ഏറെ വിവാദമായ പരാമർശത്തിനൊടുവിൽ വനിത കമീഷൻ ചെയർമാൻ രാജിവെച്ചിരിക്കുന്നു. ഈ ഒരു വിവാദവും തുടർന്നുള്ള രാജി തീരുമാനവും ചില പാഠങ്ങൾ നൽകുന്നുണ്ട്. സർക്കാർ സംവിധാനങ്ങളുടെ (bureaucracy) കാര്യക്ഷമതയെപ്പറ്റി ഏറെ വിമർശനങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ലോകത്ത് എല്ലായിടങ്ങളിലും ഏറിയും കുറഞ്ഞും ഇത്തരം വിമർശനങ്ങളും വിലയിരുത്തലുകളും നടന്നുകൊണ്ടിരിക്കുന്നുണ്ട്.
ജർമൻ സോഷ്യോളജിസ്റ്റായിരുന്ന മാക്സ് വെബർ ബ്യൂറോക്രസിയെ നിർവചിച്ചത് നിയമങ്ങളിലും ചട്ടങ്ങളിലും അധിഷ്ഠിതമായ, കൃത്യതയും യുക്തിസഹമായ സമീപനങ്ങളും മികച്ച കാര്യക്ഷമതയുമുള്ള, ആശ്രയിക്കാൻ കൊള്ളാവുന്ന മാനേജ്മെൻറ് സംവിധാനം എന്ന നിലയിലാണ്. ഇത്രയേറെ സവിശേഷതകളുള്ള, ഈ സംവിധാനത്തിെൻറ സൗന്ദര്യം എന്തുകൊണ്ട് ജനത്തിന് നല്ല നിലയിൽ ആസ്വദിക്കാൻ സാധിക്കുന്നില്ല എന്നത് ഈ സാഹചര്യത്തിൽ വിശകലനം ചെയ്യേണ്ടതുണ്ട്.
സർക്കാറിെൻറ വിവിധ വകുപ്പുകളിൽനിന്ന് ഉണ്ടാകുന്ന വീഴ്ചകൾക്കും അലംഭാവങ്ങൾക്കും പരിഹാരം നൽകുന്നതിനും ജനത്തിന് ആശ്വാസം നൽകുന്നതിനുമാണ് വനിത കമീഷൻ, മനുഷ്യാവകാശ കമീഷൻ, ബാലാവകാശ കമീഷൻ എന്നിവയെല്ലാം സ്ഥാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ, ഇത്തരം കേന്ദ്രങ്ങളുടെ ഉന്നതാധികാരികൾ മുതൽ ഓരോ ജീവനക്കാരും അഹന്ത, അഹങ്കാരം, ധാർഷ്ട്യം, അധികാരപ്രമത്തത, ഉദ്യോഗസ്ഥ മേധാവിത്വം, ദുഷ്പ്രഭുത്വം എന്നീ ദുർമേദസ്സുകളിൽനിന്ന് മുക്തമല്ലാത്തപക്ഷം ഉദ്ദേശ്യലക്ഷ്യം നിറവേറില്ലെന്നു മാത്രമല്ല, അതി ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവുകയും ചെയ്യും.
ബ്യൂറോക്രസിയുടെ സവിശേഷതയായ കാര്യക്ഷമത (efficiency) നേടുമ്പോൾതന്നെ അതിെൻറ പ്രഭാവം (effectiveness) ജനമനസ്സിലേക്കെത്തിക്കാനാവുന്നില്ല എന്നതാണ് പ്രശ്നം. വനിത കമീഷൻ നിരവധി പ്രശ്നങ്ങൾക്കും തർക്കങ്ങൾക്കും പരിഹാരം നൽകി കാര്യക്ഷമത തെളിയിച്ചിട്ടുണ്ടാവാം. എന്നാൽ, ഏതെങ്കിലുമൊരു വിഷയങ്ങളിൽ ഉണ്ടാവുന്ന കാലതാമസം, ഉപഭോക്താക്കളോടുള്ള പെരുമാറ്റദൂഷ്യം, ഉപയോഗിക്കുന്ന പരുഷമായ വാക്കുകൾ എന്നിവ മതി കമീഷെൻറ ഭംഗി പൂർണമായി തല്ലിക്കെടുത്താൻ. ഈ രീതി അവലംബിക്കുന്ന ഉദ്യോഗസ്ഥർ എത്ര ചെറിയ ശതമാനം ആയാൽപോലും അവർ സർക്കാർ വകുപ്പുകൾക്ക് കളങ്കമാണ്.
