സയണിസ്റ്റ്-സംഘ്പരിവാർ  ബാന്ധവം പിടിമുറുക്കുമ്പോൾ

ഫലസ്​തീൻ അതോറിറ്റിയുടെ ആസ്​ഥാനമായ വെസ്റ്റ്ബാങ്കിലെ റാമല്ല ഇസ്രായിൽ അധിനിവേശ പ്രദേശമാണ്. ജെറൂസലമിൽ നിന്ന് റാമല്ലയിലേക്കുള്ള ദൂരം വെറും 16 കി.മീറ്റർ. ഇസ്രായിൽ സന്ദർശിക്കുന്ന ലോക നേതാക്കൾ സാധാരണ ഫലസ്​തീനിലും പോകാറുണ്ട്. ലോകം മുഴുവൻ ചുറ്റി നടക്കുന്ന പ്രധാനമന്ത്രി മോദിക്ക് മൂന്നു ദിവസത്തെ ഇസ്രായിൽ സന്ദർശനത്തിനിടയിൽ റാമല്ലയിലെ ഫലസ്​തീൻ ആസ്​ഥാനം സന്ദർശിക്കാൻ സമയം കിട്ടാഞ്ഞിട്ടല്ല, അതിന്‍റെ ആവശ്യമില്ലെന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണ്. ഫലസ്​തീൻ അതോറിറ്റി പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ്​ മേയിൽ ന്യൂദൽഹി സന്ദർശിച്ചപ്പോൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന മുടന്തൻ ന്യായം പറഞ്ഞിട്ട് കൈകഴുകേണ്ട വിഷയമല്ലിത്. ഇതേ ന്യായം വെച്ചാണെങ്കിൽ ട്രംപിനും അങ്ങനെ ആവാമല്ലോ. ഇസ്രായിൽ അനുകൂല പ്രസ്​താവനകൾ നിരന്തരം നടത്തുന്ന ട്രംപ് ഇക്കഴിഞ്ഞ മേയിൽ തെൽ അവീവ് സന്ദർശിച്ചപ്പോൾ റാമല്ലയിലെത്തി ഫലസ്​തീൻ നേതൃത്വവുമായി ചർച്ച നടത്തുകയുണ്ടായി. മൂന്നു ദിവസം ഇസ്രായിലിൽ തങ്ങിയിട്ടും തങ്ങളെ സന്ദർശിക്കാതിരുന്ന മോഡിയുടെ നടപടിയിൽ ഫലസ്​തീൻ അതോറിറ്റി അൽഭൂതം കൂറിയത് സ്വാഭാവികം. ഇതിനു മുമ്പ് വിദേശകാര്യ മന്ത്രിമാർ മാത്രമാണ് ഇസ്രായിൽ സന്ദർശിച്ചത്. 2000ത്തിൽ ജസ്വന്ത് സിംഗും 2012ൽ എസ്​.എം. കൃഷ്ണയും 2016ൽ സുഷമ സ്വരാജും.

1992ൽ നരസിംഹറാവുവിന്‍റെ കാലത്ത് കോൺഗ്രസ്​ സർക്കാരാണ്  ഇസ്രായിലുമായി നയതന്ത്ര ബന്ധം സ്​ഥാപിച്ചത്. മഹാത്മഗാന്ധിയുടെ ഫലസ്​തീൻ േപ്രമം പ്രസംഗിച്ചു നടക്കാറുള്ള കോൺഗ്രസ്​, ഗാന്ധിയും നെഹ്റുവും വെട്ടിത്തെളിച്ച പാതകൾ ഒന്നൊന്നായി ഉപേക്ഷിക്കുന്നതിെൻ്റ ഭാഗമായിരുന്നു ഇന്ത്യാ ചരിത്രത്തിലെ പ്രഥമ ഇസ്രായിൽ ബാന്ധവം. അതിനു മുമ്പ് ഇന്ത്യൻ പാസ്​പോർട്ടുമായി ഇസ്രായിൽ സന്ദർശിക്കാൻ പോലും പൗരന്മാരെ ന്യൂദൽഹി അനുവദിച്ചിരുന്നില്ല. മോദിയെ സുഖിപ്പിച്ച് പ്രസ്​താവന ഇറക്കാറുള്ള മുൻ വിദേശകാര്യ സഹമന്ത്രിയും കോൺഗ്രസ്​ നേതാവുമായ ശശി തരൂർ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്തതിൽ അൽഭുതമില്ല. തരൂർ ഇസ്രായിൽ അനുകൂലിയാണ്. ഇസ്രായിലുമായും അറബ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളിൽ സന്തുലനം വേണമെന്ന അദ്ദേഹത്തിന്‍റെ വാക്കുകളാവട്ടെ വെറും ക്ലീഷേയും. വേട്ടനായ്ക്കൾക്കൊപ്പം ഓടുകയും മുയലിനൊപ്പം സഞ്ചരിക്കുകയും ചെയ്യുക അപ്രാപ്യമാണെന്ന് അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല. ഫലസ്​ത്വീനികൾ എന്നും അധിനിവേശത്തിൽ തന്നെ കഴിഞ്ഞുകൂടണം എന്നു വാശി പിടിക്കുന്ന ഒരു ഭീകര രാജ്യത്തെ പുൽകിയതോടെ സയണിസ്റ്റ് ഭീകരർക്കൊപ്പം എന്ന സുവ്യകതമായ നിലപാടിലേക്ക് ഇന്ത്യ മാറിക്കഴിഞ്ഞു. ശശി തരൂർ അഭിമാനത്തോടെ പറഞ്ഞത് മുൻ യു.പി.എ ഭരണകാലത്ത് ഇസ്രായിലുമായുള്ള ബന്ധം ശകതിപ്പെട്ടിരുന്നുവെന്നാണ്. മോദി സർക്കാർ അത് അരക്കിട്ടുറപ്പിച്ചിരിക്കുന്നു.

