മുസ്‍ലിംസമുദായത്തെ പിന്നാക്കമായി നിർത്തുന്നതാരാണ്?

1958 ഡിസംബർ 17നാണ് ഈഴവ, മുസ്‍ലിം, ലത്തീൻ, നാടാർ, ധീവര, വിശ്വകർമ, എസ്.ഐ.യു.സിനാടാർ, ഹിന്ദു നാടാർ, മറ്റു ക്രൈസ്തവർ, മറ്റു പിന്നാക്കക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാർ ഉദ്യോഗത്തിൽ പ്രത്യേക സംവരണം അനുവദിച്ചത്. അതുവരെ എല്ലാ പിന്നാക്ക വിഭാഗങ്ങൾക്കും കൂടി 35 ശതമാനമായിരുന്നു ഉദ്യോഗസംവരണം.പിന്നാക്കക്കാരിലെ മുന്നാക്ക സമുദായങ്ങൾ ഈ സംവരണം ഏതാണ്ട് മുഴുവനായി സ്വന്തമാക്കാറായിരുന്നു.

1957ലെ നിയമസഭയിൽ സി.എച്ച്. മുഹമ്മദ് കോയ നടത്തിയ ശക്തമായ ഇടപെടലുകളുടെ ഫലമായാണ് ഓരോ പിന്നാക്ക സമുദായത്തിനും പ്രത്യേക സംവരണം അനുവദിച്ചത്. അന്ന് 22 ശതമാനം ജനസംഖ്യയുണ്ടായിരുന്ന മുസ്‍ലിം പിന്നാക്ക വിഭാഗത്തിനു 10 ശതമാനം സംവരണവും നിയമന റോസ്റ്ററിൽ ആറാം സ്ഥാനവും നൽകി. മുസ്‍ലിംകൾ വിദ്യാഭ്യാസപരമായി വളരെ പിന്നാക്കമായതിനാൽ യോഗ്യരായ അപേക്ഷകർ വേണ്ടത്ര ഇല്ലായിരുന്നു. റൊേട്ടഷൻ ചാർട്ടിൽ ആറാമത്തെ പോസ്റ്റ് മാത്രമാണ് അനുവദിച്ചിരുന്നത് എന്നതിനാൽ ആറ് പോസ്റ്റ് ഉണ്ടെങ്കിൽ മാത്രമേ അവർക്ക് നിയമനം കിട്ടുകയുള്ളൂ എന്നുവന്നു.

അതിനാൽ ഈ സംവരണംകൊണ്ട് മുസ്‍ലിംകൾക്ക് ഒരു ഗുണവും ഉണ്ടായില്ല. 1979ൽ സി.എച്ച്. മുഖ്യമന്ത്രിയായപ്പോൾ നെട്ടൂർ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനോട് സർവകക്ഷികളും വിയോജിപ്പ് പ്രകടിപ്പിച്ചതിനാൽ ആ റിപ്പോർട്ട് തള്ളിക്കളയേണ്ടിവന്നു. വളരെ പിന്നാക്കമായ മുസ്‍ലിം സമുദായത്തെ ആശ്വസിപ്പിക്കാൻ അവരുടെ സംവരണം പത്തിൽനിന്ന് 12 ശതമാനമായി ഉയർത്തിക്കൊണ്ട് നെട്ടൂർ കമീഷൻ റിപ്പോർട്ട് തള്ളുകയായിരുന്നു സി.എച്ച്.


