സർക്കാറിനെതിരെ മുമ്പ് ഗവർണർ വിമർശനങ്ങളുടെ കൂരമ്പ് തൊടുത്തിരുന്നു. ഏറെയും സർവകലാശാലകളുടെ പേരിൽതന്നെ. പൊതുപരിപാടികൾക്കിടെയും വിമാനത്താവളത്തിലും ഒടുവിൽ വാർത്തസമ്മേളനത്തിലുമൊക്കെയായി സർക്കാറിനെ കടിച്ചുകീറി. വിമർശനപ്പെരുമഴ തുടങ്ങിയ ഘട്ടത്തിലും നിവരാൻ മടിച്ച കുടപോലെയായിരുന്നു ആദ്യം സർക്കാർ പ്രതിരോധം. എന്തും വരട്ടേയെന്ന ധൈര്യത്തോടെയായിരുന്നു പുറമെയെങ്കിലും ഒന്നും വരുത്തല്ലേയെന്നായിരുന്നു ഉള്ളാലെയുള്ള പ്രാർഥന. പിന്നീടാണ് അടിക്കടി, തിരിച്ചടി എന്ന ലൈനിലേക്ക് മാറിയത്
ഓർമയില്ലേ ഗവർണറും മുഖ്യമന്ത്രിയും തമ്മിലെ പണ്ടത്തെ സൗഹൃദം. പരസ്പരം പുകഴ്ത്തിയും വിരുന്നുപോയും കുശലം പറഞ്ഞും എന്തൊരു കൂട്ടായിരുന്നു. അന്ന് ഗവർണർ മുറുകിയാൽ മുഖ്യമന്ത്രി ഒന്ന് അയയുമായിരുന്നു, മുഖ്യമന്ത്രി ഒന്നു മുറുകിയാൽ ഗവർണറും.
അതുകൊണ്ടുതന്നെ പുറമേക്ക് ഒരു ഉടക്ക് ലൈൻ പ്രതീതിയുണ്ടാക്കുമെങ്കിലും ഊഷ്മളമായ അന്തർധാര പച്ചവെള്ളം പോലെ സജീവമായിരുന്നു. ഓ, അതൊക്കെ ഒരു കാലം. ഇന്നിപ്പോൾ കടത്തനാടൻ ശൈലിയിലാണ് രാജ്ഭവനും സെക്രട്ടേറിയറ്റും. വായ് തുറന്നാൽ വടക്കൻപാട്ടാണ്. കൈ ഉയർത്തിയാൽ കളരിച്ചുവടുകളും.
അല്ലറച്ചില്ലറ പിണക്കങ്ങളിലായിരുന്നു തുടക്കമെങ്കിലും പിന്നെ കൈയിലൊതുങ്ങാതായി. രാജ്ഭവനിലെ ഗൃഹനാഥന് രാജ്യതലസ്ഥാനത്തെ ചില ഭവനങ്ങളിൽ കണ്ണുണ്ടെന്നും, അതിനായി കുറിയെടുക്കുമ്പോ ഒരു നറുക്കിന് ചേർക്കണേ എന്ന് ഓർമപ്പെടുത്താൻ നടത്തുന്ന പ്രദർശന കവാത്തുകളാണ് അദ്ദേഹം നടത്തുന്നതെന്നുമാണ് സകലരും നിനച്ചിരുന്നത്.
അങ്ങനെ ഒരു ആഗ്രഹം ആ മനസ്സിലുണ്ടെങ്കിൽ ഞങ്ങളെ രണ്ട് തല്ലി സാധിച്ചെടുക്കാൻ പറ്റുമെന്നുണ്ടെങ്കിൽ ആയിക്കോട്ടേ എന്ന നിലപാടായിരുന്നു സർക്കാറിന്. കണ്ണുവെച്ച ഭവനുകളിലൊക്കെ പുതിയ താമസക്കാർ വന്നു. ആഗ്രഹിച്ചതൊക്കെ വേറെ വഴിക്ക് കൈമറിഞ്ഞുപോയി. പക്ഷേ, ഇവിടെയാകട്ടെ കാര്യങ്ങൾ കൈവിട്ട സ്ഥിതിയിലുമായി.
