രണ്ടുകൊല്ലത്തെ ഭരണത്തിൽ ഇടതുമുന്നണി ഗവൺമെൻറ് എവിടെയെത്തി എന്ന് വിവിധ വകുപ്പുകൾ വിശകലനം ചെയ്ത് ഒരു അന്വേഷണം
സേമ്മാഹന വാഗ്ദാനങ്ങളുമായി ഭരണത്തിൽവന്ന്, മിടുക്കെരന്ന് പൊതുജനം ധരിച്ചിരുന്ന ഏതാനുംപേരെയെങ്കിലും അണിചേർത്ത് മന്ത്രിസഭ രൂപവത്കരിച്ചപ്പോൾ ഇടതുമുന്നണി ഗവൺമെൻറ് പ്രതീക്ഷക്കൊത്തുയരുമെന്ന് ഏവരും ധരിച്ചു. കർക്കശക്കാരനായ മുഖ്യമന്ത്രി തന്നെ ആഭ്യന്തരം ഏറ്റെടുത്തതും നല്ല സൂചനയായി ജനം കണ്ടു. എന്നാൽ, സമർഥർ അദ്ദേഹത്തിെൻറ കീഴിൽ മന്ത്രിമാരായപ്പോൾ നഷ്ടപ്രജ്ഞരും മിണ്ടാപ്രാണികളുമായതുപോലെ! ആഭ്യന്തരവകുപ്പിനെ സംസ്ഥാനത്തിെൻറ നിയമസമാധാന പാലനത്തിനെന്നതിലുപരി പാർട്ടി വളർത്തുന്നതിനാണ് ഉപയോഗിക്കുന്നതെന്ന തിരിച്ചറിവ് വേണ്ടിവരുന്നു. കസ്റ്റഡി മരണം, കൊലപാതകം, ബാലപീഡനങ്ങൾ ഇവയൊക്കെ തുടർക്കഥയാവുന്നു. നടിയെ പീഡിപ്പിച്ച കൊച്ചി രാജാവിനെ പീഡനം നടന്ന അന്നുതന്നെ തിരിച്ചറിഞ്ഞിട്ടും അഞ്ചുമാസത്തോളമെടുത്തു അറസ്റ്റ് ചെയ്യാൻ. ദൈവത്തിെൻറ സ്വന്തം നാട്ടിൽ വിദേശവനിത കൊല്ലപ്പെട്ടിട്ടും എന്താണ് സംഭവിച്ചതെന്ന് ഏവർക്കുമറിയാം.
എന്താണ് ആഭ്യന്തരവകുപ്പിന് സംഭവിക്കുന്നത്? സ്വന്തം വകുപ്പിെൻറ മോശം പ്രകടനംകൊണ്ട് ഗവൺമെൻറിെൻറ പ്രതിച്ഛായ തകർക്കാൻ മുഖ്യമന്ത്രി ഒരുെമ്പട്ടിറങ്ങുമെന്ന് വിശ്വസിക്കുക വയ്യ. ആഭ്യന്തരവകുപ്പിെൻറ പരാജയത്തിനുപിന്നിൽ പല കാരണങ്ങളുണ്ടാവാം. ആഭ്യന്തരവകുപ്പിെൻറ പ്രകടനം മോശമാക്കി, പിണറായി വിജയനെ പിറകിൽനിന്ന് കുത്താനാഗ്രഹിക്കുന്ന ലോബി പാർട്ടിക്കകത്ത് തന്നെയുണ്ടാവാം. അല്ലെങ്കിൽ രാജാവിനേക്കൾ കൂടുതൽ രാജഭക്തി കാണിക്കുന്ന, വ്യക്തിത്വവും തത്ത്വദീക്ഷയുമില്ലാത്ത, അവസരമോഹികളായ ഒരുപറ്റം പൊലീസുകാർ സേനയുടെ മുഖം വികൃതമാക്കുന്നതാവാം. അതുമല്ലെങ്കിൽ ഭരണം കൈയിലുണ്ടെന്ന ധാർഷ്ട്യത്തിൽ പൊലീസിനെ വരച്ചവരയിൽ നിർത്തുന്ന പാർട്ടി അണികളാവാം. ഏത് ലോബിയുടെ നീരാളിപ്പിടിത്തത്തിലാണ് ആഭ്യന്തരവകുപ്പെങ്കിലും, ഇങ്ങനെപോയാൽ അടുത്ത ഇലക്ഷൻ വരുേമ്പാൾ ‘പാടത്തുപണിക്ക് വരമ്പത്ത് കൂലി’ ഉറപ്പാണ്.
