ടയിലുൾപ്പെടുത്തിയത്. എന്നാല്‍, ഇസ്രായേലുമായി ഉറ്റ ചങ്ങാത്തത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അവരെ പ്രതിക്കൂട്ടിലാക്കുന്ന ചര്‍ച്ച പാര്‍ലമെൻറില്‍ നടക്കരുതെന്ന നിലപാടെടുത്തു. ലോക്സഭ ഇൗ ചര്‍ച്ചക്ക് അനുമതി നല്‍കിയിട്ടില്ലെന്നും അതിനാല്‍, രാജ്യസഭയിലും പറ്റില്ലെന്നും പറഞ്ഞ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെട്ടു.
രാജ്യസഭ നടപടിക്രമ പ്രകാരം ചെയർമാൻ തയാറാക്കിയ അജണ്ട അസാധാരണ സന്ദര്‍ഭങ്ങളിലല്ലാതെ മാറ്റാന്‍ അധികാരമില്ലെന്നും ഈ വിഷയത്തിലെ അസാധാരണത്വം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും സി.പി.എം നേതാവ് സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു. റൂളിങ് നല്കാന് രണ്ടു മണിവരെ കുര്യൻ സാവകാശം ചോദിച്ചു. രണ്ടിന് വീണ്ടും സഭ ചേര്‍ന്നപ്പോള്‍ തെൻറ അറിവില്ലാതെ ഗസ്സ ചര്‍ച്ച അജണ്ടയില്‍ വന്നത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ചെയര്മാന് കത്ത് നല്‍കിയിട്ടുണ്ടെന്നും അതിൽ തീരുമാനമെടുക്കുന്നതു വരെ ചര്‍ച്ച നടത്തരുതെന്നും സുഷമ കുര്യനോട് അഭ്യര്‍ഥിച്ചു.
ചട്ടങ്ങളുദ്ധരിച്ച് സുഷമയെ ഖണ്ഡിച്ച കോണ്‍ഗ്രസ്, ജനതാദൾ-യു, സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാർ ചെയര്‍മാെൻറ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത്് സഭയുടെ ബാധ്യതയാണെന്നും ഉപാധ്യക്ഷന്‍ അതിനനുസരിച്ച് റൂളിങ് നല്‍കുകയാണ് വേണ്ടതെന്നും ഓര്‍മിപ്പിച്ചു. എന്നാൽ, എന്‍.ഡി.എ സര്‍ക്കാര്‍ ന്യൂനപക്ഷമായ സഭയില്‍ ഭൂരിപക്ഷം അംഗങ്ങളുടെ നിലപാടിനെതിരെ റൂളിങ് നല്കി കുര്യന് അമ്പരപ്പിച്ചു. ഗസ്സ ചര്‍ച്ചയില്ലെന്നും െറയില്‍ ബജറ്റാണ് വിഷയമെന്നും പറഞ്ഞതോടെ രോഷാകുലരായ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. സി.പി. ജോഷിയെ പോലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കൾ കുര്യനോട് കയര്‍ത്തു. ബഹളത്തിനിടെ സഭാരേഖകളില്‍ െറയില്‍ ബജറ്റ് ചര്‍ച്ച തുടങ്ങിയതായി കാണിക്കുന്നതിന് ബി.ജെ.പിയുടെ പ്രകാശ് ഝായെ സംസാരിക്കാന്‍ വിളിച്ച കുര്യന് വൈകാതെ സഭ പിരിയുകയാണെന്ന് പ്രഖ്യാപിച്ചു. ബഹളത്തില്‍ പ്രകാശ് ഝാക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഗസ്സ ചര്‍ച്ച അട്ടിമറിക്കാന്‍ കഴിഞ്ഞതിെൻറ ആഹ്ലാദം ബി.ജെ.പി അംഗങ്ങള്‍ സഭയിൽ പരസ്യമായി പ്രകടിപ്പിച്ചു.
യു.പി.എ കാലം തൊട്ട് ബി.ജെ.പിക്കൊപ്പം
ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ച് പി.ജെ. കുര്യന് യു.പി.എ കാലത്തും രാജ്യസഭയില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്. കിഷ്ത്വാര്‍ കലാപത്തെക്കുറിച്ച് പ്രസ്താവനയിറക്കാന്‍ അന്ന് േകന്ദ്രമന്ത്രിയായിരുന്ന പി. ചിദംബരത്തെ അനുവദിക്കാതെ പ്രതിപക്ഷനേതാവ് അരുണ്‍ െജയ്റ്റ്ലിയെ ആദ്യം ചര്‍ച്ചക്ക് വിളിച്ചാണ് യു.പി.എ സര്‍ക്കാറിനെയും കോണ്‍ഗ്രസിനെയും പി.ജെ. കുര്യന് ഒരു പോലെ പ്രതിസന്ധിയിലാക്കിയത്്. കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം ബഹളം വെച്ച് സഭ തടസ്സപ്പെടുത്തിയെങ്കിലും അതൊന്നും ഗൗനിക്കാതെ കുര്യന് ബി.ജെ.പിയുടെ ആവശ്യത്തിനൊപ്പം ഉറച്ചുനിന്നു. ഇത്തരം ഘട്ടങ്ങളില്‍ ചെയ്യാറുള്ളതുപോലെ ആദ്യം സര്‍ക്കാറിനെ പ്രസ്താവന നടത്താന്‍ അനുവദിക്കണമെന്നും ശേഷം ബാക്കിയുള്ളവര്‍ക്ക് സംസാരിക്കാമെന്നും ചിദംബരം പറഞ്ഞു. സഭക്ക് മുന്നില്‍വെക്കാന്‍ വിശദമായ പ്രസ്താവനയും ചിദംബരം തയാറാക്കിക്കൊണ്ടുവന്നിരുന്നു.
