പലപ്പോഴും, കുടുംബത്തിൽ നിന്നൊരാൾ വിദേശത്തേക്ക് പോകുന്നതിനുമുമ്പ്, പ്രായമേറിയ മാതാപിതാക്കൾക്ക് അവർ ജീവിച്ചിരിക്കെത്തന്നെ മക്കളുടെ വീട് യാഥാർഥ്യമായി എന്ന് സമാധാനം നൽകാൻ എന്നിങ്ങനെ ചില പ്രായോഗിക കാരണങ്ങളാൽ പൂർത്തിയാകാത്ത വീട്ടിൽ ഗൃഹപ്രവേശ ചടങ്ങ് നടത്താറുണ്ട്. പക്ഷേ, അപൂർണമായ ഒരു ക്ഷേത്രത്തിൽ രാം ലല്ലയെ പ്രതിഷ്ഠിക്കാൻ ഇത്രയധികം തിടുക്കം എന്താണ്?
സന്യാസി പറഞ്ഞു-‘‘ആ ക്ഷേത്രത്തിൽ ദൈവമില്ല’’
രാജാവിന് ക്ഷോഭം വന്നു, ദൈവമില്ലെന്നോ?
‘‘അല്ലയോ സന്യാസേ അങ്ങെന്താണ് നിരീശ്വരവാദികളെപ്പോലെ സംസാരിക്കുന്നത്?
അമൂല്യരത്നങ്ങളാൽ അലംകൃതമായ ശ്രീകോവിലിൽ തങ്കവിഗ്രഹമാണിരിക്കുന്നത്, എന്നിട്ടും താങ്കൾ പറയുന്നോ അവിടം ശൂന്യമാണെന്ന്?’’
‘‘അല്ല, അവിടം ശൂന്യമല്ല, എമ്പാടുമുണ്ട് രാജകീയാലങ്കാരങ്ങൾ.
ഹേ രാജൻ, അങ്ങ് സ്വയം പ്രതിഷ്ഠിച്ചിരിക്കുകയാണവിടെ, അല്ലാതെ
ലോകരുടെ ദൈവമല്ല’’-സന്യാസി പ്രതിവചിച്ചു
(ദീനോ ദാൻ- രബീന്ദ്രനാഥ ടാഗോർ)
പണിപൂർത്തിയായിട്ടില്ലാത്ത അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നുവെങ്കിൽ, ക്ഷണിച്ചിരുന്നുവെങ്കിൽ തന്റെ കവിതയിലെ ഇതേ വരികൾ തന്നെയാകുമായിരുന്നേനെ വിശ്വ ഹിന്ദു പരിഷത്തുകാരോട് ടാഗോറിന്റെ മറുപടി.
ഒരുകാലത്ത് മഹാനായ ടാഗോറിന്റെ സുഹൃത്തായിരുന്ന കോൺഗ്രസ് പാർട്ടി, അയോധ്യയിലെ ക്ഷേത്ര ചടങ്ങിൽ പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ കടുത്ത ആശയക്കുഴപ്പത്തിലായിരുന്നു. എന്നിരുന്നാലും, ഇത് വ്യക്തമായും ആർ.എസ്.എസ്/ബി.ജെ.പി ചടങ്ങാണെന്നും ക്ഷണം നിരസിക്കുന്നുവെന്നും ജനുവരി 10ന് അവർ പ്രഖ്യാപിച്ചു.
പക്ഷേ, ഇത് രാഷ്ട്രീയ പാർട്ടികളുടെ മാത്രം പ്രശ്നമാണോ അതോ രാജ്യത്തിന്റെ മുഴുവൻ പ്രശ്നമാണോ എന്ന് നാമെല്ലാവരും പരിശോധിക്കേണ്ടതുണ്ട്.
രാജ്യം എന്ന് പറയുമ്പോൾ, ഈ ക്ഷേത്രത്തിന്റെ നിർമാണം, അതിന്റെ തീയതി, ആരാണ് പങ്കെടുക്കുന്നത്, ആരാണ് പങ്കെടുക്കാത്തത് എന്നതൊന്നും മുസ്ലിംകൾ കാര്യമായി ശ്രദ്ധിക്കുന്നില്ല. ഈ ക്ഷേത്രത്തിന്റെ നിർമാണത്തിന് അവർ ഇതിനകം വിലനൽകിക്കഴിഞ്ഞു. രാമക്ഷേത്ര കാമ്പയിനിലെ മുദ്രാവാക്യങ്ങൾ ഓർത്തുനോക്കിയാൽ, അവ രാമനുവേണ്ടി എന്നതിനേക്കാളേറെ മുസ്ലിം വിരുദ്ധമായിരുന്നു.