‘‘ഒാരോ ഫയലിന് പിറകിലും ഒരു മനുഷ്യജീവിതമുണ്ട്. അതിനാൽ ഫയലുകൾ വെച്ചുതാമസിപ്പിക്കരുത്’’ എന്ന സാരോപദേശത്തോടെ കാര്യക്ഷമത ഉറപ്പുവരുത്തുമെന്ന് കന്നിപ്രസംഗത്തിൽതന്നെ ഉറപ്പിച്ചുപറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഭരണമേറ്റത്. ഭരണം തുടങ്ങി ഒന്നരവർഷം കഴിഞ്ഞപ്പോൾ കെട്ടിക്കിടക്കുന്ന ഫയലുകളെപ്പറ്റി വിവരാവകാശനിയമപ്രകാരം നിയമസഭയിൽ ലഭ്യമാക്കിയ ഉത്തരം ഒന്നേകാൽ ലക്ഷം കവിഞ്ഞിരിക്കുന്നു എന്നാണ്. ഭരണാരംഭത്തിൽതന്നെ മെല്ലെപ്പോക്കിലൂടെയാണ് ഉദ്യോഗസ്ഥവൃന്ദം മുഖ്യമന്ത്രിക്ക് മറുപടി നൽകിയത്. പഞ്ചിങ് പലതവണ പരാജയപ്പെടുത്തിയ അവർ, വകുപ്പുമേധാവികൾക്ക് നിയന്ത്രണാധികാരം കൊടുത്തിരിക്കുന്ന പുതിയ സമീപനത്തെ എങ്ങനെ നേരിടുമെന്ന് നോക്കിയിരുന്നുകാണാം. ഉത്തരവാദിത്തമുള്ളിടത്തേ അവകാശത്തിന് പ്രസക്തിയുള്ളൂവെന്ന കാര്യം തൊഴിലാളികൾക്ക് ചൊല്ലിക്കൊടുക്കാത്തതിെൻറ ഉത്തരവാദിത്തം മാർക്സിസ്റ്റ് പാർട്ടിക്കുതന്നെ അവകാശപ്പെട്ടതാണ്. ഇന്നിപ്പോൾ ഭരണലക്ഷ്യം ജനസേവനമല്ല, ഉദ്യോഗസ്ഥക്ഷേമം മാത്രമാെണന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച മന്ത്രിമാരും വകുപ്പുകളും പ്രതീക്ഷക്കൊത്തുയർന്നില്ല. ഒാരോ വകുപ്പും മിഷൻ മോഡൽ പ്രവർത്തനം നടത്തുമെന്നുറപ്പിച്ചുപറഞ്ഞ് കഴിഞ്ഞ രണ്ട് ബജറ്റിലും അതിനുള്ള മാർഗരേഖകളും അവതരിപ്പിച്ചിരുന്നു. എന്നാൽ, പ്രവർത്തനഫലം അത്രക്കൊന്നും കാണാനില്ല.