ഒരു വിഷയത്തില്‍ സര്‍ക്കാര്‍ പ്രസ്താവന നടത്താന്‍ തയാറായാല്‍ ആദ്യം അത് അനുവദിക്കുകയാണ് പതിവെന്നും ആ രീതി തുടരണമെന്നും കോണ്‍ഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും കുര്യന് ആദ്യം ചര്‍ച്ചക്ക് വിളിച്ചത് െജയ്റ്റ്ലിയെ. സര്‍ക്കാറിന് പ്രസ്താവന നടത്തണമെന്ന വിവരം തന്നെ മുന്‍കൂട്ടി അറിയിച്ചിട്ടില്ലെന്നും െജയ്റ്റ്ലിയാണ് തന്നോട് ആദ്യം അനുമതി തേടിയതെന്നും പറഞ്ഞ് കോൺഗ്രസുകാരുടെ മുഖത്ത് ആഞ്ഞുകൊടുത്തു. കടുത്ത പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ് അംഗങ്ങള്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തിയിട്ടും കുര്യന് കുലുങ്ങിയില്ല. െജയ്റ്റ്ലി ആദ്യം എന്ന നിലപാട് ആവര്‍ത്തിച്ച കുര്യൻ കോണ്‍ഗ്രസ് അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ അര മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു. തുടര്‍ന്ന് സഭ വീണ്ടും ചേര്‍ന്നപ്പോഴും കുര്യന് ബി.ജെ.പിക്ക് അനുകൂലമായ തീരുമാനമാണ് നടപ്പിലാക്കിയത്. തയാറാക്കി കൊണ്ടുവന്ന പ്രസ്താവന മാറ്റിവെക്കേണ്ടിവന്ന ചിദംബരം െജയ്റ്റ്ലിയുടെയും മറ്റു കക്ഷി നേതാക്കളുടെയെല്ലാം പ്രസംഗങ്ങള്‍ കേട്ട് മറുപടി പറയേണ്ട ഗതികേടിലായി.
മോദി സർക്കാറിനെ രക്ഷിക്കാൻ റൂളിങ്
മോദി സര്‍ക്കാര്‍ സഭയിലെ വോട്ടിങ്ങില്‍ തോല്‍ക്കുമെന്ന് വന്നപ്പോഴാണ് മറ്റൊരിക്കൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറ അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുെട ആവശ്യം തള്ളി കുര്യെൻറ റൂളിങ്.
ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുന്നതിനുള്ള കോണ്‍ഗ്രസ് എം.പിയുടെ സ്വകാര്യ ബിൽ വോട്ടിനിട്ടാൽ സർക്കാർ തോൽക്കുമെന്നു കണ്ടപ്പോൾ അതിനെ പണബില്ലിെൻറ നിർവചനത്തിലാക്കാനുള്ള ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ തന്ത്രത്തിന് അനുകൂലമായ റൂളിങ് നൽകി അദ്ദേഹം.
പണബില്‍ ഏതൊക്കെയാണെന്ന് വിശദീകരിക്കുന്ന ഭരണഘടനയുടെ 110ാം അനുച്ഛേദം വായിച്ച പ്രമുഖ അഭിഭാഷകന് കൂടിയായ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഈ ബില്‍ അതില്പ്പെടില്ലെന്ന് വ്യക്തമാക്കി. നടപ്പാക്കാന്‍ പണം ആവശ്യമായി വരുന്ന ബില്ലുകളെല്ലാം പണബില്ലുകളാണെന്ന തെറ്റായ വാദമാണ് ജെയ്റ്റ്ലി ഉയര്‍ത്തിയതെന്നും രാജ്യസഭയെ രാഷ്ട്രീയ താല്പര്യത്തിനായി സർക്കാർ വട്ടപ്പൂജ്യമാക്കുകയാണെന്നും സിബല്‍ കുര്യനോട് പറഞ്ഞു. ഇതേ നിലപാട് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സമാജ്വാദി പാര്‍ട്ടിയും, ബി.ജെ.പി സഖ്യകക്ഷിയായ തെലുഗുദേശം പാര്‍ട്ടിയും ആവര്‍ത്തിച്ചു. സർക്കാർ വാദം പൊളിച്ച സന്തോഷത്തിലിരുന്ന പ്രതിപക്ഷത്തെ ഞെട്ടിച്ച് തനിക്ക് ഈ കാര്യത്തില്‍ സംശയം തീര്‍ന്നിട്ടില്ലെന്നും ജെയ്റ്റ്ലിയുടെ ആവശ്യം അംഗീകരിച്ച് ഇത് പണ ബില്‍ ആണോയെന്നറിയാന്‍ ലോക്സഭ സ്പീക്കര്‍ക്ക് വിടുകയാണെന്നും കുര്യന് റൂളിങ് നല്കി. പ്രതിഷേധിച്ച് സഭാനടപടികള്‍ സ്തംഭിപ്പിക്കുക മാത്രമേ അന്നും കോൺഗ്രസ് എം.പിമാർക്ക് വഴിയുണ്ടായിരുന്നുള്ളൂ.