ഈ ക്ഷേത്രം മുസ്ലിംകൾക്കെതിരായി നടന്ന അക്രമവും രക്തച്ചൊരിച്ചിലും ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കും. അവസാനം സുപ്രീംകോടതി കാണിച്ച ആത്യന്തികമായ അനീതി മുസ്ലിംകൾക്ക് മറക്കാനേ സാധിക്കില്ല. ഈ ക്ഷേത്രം രാമനോടുള്ള ആദരവിന്റെ സ്മാരകമല്ലെന്ന് അവർക്കറിയാം, കാരണം ഇത് മുസ്ലിംകൾക്കെതിരായ വിദ്വേഷത്തിന്റെയും അവരുടെ മേൽ നേടിയ വിജയത്തിന്റെയും പ്രതീകമാണ്.
ഈ രാജ്യത്തെ മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളും ഹിന്ദു പാർട്ടികളാണെന്നും അവർക്കറിയാം. ബി.ജെ.പി ഇതര കക്ഷികൾ മാത്രമല്ല ഇക്കാര്യത്തിൽ ഇതുവരെ നിലപാടെടുക്കാത്തത്.
ക്ഷണം സ്വീകരിച്ചില്ലെങ്കിൽ, പാർട്ടിക്ക് ഹിന്ദുക്കളുടെ അനുഭാവം നഷ്ടപ്പെടുമെന്ന അപകടമുണ്ട്, സ്വീകരിച്ചാൽ ധാർമികതയിൽ വിട്ടുവീഴ്ച ചെയ്യലുമാവും. എന്നിരുന്നാലും, ഈ രാജ്യത്ത് ഇപ്പോഴും ഒരു രാഷ്ട്രീയ ധാർമികതാബോധം അവശേഷിക്കുന്നുവെന്ന് അതുകൊണ്ട് അർഥമാക്കാനാവും. ഈ പറയുന്നത് ഉപരിപ്ലവമായ മതേതരത്വത്തെക്കുറിച്ചല്ല, വിശാലമായ അർഥത്തിൽ നീതിയുടെ ധാർമികതയെക്കുറിച്ചാണ്.
ഈ ക്ഷേത്രം ഒരു വലിയ അനീതിയുടെ പ്രതീകമാണെന്ന് നമുക്കറിയാം, അനീതി ആഘോഷിക്കപ്പെടുന്നത് ഉചിതമല്ല. എന്നാൽ ഇക്കാര്യം പരിഗണിക്കുന്നതിനുമുമ്പ്, ചില ചോദ്യങ്ങൾ കൂടി ഉയരുന്നു. ഈ ക്ഷേത്രത്തിൽ ഒരു തെറ്റും കാണാത്ത, ഇതൊരു പുണ്യസ്ഥലമാണെന്ന് കരുതുന്നവരോടാണ് ഈ ചോദ്യങ്ങൾ ചോദിക്കേണ്ടത്.
ഈ ക്ഷേത്രം ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും നമുക്കറിയാം. പിന്നെയെന്താണ് ക്ഷേത്ര പ്രതിഷ്ഠാ ഉദ്ഘാടനം നടത്താൻ ഇത്ര തിടുക്കം? പലപ്പോഴും, കുടുംബത്തിൽ നിന്നൊരാൾ വിദേശത്തേക്ക് പോകുന്നതിനുമുമ്പ്, പ്രായമേറിയ മാതാപിതാക്കൾക്ക് അവർ ജീവിച്ചിരിക്കെത്തന്നെ മക്കളുടെ വീട് യാഥാർഥ്യമായി എന്ന് സമാധാനം നൽകാൻ എന്നിങ്ങനെ ചില പ്രായോഗിക കാരണങ്ങളാൽ പൂർത്തിയാകാത്ത വീട്ടിൽ ഗൃഹപ്രവേശ ചടങ്ങ് നടത്താറുണ്ട്. പക്ഷേ, അപൂർണമായ ഒരു ക്ഷേത്രത്തിൽ രാം ലല്ലയെ പ്രതിഷ്ഠിക്കാൻ ഇത്രയധികം തിടുക്കം എന്താണ്? രാമന്റെ ആത്മാർഥ ഭക്തരായ, അതായത് രാഷ്ട്രീയ ഭക്തരല്ലാത്തവർ എങ്ങോട്ടും പോകുന്നില്ല. അവർക്ക് ഒരു തിരക്കുമില്ല.