ധനവകുപ്പ്
കഴിഞ്ഞ ഏതാനും വർഷമായി സംസ്ഥാനം കടുത്ത ധന പ്രതിസന്ധിയിലാണ്. ഇടതുപക്ഷം ഭരണത്തിലെത്തുേമ്പാഴും തുടർന്നും അതു തുടരുന്നു. സാമ്പത്തിക നിപുണനായ ധനമന്ത്രി നല്ല മെയ്വഴക്കത്തോടെ ട്രഷറി അടക്കാതെതന്നെ ഒരുവിധത്തിൽ കാര്യങ്ങൾ തള്ളിനീക്കി. എന്നാൽ, വിഭവസമാഹരണത്തിൽ വേണ്ടത്ര ശുഷ്കാന്തി കാണിച്ചില്ല. ചരക്കുവേസന നികുതി നടപ്പാക്കിയതുമൂലം ധനമന്ത്രിക്ക് കാര്യമായിെട്ടാന്നും ചെയ്യാനില്ലെന്ന വാദം തെറ്റാണ്. സംസ്ഥാനത്തിെൻറ തനത് നികുതിവരുമാനത്തിൽ 50 മുതൽ 60 ശതമാനം വരെ ലഭിക്കുന്നത് ജി.എസ്.ടിക്ക് പുറത്തുള്ള ഇനങ്ങളിൽനിന്നാണ്. പെട്രോളിയം ഉൽപന്നങ്ങൾ, മദ്യം, റിയൽ എസ്റ്റേറ്റ്, ഇലക്ട്രിസിറ്റി ഇവ നാലും. ഇൗ നാലിനങ്ങളും അവസരത്തിനനുസരിച്ച് പ്രയോജനപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. കേന്ദ്രം പെട്രോളിയത്തിൻമേലുള്ള എക്സൈസ് തീരുവ വർധിപ്പിച്ചേപ്പാഴൊക്കെ ധനപ്രതിസന്ധിയുടെ മറവിൽ സംസ്ഥാനത്തും പെട്രോളിയം ഉൽപന്നങ്ങളിലുള്ള വിൽപനനികുതി വർധിപ്പിക്കുന്നതിൽനിന്ന് അദ്ദേഹം പിന്മാറിയില്ല. യു.ഡി.എഫ് ഭരിച്ച സമയത്ത് കേന്ദ്രം എക്സൈസ് തീരുവ വർധിപ്പിച്ചപ്പോഴും മൂന്നുതവണ കേരളം വർധിപ്പിക്കാതിരുന്നതിനാൽ 681 കോടി വേണ്ടെന്നുവെച്ചു എന്നോർക്കണം. അന്നും ഇതേ രൂക്ഷതയിൽ ധനപ്രതിസന്ധിയുണ്ടായിരുന്നു. അതുകൊണ്ട് ഇടത്സർക്കാർ ജനപക്ഷത്തുതന്നെയോ എന്ന സംശയം ബാക്കിയാവുന്നു.
രൂക്ഷമായ ധനപ്രതിസന്ധിയിലും കുടിശ്ശിക പിരിച്ചെടുക്കാൻ കർശന നിലപാടെടുത്തിട്ടില്ലെന്ന് 2018-19ലെ ബജറ്റ് ഡോക്യുമെൻറ് പി.എ-45 വ്യക്തമാക്കുന്നു. 2017-2018-’19 വർഷങ്ങളിലായി പിരിച്ചെടുക്കാൻ നിയമ തടസ്സങ്ങളൊന്നുമില്ലാത്ത 1852.27 കോടി രൂപ കുടിശ്ശിക ഉള്ളതായി പറയുന്നു. ഇതുതന്നെയാണ് നികുതിയിതര വരുമാനം സമാഹരിക്കുന്ന കാര്യത്തിെലയും ശുഷ്കാന്തിയില്ലായ്മ. 36ഒാളം സർക്കാർ വകുപ്പുകളിലായി ചിതറിക്കിടക്കുകയാണ് നികുതിയിതര വരുമാനസ്രോതസ്സുകൾ. സമയബന്ധിതമായി പരിഷ്കരിക്കേണ്ടവ പരിഷ്കരിച്ച് നിഷ്കർഷതയോടെ പിരിച്ചെടുത്താൽ ‘കിഫ്ബി’ വഴിയല്ലാതെ മൂലധന സ്വരൂപണം നടത്താൻ കേരളത്തിന് കഴിയും. പിരിച്ചെടുക്കാൻ കൂട്ടാക്കാത്ത വകുപ്പുകളുടെ ഇൻക്രിമെൻറും പ്രമോഷനും പിരിച്ചെടുക്കലുമായി ബന്ധിപ്പിച്ചാൽ എപ്പോൾ പിരിച്ചെടുത്തു എന്നു നോക്കിയാൽമതി. സമാഹരിക്കാനുള്ളത് വിട്ടുകളയുേമ്പാഴും അനാവശ്യ ചെലവുകൾക്ക് ഒരു കുറവുമില്ല, ധൂർത്തിനും.