മുസ്‍ലിം പിന്നാക്ക വിഭാഗത്തിന് ഇപ്പോഴത്തെ സംവരണരീതികൊണ്ട് ഒരു നേട്ടവും ഇല്ലെന്നു മാത്രമല്ല, സംവരണം ഇല്ലായിരുന്നുവെങ്കിൽ സമുദായത്തിന്റെ സ്ഥിതി സംസ്ഥാനത്ത് ഇതിനേക്കാൾ മെച്ചപ്പെടുമായിരുന്നു. ഉദാഹരണത്തിന്, ഒരു തസ്തികയിൽ അഞ്ച് ഒഴിവുകളുണ്ടെങ്കിൽ ഇപ്പോഴത്തെ നിയമമനുസരിച്ച് ഒന്നാമത്തെ നിയമനം ഒന്നാം റാങ്കുകാരനും രണ്ടാമത്തേത് ഈഴവർക്കും മൂന്നാമത്തെ നിയമനം രണ്ടാം റാങ്കുകാരനും ലഭിക്കും. നാലാമത്തേത് പട്ടികജാതിക്കാരനും അഞ്ചാമത്തെ നിയമനം ലിസ്റ്റിലെ മൂന്നാം റാങ്കുകാരനുമാണ്. അങ്ങനെ ഒരു തസ്തികയിൽ അഞ്ച് ഒഴിവുകളുണ്ടായാൽപോലും മെറിറ്റിൽ നാലാംറാങ്കുള്ള മുസ്‍ലിം ഉദ്യോഗാർഥിക്ക് ഉദ്യോഗം ലഭിക്കുകയില്ല. സർക്കാർ സർവീസിലെ സാമുദായിക പ്രാതിനിധ്യം സംബന്ധിച്ച് ശാസ്ത്രസാഹിത്യപരിഷത്തിന്റെ നിഗമനം ചുവടെ ചേർക്കുന്നു:

'ഈഴവരുടെ പ്രാതിനിധ്യം ഏതാണ്ട് സമതുലിതമാണ്. മറ്റു പിന്നാക്ക വിഭാഗങ്ങളുടേത് ഏറെ പിന്നിലാണ്. മുസ്‍ലിംകളുടെ അവസ്ഥ ജനസംഖ്യാനുപാതികമായി കണക്കാക്കിയാൽ പട്ടികവർഗക്കാരുടേതിനേക്കാൾ പിന്നാക്കമാണ്. സർക്കാർ ഉദ്യോഗം എന്നത് സാമൂഹിക സാമ്പത്തിക അവസ്ഥ നിർണയിക്കുന്നതിൽ ഒരു സുപ്രധാന ഘടകമായിരിക്കുന്ന സാഹചര്യത്തിൽ ഈ അസന്തുലിതാവസ്ഥ അടിയന്തര ശ്രദ്ധ അർഹിക്കുന്നു.'(കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 'കേരള പഠനം, കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു?' എന്ന പുസ്തകം, ഏഴാം പതിപ്പ്/2017 ആഗസ്റ്റ് ).

2000ത്തിൽ കേരള സർക്കാർ നിയോഗിച്ച ജസ്റ്റിസ് നരേന്ദ്രൻ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ സംവരണപ്രകാരം അവകാശപ്പെട്ടതിനേക്കാൾ 7383 പോസ്റ്റുകൾ കുറവാണ് മുസ്‍ലിം സമുദായത്തിന് ലഭിച്ചതെന്ന് കണ്ടെത്തിയിരുന്നു. അപൂർവം ചില മെറിറ്റിൽ വരുന്ന ഉദ്യോഗങ്ങൾ ഉൾപ്പെടെയാണ് ഈ കണക്ക്. അതായത്, മെറിറ്റിൽ കിട്ടിയത് ഒഴിവാക്കുമ്പോൾ ഈ ബാക്ക് ലോഗ് പിന്നെയും കൂടും. ആ റിപ്പോർട്ടിൽ മുസ്‍ലിം സമുദായത്തിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

1992ലെ മണ്ഡൽ കേസിൽ പിന്നാക്കക്കാരിൽ പിന്നാക്കമായി നിൽക്കുന്ന മുസ്‍ലിം സമുദായം ഉൾപ്പെടെയുള്ള സംവരണ സമുദായങ്ങളുടെ സ്ഥിതി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഒമ്പതംഗ ഭരണഘടന ബെഞ്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് ശക്തമായ ചില നിർദേശങ്ങൾ നൽകി. അതിൽ സുപ്രധാനമായത്, ഓരോ 10 വർഷം കൂടുമ്പോഴും സംവരണം പുനഃപരിശോധിച്ചു മതിയായ പ്രാതിനിധ്യം കിട്ടിയ വിഭാഗങ്ങളെ ഒഴിവാക്കണമെന്നും വളരെ താഴെ കിടക്കുന്നവർക്ക് കൂടുതൽ പ്രാതിനിധ്യം നൽകി സംവരണ ലിസ്റ്റ് പുനർനിർണയിക്കണമെന്നുമായിരുന്നു.