മോദി ഇസ്രായേൽ സന്ദർശന വേളയിൽ
 

സ്വതന്ത്ര ഫലസ്​തീൻ രാജ്യത്തെ പിന്തുണക്കുന്നുവെന്ന് പ്രസ്​താവന ഇറക്കുകയല്ലാതെ ഇസ്രായിലിനെ പ്രതികൂലമായി ബാധിക്കുന്ന ഒരു വിഷയത്തിലും സംഘ്പരിവാർ ഭരണകൂടം ഇടപെട്ടിട്ടില്ല. അബ്ബാസിെൻ്റ സന്ദർശന വേളയിൽ പുറത്തിറക്കിയ പ്രഖ്യാപനത്തിൽ ഫലസ്​ത്വീനികളുടെ ഏറ്റവും പ്രധാന ആവശ്യമായ കിഴക്കൻ ജറൂസലമിനെക്കുറിച്ച പരാമർശം പോലുമില്ല. കഴിഞ്ഞ രണ്ടു വർഷമായി യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ഇസ്രായിലിനെതിരായ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നതും ഇതോട് ചേർത്തു വായിക്കണം. നെതന്യാഹുവിന്‍റെ മോദി ആലിംഗനത്തിനു പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്. ഇസ്രായിലിനെ മുമ്പെന്ന പോലെ അന്ധമായി പിന്തുണക്കാൻ യൂറോപ്പ് മടികാണിക്കുകയാണ്. ഫലസ്​തീനികൾക്കെതിരെ ഇസ്രായിൽ നടത്തി വരുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ പല യൂറോപ്യൻ രാജ്യങ്ങളെയും ചൊടിപ്പിച്ചിട്ടുണ്ട്.

സയണിസ്റ്റ് ഭരണകൂടത്തിനെതിരെ ശകതമായി രംഗത്തുവന്ന ബി.ഡി.എസ്​ പ്രസ്​ഥാനത്തിന് പിന്തുണ നൽകുന്ന യൂറോപ്യൻ രാജ്യങ്ങൾ നിരവധിയാണ്. ഗസ്സയിൽ ഇസ്രായിൽ നടത്തിവന്ന നരമേധങ്ങൾ, ഉപരോധത്തിലകപ്പെട്ട ജനങ്ങളെ സഹായിക്കാൻ അവശ്യ വസ്​തുക്കളും മരുന്നുകളുമായി തുർക്കിയിൽനിന്ന് സഹായവുമായി പോയ മാവി മർമറ എന്ന കപ്പലിനെ ആക്രമിച്ച് പത്തു മനുഷ്യാവകാശ പ്രവർത്തകരെ വധിച്ച സംഭവം തുടങ്ങിയവയൊക്കെ പടിഞ്ഞാറിന്‍റെ രോഷത്തിന് കാരണമായ സംഭവങ്ങളാണ്. യഥാർഥത്തിൽ ട്രംപ് അധികാരത്തിൽ വരുന്നതിനു മുമ്പ് ഒബാമ കാലഘട്ടം നെതന്യാഹുവിന് കടുത്ത പ്രയാസമാണ് സൃഷ്​ടിച്ചിരുന്നത്. അതുകൊണ്ടാണ് ഇസ്രായിലുമായി ഏറെ അടുപ്പമുണ്ടായിട്ടും ഹില്ലാരിയെ വെടിഞ്ഞ് യു.എസ്​ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ നെഞ്ചിലേറ്റാൻ നെതന്യാഹു തയ്യാറായത്. 