അപൂർണമായ ക്ഷേത്രത്തിൽ രാംലല്ലയെ പ്രതിഷ്ഠിക്കാൻ ബി.ജെ.പി തിടുക്കംകൂട്ടുന്നതിന് ഒരേയൊരു കാരണമേ ഉള്ളൂവെന്ന് യഥാർഥ രാമഭക്തർ എന്ന് വിളിക്കുന്നവർ ഉൾപ്പെടെ ഏവർക്കും അറിയാം: മൂന്നുമാസത്തിന് ശേഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ്. ഉദ്ഘാടനം ഇപ്പോൾ നടത്തിയിട്ടുവേണം രാംലല്ലക്ക് ഉചിതമായ ഒരു ഇടം ഒരുക്കിയെന്ന് ബി.ജെ.പിക്ക് വീമ്പടിക്കാൻ.
ബാബരി മസ്ജിദ് നിലകൊണ്ട മണ്ണിൽ നരേന്ദ്ര മോദി ഭൂമിപൂജ നടത്തുന്നതിന്റെ ചിത്രങ്ങൾ ഇപ്പോഴും ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും അതൽപ്പം പഴകിയിരിക്കുന്നു. നരേന്ദ്ര മോദിയെ ഇന്ത്യയിലെ ‘പ്രഥമ ഹിന്ദു’ ആയി സ്ഥാപിച്ചെടുക്കാൻ അതുപോലുള്ള കൂടുതൽ ചിത്രങ്ങൾ ആവശ്യമാണ്, അയോധ്യയിൽ പ്രധാനമന്ത്രി രാം ലല്ലയെ പ്രതിഷ്ഠിക്കുന്ന ചിത്രം മോദിയെ രാമനെ നാട്ടിലേക്ക് കൊണ്ടുവന്ന രാജാവായി ഉയർത്തും. ആ ചിത്രത്തിന് വലിയ തെരഞ്ഞെടുപ്പ് പ്രാധാന്യമുണ്ട്.
രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയുടെ പ്രസ്താവന നിങ്ങൾ കേട്ടുകാണും. രാജാവ് വിഷ്ണുവിന്റെ അവതാരമാണെന്ന് വിശ്വസിക്കുന്ന റായി മോദി രാജാവാണെന്ന് ഉറപ്പിച്ചുപറയുന്നു; അതിനാൽ വിഷ്ണുവിന്റെ അവതാരമാണെന്നും കരുതുന്നു.
ക്ഷേത്ര പ്രതിഷ്ഠയുടെ ചിത്രങ്ങൾകൊണ്ട് മറ്റേതൊരു മുദ്രാവാക്യത്തേക്കാളും വാഗ്ദാനത്തേക്കാളും ഹിന്ദു മനഃശാസ്ത്രത്തെ സ്വാധീനിക്കാനാകുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു. സർക്കാറിന്റെ മറ്റ് പരാജയങ്ങൾ മറച്ചുവെക്കാൻ ഇത് ഏറെ ഉപകാരപ്പെടുമെന്ന് പറയാൻ നിങ്ങൾ വിശകലന വിദഗ്ധരാവണമെന്നില്ല. വരുത്തന്മാരായ മുഗളരുടെ കാലഘട്ടത്തിലെ കറകളെല്ലാം കഴുകിക്കളഞ്ഞ് ഉദയം ചെയ്യുന്ന ഒരു ‘ഹിന്ദു രാഷ്ട്ര’ത്തിന്റെ തെളിവ് കൂടിയാകും ഈ ചിത്രം.
ധാർമിക അനിശ്ചിതത്വത്തിന്റെ കാലത്ത്, മഹാത്മാഗാന്ധി എന്തു നിലപാടെടുക്കുമായിരുന്നുവോ അതിലേക്ക് തിരിയുന്ന ഇന്ത്യൻ പാരമ്പര്യം ഇപ്പോഴും നിലനിൽക്കുന്നു. സംശയാസ്പദമായ നടപടികളെ ന്യായീകരിക്കാനും വലിയ വലിയ ആളുകൾ ഗാന്ധിയുടെ പേര് ഉപയോഗിക്കുന്നു.
ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ക്ഷേത്ര ട്രസ്റ്റുകാർ തീർച്ചയായും ഗാന്ധിജിയെയും ചടങ്ങിലേക്ക് ക്ഷണിക്കുമായിരുന്നു. വിരോധാഭാസമെന്തെന്നാൽ, ഈ ട്രസ്റ്റുമായി ബന്ധപ്പെട്ട സംഘടനകളിലൊന്നിൽപെട്ട ആളായിരുന്നു ഗാന്ധിജിയെ കൊലപ്പെടുത്തിയവൻ.
വളരെ അപൂർവമായി മാത്രം ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്ന ഗാന്ധിജിക്ക് അമ്പലത്തിൽ പോയോ, കുങ്കുമമണിഞ്ഞോ, നെറ്റിയിൽ ചന്ദനമോ തിലകമോ ചാർത്തിയോ തന്റെ ‘ഹിന്ദുത്വം’ തെളിയിക്കേണ്ട കാര്യമില്ലായിരുന്നു. മറിച്ച്, തന്റെ ‘ഹിന്ദുത്വ’ത്തെ മറികടന്ന് പുതിയ അനുഭവങ്ങളാൽ സമ്പന്നമാക്കാനാണ് അദ്ദേഹം ജീവിതത്തിലുടനീളം ശ്രമിച്ചുപോന്നത്. അദ്ദേഹത്തിന് ഒരിക്കലും ശങ്കരാചാര്യരുടെയോ ഏതെങ്കിലും മത ഗുരുവിന്റെയോ അംഗീകാരം ആവശ്യമുണ്ടായിരുന്നില്ല. പലപ്പോഴും അരക്ഷിതരായി കാണപ്പെടുന്ന ഇന്നത്തെ രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം ആത്മവിശ്വാസമുള്ള ഹിന്ദുവായിരുന്നു.
ഇത്തരമൊരു നിമിഷം സംജാതമാവാതിരിക്കാൻ അദ്ദേഹം ശരീരത്തോടും ആത്മാവിനോടും പോരാടുമായിരുന്നു. തകർക്കപ്പെട്ട ബാബരി മസ്ജിദ് പുനർനിർമിച്ച് മുസ്ലിംകൾക്ക് തിരിച്ചുനൽകാൻ അദ്ദേഹം ഒരു പ്രസ്ഥാനത്തിനുതന്നെ തുടക്കമിടുമായിരുന്നു.
1947-48 കാലഘട്ടത്തിൽ ഡൽഹിയിലെ നിരവധി മുസ്ലിം പള്ളികളും കുടീരങ്ങളും ദർഗകളും ഹിന്ദുക്കളും സിഖുകാരും നശിപ്പിക്കുകയും പിടിച്ചെടുക്കുകയും ചെയ്തു. കൊണാട്ട് പ്ലേസ് മസ്ജിദ് പോലും പിടിച്ചെടുക്കപ്പെട്ടു, അതിനുള്ളിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചു. പിടിച്ചെടുത്ത മസ്ജിദുകൾ ഒഴിഞ്ഞുകൊടുക്കേണ്ടതിന്റെ ആവശ്യകത ഗാന്ധി നിരന്തരം ഊന്നിപ്പറഞ്ഞു.
അഭയാർഥികൾ കൈവശപ്പെടുത്തിയ ഇസ്ലാമിക നിർമിതികൾ ഒഴിപ്പിക്കാൻ അദ്ദേഹം കൂടുതൽ നിർബന്ധം പിടിച്ചു, ഈ നിലപാട് അവർക്കിടയിൽ രോഷത്തിന് കാരണമായി. ഈ നിർബന്ധംപിടിക്കൽ സർക്കാറിലുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ അസ്വസ്ഥമാക്കിയെങ്കിലും അദ്ദേഹം നിലപാടിൽ ഉറച്ചുനിന്നു.
സ്വാഭാവികമായും, തന്റെ നിലപാടുകാരണം ഗാന്ധി ഹിന്ദുക്കൾക്കിടയിൽ അനഭിമതനായി. എന്നിരുന്നാലും, അതുപേടിച്ച് അദ്ദേഹം തന്റെ നിലപാട് മാറ്റാനോ നിശ്ശബ്ദത പാലിക്കാനോ തുനിഞ്ഞില്ല. കുറ്റകൃത്യത്തെ കുറ്റകൃത്യം എന്നുതന്നെ വിളിച്ചിരുന്ന ഗാന്ധിജി അതുമായി സമരസപ്പെടാൻ തയാറായിരുന്നില്ല.