മറുഭാഗത്തെ രോഷവും മായാവതിയുടെ രാജിയും
മോദി സർക്കാറിനോടും ബി.ജെ.പി നേതാക്കേളാടും ഇത്ര ഉദാരത കാണിച്ച കുര്യൻ മറുഭാഗത്ത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ എം.പിമാരോട് ഉപാധ്യക്ഷനെന്ന നിലയിൽ അങ്ങേയറ്റം കർക്കശക്കാരനായി. അത്തരമൊരു പെരുമാറ്റത്തെ തുടർന്നാണ് ബി.എസ്.പി നേതാവ് രാജ്യസഭ അംഗത്വം രാജിവെച്ചത്. ബി.ജെ.പിയെയും സംഘ്പരിവാറിനെയും പ്രതിക്കൂട്ടിലാക്കി സംസാരിക്കുേമ്പാഴെല്ലാം സമയം പറഞ്ഞ് കുര്യൻ ഇടപെട്ടു.
ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാറിന് കീഴിൽ സഹാറൻപുരിൽ ദലിതുകൾക്കെതിരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് മായാവതി അത്യന്തം വൈകാരികമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലും പതിവുപോലെ കുര്യൻ തടസ്സപ്പെടുത്തി. മൂന്ന് മിനിറ്റായെന്നും കൂടുതൽ നൽകാനാവില്ലെന്നും കുര്യൻ പറഞ്ഞു. ദലിതുകൾക്കെതിരായ അതിക്രമം പറയാൻ അനുവദിക്കുന്നില്ലെങ്കിൽപ്പിന്നെ രാജ്യസഭയിലിരിക്കുന്നതിൽ അർഥമില്ലെന്നു പറഞ്ഞ് അവർ എം.പി സ്ഥാനം രാജിവെച്ചു.
ഇക്കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലും കോൺഗ്രസ് നേതാവിനെ അവമതിച്ചുവിട്ടു. ആന്ധ്രപ്രദേശിൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.പി. രാമചന്ദ്ര റാവുവായിരുന്നു ഏറ്റവുമൊടുവിലെ ഇര. വിഭജന സമയത്ത് ആന്ധ്രക്ക് നൽകിയ വാഗ്ദാനം നിറവേറ്റാനാവശ്യപ്പെട്ട് നിശ്ശബ്ദനായി പ്ലക്കാർഡ് പിടിച്ച് സഭയുടെ നടുത്തളത്തിൽ നിന്നതിന് കുര്യൻ ഉപയോഗിച്ച വാക്കുകൾ സഭയെത്തന്നെ ഞെട്ടിച്ചുകളഞ്ഞു. സമാജ്വാദി പാർട്ടിയുടെയും രാഷ്ട്രീയ ജനതാദളിേൻറയുമെല്ലാം അംഗങ്ങൾ ബഹളം വെക്കുേമ്പാൾ മറുഭാഗത്ത് പ്ലക്കാർഡ് കൈയിൽ പിടിച്ച് നിശ്ശബ്ദനായി നിന്ന റാവുവിന് നേർക്കാണ് കുര്യൻ രോഷമത്രയും ചൊരിഞ്ഞത്. ‘വട്ടാണെന്നും കോമാളിയാണെന്നു’മായിരുന്നു കമൻറ്. എം.പിയെന്ന നിലയിൽ ഏറെ അവമതിയുണ്ടാക്കിയതിൽ മനംനൊന്ത് പിറ്റേന്ന് റാവു കുര്യന് കത്തെഴുതി. ഇൗ പരാതിപ്രവാഹങ്ങളത്രയും കുര്യെൻറ രാജ്യസഭ കാലഘട്ടത്തിേൻറതായി കിടക്കുേമ്പാഴാണ് അദ്ദേഹത്തെ വീണ്ടും അതേ സഭയിലേക്കുതന്നെയെത്തിക്കാൻ കോൺഗ്രസിലൊരു വിഭാഗം നേതാക്കൾ ശ്രമം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.