ജീവനക്കാരുടെ പ്രമോഷൻ സാധ്യതകൾ വർധിപ്പിക്കാൻ ഉയർന്ന തസ്തികകൾ സൃഷ്ടിച്ചെടുക്കലാണ് ഖജനാവിന് തുളവീഴ്ത്തുന്ന ഏറ്റവുംവലിയ നടപടി. തസ്തികകൾ സൃഷ്ടിക്കുന്നതോടൊപ്പം ഒാഫിസ് ആഡംബരങ്ങളും ആഡംബര കാറുകളും വേണം. അതിനായി സപ്ലിമെൻററി ഡിമാൻഡ് േഫാർ ഗ്രാൻഡ് (എസ്.ഡി.ജി) എന്ന ലേബലിൽ നിയമസഭയുടെ അംഗീകാരം നേടുന്നു. ബജറ്റിനെത്തന്നെ ടോർപിഡോ ചെയ്യുന്ന രീതിയിലാണ് എസ്.ഡി.ജിയുടെ പെരുപ്പവും വലുപ്പവും. കേന്ദ്രമന്ത്രിക്ക് 16 പേഴ്സനൽ സ്റ്റാഫ്. സംസ്ഥാന മന്ത്രിമാർക്ക് 30. ഉപദേശകവൃന്ദത്തിെൻറ കണക്കുകൂടി േചർത്താൽ മുഖ്യമന്ത്രിയുടെ സ്റ്റാഫ് 40ന് അടുത്തെത്തും. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഭരണം കൈയാളുന്നവർ അകമ്പടിക്കാെരയോ ആഡംബര വാഹനങ്ങളോ ഉപയോഗിക്കരുതെന്ന് ഉപദേശിച്ച രാഷ്ട്രപിതാവിെൻറ നാടാണിത്. പേഴ്സനൽ സ്റ്റാഫ് രണ്ടുവർഷം തികച്ചാൽ പെൻഷന് അർഹതനേടും. തന്മൂലം രണ്ടുവർഷം തികയുന്ന മുറക്ക്് കഴിയുന്നത്ര പേരെ മാറ്റി പുതിയവരെ നിയമിക്കുന്നു. നോക്കണേ, 30 മുതൽ 40 വർഷം വരെ കെ.എസ്.ആർ.ടി.സി വഴി സംസ്ഥാനത്തെയും ജനങ്ങളെയും സേവിച്ചവർക്ക് പെൻഷനില്ലാത്ത കാലത്താണ് രാഷ്ട്രീയക്കാരുടെ ഇൗ തോേന്ന്യാക്രസി. ദേശീയതലത്തിൽ സിവിൽ സർവിസ് പരീക്ഷ െതാട്ടുള്ള എല്ലാ പരീക്ഷകളും കുറ്റമറ്റരീതിയിൽ നടത്തുന്ന യൂനിയൻ പബ്ലിക് സർവിസ് കമീഷന് 11 അംഗങ്ങൾ. കൊച്ചു കേരളത്തിലെ പി.എസ്.സിക്ക് 22 അംഗങ്ങൾ. യു.ഡി.എഫിെൻറ കാലത്ത് അത് 21 ആയിരുന്നു. കേന്ദ്രമന്ത്രിമാർക്ക് അംബാസഡർ കാർ. സംസ്ഥാന മന്ത്രിമാർക്ക് ആഡംബര കാർ. കേന്ദ്രമന്ത്രിമാർക്കെന്നപോലെ സംസ്ഥാന മന്ത്രിമാരുടെയും കാറുകൾ ബുള്ളറ്റ്പ്രൂഫ് ആക്കണം. എന്നിട്ട് േപഴ്സനൽ സ്റ്റാഫിെൻറ എണ്ണം 10 ആയി ചുരുക്കണം. ഇങ്ങനെ ധൂർത്തിന് എത്രയെത്ര ഉദാഹരണങ്ങൾ. ഇലക്ട്രോണിക് ഗവേണൻസിെൻറ കാലത്താണ് സർക്കാർ തലങ്ങും വിലങ്ങും വളർന്നുപന്തലിക്കുന്നത്. ഇൗ ഭാരമെല്ലാം അവസാനം കെട്ടിവെക്കുന്നത് നികുതിദായകരായ സാധാരണ ജനങ്ങളുെട ചുമലിലാണ്. ഇവിടെ മാധ്യമങ്ങൾക്കൊരു ദൗത്യം നിർവഹിക്കാനുണ്ട്. മിനിമം ഗവൺമെൻറ്, മാക്സിമം ഗേവണൻസ് എന്ന സന്ദേശം ജനങ്ങൾക്ക് കൈമാറുക.