അതായത്, ഇത്തരം വീഴ്ചകളിലൂടെ സൃഷ്ടിക്കപ്പെടുന്ന വെറുപ്പ് ജനമനസ്സുകളിൽ വലിയ അകൽച്ച സൃഷ്ടിക്കുന്നു. കമീഷൻ അധ്യക്ഷയുടെ വാക്കുകളിൽ കരുതലിെൻറയും അനുകമ്പയുടെയും സ്വരം ഉണ്ടായിരുന്നെങ്കിൽ ആ പെൺകുട്ടിക്ക് ലഭിക്കുമായിരുന്ന ആശ്വാസവും അത് സമൂഹത്തിൽ പ്രസരിപ്പിക്കുമായിരുന്ന ശുഭചിന്തയും ആത്മവിശ്വാസവും എത്ര വലുതായിരുന്നു. ഇങ്ങനെ സൃഷ്ടിക്കുന്ന വൈകാരികമായ ബന്ധ (Emotional Connect)മാണ് ഇത്തരം സംവിധാനങ്ങളുടെ പ്രസക്തി നിർണയിക്കുന്നതും ബ്യൂറോക്രസിയെ ജനങ്ങളുമായി അടുപ്പിക്കുന്നതും.
സേവനാവകാശ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുമ്പുതന്നെ ഉപഭോക്തൃ സേവനം ഒരു സുപ്രധാന വിഷയമായി പല സ്ഥാപനങ്ങളും സ്വീകരിച്ചിട്ടുണ്ട്. സർക്കാർ ഓഫിസുകൾക്ക് ബാധകമാവുന്ന ഈ നിയമം ഉണ്ടായിട്ടും പൊതുജനങ്ങളോടുള്ള പെരുമാറ്റത്തിലും മതിയായ നിലവാരത്തിലും സമയത്തിനും സേവനങ്ങൾ ലഭ്യമാക്കുന്നതിലും ഏറെ പോരായ്മകൾ ഇന്നും നിലനിൽക്കുന്നുണ്ട്.
പൊളിറ്റിക്കൽ ആൻഡ് റിസ്ക് കൺസോർട്യം ഏഷ്യയിലെ 15ഓളം രാഷ്ട്രങ്ങളിലെ ബ്യൂറോക്രസിയെപ്പറ്റി നടത്തിയ ഒരു പഠനത്തിലെ കണ്ടെത്തൽ ഇവിടെ പ്രസക്തമാണ്. 12ാം സ്ഥാനമുള്ള ഇന്ത്യൻ ബ്യൂറോക്രാറ്റുകൾ ബുദ്ധിപരമായി ഏറെ ഉയർന്ന നിലവാരമുള്ളവരാണെങ്കിലും അവർ സ്വന്തം കാര്യങ്ങളിൽ മുഴുകുന്നവരാണ് (Self Centred) എന്നാണ് കണ്ടെത്തിയത്.
ബ്യൂറോക്രസിയെക്കുറിച്ചുള്ള മറ്റൊരു വിമർശനം ലക്ഷ്യഭ്രംശം (Goal Displacement) ആണ്. നിയമങ്ങളും ചട്ടങ്ങളും യാന്ത്രികമായി നടപ്പാക്കുമ്പോൾ ആർക്കുവേണ്ടിയാണോ ബ്യൂറോക്രസിയെ രൂപപ്പെടുത്തിയിട്ടുള്ളത് അവരെ മറന്നുകൊണ്ട് മാനുഷിക മുഖം നഷ്ടപ്പെട്ട ഒന്നായിത്തീരുന്നു എന്നാണ് കൊളംബിയൻ സർവകലാശാലയിലെ സാമൂഹിക വിദഗ്ധനായിരുന്ന റോബർട്ട് കെ. മെർട്ടൻ അഭിപ്രായപ്പെട്ടത്.