സർക്കാറിനെതിരെ മുമ്പ് ഗവർണർ വിമർശനങ്ങളുടെ കൂരമ്പ് തൊടുത്തിരുന്നു. ഏറെയും സർവകലാശാലകളുടെ പേരിൽതന്നെ. പൊതുപരിപാടികൾക്കിടെയും വിമാനത്താവളത്തിലും ഒടുവിൽ വാർത്തസമ്മേളനത്തിലുമൊക്കെയായി സർക്കാറിനെ കടിച്ചുകീറി.
വിമർശനപ്പെരുമഴ തുടങ്ങിയ ഘട്ടത്തിലും നിവരാൻ മടിച്ച കുടപോലെയായിരുന്നു ആദ്യം സർക്കാർ പ്രതിരോധം. എന്തും വരട്ടേയെന്ന ധൈര്യത്തോടെയായിരുന്നു പുറമെയെങ്കിലും ഒന്നും വരുത്തല്ലേയെന്നായിരുന്നു ഉള്ളാലെയുള്ള പ്രാർഥന. പിന്നീടാണ് അടിക്കടി, തിരിച്ചടി എന്ന ലൈനിലേക്ക് മാറിയത്.
ഇപ്പോൾ ഗവർണർക്ക് മലയാള മാധ്യമങ്ങളെ അത്ര പഥ്യമല്ല. 'കേഡർ മാധ്യമ'ങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് മനോഭാവം. ഇപ്പോൾ മറുപടിയും പ്രതികരണവുമെല്ലാം ഫയലുകളിലെ കുറിമാനങ്ങളിലാണ്. ഇതുവരെ അധികം കേട്ടുകേൾവിയില്ലാത്ത 'ഗവർണേഴ്സ് സെക്രട്ടേറിയറ്റ്' എന്ന വാക്കും കേരളം കേട്ടുതുടങ്ങി.
പറയാനുള്ളത് ബാക്കിയുണ്ടെങ്കിൽ ട്വീറ്റുകളായെത്തും. ഭരണക്കാരുണ്ടോ കുറക്കുന്നു. അവിടെ വാർത്തസമ്മേളനമെങ്കിൽ ഇവിടെയും. അവിടെ പ്രസ്താവനയെങ്കിൽ ഇവിടെയും. സമൂഹമാധ്യമമെങ്കിൽ അങ്ങനെത്തന്നെ തിരിച്ചടി. പത്രങ്ങളിൽ തലക്കെട്ടായി... ചാനലുകളിൽ ചർച്ചയായി... ആകെ കൂട്ടയടി.
തന്‍റെ സമ്മതി(പ്ലഷർ) എന്ന വജ്രായുധമാണ് ഗവർണർ എടുത്തു വീശിയത്. ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തി സംസാരിച്ചാൽ തന്‍റെ സമ്മതിയങ്ങ് പിൻവലിക്കുമെന്നായിരുന്നു ഗവർണറുടെ ട്വീറ്റ്. പച്ചമലയാളത്തിൽ ചെവിക്കുപിടിച്ച് പുറത്താക്കുമെന്ന്.
ജനാധിപത്യത്തിൽ മുഖ്യമന്ത്രിയുടെ ശിപാർശ പ്രകാരമാണ് മന്ത്രിയെ പുറത്താക്കുന്നതും ഉൾപ്പെടുത്തുന്നതും. ഗവർണർക്ക് സ്വന്തമായി മന്ത്രിയെ നിയമിക്കാനാകില്ല. ഗവർണറുടെ ആ ഭീഷണിക്ക് അത്ര പിന്തുണയൊന്നും കിട്ടിയില്ല. സാധാരണ ഗവർണറെ പിന്തുണക്കാറുള്ള പ്രതിപക്ഷം പോലും കൈവിട്ടു. സി.പി.എം കടുപ്പിച്ചങ്ങ് പറഞ്ഞു.