അതായത് മതിയായ പ്രാതിനിധ്യം കിട്ടിയ വിഭാഗങ്ങൾക്ക് ഭരണഘടനയുടെ 16 (4) വകുപ്പനുസരിച്ച് സംവരണത്തിനർഹതയില്ലെന്നും അവരെ സംവരണ ലിസ്റ്റിൽ നിലനിർത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നും സാരം. അത് നടപ്പാക്കാൻ ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നിയമനിർമാണം നടത്തണമെന്നും കോടതി വിധിച്ചു. ആ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര, സംസ്ഥാന തലത്തിൽ പിന്നാക്ക സമുദായ കമീഷനുകൾ രൂപവത്കരിക്കണമെന്നും മേൽപറഞ്ഞ സംവരണ പുനഃപരിശോധനയിൽ കമീഷന്റെ അഭിപ്രായം തേടണമെന്നും നിർദേശിച്ചു.

സുപ്രീംകോടതി ഉത്തരവിൻ പ്രകാരം 1993 മാർച്ചിൽ പ്രാബല്യത്തിൽവന്ന കേരള സ്റ്റേറ്റ് ബാക്ക് വേഡ് ക്ലാസസ് കമീഷൻ ആക്ട് 1993ലെ 11ാം വകുപ്പനുസരിച്ച് ഓരോ 10 വർഷം കൂടുമ്പോൾ സംവരണലിസ്റ്റ് നിർബന്ധമായും സംസ്ഥാന സർക്കാർ പുനഃപരിശോധിച്ച് പുനർനിർണയിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.സുപ്രീംകോടതി വിധിയും 1993ലെ നിയമവുമനുസരിച്ച് അന്ന് മുസ്‍ലിംലീഗ് പിന്തുണകൊണ്ട് മാത്രം നിലനിന്നിരുന്ന കരുണാകരൻ സർക്കാറിന് പിന്നാക്ക വിഭാഗങ്ങളുടെ നീറുന്ന പ്രശ്നത്തിനു പരിഹാരം കാണാമായിരുന്നു. 2003ൽ പത്തു വർഷം പൂർത്തിയാക്കി ഒന്നാമത്തെയും 2013ൽ രണ്ടാമത്തെയും റിവിഷൻ നടത്തേണ്ടതായിരുന്നു. രണ്ടു സമയത്തും കോൺഗ്രസ് നേതൃത്വംനൽകുന്ന യു.ഡി.എഫ് സർക്കാറുകളായിരുന്നു ഭരണത്തിൽ.

മുസ്‍ലിം സമുദായം കഴിഞ്ഞ 20 വർഷമായി വിദ്യാഭ്യാസ മേഖലയിൽ വൻ പുരോഗതിയാണ് കൈവരിച്ചത്. എന്നിട്ടും എന്തുകൊണ്ട് സംസ്ഥാന സർക്കാർ ഉദ്യോഗത്തിൽ പട്ടികജാതി പട്ടികവർഗേത്തക്കാൾ പിന്നിലായി? മേൽകൊടുത്ത പട്ടികയിൽ പറയുന്നതുപോലെ 26.9 ശതമാനം ജനസംഖ്യയുള്ള മുസ്‍ലിം സമുദായത്തിന്റെ പ്രാതിനിധ്യം വെറും 11.4 ശതമാനം മാത്രമാണ്. എന്നാൽ 22.2 ശതമാനം ജനസംഖ്യയുള്ള ഈഴവർക്ക് ഉദ്യോഗത്തിൽ 22.7 ശതമാനം പ്രാതിനിധ്യമുണ്ട്.

ഇതനുസരിച്ചാണെങ്കിൽ 27 ശതമാനമെങ്കിലും ഉദ്യോഗ പ്രാതിനിധ്യം മുസ്‍ലിംകൾക്കു ലഭിക്കണം. ഇതിനായി സംവരണം പുനരവലോകനം ചെയ്ത് റോസ്റ്ററിൽ രണ്ടാമത്തെ പോസ്റ്റും മുസ്‍ലിം സംവരണവിഹിതം 12ശതമാനത്തിനു പകരം 18 ശതമാനവും ആക്കണം. അല്ലെങ്കിൽ ഈ വിഭാഗം എന്നെന്നേക്കുമായി പിന്തള്ളപ്പെടും. ഗൾഫ് ജോലിയും ഫാക്ടറി ജോലിയും പട്ടിണി മാറ്റാനാെണങ്കിൽ സർക്കാർ ജോലി അധികാരത്തിലെ പങ്കാളിത്തമാണ്. സർക്കാർ ജോലി പൗരരുടെ മൗലികാവകാശമാണ്. അതു ലഭിക്കാത്ത വിഭാഗങ്ങളെല്ലാം പാർശ്വവൽക്കരിക്കപ്പെടും. 