ചുരുക്കത്തിൽ, ഗുണഭോക്താവിന് സേവനം ഉറപ്പാക്കുന്നതിനേക്കാൾ ചട്ടങ്ങൾ നടപ്പാക്കുന്നതിലായിരിക്കും ഉദ്യോഗസ്ഥവൃന്ദത്തിെൻറ ശ്രദ്ധ. സർക്കാർ സംവിധാനങ്ങളെ മാത്രമല്ല, നല്ല രീതിയിൽ പ്രവർത്തിച്ച് പേരെടുത്ത സ്വകാര്യ സംരംഭങ്ങളുടെ തകർച്ചയിലും ഇത്തരം ലക്ഷ്യഭ്രംശം വലിയ പങ്കാണ് വഹിക്കുക.
ബ്യൂറോക്രസിയുടെ മറ്റൊരു പരിമിതി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലോചിതമായ മാറ്റം വരുത്തുന്നില്ല എന്നതാണ്. കേന്ദ്ര സർക്കാർ നിയമിച്ച രാമാനുജം കമ്മിറ്റി കണ്ടെത്തിയത് രാജ്യത്തെ 200 ഓളം നിയമങ്ങൾ കാലഹരണപ്പെട്ടതാണെന്നാണ്. ഇത്തരം ഒരു സാഹചര്യത്തിൽ അപ്രസക്തമായ നിയമങ്ങളും ചട്ടങ്ങളും ഉദ്യോഗസ്ഥർ യാന്ത്രികമായി നടപ്പാക്കുകയാവും ഫലം. ഇത് കാലവിളംബവും അതിലൂടെ അസംതൃപ്തിയും ജനിപ്പിക്കാനേ ഉതകൂ.
സാമൂഹിക മനഃശാസ്ത്രജ്ഞൻ വാറൻ ബെന്നിസ് (Warren Bennis) പ്രവചിച്ചത് കാലോചിത പരിഷ്കരണത്തിന് വിധേയമാകാൻ കഴിഞ്ഞില്ലെങ്കിൽ ബ്യൂറോക്രസി എന്ന മാനേജ്മെൻറ് വ്യവസ്ഥ കാലഹരണപ്പെടുമെന്നാണ്. സാമ്പത്തിക-സാങ്കേതിക മണ്ഡലങ്ങളിലും ജനങ്ങളുടെ പ്രതീക്ഷകളിലും വളരെ വേഗത്തിലും പ്രവചനാതീതമായ തോതിലും മാറ്റങ്ങൾ സംഭവിക്കുമ്പോൾ, നിയതമായ സ്വഭാവത്തിലും കടുത്ത നിയമങ്ങളാലും കൃത്യമായ ചട്ടങ്ങളാലും നയിക്കപ്പെടുമ്പോൾ ഈ മാനേജ്മെൻറ് സംവിധാനം പഴഞ്ചൻ ആവാൻ ഏറെ സമയം വേണ്ടിവരില്ല എന്നാണ് ബെന്നിസ് വാദിക്കുന്നത്.
ചുരുക്കത്തിൽ, ചട്ടങ്ങളുടെ പരിഷ്കരണവും സേവനദാതാക്കളുടെ മനോഭാവമാറ്റവും കൂടിച്ചേർന്നുകൊണ്ടു മാത്രമേ ബ്യൂറോക്രസിയുടെ സൗന്ദര്യം തിരിച്ചുപിടിക്കാനാവൂ. അപ്പോൾ മാത്രമേ ജനങ്ങളുടെ മനസ്സിൽ സംതൃപ്തിയും ചുണ്ടിൽ പുഞ്ചിരിയും വീണ്ടെടുക്കാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.