ബാബരി മസ്ജിദിനെ ക്ഷേത്രമാക്കി മാറ്റിയെടുത്തതിനുപിന്നിൽ രണ്ട് കുറ്റകൃത്യങ്ങൾ നടന്നതായി സുപ്രീം കോടതി സമ്മതിച്ചു. ആ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർ ശിക്ഷിക്കപ്പെട്ടോ? ശിക്ഷിക്കുന്നതിനുപകരം, കുറ്റകൃത്യം ആസൂത്രണം ചെയ്തവർക്ക് ക്ഷേത്രം പണിയാൻ പള്ളിയുടെ സ്ഥലം നൽകി. യുക്തിബോധമുള്ള ഒരാൾക്ക് ഇത് എങ്ങനെ അംഗീകരിക്കാനാവും? സാഹചര്യങ്ങൾ എത്ര പ്രതികൂലമാണെങ്കിലുമതെ, ഒരു കുറ്റകൃത്യത്തോട് എങ്ങനെ രാജിയാവാൻ കഴിയും?
ഈ പരിപാടികൾ മുഴുവൻ സംഘടിപ്പിക്കുന്നത് ബി.ജെ.പിയാണ്. ക്ഷേത്ര ഉദ്ഘാടനത്തിനുള്ള ക്ഷണക്കത്തുകളും അരിയും മഞ്ഞളും ചേർന്ന അക്ഷതത്തിന്റെ കെട്ടുകളുമായി ആർ.എസ്.എസ് പ്രവർത്തകർ വീടുകൾതോറും കയറിയിറങ്ങുന്നു.
ജനുവരി 22ന്, എല്ലാ പ്രദേശങ്ങളിലെയും ക്ഷേത്രങ്ങളിൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ‘ഗർഭഗൃഹം’ തുറക്കുന്നത് ആഘോഷിക്കാൻ പരിപാടികൾ സംഘടിപ്പിക്കണമെന്ന് നിർദേശിക്കുന്നത് എന്തുകൊണ്ടാണ്? എന്തിനാണ് എല്ലാ വീടുകളിലും ദീപാവലി ആഘോഷിക്കണമെന്ന് നരേന്ദ്ര മോദി ഹിന്ദുക്കളോട് പറയുന്നത്? 500 വർഷമായി ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് എന്തിനാണ് അവരോട് പറയുന്നത്? ജനുവരി 22ന് ലോകത്തിലെ 55 രാജ്യങ്ങളിൽ ഈ ക്ഷേത്രത്തിന്റെ ഉദ്ഘാടനം വി.എച്ച്.പി ആഘോഷിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഈ പരിപാടി സർക്കാർ ചെലവിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നത്?
ഈ പരിപാടിയിൽ പങ്കെടുക്കുന്നതിന് നാല് ശങ്കരാചാര്യന്മാർ വിസമ്മതമറിയിച്ചു. ഇതൊരു മതപരമായ പരിപാടിയല്ലെന്ന് അവർ പറഞ്ഞത് തീർത്തും ശരിയാണ്; ഇത് ബി.ജെ.പിയുടെ ഒരു രാഷ്ട്രീയ പരിപാടിയാണ്. ഈ ക്ഷേത്ര നിർമാണത്തിന്റെ ഓരോ ചുവടും പാപത്തിൽ മുങ്ങിയതാണെന്നുകൂടി പറയേണ്ടതുണ്ട്.
ടാഗോർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ബി.ജെ.പിയുടെ രാമക്ഷേത്രത്തെക്കുറിച്ച് അതിനിശിതമായ ഒരു കവിത എഴുതുമായിരുന്നുവെന്ന് നമുക്ക് ഉറപ്പിച്ച് പറയാൻ കഴിയും. ഈ അപരാധത്തിന് പ്രായശ്ചിത്തം ചെയ്യാൻ ഗാന്ധി ഒരു മുന്നേറ്റം നയിക്കുകയോ നിരാഹാരമനുഷ്ഠിക്കുകയോ ചെയ്യുമായിരുന്നു.
2024 ജനുവരി 22 പല അർഥത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശക്തി പരീക്ഷണമാണെന്ന് പറയാനാവും. അതിൽ ആരാണ് വിജയിക്കുന്നതെന്നും ആരാണ് തോറ്റുപോകുന്നതെന്നും നമുക്ക് കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.