ഭരണരംഗത്ത് സാമൂഹികനീതി ഉറപ്പാക്കാൻ തക്ക ഒരു സ്വാധീനവും ചെലുത്താൻ കഴിയാത്തൊരവസ്ഥയിൽ കോടതി മാത്രമേ ആശ്രയമുള്ളൂ എന്ന് മനസ്സിലാക്കി ഈ ലേഖകൻ മൈനോറിറ്റി ഇൻഡ്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റിന്റെ പേരിൽ 2019 ജൂൺ മാസം സുപ്രീംകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തു. സമഗ്രമായ വാദം കേട്ട സുപ്രീംകോടതി കേരളത്തിലെ പ്രശ്നം മാത്രമാണ് ഉന്നയിച്ചിട്ടുള്ളത് എന്നതിനാൽ കേരള ഹൈകോടതിയിൽ ഹരജി ഫയൽചെയ്യാൻ നിർദേശിച്ചു; കേരള ഹൈകോടതിയിൽ റിട്ട് ഹരജി നൽകി.

ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് വിശദമായി വാദംകേട്ട് അന്നേ ദിവസംതന്നെ ഒരു ഇടക്കാല ഉത്തരവിലൂടെ സംസ്ഥാന സർക്കാറിന്റെ അനാസ്ഥയെ അപലപിച്ചുകൊണ്ട് 15 പേജ് വരുന്ന ഉത്തരവ് പാസാക്കുകയും ചെയ്തു. പിന്നീട് കേസിൽ വിശദമായി വാദം കേട്ട് ചീഫ് ജസ്റ്റിസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് 2020 സെപ്റ്റംബർ 8ന് ട്രസ്റ്റിന്റെ വാദങ്ങൾ എല്ലാം ശരിവച്ചുകൊണ്ട് ആറ് മാസത്തിനുള്ളിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ നടപടികൾ പൂർത്തിയാക്കണമെന്ന് ഉത്തരവിട്ടു.

ഒരു കൊല്ലം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല. തുടർന്ന് നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ 2021 ആഗസ്റ്റ് മൂന്നു മുതൽ ആറു മാസത്തിനുള്ളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ എല്ലാ നടപടികളും പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ െബഞ്ച് ഉത്തരവിട്ടു. ആ ഉത്തരവ് വന്ന് ഒരു വർഷം കഴിഞ്ഞിട്ടും ഒരു നടപടിയും കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കൈക്കൊണ്ടിട്ടില്ല.

അതിനിടെ ഹൈകോടതി ഡിവിഷൻ െബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് 2020 സെപ്റ്റംബർ 8ന്കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത പ്രത്യേക അനുമതി ഹരജികൾ 2021 ജൂൺ 28ന് ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിശദമായി വാദം കേൾക്കുകയും ഹരജി ഫയലിൽ സ്വീകരിക്കാതെ തള്ളുകയും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഹൈകോടതി വിധി നടപ്പാക്കാൻ ഒരു വർഷംകൂടി സമയം അനുവദിക്കുകയും ചെയ്തു.

സുപ്രീംകോടതി നൽകിയ ഒരുവർഷത്തെ സമയം 2022 ജൂൺ 28ന് അവസാനിച്ചിട്ടും ഇതേവരെ നടപടിയുണ്ടായിട്ടില്ല. അവസാനശ്രമമെന്ന നിലക്ക് മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റ് 2022 ആഗസ്റ്റ് 18ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്തിരിക്കുകയാണ്.

(പ്രമുഖ നിയമജ്ഞനും മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറലുമാണ് ലേഖകൻ)

Tags:    
News Summary - Who keeps the Muslim community backward?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.