ഇന്ത്യയിൽ സംഘ്പരിവാറിന്‍റെ നേതൃത്വത്തിലുള്ള വലതുപക്ഷ ഭരണകൂടവുമായി അടുക്കുന്നതോടെ മുസ്ലിം വിരുദ്ധരായ ലോക രാഷ്ട്രീയത്തിലെ രണ്ടു പ്രമുഖ ശകതികളെ ഇടത്തും വലത്തുമിരുത്തി തങ്ങളുടെ പദ്ധതികൾ നടപ്പാക്കാൻ നെത്യാഹുവിന് അവസരമൊരുങ്ങും. അറബ് ലോകത്തെ പുതിയ രാഷ്ട്രീയ സാഹചര്യവും നെതന്യാഹുവിന് അനുകൂലമാണ്. ചില പ്രമുഖ മുസ്ലിം രാഷ്ട്രങ്ങൾ ഇസ്രായിലുമായുള്ള ശത്രുത അവസാനിപ്പിച്ച് യോജിപ്പിന്‍റെ വഴി തേടുന്നുവെന്ന റിപ്പോർട്ടുകൾ തള്ളിക്കളയാവതല്ല. ഫലസ്​തീൻ പ്രശ്നം തന്നെ ഇത്തരം രാജ്യങ്ങൾ ഇപ്പോൾ പരാമർശിക്കാറില്ല എന്നതും ഇതിനോട് ചേർത്തുവായിക്കണം. അറബ് രാജ്യങ്ങൾ ഏകദേശം ഫലസ്​തീനെ കയ്യൊഴിഞ്ഞ അവസ്​ഥയിൽ പണ്ടത്തെപ്പോലെ അറബ് രാജ്യങ്ങളുടെ അനിഷ്​ടം ഭയന്ന് ഇസ്രായിലിനെ തീണ്ടാപ്പാടകലെ നിർത്തേണ്ട കാര്യമില്ലെന്ന് മോദിയുടെ ബുദ്ധിമാന്മാരായ ഉപദേശകർ അദ്ദേഹത്തെ ധരിപ്പിച്ചിരിക്കണം. ദ്വിരാഷ്ട്ര സിദ്ധാന്തമെന്ന ഫലസ്​തീൻ പ്രശ്നം പരിഹരിക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവെച്ച ഏക പോംവഴി നിർദാക്ഷിണ്യം നിരസിക്കുന്ന അധിനിവേശ ശകതിയാണ് ഇസ്രായിൽ. ഫലസ്​തീനികൾക്ക് ഇസ്രായിൽ മുന്നോട്ടുവെക്കുന്ന സമാധാനം ഒരു അപ്പാർതീഡ് റജീമിെൻ്റ തിട്ടൂരത്തിനപ്പുറമൊന്നും വരില്ല. ഫലസ്​തീനികൾക്ക് എന്തു നൽകണമെന്ന് ഇസ്രായിൽ തീരുമാനിക്കും. അവർക്കതിനെ സ്റ്റേറ്റ് എന്നോ ൈഫ്രഡ് ചിക്കനെന്നോ വിളിക്കാം, എന്നാണ് നെതന്യാഹുവിന്‍റെ ഉപദേശകനായിരുന്ന ഡേവിഡ് ബാർ ഇലാൻ 2008ൽ പറഞ്ഞത്.

ദേശീയ സുരക്ഷയെന്ന പേരിൽ ഇസ്രായിൽ നടത്തിവരുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ കശ്മീർ ഉൾപ്പെടെയുള്ള പ്രശ്നബാധിത പ്രദേശങ്ങളിൽ അതേപടി ആവർത്തിക്കാനുള്ള പുറപ്പാടിലാണ് മോദിയും സംഘവും. ഏറ്റുമുട്ടൽ കൊലകൾക്ക് നേതൃത്വം നൽകി പരിചയസമ്പന്നരായവർ പ്രത്യക്ഷമായും പരോക്ഷമായും നേതൃത്വം നൽകുന്ന സംഘ്പരിവാർ ഭരണകൂടം ഇസ്രായിലിൽ നിന്ന് വാങ്ങിക്കൂട്ടാൻ പോകുന്ന അത്യാധുനിക ആയുധങ്ങളെ സംബന്ധിച്ച് ഇന്ത്യയിലെ തന്നെ ഉത്തരവാദപ്പെട്ട മാധ്യമങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിർത്തികളിൽ സ്​ഥാപിക്കാൻ ഉദ്ദേശിക്കുന്ന നിരീക്ഷണ സംവിധാനങ്ങളും അതിൽ ഘടിപ്പിക്കുന്ന ആയുധങ്ങളും നിരപരാധികളുടെ പോലും ജീവനപഹരിക്കാൻ പാകത്തിലുള്ളതാണ്. വെസ്റ്റ് ബാങ്കിനു കുറുകെ ഇസ്രായിൽ പണിത വിവേചന മതിലിൽ സ്​ഥാപിച്ച അതേ സംവിധാനമാണിത്. കുട്ടികൾ ഉൾപ്പെടെയുള്ള നിരപരാധരാണ് ഇവിടെ കൊല്ലപ്പെടുന്നത്.  

