സിദ്ധരാമയ്യ വഴികാട്ടുമ്പോൾ

കർണാടകയിൽ കോൺഗ്രസ് സർക്കാറിന്റെ നയവും പദ്ധതികളും തെലങ്കാനയിൽ ഗുണപരമായി സ്വാധീനിച്ചത് ഹിന്ദി ഹൃദയഭൂമിയിലെ പരാജയത്തിനിടയിലും കോൺഗ്രസിന് കച്ചിത്തുരുമ്പായിരുന്നു. ബി.ജെ.പിയുടെ വർഗീയ അജണ്ടകൾക്കെതിരെ തുറന്ന പോരാണ് കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ നയിക്കുന്നത്. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട്​ ബി.ജെ.പി സർക്കാർ സംസ്​ഥാനത്തെ സ്​കൂളുകളിൽ നടപ്പാക്കിയ ഹിജാബ് നിരോധനം ഒഴിവാക്കുന്നതായ മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് ഇതിൽ ഒടുവിലത്തേത്. ബി.ജെ.പി വർഗീയ മുതലെടുപ്പിന് ശ്രമിക്കുമെന്നറിഞ്ഞിട്ടും അതിന് മതേതര പാരമ്പര്യമുള്ള കർണാടകയുടെ പൊതുബോധത്തെ മറികടക്കാനാകില്ലെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. സംഘ്​പരിവാറി​െൻറ നുണപ്രചാരണങ്ങളെ​ പൊളിക്കാൻ സർക്കാറിനു കീഴിൽത്തന്നെ വസ്​തുതാ പരിശോധന സംവിധാനത്തിന്​ രൂപംനൽകി. ദേശീയ വിദ്യാഭ്യാസ നയം ഒഴിവാക്കുകയും

നിതി ആയോഗിന്റെ നിർദേശങ്ങളെ ചവറ്റുകൊട്ടയിലേക്ക് തള്ളുകയും ചെയ്ത സിദ്ധരാമയ്യ സർക്കാർ, ജനാധിപത്യ- മതേതരത്വ വിശ്വാസികൾക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല.

ജാതി സെൻസസിൽ സമുദായ എതിർപ്പ്

കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ പ്രകടനപത്രികയിൽ കോൺഗ്രസിന്റെ വാഗ്ദാനങ്ങളിലൊന്നായിരുന്നു സംസ്ഥാനത്തെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സർവേ (ജാതി സെൻസസ്) നടപ്പാക്കുമെന്നത്.

അധികാരത്തിലേറി വാഗ്ദാനങ്ങളോരോന്നും നടപ്പാക്കിത്തുടങ്ങിയ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ആഗ്രഹമുണ്ടെങ്കിലും ജാതി സെൻസസ് പുറത്തുവിടാനാകാത്ത സാഹചര്യമാണ് കർണാടകയിൽ. സംസ്ഥാനത്തെ രണ്ട് പ്രബല സമുദായങ്ങളായ ലിംഗായത്തുകളും വൊക്കലിഗരും ജാതി സെൻസസിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. കോൺഗ്രസ് മന്ത്രിമാരെയും എം.എൽ.എമാരെയും കൂടി രംഗത്തിറക്കിയാണ് ഇരു സമുദായത്തിന്റെയും ശക്തിപ്രകടനമെന്നതാണ് കൗതുകകരം. ഭരണകക്ഷിയായ കോൺഗ്രസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കം ന്യൂനപക്ഷ, പിന്നാക്ക വിഭാഗ, എസ്.സി-എസ്.ടി നേതാക്കൾ ജാതി സെൻസസിനൊപ്പവും ലിംഗായത്ത്, വൊക്കലിഗ നേതാക്കൾ എതിർചേരിയിലുമായി നിലകൊണ്ടുകഴിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടാലും ഇല്ലെങ്കിലും ബി.ജെ.പി അത് തെരഞ്ഞെടുപ്പ് പ്രചാരണായുധമാകും. അതിന്റെ സാമ്പിൾ വെടിക്കെട്ടാണ് പാർലമെന്റ് സമ്മേളനത്തിനിടെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെക്കെതിരെ ബി.ജെ.പി എം.പി സുശീൽ കുമാർ നടത്തിയത്.

കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ ജാതി സെൻസസിന് എതിരാണല്ലോ എന്നായിരുന്നു ഖാർഗെയോട് ബി.ജെ.പി എം.പി ചോദിച്ചത്. ‘എല്ലാ ഉന്നത ജാതിക്കാരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്’ എന്ന് ഖാർഗെ മറുപടിയും നൽകി. ജാതി സെൻസസ് നടപ്പാക്കുന്നതിനെതിരെ വൊക്കലിഗ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബി.ജെ.പി, ജെ.ഡി-എസ് നേതാക്കളും സന്യാസിമാരും മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിച്ച നിവേദനത്തിൽ വൊക്കലിഗ നേതാവായ ശിവകുമാറും ഒപ്പിട്ടിരുന്നു.

ജാതി സെൻസസിനെ എതിർത്തിട്ടില്ലെന്നും വ്യവസ്ഥാപിതവും ശാസ്ത്രീയവുമായാണ് അത് നടപ്പാക്കേണ്ടതെന്നും ഇപ്പോൾ നടത്തിയ സർവേ അശാസ്ത്രീയമാണെന്നുമാണ് ശിവകുമാറിന്റെ നിലപാട്.

ഇതിനുശേഷമാണ് മന്ത്രിമാരായ എം.ബി. പാട്ടീൽ, ഈശ്വർ ഖണ്ഡ്രെ, ശിവാനന്ദ് പാട്ടീൽ എന്നിവരടക്കം 30 ലിംഗായത്ത് എം.എൽ.എമാർ ഒപ്പിട്ട നിവേദനവുമായി മുതിർന്ന കോൺഗ്രസ് എം.എൽ.എയും അഖിലേന്ത്യ വീരശൈവ മഹാസഭ അധ്യക്ഷനുമായ ഷാമന്നൂർ ശിവശങ്കരപ്പയുടെ നേതൃത്വത്തിൽ ലിംഗായത്ത് നേതാക്കൾ സിദ്ധരാമയ്യയെ കണ്ടത്. നിലവിലെ ജാതി സെൻസസ് റിപ്പോർട്ട് തള്ളണമെന്നും പുതിയ സർവേ നടത്തണമെന്നുമാണ് ലിംഗായത്തുകളുടെയും ആവശ്യം. ജാതി സെൻസസ് അശാസ്ത്രീയമായാണ് തയാറാക്കിയതെന്നും വിവരങ്ങൾ പഴകിയതാണെന്നും അവരും ആരോപിക്കുന്നു. യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ല പ്രസ്തുത സർവേയെന്നും സർവേ കാലയളവിൽ തങ്ങളുടെ വീടുകളിൽപോലും വിവരം തേടി ആരും വന്നിട്ടില്ലെന്നുമാണ് വൊക്കലിഗ-ലിംഗായത്ത് നേതാക്കളുടെ വാദം.

കഴിഞ്ഞ സിദ്ധരാമയ്യ സർക്കാറിന്റെ കാലത്ത് 2015ലാണ് കർണാടകയിൽ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സർവേ നടത്താൻ ഉത്തരവിട്ടത്. 170 കോടിയും ഇതിന് അനുവദിച്ചു. അന്നത്തെ പിന്നാക്കവർഗ കമീഷൻ ചെയർപേഴ്സൻ എച്ച്. കന്ദരാജുവിനായിരുന്നു റിപ്പോർട്ട് തയാറാക്കാനുള്ള ചുമതല.

