ആർ.ബി. ശ്രീകുമാർ, ജസ്റ്റിസ് ഖാൻവിൽകർ, ടീസ്റ്റ സെറ്റൽവാദ്

ജസ്റ്റിസ് ഖാൻവിൽകർ വിരമിച്ചപ്പോൾ

ജസ്റ്റിസ് എ.എം. ഖാൻവിൽകർ ഇക്കഴിഞ്ഞ മാസം 29ന് സുപ്രീംകോടതിയിൽനിന്ന് വിരമിച്ചു. 2016 മേയ് 13ന് ആരംഭിച്ച അദ്ദേഹത്തിന്റെ സുപ്രീംകോടതിയിലെ ന്യായാധിപവൃത്തി ആദ്യമാസങ്ങളിൽ വിവാദരഹിതവും പ്രായേണ സൗമ്യവും ആയിരുന്നു. എന്നാൽ, വിധികളുടെയും വിധിയിൽ പുലർത്തിപ്പോന്ന സമീപനങ്ങളുടെയും പേരിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടാണ് സുപ്രീംകോടതിയിൽ നിന്നുള്ള പടിയിറക്കം.

ഈ വിമർശനം എന്തുകൊണ്ടും അദ്ദേഹം അർഹിച്ചതുമാത്രമാണ്. ഭീമാ കൊറെഗാവ് കേസിലെ അറസ്റ്റുമായി ബന്ധപ്പെട്ട് സ്വതന്ത്രമായ പ്രത്യേകാന്വേഷണം വേണമെന്ന ഹരജി തള്ളിയ ഭൂരിപക്ഷ ബെഞ്ചിൽ ഖാൻവിൽകറുടെ സജീവസാന്നിധ്യമുണ്ടായിരുന്നു. ഇപ്പോൾ പലരും സ്വതന്ത്രമായ ചിന്തയുടെയും വിയോജിപ്പിന്റെയും പേരിൽമാത്രം വർഷങ്ങളോളം ജയിലിൽ കിടക്കേണ്ടിവരുന്നത് രാഷ്ട്രീയപ്രേരിതമായ അന്വേഷണത്തിന്റെയും പ്രോസിക്യൂഷന്റെയും തുടർച്ചയായിട്ടാണെന്നതോർമിക്കുക. 2021 ജൂലൈ അഞ്ചിന് സ്റ്റാൻസ്വാമി രക്തസാക്ഷിത്വം വരിച്ചതും ഇതേ കേസിൽ പ്രതിയെന്ന നിലയിൽത്തന്നെയായിരുന്നു.

പിൽക്കാലത്ത്, ജസ്റ്റിസ് ഖാൻവിൽകർ പ്രായേണ മുതിർന്ന ന്യായാധിപനായി മാറിയപ്പോൾ, വിധികളുടെ കർതൃപരമായ നേതൃത്വം അദ്ദേഹത്തിനു ലഭിച്ചു. അങ്ങനെയുണ്ടായ വിധികൾ ഇന്ത്യയിലെ പൗരാവകാശങ്ങൾക്കും ഭരണഘടനമൂല്യങ്ങൾക്കും ആഴത്തിലുള്ള ക്ഷതങ്ങളാണേൽപിച്ചത്.

ടീസ്റ്റാ സെറ്റൽവാദും ആർ.ബി. ശ്രീകുമാറുമടക്കം സ്വന്തം മനസ്സാക്ഷിയോടും തങ്ങൾ ജീവിക്കുന്ന കാലത്തോടും ഇരകളാക്കപ്പെട്ട മനുഷ്യരോടും കൂറുപുലർത്തിയവർ ഇന്ന് ജയിലിലാണ്. ഈ കുറിപ്പെഴുതുമ്പോൾ ഗുജറാത്തിലെ പ്രാദേശിക കോടതി അവർക്ക് ജാമ്യം നിഷേധിച്ചത് 20 വർഷങ്ങൾക്കു മുമ്പ് ഗുജറാത്ത് കലാപത്തിന്റെ ഇരകൾക്ക് അവർ നടത്തിയ മനുഷ്യാവകാശ നിയമപോരാട്ടത്തിന്റെ പേരിലാണ്. കലാപത്തിന്റെ കാര്യത്തിൽ അന്വേഷണവും തുടർനടപടിയും വേണമെന്ന കാര്യം നിരാകരിച്ചതിനു പുറമെ, വാദികളെ പ്രതികളാക്കുന്ന തരത്തിലുള്ള നിരീക്ഷണങ്ങളാണ് സുപ്രീംകോടതിയിൽനിന്ന് ഉണ്ടായിട്ടുള്ളത്.