നെതന്യാഹുവിനെ ആലിംഗനം ചെയ്ത് ഭീകരതക്കെതിരെ പ്രസംഗിക്കുന്ന മോഡിയും മോദിയെ ഉറ്റ സുഹൃത്തായി വാഴ്ത്തുന്ന നെതന്യാഹുവും ജൂതന്മാരെയും ലോകത്തെയും വഞ്ചിക്കുകയാണ്. ഹിന്ദുത്വവാദികളുടെ ആചാര്യന്മാരായ ഗോൾവാൾക്കറും വീർ സവർക്കറും, ഹിറ്റ്​ലറുടെ ആരാധകരും ജൂതന്മാരെ ഉൻമൂലനം ചെയ്ത ഹോളോകോസ്​റ്റിനെ വാഴ്ത്തിയവരുമാണ്. ദേശീയതയും സംസ്​കാരവും ആദിമ വിശുദ്ധിയോടെ സംരക്ഷിക്കാനാണ് തങ്ങളുടെ സെമിറ്റിക് വംശജരെ (ജൂതന്മാരെ) നാസികൾ ഉന്മൂലനം ചെയ്തതെന്ന് അഭിമാനത്തെടൊയാണ് ഗോൾവാൾക്കർ പറഞ്ഞുവെച്ചത്. വ്യത്യസ്​ത സംസ്​കാരങ്ങൾക്കും ദേശീയതകൾക്കും യോജിച്ചു പോകാനാവില്ലെന്ന സത്യം ജർമനി ലോകത്തിന് കാണിച്ചു കൊടുത്തെന്നും ഗോൾവാൾക്കർ പറയുന്നു. ജർമനി ജൂതന്മാരെ കൊന്നൊടുക്കിയതിനെ 1938ൽ ന്യായീകരിച്ച സവർക്കർ, നാസിസവുമായി മുന്നോട്ടു പോകാൻ ജർമനിക്കും ഫാഷിസത്തെ പുൽകാൻ ഇറ്റലിക്കും പൂർണമായ അവകാശമുണ്ടെന്ന് വ്യകതമാക്കുന്നു.

ഈ സവർക്കറുടെ ചിത്രമാണ് 2003 ഫെബ്രുവരിയിൽ ഇന്ത്യൻ പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ അനാശ്ചാദനം ചെയ്യപ്പെട്ടത്. മോദിയുടെ ഭരണകാലത്ത് ഗുജറാത്തിലെ ഒമ്പതാം ക്ലാസ്​ പുസ്​തകത്തിൽ ഹിറ്റ്​ലറെ സ്വന്തം വംശത്തിന്‍റെ അഭിമാനം ഉയർത്തിയ നേതാവായാണ് വിശേഷിപ്പിക്കുന്നത്. ഹിറ്റ്​ലർ ജൂതന്മാർക്കെതിരെ നടത്തിയ കൂട്ടക്കൊലകളെക്കുറിച്ച് മൗനം പാലിക്കുന്ന പുസ്​തകം രാജ്യത്തിെൻ്റ പ്രശ്നക്കാരായി ഉയർത്തിക്കാട്ടുന്നത് ന്യൂനപക്ഷ വിഭാഗങ്ങളെയാണ്. മുസ്ലിംകളും ജൂതന്മാരും ക്രിസ്​ത്യാനികളും ഇന്ത്യയിലെ വിദേശികളെന്നാണ് പുസത്കം പറയുന്നത്. എന്നാൽ പൊതു ശത്രുവിന് എതിരെയാവുമ്പോൾ സയണിസവും ഹിന്ദുത്വ ഭീകരതയും ഒന്നാണ്. ഫലസ്​തീനിൽ നിർബാധം നടന്നുവരുന്ന സെലക്ടീവ് കില്ലിങ്ങിന്‍റെ മറ്റൊരു പതിപ്പാണ് ഇന്ത്യയിലെ പശുഭീകരത. രണ്ടിലും ടാർഗറ്റ് ഒന്നു തന്നെ. ഇസ്രായിലുമായുള്ള ബന്ധം ശകതിപ്പെടുമ്പോൾ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് ആശങ്കയേറുന്നതും അതുകൊണ്ടുതന്നെ. 

Tags:    
News Summary - when zionist-sanghparivar ties strengthen-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.