മുഖ്യമന്ത്രി ഒരുപടികൂടി കടന്ന് സമൂഹത്തിനുമുന്നിൽ പരിഹാസ്യരാകരുതെന്നും ഓർമിപ്പിച്ചു. ആകെ ഗവർണറെ പിന്തുണച്ചത് ബി.ജെ.പി മാത്രം. സംഭവം അൽപം തീപിടിച്ച് വിവാദമായതോടെ ഗവർണർ നൈസായി ചുവടുമാറി. പറഞ്ഞത് മന്ത്രിമാരെ പിരിച്ചുവിടുമെന്നല്ലെന്നും തന്‍റെ അതൃപ്തി ജനങ്ങളെ അറിയിക്കുമെന്നുമായി മലക്കംമറിച്ചിൽ.
ഗവർണറെ സംബന്ധിച്ച് സ്വന്തം സർക്കാറാണിത്. നയപ്രഖ്യാപനത്തിൽ എന്‍റെ സർക്കാർ എന്നു വിശേഷിപ്പിച്ച അതേ സർക്കാറിനെയോർത്ത് താൻ ലജ്ജിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം വിമർശിച്ച മന്ത്രിമാർക്കൊക്കെ പൊതുവേദിയിൽ തന്നെ മറുപടികൊടുക്കുകയാണ്.
ധനമന്ത്രി അതിരു കടക്കരുതെന്നും ഗവർണർക്കെതിരെ പ്രവർത്തിക്കുന്നത് ക്രിമിനൽ നടപടിയാണെന്നുമാണ് ഒടുവിലത്തെ മുന്നറിയിപ്പ്. ഗവർണറെ തിരുത്താൻ നിയമമന്ത്രിക്ക് എന്ത് അധികാരമെന്നും അദ്ദേഹം ചോദിക്കുന്നു.
സർവകലാശാലയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തുടക്കം മുതൽ ഏറ്റുമുട്ടലുകളുടെ ഹേതു. പല സംസ്ഥാനങ്ങളിലും സർവകലാശാലകളിൽ ഗവർണർ ഇടപെടലുകൾ നടത്തുന്നത് സർക്കാർ-ഗവർണർ പോരിന് വഴിവെച്ചിട്ടുണ്ട്. കേരളത്തിലും സമാനമാണ് കാര്യങ്ങൾ.
ചാൻസലറുടെ അധികാരമുപയോഗിച്ച് സർവകലാശാലകളിൽ ഗവർണർ പിടിമുറുക്കാൻ ശ്രമിക്കുന്നുവെന്നാണ് ഭരണപക്ഷ വിലയിരുത്തൽ. ആർ.എസ്.എസ് താൽപര്യമനുസരിച്ചാണ് ഗവർണറുടെ കളികളെന്ന് ഭരണപക്ഷം ഇതുവരെ പൊതിഞ്ഞുവെച്ച് പറഞ്ഞുവെങ്കിൽ ഇപ്പോൾ പ്രത്യക്ഷമായി തന്നെ ഈ ആരോപണം ഉന്നയിക്കുന്നു.
കാത്തിരുന്നിട്ടും പരിഹാരത്തിലേക്കുപോകാത്ത സാഹചര്യത്തിൽ സർവകലാശാല വിഷയം മുഖ്യമായും ഉന്നയിച്ച് ഗവർണർക്കെതിരെ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണ് ഇടതുമുന്നണി. രാജ്ഭവനുമുന്നിൽ വരെ സമരത്തിന് തീരുമാനിച്ചിട്ടുണ്ട്.
ആ സമരത്തെ ഇനി ഗവർണർ നേരിടുന്നത് എങ്ങനെയൊക്കെ ഭരണതലത്തിൽ പ്രതിഫലിക്കുമെന്ന് കാത്തിരുന്ന് കാണണം. നിയമസഭ സമ്മേളിക്കാനിരിക്കെ നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാതെ സർക്കാറിനെ അദ്ദേഹം നക്ഷത്രക്കാലെണ്ണിച്ചിരുന്നു.
കേരള വി.സി. നിയമനത്തിന്‍റെ പേരിൽ സർക്കാറും ഗവർണറും തമ്മിൽ ഭിന്നത തുടങ്ങിയിട്ട് കാലമേറെയായിട്ടും ഇതുവരെ പരിഹാരമുണ്ടാകാത്തത് ഭരണകാര്യങ്ങളെ എത്രമാത്രം ബാധിച്ചുവെന്നതും അനിശ്ചിതാവസ്ഥയിലാക്കി എന്നതും അടിവരയിടുന്നു.