ആ ബെഞ്ചിനുവേണ്ടി വിധിയെഴുതിയതും ജസ്റ്റിസ് എ.എം. ഖാൻവിൽകർതന്നെ. അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ മരവിപ്പിക്കാമെന്ന എ.ഡി.എം ജബൽപുർ കേസിലെ (1976) വിധിയോട് 'കിടപിടിക്കുന്ന'താണ് ടീസ്റ്റക്കും ശ്രീകുമാറിനുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട വിധിന്യായം. വിശദമായ പരിശോധനയോ യുക്തിഭദ്രമായ കാരണങ്ങളോ കൂടാതെ നിയമപോരാട്ടം നടത്തിയെന്നതിന്റെ പേരിൽമാത്രം സാമൂഹിക പ്രവർത്തകർക്കെതിരെ നടപടിവേണമെന്ന വിധികണ്ട് നടുങ്ങിപ്പോയത് ഒരു രാഷ്ട്രത്തിന്റെതന്നെ നിഷ്പക്ഷ നീതിബോധമാണ്.

ഈ വർഷം തന്നെ ഹിമാൻഷു കുമാറിന്റെ കേസിൽ ഛത്തിസ്ഗഢിലെ ആദിവാസികളെ കൂട്ടക്കൊല ചെയ്തതിന്റെ പേരിൽ സുപ്രീംകോടതിയിൽ എത്തിയ ഹരജിക്കാരനെ ഖാൻവിൽകറുടെ ബെഞ്ച് കഠിനമായിത്തന്നെ 'ശിക്ഷിച്ചു'.അഞ്ചു ലക്ഷം രൂപ പിഴ വിധിച്ചതിനു പുറമെ, ഹരജിക്കാരനെ നിയമപരമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹത്തിന്റെ ബെഞ്ച് വിധിയെഴുതി.

ഏറ്റവുമൊടുവിൽ വിരമിക്കുന്നതിന് തൊട്ടുമുമ്പ് വിജയ് മദൻലാൽ ചൗധരിയുടെ കേസിൽ അദ്ദേഹം നേതൃത്വം നൽകിയ ബെഞ്ചിന്റെ വിധി 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ മാരക വ്യവസ്ഥകളെ സാധൂകരിക്കുന്നതായിരുന്നു. കള്ളപ്പണത്തിനെതിരെ ശക്തവും ഫലപ്രദവുമായ നടപടികൾ വേണമെന്ന കാര്യത്തിൽ രാജ്യസ്നേഹികൾക്കാർക്കും അഭിപ്രായ വ്യത്യാസമില്ല. എന്നാൽ, രാഷ്ട്രീയ എതിരാളികളെ പിടിച്ച് ഏകപക്ഷീയമായി അറസ്റ്റ് ചെയ്ത് ജാമ്യം നിഷേധിക്കുന്നതിനും അതുവഴി രാജ്യത്തെ പ്രതിപക്ഷത്തെത്തന്നെ ഫലത്തിൽ നിരോധിക്കുന്നതിനുമായി നിയമത്തെ ഉപയോഗിക്കുന്നത് ഒരു സമകാലിക ഇന്ത്യൻ യാഥാർഥ്യമാണ്.

അവ്യക്തവും ദുർഗ്രഹവുമായ നിയമത്തിലെ മൂന്നാം വകുപ്പിനെ ശരിവെച്ചുകൊണ്ട് സുപ്രീംകോടതി വിധി പറഞ്ഞപ്പോൾ ന്യായീകരിക്കപ്പെടുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഉപയോഗിച്ച് കേന്ദ്രം നടത്തിയ അതിക്രമങ്ങൾ തന്നെയായിരുന്നു. ഇ.ഡി നടത്തുന്ന അറസ്റ്റുകളെയും അവർ ബലപ്രയോഗത്തിലൂടെ നേടിയെടുക്കുന്ന 'കുറ്റസമ്മതങ്ങളെ'യും സാധൂകരിക്കുന്ന നിയമത്തിലെ വകുപ്പുകൾക്ക് സുപ്രീംകോടതിയുടെ അംഗീകാരം ലഭിക്കുമ്പോൾ, തിരസ്കരിക്കപ്പെടുന്നതും ഒരു രാജ്യത്തിന്റെ നീതിബോധമാണ്.