2018ൽ സിദ്ധരാമയ്യ സർക്കാറിന്റെ അവസാന കാലത്ത് ജാതി സെൻസസ് പൂർത്തിയായെങ്കിലും പിന്നാക്ക വികസന കമീഷൻ സെക്രട്ടറി ഒപ്പുവെക്കാത്തതിനാൽ റിപ്പോർട്ട് സർക്കാറിൽ സമർപ്പിച്ചിരുന്നില്ല. 2018ൽ അധികാരമേറിയ സഖ്യ സർക്കാറും 2019ൽ ഭരണംപിടിച്ച ബി.ജെ.പി സർക്കാറും റിപ്പോർട്ട് പൂഴ്ത്തി. സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയായതോടെ സംസ്ഥാനത്തെ രണ്ടു പ്രബല സമുദായങ്ങളുടെ എതിർപ്പിനിടയിലും വിഷയം പൊടിതട്ടിയെടുത്തു. പിന്നാക്കവർഗ കമീഷന്റെ നിലവിലെ ചെയർമാനായ കെ. ജയപ്രകാശ് ഹെഗ്ഡെയുടെ മേശപ്പുറത്താണ് ഇപ്പോൾ ജാതിസെൻസസ് റിപ്പോർട്ടുള്ളത്. ജനുവരി 31നകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ നിർദേശം. കോടികൾ ചെലവഴിച്ച് ജാതി സെൻസസ് നടത്തിയിട്ട് അത് കണ്ണുംപൂട്ടി തള്ളുന്നത് ശരിയല്ലെന്നാണ് ആഭ്യന്തരമന്ത്രിയും ദലിത് നേതാവുമായ ഡോ. ജി. പരമേശ്വര പ്രതികരിച്ചത്. റിപ്പോർട്ട് പുറത്തുവന്നശേഷം അതിൽ ചർച്ചയും വിമർശനവും വിയോജിപ്പുമാവാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ജാതി സെൻസസ് നടപ്പാക്കുമെന്നത് കോൺഗ്രസിന്റെ ദേശീയ നയമായിരുന്നിട്ടും കർണാടകയിൽ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും നേതൃത്വത്തിൽ വിരുദ്ധ ചേരികൾ പരസ്യമായി രൂപംകൊള്ളുന്നത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണംചെയ്യില്ല. കോൺഗ്രസ് വർക്കിങ് കമ്മിറ്റി എടുത്ത തീരുമാനം നടപ്പാക്കാൻ കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും ബാധ്യതയുണ്ട് എന്ന് സിദ്ധരാമയ്യക്ക് ഉണർത്തേണ്ടിവരുന്നത് അതുകൊണ്ടാണ്. ലിംഗായത്തുകളെയും വൊക്കലിഗരെയും തൃപ്തിപ്പെടുത്തിയല്ല കോൺഗ്രസ് നിയമസഭ തെരഞ്ഞെടുപ്പിൽ ജയം കൊയ്തതെന്നും മതേതരത്വ നിലപാടുകളിലൂടെയാണെന്നുമുള്ള ഓർമപ്പെടുത്തൽകൂടിയാണത്.

ടിപ്പുവിന്റെ ജാതി: ചേതനുയർത്തിയ ചോദ്യം

ബെളഗാവിയിലെ സുവർണ സൗധയിൽ നടന്ന കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിൽ പ്രധാന ചർച്ചകളിൽ സവർക്കറും ടിപ്പു സുൽത്താനും ഇടംപിടിച്ചിരുന്നു. സ്വാതന്ത്ര്യസമരചരിത്രത്തിൽ വട്ടപ്പൂജ്യം സംഭാവന മാത്രമുള്ള സവർക്കറുടെ ഛായാചിത്രം 2022ൽ ബി.ജെ.പി സർക്കാറിന്റെ കാലത്ത് നിയമസഭ ഹാളിൽ സ്ഥാപിച്ചത് നീക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക് ഖാർഗെ അടക്കമുള്ളവർ രംഗത്തുവന്നു. നെഹ്റുവിനെപ്പോലുള്ളവരെ പുറത്തുനിർത്തിയാണ് കർണാടക നിയമസഭയിൽ ബി.ജെ.പി സർക്കാർ സവർക്കർ ചിത്രം സ്ഥാപിച്ചത്. എന്നാൽ, ചിത്രം നീക്കുമെന്നോ നിലനിർത്തുമെന്നോ സ്പീക്കർ യു.ടി. ഖാദർ നിലപാട് വ്യക്തമാക്കിയില്ല.

മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുൽത്താന്റെ പേര് നൽകണമെന്ന ആവശ്യവുമായി പ്രിയങ്ക് ഖാർഗെയും പ്രസാദ് അബ്ബയ്യയും രംഗത്തുവന്നതോടെ ബി.ജെ.പി എം.എൽ.എമാർ ഒന്നടങ്കം അതിനെ എതിർത്തു. ടിപ്പുവിന്റെ പേര് ഏതെങ്കിലും പൊതുശൗചാലയത്തിനാണ് ഇടേണ്ടതെന്നായിരുന്നു വിദ്വേഷപ്രചാരകനായ ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാലിന്റെ പ്രതികരണം. മൈസൂരു വിമാനത്താവളത്തിന് മൈസൂരു ഭരണാധികാരിയായിരുന്ന നൽവാഡി കൃഷ്ണരാജ വോഡയാറുടെ പേര് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, രാജ്യത്തിനുവേണ്ടി ജീവൻ ബലികഴിച്ച രക്തസാക്ഷിയാണ് ടിപ്പു സുൽത്താനെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം. മതേതരവാദിയായ ടിപ്പുവിനെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഹിന്ദുത്വ സംഘടനകൾ മതഭ്രാന്തനായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൈസൂരു-ബംഗളൂരു റൂട്ടിൽ സർവിസ് നടത്തുന്ന ടിപ്പു എക്സ്പ്രസ് ട്രെയിനിന്റെ പേര് കഴിഞ്ഞ ബി.ജെ.പി സർക്കാർ വൊഡയാർ എക്സ്പ്രസ് എന്നാക്കിയിരുന്നു.

സംസ്ഥാനത്തെ പാഠപുസ്തകത്തിൽനിന്ന് ടിപ്പു സുൽത്താനെക്കുറിച്ചുള്ള ‘മൈസൂർ ടൈഗർ’ എന്ന പാഠംതന്നെ നീക്കി. ടിപ്പുജയന്തി ആഘോഷം പിൻവലിക്കുകയും ചെയ്തിരുന്നു.

ബി.ജെ.പിയുടെ ടിപ്പുവിരുദ്ധത ചൂണ്ടിക്കാട്ടി നടനും സാമൂഹിക പ്രവർത്തകനുമായ ചേതൻ അഹിംസ രംഗത്തുവന്നതും അദ്ദേഹത്തിനെതിരെ കേസെടുത്തതുമാണ് ഈ വിഷയത്തിലെ ഒടുവിലെ വികാസം. ഒരാൾ നൽകുന്ന സാമൂഹിക സംഭാവനയല്ല; അയാൾ ഏതു സമുദായത്തിൽ ജനിക്കുന്നു എന്നതിന്റെ പേരിലാണ് പരിഗണന ലഭിക്കുന്നതെന്നാണ് ചേതൻ ചൂണ്ടിക്കാട്ടിയത്. ‘‘ഇതു രണ്ടു യോദ്ധാക്കളുടെ കഥ. കെംപഗൗഡ:

ചരിത്രത്തിൽ ചെറിയ ചെറിയ ആളാണെങ്കിലും മാടമ്പി ജാതി ലോബികളുടെ സ്വാധീനംകൊണ്ട് ഇപ്പോൾ കർണാടകയുടെ പ്രതീകമായി മാറിയിരിക്കുന്നു. ടിപ്പു സുൽത്താൻ: അനിഷേധ്യ ചരിത്രപുരുഷനാണെങ്കിലും ജന്മംകൊണ്ട് മുസ്‍ലിമായത് പരിഗണനക്ക് തടസ്സമായി മാറി. സാമൂഹിക സംഭാവനകളെക്കാൾ ജനിച്ച സമുദായത്തിന് പ്രാധാന്യം നൽകുന്നത് കഷ്ടംതന്നെ...’’ -ഇതായിരുന്നു ചേതന്റെ കുറിപ്പ്. സവർണാധിപത്യത്തിനും ജാതീയതക്കുമെതിരെ മുമ്പും ശക്തമായ അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ള ചേതനെതിരെ വീണ്ടും പൊലീസ് കേസെടുത്തിട്ടുണ്ട്. സ്വാഭാവികം മാത്രം!

Tags:    
News Summary - When Siddaramaiah guides

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.