ഗവർണർ സർവകലാശാലകളിൽ കയറി കളിക്കുന്നത് സർക്കാറിന് നേരത്തേ പിടിച്ചിരുന്നില്ല. ചില വി.സി. നിയമനങ്ങളിലൊക്കെ ഗവർണർ സ്വന്തം ഇടപെടൽ നടത്തി. ഇടതുപക്ഷത്തിന് താൽപര്യമുള്ള ചിലരെ വെട്ടി. ചില റാങ്ക് ലിസ്റ്റുകൾ റദ്ദാക്കി.
വി.സി നിയമനത്തിൽ ഗവർണറുടെ ഇടപെടലിന് തടയിടണമെന്ന് സർക്കാറിനുമുണ്ടായിരുന്നു. എവിടെ എങ്ങനെ തുടങ്ങണമെന്ന സംശയമേ ഉണ്ടായിരുന്നുള്ളൂ. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റി നിയമനിർമാണത്തിന് ചില സംസ്ഥാനങ്ങളൊക്കെ തുനിഞ്ഞിരുന്നു.
തർക്കങ്ങളുടെ മൂർധന്യാവസ്ഥയിൽ ''അങ്ങനെയെങ്കിൽ തന്നെ മാറ്റിക്കോ'' എന്ന് ഗവർണർ പൊതുപ്രസ്താവന നടത്തുകയും ചെയ്തതാണ്. ഒരു ടെസ്റ്റ് ഡോസ് എന്ന നിലയിലാണ് വി.സി. നിയമനത്തിന് സർക്കാറിന് മേൽകൈ ലഭിക്കുന്ന വിധം അംഗങ്ങളുടെ എണ്ണം കൂട്ടി കമ്മിറ്റി ഉണ്ടാക്കാൻ നിയമനിർമാണത്തിന് ശ്രമിച്ചത്.
എന്നാൽ, ഇക്കാര്യം നിയമസഭയിൽ ബിൽ ആയി പാസാക്കിയെങ്കിലും ഒപ്പിടാതെ ഗവർണർ ചെക്ക്വെച്ചു. സർച്ച് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാറും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ തന്‍റെ സമ്മതി (പ്ലഷർ) നഷ്ടപ്പെട്ടുവെന്ന് വിലയിരുത്തി 15 പേരെയാണ് സെനറ്റിൽ പിൻവലിച്ചത്.
അത് വി.സി. നടപ്പാക്കാതെ അവരെ അടുത്ത യോഗത്തിലേക്ക് വിളിച്ചപ്പോൾ രാജ്ഭവൻ തന്നെ പുറത്താക്കുന്ന സ്ഥിതി വന്നു. പുറത്താക്കിയവർ ഇപ്പോൾ കോടതിയിലെത്തി. അസാധാരണ നടപടികളുടെ കൂട്ടപ്പൊരിച്ചിലാണ് കേരളയിൽ നടന്നത്.
എന്തായാലും അടി മൂക്കുകയാണ്. കേരള സർവകലാശാലക്ക് സമയത്ത് വി.സിയെ കിട്ടില്ല. പല സർവകലാശാലകളിലും പ്രശ്നങ്ങൾ ഉയരുന്നുണ്ട്. നിയമനിർമാണങ്ങൾ പലതും വഴിയിൽ കിടക്കുന്നു. ഇനിയും ഗവർണർ അംഗീകരിക്കേണ്ട നിരവധി കാര്യങ്ങൾ വേണ്ടിവരും.
ആരും വഴങ്ങുന്നുമില്ല. ഒത്തുതീർപ്പ് ഫോർമുലകളും ഉയരുന്നില്ല. ഗവർണർക്കെതിരെ ഭരണ മുന്നണി സമരമുഖത്തേക്ക് നീങ്ങുകയാണ്. വീണ്ടും വിഴുപ്പലക്കലിലേക്ക് ഭരണവും രാഷ്ട്രീയവും നീങ്ങുമ്പോൾ തമ്മിലടിയുടെ കെടുതി ആത്യന്തികമായി ജനം തന്നെ അനുഭവിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.