പ്രതിയുടെ നിരപരാധിത്വം ഉറപ്പിച്ചാൽമാത്രം, പ്രോസിക്യൂഷന്റെ വാദങ്ങൾ പരിഗണിച്ച ശേഷം ജാമ്യം നൽകിയാൽ മതിയെന്ന നിയമത്തിലെ 45ാം വകുപ്പിനെ കർക്കശമായി വ്യാഖ്യാനിക്കുകയാണ് കോടതി ചെയ്തത്. ഫലത്തിൽ കള്ളപ്പണ കേസുകളിൽ ജാമ്യം കിട്ടാക്കനിയാക്കുന്ന വ്യവസ്ഥ ഭരണഘടനാപരമായി സാധുവാണെന്ന് കോടതി പറഞ്ഞു. ഓരോ കേസിലെയും വസ്തുതകൾ പ്രഥമദൃഷ്ട്യാ പരിശോധിച്ച്, അവയുടെ ഉള്ളടക്കങ്ങൾ വ്യവഛേദിച്ചറിഞ്ഞ് ജാമ്യം നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വിചാരണ കോടതികളും പിന്നീട് ഉയർന്ന കോടതികളുമാണ്.

പശ്ചിമ ബംഗാളിലെ മുൻമന്ത്രി പാർഥ ചാറ്റർജിയുടെ അറസ്റ്റിനെത്തുടർന്ന് അദ്ദേഹത്തിനും പെൺസുഹൃത്തിനുമെതിരെ നടപടികൾ വന്നപ്പോൾ, നിഷ്പക്ഷമതികളാരും ആ നടപടികളെ എതിർക്കാൻ തയാറായില്ല. തൃണമൂൽ കോൺഗ്രസിനുപോലും അദ്ദേഹത്തെ മന്ത്രിസഭയിൽനിന്നും പാർട്ടിയിൽനിന്നും പുറത്താക്കേണ്ടി വന്നു.

എന്നാൽ, പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ആരോപണങ്ങൾ തട്ടിക്കുടഞ്ഞെടുത്ത് ഓരോ സംസ്ഥാനത്തെയും പ്രതിപക്ഷ നേതാക്കളെയും മറുചേരിയിലുള്ള ദേശീയ നേതാക്കളെയുമെല്ലാം കേന്ദ്ര ഏജൻസികളെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് ജയിലിലിടാം എന്ന അവസ്ഥയാണുള്ളത്. ഇതിനുതകുന്ന വിധത്തിൽ വ്യവസ്ഥകളെ വ്യാഖ്യാനിച്ചതിനാലാണ് വിജയ് മദൻലാൽ ചൗധരി കേസിലെ വിധി ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയാകുന്നത്.

മുമ്പ് നിയമവിരുദ്ധ പ്രവർത്തന തടയൽ നിയമ (യു.എ.പി.എ) ത്തിലെ 43 ഡി (5) വകുപ്പിനെ വ്യാഖ്യാനിച്ചു കൊണ്ട് കേവലം ആരോപണങ്ങളുടെ സ്വഭാവം വെച്ചുകൊണ്ട് അവ പ്രഥമദൃഷ്ട്യാ ശരിയാണെന്നു തോന്നിയതിന്റെ പേരിൽമാത്രം പ്രതികൾക്ക് ജാമ്യം നിഷേധിക്കാമെന്ന് സഹൂർ അഹ്മദ് ഷാ വടാലിയുടെ കേസിൽ (2019) ജസ്റ്റിസ് ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു. ആരോപണങ്ങളുടെ വിശദമായ പരിശോധനക്ക് പോലും വിചാരണകോടതികൾ തുനിയരുതെന്ന വിധിയിലെ സൂചന നൂറുകണക്കിന് മനുഷ്യരെ ജാമ്യം നൽകാതെ തടവിലിടാൻ ഇടയാക്കി. ഉമർ ഖാലിദിനെയും സിദ്ദീഖ് കാപ്പനെയും പോലെ എത്രയോ ആളുകൾ ഈ നിയമത്തിന്റെയും നിയമവ്യാഖ്യാനത്തിന്റെയും ഇരകളായി.

ഒരു രാജ്യത്തിന്റെ ഭരണഘടന എത്രതന്നെ മഹത്തരമാകട്ടെ, അവിടത്തെ ക്രിമിനൽ നിയമങ്ങളിലാണ് വ്യക്തിസ്വാതന്ത്ര്യത്തിന്റെ അടിവേരുകൾ നിലനിൽക്കുന്നത്. സ്വാതന്ത്ര്യത്തെ നിഹനിക്കുന്ന കഠോരനിയമങ്ങളെ റദ്ദാക്കുന്നതിനുപകരം നിലനിർത്തുകയും പോഷിപ്പിക്കുകയും ചെയ്യുമ്പോൾ ഭരണകൂടം ജനവിരുദ്ധമായി മാറുന്നു. ഇത്തരം ദുർഘട സന്ധികളിൽ എന്താകരുത് സുപ്രീംകോടതി എന്ന് ഖാൻവിൽകറുടെ പല വിധിന്യായങ്ങളിലൂടെയും നാം തിരിച്ചറിയുന്നു.

Tags:    
News Summary - When Justice Khanwilkar retired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.