കിഫ്ബിയും ലോക മലയാളിസഭയും
ഇതു രണ്ടും തമ്മിൽ എന്തു ബന്ധമെന്നേല്ല? വിദേശ മലയാളികൾ കേരളത്തിലേക്ക് അയക്കുന്ന പണം ലക്ഷം കോടി പിന്നിട്ടിട്ടും നാളിതുവരെ ഒരു ഗവൺമെൻറിനും തോന്നാതിരുന്നതാണ്, അവരെ ചേർത്തുനിർത്തി അവരുടെ സമ്പാദ്യം സംസ്ഥാനവളർച്ചക്ക് ചുക്കാൻപിടിക്കുന്ന രീതിയിൽ തിരിച്ചുവിടണമെന്നത്. ഇൗ നല്ല പാഠം ചൈന പണ്ടേ കാണിച്ചുതന്നതാണ്. ഏതായാലും ഇത്തവണ ലോക മലയാളിസഭ വിളിച്ചുകൂട്ടുക വഴി നല്ലൊരു നയതന്ത്ര മുന്നേറ്റമാണ് ഗവൺമെൻറ് നടത്തിയിരിക്കുന്നത്. ഇൗ പശ്ചാത്തലം കേരള ഇൻഫ്രാസ്െട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് േബാർഡ് (കിഫ്ബി) രൂപവത്കരിക്കാൻ അനിവാര്യമായിരുന്നു. കിഫ്ബി വഴിയുള്ള മൂലധനസമാഹരണത്തിനായി ഇറക്കുന്ന മസാല ബോണ്ടുകളിൽ നിക്ഷേപം ആകർഷിക്കാനുള്ള ആദ്യപടിയായിരുന്നു ‘ലോക മലയാളിസഭ’. രണ്ടാംപടിയാണ് ബജറ്റിൽ ധനകമ്മിയും റവന്യൂ കമ്മിയും എഫ്.ആർ.ബി.എം (Fiscal Responsibility and Budget Management Act) നിർദേശിച്ചിട്ടുള്ളതനുസരിച്ച് കുറച്ചുകൊണ്ടുവരാനും കേരളം സുസ്ഥിര വികസനത്തിലേക്കാണ് കടക്കെണിയിലേക്കല്ല എന്ന സന്ദേശം കൈമാറാനുമുള്ള ശ്രമം. അതുേപാലെ, കിഫ്ബിക്ക് സുരക്ഷിത നങ്കൂരമായാണ് ബജറ്റ് വഴി മോേട്ടാർ വാഹന നികുതിയുടെ 50 ശതമാനം കിഫ്ബി നിധിയിലേക്ക് തിരിച്ചുവിട്ടത്. അടിസ്ഥാന സൗകര്യ വികസനത്തിനായി 50,000 കോടിയുടെ മൂലധന സമാഹരണവും വിനിയോഗിക്കലുമാണ് പ്രകടനപത്രികയും കഴിഞ്ഞ രണ്ട് ബജറ്റുകളും മുന്നോട്ടുവെക്കുന്നത്. മുരടിപ്പിലാണ്ട കാർഷിക, വ്യവസായിക മേഖലകളിൽ ഉണർവുണ്ടാകണമെങ്കിൽ അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന വികസനം അനിവാര്യമാണ്. സ്റ്റാർട്ടപ്പുകൾ, മറ്റു പുതുസംരംഭങ്ങൾ എന്നിവ ഉയർന്നുവരണമെങ്കിൽ വ്യവസായ സൗഹൃദ അന്തരീക്ഷവും കുറഞ്ഞ ലോജിസ്റ്റിക് െചലവും യാഥാർഥ്യമാകണം. പാസഞ്ചർ ട്രെയിനുകൾ വിട്ട് ൈഹപ്പർ ലൂപ്പിലേക്കാണ് ലോകം നീങ്ങുന്നത്. അതുകൊണ്ട് ‘കിഫ്ബി’ എന്ന വെല്ലുവിളി ഏറ്റെടുക്കാൻ മലയാളികൾ തയാറാകണം. ‘അയ്യോ കടം’ എന്നുപറഞ്ഞ് ഭയന്ന് മാളത്തിൽ ഒളിക്കൂ എന്ന സന്ദേശമല്ല ഗവൺമെൻറിന് നൽേകണ്ടത്.
(മറ്റു വകുപ്പുകളിലേക്ക് നാളെ)(സാമ്പത്തിക വിദഗ്ധയാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.